Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇനി ചെറിയ കാര്യങ്ങളില്ല... വലിയ കളികൾ മാത്രമെന്ന ടാഗ് ലൈൻ കേട്ടാൽ ശോഭാ സുരേന്ദ്രൻ ഷാനി പ്രഭാകറിനോട് പറഞ്ഞതാണെന്ന് തോന്നുമോ? മലയാളി ഹൗസുമായി എന്തെങ്കിലും സാമ്യമുണ്ടോ എന്നും ആശങ്ക; മൂന്നാംകിട റിയാലിറ്റി ഷോ കണ്ട് ലാലേട്ടൻ വലിഞ്ഞുകയറുന്ന ട്രോൾ വേറെ; രഞ്ജിനിയും തരികിടയുമെല്ലാം വൻ വെറുപ്പിക്കലെന്ന് മറ്റു ചിലർ; ബിഗ് ബോസ് വന്നതോടെ കേരളക്കരയിലെ ചാകരക്കാലം ആഘോഷിച്ച് ട്രോളന്മാർ

ഇനി ചെറിയ കാര്യങ്ങളില്ല... വലിയ കളികൾ മാത്രമെന്ന ടാഗ് ലൈൻ കേട്ടാൽ ശോഭാ സുരേന്ദ്രൻ ഷാനി പ്രഭാകറിനോട് പറഞ്ഞതാണെന്ന് തോന്നുമോ? മലയാളി ഹൗസുമായി എന്തെങ്കിലും സാമ്യമുണ്ടോ എന്നും ആശങ്ക;  മൂന്നാംകിട റിയാലിറ്റി ഷോ കണ്ട് ലാലേട്ടൻ വലിഞ്ഞുകയറുന്ന ട്രോൾ വേറെ; രഞ്ജിനിയും തരികിടയുമെല്ലാം വൻ വെറുപ്പിക്കലെന്ന് മറ്റു ചിലർ; ബിഗ് ബോസ് വന്നതോടെ കേരളക്കരയിലെ ചാകരക്കാലം ആഘോഷിച്ച് ട്രോളന്മാർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഏറെക്കാലമായി കാര്യമായി ഒന്നും കിട്ടാതിരുന്ന മലയാളക്കരയിലെ ട്രോളർമാർക്ക് മുന്നിൽ വന്നുവീണ ചാകരയായി മാറിയിരിക്കുകയാണ് ഇക്കഴിഞ്ഞ ഞായറാഴ്ച കേരളക്കരയിൽ മിനിസ്‌ക്രീനിലെത്തിയ ഏഷ്യാനെറ്റിന്റെ ബിഗ് ബോസ്. ആരൊക്കെയാണ് മത്സരാർത്ഥികൾ എന്ന വിവരം രഹസ്യമായി സൂക്ഷിച്ച് ആദ്യദിനത്തിലെ അവതരണത്തിനിടെയാണ് മോഹൻലാൽ 16 മത്സരാർത്ഥികളേയും ഓരോരുത്തരെയായി പരിചയപ്പെടുത്തി ബിഗ്‌ബോസ് ഹൗസിലേക്ക് അയച്ച് പൂട്ടിയിട്ടത്.

നൂറുനാൾ ഇവർ പുറംലോകം അറിയാതെ ഇവിടെ കഴിയുകയും ഇന്റർനെറ്റും ടിവിയും പത്രവും ഒന്നുമില്ലാതെ ഫേസ്‌ബുക്കും വാട്‌സ്ആപ്പുമില്ലാതെ ജീവിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറംലോകത്ത് എത്തിക്കുക. രഞ്ജിനി ഹരിദാസും ശ്വേതാമേനോനും അരിസ്റ്റോ സുരേഷും അനൂപ് ചന്ദ്രനും ജഗതി ശ്രീകുമാറിന്റെ മകളും നടിയുമൊക്കെയായ ശ്രീലക്ഷ്മിയുമൊക്കെയാണ് ഇപ്പോൾ താരങ്ങൾ.

എന്നാൽ ഇവർക്കൊപ്പം പതിനാറുപേരിൽ ഇടംപിടിച്ച തരികിട സാബുവും കൊച്ചിയിലെ ഫ്രീക്കൻ പയ്യൻ ബഷീർ ബഷിയുമൊക്കെ തുടക്കംമുതലേ വിമർശനം നേരിടുന്നു. ഇതോടൊപ്പം ഇനി ചെറിയ കാര്യങ്ങളില്ല വലിയ കളികൾ മാത്രമെന്ന പരിപാടിയുടെ കാപ്ഷനുൾപ്പെടെ ട്രോളന്മാരുടെ തട്ടുംതലോടലും ഏറ്റുവാങ്ങുന്നു.

അറുപതിൽപരം നിരീക്ഷണ ക്യാമറകൾ

16 മത്സാരാഥികൾ 100 ദിവസമാണ് ബിഗ് ബോസ് ഹൗസിൽ താമസിക്കാനുള്ളത്. ഇവർക്ക് പുറം ലോകമായി യാതൊരുവിധ ബന്ധവും ഉണ്ടാവില്ല. ഇന്നത്തെ തലമുറ ഇന്റർനെറ്റും മൊബൈൽ ഫോണും കുടുതലായി ഉപയോഗിക്കുന്നവരാണെങ്കിലും ബിഗ് ബോസ് ഹൗസിനുള്ളിൽ ഇതിനൊന്നും സ്ഥാനമില്ല. പത്രമോ ടിവിയോ ഇല്ല. മൊബൈൽ ഫോണോ, സോഷ്യൽ മീഡിയയോ ആയി ഒരു ബന്ധവുമില്ലാതെ 100 ദിവസം വീട്ടിൽ ജീവിക്കണം. പത്രം പോലും ലഭിക്കുകയില്ല.

അതു 60 ൽ പരം ക്യാമറയുടെ നിരീക്ഷണത്തിൽ ആയിരിക്കും മുഴുവൻ സമയവും. ഇത്തരത്തിൽ കടുകട്ടി ചലഞ്ച് തന്നെയാണ് ബിഗ്ബോസ് ഹൗസിൽ മത്സരാർത്ഥികൾക്കായി ഒരുക്കിയിട്ടുള്ളത്. കൂടാതെ മലയാളം മാത്രമേ പറയാവൂ എന്ന നിബന്ധനയുമുണ്ട്. തിങ്കൾ മുതൽ വെള്ളിവരെ രാത്രി 9.30 നും ഞായർ, ശനി ദിവസങ്ങൽ 9 നുമാണ് ബിഗ് ബോസ് സംപ്രേഷണം ചെയ്യുന്നത്.

ബിഗ് ബോസ് ഹൗസിലെ 'താമസക്കാർ' ഇവർ

നടി ശ്വേത മേനോൻ, നടന്മാരായ ദീപൻ, ശ്രീനിഷ് അരവിന്ദ്, അരിസ്റ്റോ സുരേഷ്, അനൂപ് ചന്ദ്രൻ, നടിയും ജഗതി ശ്രീകുമാറിന്റെ മകളുമായ ശ്രീലക്ഷ്മി, നടിയും നാടൻപാട്ടുകാരിയുമായ ഹിമ ശങ്കർ, സാമൂഹ്യ പ്രവർത്തക ദിയ സന, കന്നഡ സിനിമയിൽ സജീവമായ മലയാളി കൂടിയായ നടി അതിഥി റായ്, കൊച്ചിയിലെ ഫ്രീക്കൻ പയ്യൻ എന്നറിയപ്പെടുന്ന ബഷീർ ബഷി, മനോജ് കാർത്തിക്, നടിയും അവതാരകയുമായ പേളി മാണി, നടനും മോഡലുമായ ഡേവിഡ് ജോൺ, തരികിട സാബു, നടി അർച്ചന സുധീരൻ, അവതാരക രഞ്ജിനി ഹരിദാസ് എന്നിവരാണ് ബിഗ്ബോസ് ഹൗസിലെ താമസക്കാർ.

ഇന്ത്യയിലെ മറ്റുള്ള ഭാഷകളിലെല്ലാം വിജയകരമായി നടന്ന ചാനൽ ഷോയെന്ന പേരുമായാണ് ബിഗ് ബോസ് ഒടുവിൽ മലയാളത്തിലേക്കും എത്തിയത്. മറ്റുള്ള ഭാഷകളിൽ പല തരത്തിലുള്ള വിവാദങ്ങൾക്കും വഴിയൊരുക്കിയിരുന്ന ബിഗ് ബോസ് മലയാളത്തിൽ എത്തുമ്പോഴേക്കും തന്നെ വിവാദം പൊട്ടിപ്പുറപ്പെട്ടുകഴിഞ്ഞു.

ഇതിൽ തന്നെയാണ് ട്രോളന്മാരുടെ നോട്ടവും. നല്ലൊരു ഇരയെ കിട്ടിയ മട്ടിൽ അവർ നടത്തുന്ന ആഘോഷം തുടങ്ങിക്കഴിഞ്ഞു.

അവതരണത്തിൽ ലാലേട്ടൻ അത്ര പോരെന്ന് പറഞ്ഞുകൊണ്ടാണ് ഒരു ട്രോൾ. സിനിമയിൽ ലാലേട്ടൻ ഗംഭീരം തന്നെ പക്ഷെ അവതരണം ചീറ്റിപ്പോയെന്ന മട്ടിലാണ് പലരുടേയും പ്രതികരണം. മിഥുന്റെ അവതരണമൊക്കെ കണ്ട് അഡിക്ട് ആയതോണ്ട് ആകാം ലാലേട്ടന്റെ അവതരണം അത്ര പോരെന്ന് തോന്നുന്നതെന്നാണ് മറ്റൊരു ട്രോൾ.

ബിഗ് ബോസ് വന്നതോടെ മലയാളികൾക്ക് ഇത് എവിടെയോ കണ്ട് മറന്നത് പോലെ തോന്നിയിരിക്കും. കാരണം മുൻപ് സൂര്യ ടിവി യിൽ സംപ്രേഷണം ചെയ്തിരുന്ന മലയാളി ഹൗസുമായി ബിഗ് ബോസിന് ചില സാമ്യങ്ങളുണെന്നും ചിലർ ട്രോളിറക്കി. അതേസമയം മലയാളി ഹൗസിനെ ബിഗ് ബോസ് ഹൗസ് തോൽപിക്കുമെന്നുതന്നെയാണ് പലരുടേയും പ്രതികരണം.

ബിഗ് ബോസിൽ ഓരോ മത്സരാർത്ഥികളെ ആയാണ് സ്‌റ്റേജിലേക്ക് ക്ഷണിച്ചത്. ആദ്യമാദ്യം വന്നവരെ കണ്ടപ്പോൾ തൃപ്തിയായില്ലെങ്കിലും പേർളി മാണിയെ കണ്ടപ്പോൾ കണ്ണുതള്ളിയെന്നാണ് ചിലരുടെ പക്ഷം.

സേഫ് ആക്ടിങ് കരിയർ ഉള്ള ലാലേട്ടൻ മുന്നാം കിട ടിവി പ്രോഗ്രാമുകളും റിയാലിറ്റി ഷോകളും കണ്ട് അതിലേക്ക് വലിഞ്ഞുകയറിയതെന്തിനെന്ന ചോദ്യമുയർത്തിയാണ് അടുത്ത ട്രോൾ. ഒരു അവതാരകനായി ലാലേട്ടൻ വരണ്ടായിരുന്നെന്നും പരിഹാസം.

മറ്റൊരു കൊട്ട് കൊച്ചിയിലെ ഫ്രീക്കൻ പയ്യൻ ബഷീർ ബഷിക്കിട്ടാണ്. മത്സരാർത്ഥിയായ ബഷീർ ബഷിയുടെ മുഖം കണ്ടപ്പോൾ മുതൽ ആ പരിപാടി കാണില്ല എന്ന് തീരുമാനിച്ചവരുടേതാണ് ട്രോൾ. പരിപാടിയുടെ തുടക്കം തന്നെ ഏറ്റവുമധികം വിമർശനം കേൾക്കുന്നതും ബഷീറിന് എതിരെ തന്നെ.

ബിഗ് ബോസിലെത്തിയ താരങ്ങളിൽ പലരും വലിയ ദുരന്തങ്ങളാണെന്നാണ് ചിലരുടെ പക്ഷം രഞ്ജിനി മുതൽ ശ്വേത മേനോൻ വരെ വെറുപ്പിക്കാലണെന്നും തരികിടയുൾപ്പെടെയുള്ളവരുടെ സാന്നിധ്യം അരോചകമാണെന്നും വിമർശനം സജീവമാണ്.

ബിഗ് ബോസ് കാണുന്ന ചിലർക്ക് അതിനെ കുറിച്ച് കൂടുതൽ ഒന്നും പറയാനില്ല. നല്ല അസ്സൽ കോഴി പ്രോഗ്രാം എന്ന് പറയാമെന്ന് മറ്റൊരു ട്രോൾ.

അടുത്ത കാലത്തായി കാര്യമായ വിവാദങ്ങളോ പ്രശ്നങ്ങളോടെ ഒന്നും ഇല്ലാതിരുന്നതിനാൽ ട്രോളന്മാർ ആശയ ദാരിദ്ര്യത്തിലായിരുന്നു. ബിഗ് ബോസിന്റെ വരവോട് കൂടി ആ കാര്യത്തിൽ ഒരു തീരുമാനമായിരിക്കുകയാണ് എന്ന അർത്ഥത്തിൽ ട്രോളന്മാർ തന്നെ ഒരു സെൽഫ് ട്രോളും ഇറക്കി. പട്ടിണിയും ദാരിദ്രവും മാറുന്ന കാലം സ്വപ്‌നം കാണുന്ന ദാസനേയും വിജയനേയും കൂട്ടുപിടിച്ച്.

നമ്മൂടെ മല്ലു സിനിമാ ലോകത്തെ സിനിമാ നടന്മാരുടെ അവസ്ഥ ദയനീയമെന്നാണ് മറ്റൊരു കുത്ത്. സീനിയർ നടന്മാരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് അറിയാമോ? ഒരു ഭാഗത്ത് അടാർ സിനിമ ഇറക്കി ഇക്ക തിയറ്റർ ഭരിക്കുമ്പോൾ മറു ഭാഗത്ത് കിടിലൻ റിയാലിറ്റി ഷോ യുമായി മോഹൻലാൽ ടെലിവിഷൻ ഭരിക്കുന്നു.

ലസിത പാലയ്ക്കലുമായുള്ള വിവാദങ്ങൾക്കിടെ സാബു മോൻ ബിഗ് ബോസിലെത്തിയത് വലിയ ചർച്ചയാണ്. ഇതേച്ചൊല്ലിയാണ് മറ്റൊരു ട്രോൾ.

ഇനി ചെറിയ കാര്യങ്ങളില്ല. വലിയ കളികൾ മാത്രം എന്ന ടാഗ് ലൈനോട് കൂടിയാണ് ബിഗ് ബോസ് എത്തുന്നത്. ഇത് എവിടെയോ കേട്ട് മറന്നതാണെന്ന് പലർക്കും തോന്നിയിരുന്നു. ഇത് ശോഭ ചേച്ചി ഷാനിയോട് പറഞ്ഞിരുന്ന കാര്യമായിരുന്നു എന്നാണ് ചിലരുടെ നിഗമനം.

ലാലേട്ടന്റെ പുതിയ പരിപാടി കണ്ടോ എന്ന് ചോദിച്ചാൽ കാണേണ്ട ആവശ്യമൊന്നുമില്ല.. അത് ഹിറ്റായിരിക്കും എന്ന് പറയുന്നവരുണ്ട്. എന്നാൽ അത് ദുരന്തമാണെന്ന് ആരോടെങ്കിലും പറയാൻ പറ്റുമോ എന്നാണ് മറ്റു ചിലരുടെ ചോദ്യം.

ബിഗ് ബോസിന്റെ നിയമാവലികളിൽ ഒന്ന് ഷോ യിൽ ഇംഗ്ലീഷ് പറയാൻ പാടില്ലെന്നുള്ളതാണ്. ഇത് കേട്ട പ്രേക്ഷകർ പരിപാടിയുടെ പേര് എന്താണെന്് ചോദിക്കുന്നു. അത് വേണമെങ്കിൽ മലയാളത്തിലും ഇംഗ്ലീഷിലും ബിഗ് ബോസ് എന്ന് പറയാംമെന്നാണ് ഒരു വാരൽ.

ബിഗ് ബോസ് കാണുന്ന ഓരോ മലയാളികൾക്കും രേവതി നയിച്ചിരുന്ന മലയാളി ഹൗസുമായി സാമ്യം തോന്നുന്നത് സ്വാഭാവികം മാത്രം. കാരണം എന്തോ എവിടെയോ ഒരു തകരാറ് സംഭവിച്ചിട്ടുണ്ടെന്ന് അടുത്ത കുത്ത്.

രഞ്ജിനി ഹരിദാസ്, സാബു മോൻ, അനൂപ് ചന്ദ്രൻ തുടങ്ങി ബിഗ് ബോസ് മത്സരാർത്ഥികളെ കാണുന്ന പ്രേക്ഷകർ ഇനിയിപ്പോ കൊടുങ്ങല്ലൂർ ഭരണിക്ക് തിരികൊളുത്തിയ അവസ്ഥയാവുമോ എന്ന് ഭയവുമുണ്ട് ചിലർക്ക്.

സാബു മോനോട് പൊലീസിന്റെ കണ്ണിൽ പെടാതെ എവിടെയെങ്കിലും ഒളിച്ചിരിക്കാൻ പറഞ്ഞിട്ട് റിയാലിറ്റി ഷോ നടക്കുന്ന വീട്ടിലാണോ കേറി ഇരിക്കുന്നത്. 100 ദിവസം പുറം ലോകവുമായി ബന്ധമുണ്ടാവില്ലെന്ന് പറഞ്ഞ് അവരെല്ലാം പറ്റിച്ചതാണെന്നാണ് സാബുമോനോടുള്ള ഉപദേശം.

എല്ലാ ദുരന്തങ്ങളും ഒരു കുടക്കീഴിൽ... എത്ര മനോഹരമായ കാഴ്ചയെന്ന മട്ടിലാണ് വേറൊരു ട്രോൾ. ബിഗ് ബോസിലേക്ക് തരികിട സാബു വന്നു, രഞ്ജിനി വന്നു.. ബാക്കി എല്ലാവരും വന്നതോടെ ദുരന്തങ്ങളെല്ലാം ഒരു കുടക്കീഴിൽ എത്തിയ മനോഹരമായ കാഴ്ചയാണ് കാണാൻ കഴിയുന്നതെന്ന് ചിലർ വിലയിരുത്തുന്നു.

ലാലേട്ടൻ ഒരു അബദ്ധത്തിൽ ചെന്നു ചാടിയതാണോ എന്ന ആശങ്കയും ചിലർക്ക് ഇല്ലാതില്ല. അവതാരകനായി എത്തിയ മോഹൻലാലിന് ഇപ്പോൾ അത് അത്ര എളുപ്പമല്ലെന്ന് തോന്നിയിട്ടുണ്ടാവും. ഇപ്പോൾ മനസിലായില്ലേ ഞങ്ങൾ എത്ര പാട് പെട്ടിട്ടാണ് ഇതൊക്കെ ചെയ്യുന്നതെന്ന് ചോദിക്കുന്ന സുരേഷ് ഗോപി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP