Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബോസിനെ തോൽപിച്ച തന്റെ പടം മകൻ വരച്ചപ്പോൾ അത് ഓഫീസിൽ അഭിമാനത്തോടെ തൂക്കി; മെല്ലിച്ച കണ്ണട വച്ച പഴയ പയ്യൻസ് തന്നെ മറികടക്കുമെന്ന് രാജ്ദീപ് സർദേശായി അന്ന് എങ്ങനെ അറിയാൻ? രാഹുൽ ഗാന്ധിയുടെ അഭിമുഖം എൻഡി ടിവിയിൽ നിന്ന് തട്ടിയെടുത്തത് ടിആർപി റേറ്റിങ്ങിന്റെ മേനി പറഞ്ഞ്; സ്റ്റുഡിയോയിൽ പാനലിസ്റ്റുകളെ നിർത്തിപ്പൊരിക്കുന്ന മാധ്യമസിംഹം പൂച്ചയായി മാറിയത് ഒരിക്കൽ മാത്രം; യുഎഇ സഹായധന വിവാദത്തിൽ മലയാളികൾ പൊങ്കാലയിട്ട അർണാബ് ഗോസ്വാമിക്ക് എന്നും നോട്ടം റേറ്റിങ് മാത്രം

ബോസിനെ തോൽപിച്ച തന്റെ പടം മകൻ വരച്ചപ്പോൾ അത് ഓഫീസിൽ അഭിമാനത്തോടെ തൂക്കി; മെല്ലിച്ച കണ്ണട വച്ച പഴയ പയ്യൻസ് തന്നെ മറികടക്കുമെന്ന് രാജ്ദീപ് സർദേശായി അന്ന് എങ്ങനെ അറിയാൻ? രാഹുൽ ഗാന്ധിയുടെ അഭിമുഖം എൻഡി ടിവിയിൽ നിന്ന് തട്ടിയെടുത്തത് ടിആർപി റേറ്റിങ്ങിന്റെ മേനി പറഞ്ഞ്; സ്റ്റുഡിയോയിൽ പാനലിസ്റ്റുകളെ നിർത്തിപ്പൊരിക്കുന്ന മാധ്യമസിംഹം പൂച്ചയായി മാറിയത് ഒരിക്കൽ മാത്രം; യുഎഇ സഹായധന വിവാദത്തിൽ മലയാളികൾ പൊങ്കാലയിട്ട അർണാബ് ഗോസ്വാമിക്ക് എന്നും നോട്ടം റേറ്റിങ് മാത്രം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: നിങ്ങളുടെ വിജയരഹസ്യം എന്താണ് എന്ന് ഒരിക്കൽ ചോദിച്ചപ്പോൾ അർണാബ് ഗോസാമിയുടെ മറുപടി ഇങ്ങനെയായിരുന്നു: നിയമങ്ങൾ ബ്രേക്ക് ചെയ്തു...ജയിച്ചുകയറി. 'സർക്കസ് 'എന്നാണ് പലരും ഗോസ്വാമിയുടെ ടെലിവിഷൻ ഡിബേറ്റിനെ കളിയാക്കുന്നത്. ഒച്ച വച്ച് ആളെ പേടിപ്പിക്കുന്ന ആങ്കർ എന്നും പരിഹസിക്കുന്നവരുണ്ട്. എന്നാൽ, ഗോസ്വാമിയുടെ മാതൃകാപുരുഷനായി കാണുന്ന യുവാക്കളും ഏറെ. ടെലിവിഷൻ ന്യൂസ് കണ്ടുപിടിച്ചത് അസം സ്വദേശിയായ ഈ മാധ്യമ പ്രവർത്തകനാണെന്ന മട്ടിലും പോകുന്നു ആരാധന.

ഗുരുവിനെ തോൽപിച്ച ശിഷ്യൻ

ഗുരുവിനെ തോൽപിച്ച ശിഷ്യനാണ് അർണാബ് ഗോസ്വാമി. ഒരുപതിറ്റാണ്ടോളം രാജ്ദീപ് സർദേശായിയുടെ കീഴിലാണ് ഗോസ്വാമി ജോലി ചെയ്തത്. തന്റെ ബോസിനെ ജയിച്ചുകയറുന്ന ഗോസ്വാമിയുടെ ചിത്രം മകൻ വരച്ചപ്പോൾ അത് ഓഫീസിൽ അഭിമാനത്തോടെ തൂക്കി ഈ പരിശ്രമശാലിയായ മാധ്യമപ്രവർത്തകൻ. സർദേശായിയെ വിമർശിക്കാനുള്ള ഒരവസരവും ഗോസ്വാമി പാഴാക്കാറുമില്ല. രാഹുൽ ഗാന്ധിയുമായുള്ള ഇന്റർവ്യൂ ഗോസ്വാമി തട്ടിയെടുത്തത് എങ്ങനെയെന്ന് സർദേശായി ഒരിക്കൽ എഴുതിയിട്ടുണ്ട്. അന്ന് ടൈംസ് നൗവിലായിരുന്ന സ്വാമി രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് ഒരുകത്തെഴുതി. തന്റെ ചാനലിനാണ് എൻഡിടിവിയേക്കാൾ ടിആർപി റേറ്റിങ് എന്നായിരുന്നു കത്തിലെ ന്യായവാദം. തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ ആദ്യ അഭിമുഖത്തിന് അവകാശം മികച്ച റേറ്റിങ്ങുള്ള തന്റെ ചാനലിനാണെന്നും സ്വാമി പറഞ്ഞു. 1990 കളിൽ തന്റെ വീട്ടിൽ പതിവായി എത്തിയിരുന്ന യുവാവിനെ സർദേശായി ഓർത്തെടുക്കുന്നുണ്ട്. മെല്ലിച്ച, കണ്ണട വച്ച ഒരുപയ്യൻസ്. ടെലിവിഷനിലെ സാധ്യതകൾ തേടിയായിരുന്നു ആ വരവ്. പിന്നീട് ഒരുമിച്ചൊരു ഷോ പോലും ചെയ്‌തെങ്കിലും പതിയെ ഇരുവരും വഴി പിരിഞ്ഞു. രണ്ടുപേർക്കും രണ്ടുവഴി.

വഴി നന്നായി തിരിയും സ്വാമിക്ക്

തന്റെ വഴിയേതെന്ന് ക്യത്യമായി ഗോസ്വാമിക്ക് അറിയാമായിരുന്നു. എൻഡിവിയിൽ കണ്ടയാളല്ല ടൈംസ് നൗവിൽ. ടൈംസ് നൗവിൽ കണ്ടയാളല്ല റിപ്പബ്ലിക്കിൽ. രാത്രി 9 മണിക്ക് തനിക്ക് മാത്രമായി ഇംഗ്ലീഷ് സംസാരിക്കുന്ന ഒരുപറ്റം പ്രേക്ഷകരുണ്ടെന്ന് സ്വാമിക്ക് അറിയാം. ദ നേഷൻ വാണ്ടസ് ടു നോ എന്ന ഫ്രെയിസിലൂടെ ഇംഗ്ലീഷ് ജേണലിസത്തെ മാറ്റിമറിക്കും മുമ്പ് പടിപടിയായുള്ള വളർച്ചയാണ് ഗോസ്വാമി കൈവരിച്ചത്.

പുതിയ മാധ്യമപ്രവർത്തകർക്ക് സ്വാമി നൽകുന്ന ഉപദേശം ശ്രദ്ധിക്കുക.' ജേണലിസത്തെ ബഹുമാനിക്കാത്തവർക്കൊപ്പം ജോലി ചെയ്യരുത്. നിങ്ങൾ ചെയ്യുന്നത് പണത്തിന്റെ അടിസ്ഥാനത്തിൽ തൂക്കി നോക്കരുത്. കരിയറിന്റെ ആദ്യ 10 വർഷം ഒരുകാര്യത്തിലും കോംപ്രമൈസ് ചെയ്യരുത്. മറ്റുജോലികൾ ചെയ്യുന്നവർ കൂടുതൽ പണമുണ്ടാക്കുന്നതുകണ്ടാലും നിങ്ങൾ പതറരുത്. നിങ്ങൾ മിടുക്കനോ മിടുക്കിയോ ആണെങ്കിൽ പത്തുവർഷം കഴിയുമ്പോൾ നിങ്ങൾക്ക് വിളവ് കൊയ്യാം. നിയമവും വൈദ്യവും പോലെ തന്നെയാണ് ജേണലിസവും- നിങ്ങൾ കാലുറയ്ക്കാൻ സമയമെടുക്കും.'

സ്വാമിക്ക് സ് ട്രെസില്ല

ടെലിവിഷനിൽ പാനലിസ്റ്റുകളെ പോലും അടിച്ചിരുത്തുന്ന ഗോസ്വാമി സ്ര്‌ടെസ് അനുഭവിക്കുന്നുണ്ടോ? ഇല്ലെന്നാണ് മറുപടി. ജേണലിസമാണ് സ്വാമിയുടെ ജീവവായു. ഇക്കാര്യത്തിൽ കുടുംബവും കൂടെ നിൽക്കും സദാ. പിന്നെ സ്വാമിക്ക് എന്തുപേടിക്കാൻ? പിങ്ക് ഫ്‌ളോയിഡിനെ കേൾക്കാനും സ്‌കൂബാ ഡൈവിങ്ങിന് പോകാനുമൊക്കെയാണ് ഒഴിവുനേരത്ത് സ്വാമിക്ക് ഇഷ്ടം. രാത്രി പലരെയും നിർത്തിപൊരിക്കാനുള്ളതാണെന്ന ചിന്തയൊന്നും അപ്പോൾ അദ്ദേഹത്തെ അലട്ടാറില്ല. രാഷ്ടീയത്തിൽ പ്രവേശിക്കാനൊന്നും തനിക്ക് താൽപര്യമില്ലെന്ന് സ്വാമി പലവട്ടം പറഞ്ഞുകഴിഞ്ഞു. ജേണലിസത്തിന് രാഷ്ട്രീയത്തേക്കാൾ കരുത്തുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നു. പുടിൻ, ട്രംപ് എന്നിവരുമായുള്ള അഭിമുഖമാണ് ഇനി സ്വാമിയുടെ അവശേഷിക്കുന്ന ആഗ്രഹങ്ങൾ.

ഗുവാഹത്തിയാണ് അർണാബ് ഗോസ്വാമിയുടെ ജന്മനാട്. അഭിഭാഷകരും ജഡ്ജിമാരും നിറഞ്ഞ കുടുംബത്തിലെ പയ്യൻസ് ആ വഴിയേ പോയില്ല. ഡൽഹി ഹിന്ദുകോളേജിൽ നിന്ന് സോസിയോളജിയിൽ ബിദുദം. സാമുഹിക നരവംശശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം. 2000 ത്തിൽ കേംബ്രിഡ്ജ് സർവകലാശാലയിൽ ഇന്റർനാഷണൽ സ്റ്റഡീസിൽ വിസിറ്റിങ് ഫെല്ലോ. 1995 ൽ എൻഡി ടിവി 24X 7 ൽ ടെലിവിഷൻ ജോലി തുടങ്ങി. ഡിഡി മെട്രോയിൽ ന്യൂസ് ടു നൈറ്റിന് വേണ്ടി റിപ്പോർട്ടർ. പിന്നീട് എൻഡിടിവിയിൽ ന്യൂസ് എഡിറററായി കോർ ടീമിന്റെ ഭാഗമായി. ആ സമയത്താണ് മുഴുനീള വാർത്താചാനലായി എൻഡി ടിവി മാറിയത്.

1998 മുതൽ 2003 വരെ വാർത്താവലോകന പരിപാടിയായ ന്യൂസ് അവറിന്റെ ആങ്കർ. ഇതിനൊപ്പം ന്യൂസ് നൈറ്റും അവതരിപ്പിച്ചു. 2004 ൽ ഏഷ്യയിലെ മികച്ച വാർത്താവതാരക പുരസ്‌കാരം നേടി. 2006 മുതൽ ടൈംസ് നൗവിൽ എഡിറ്റർ ഇൻ ചീഫും ന്യൂസ് ആങ്കറും. 'ഫ്രാങ്ക്‌ലി സ്പീക്കിങ് വിത്ത് അർണാബ് 'പരിപാടിയിൽ അഭിമുഖത്തിനെത്തിയ പ്രമുഖരുടെ നിര മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോർഡൻ ബ്രൗൺ, സച്ചിൻ തെണ്ടുൽക്കർ, രാഹുൽ ഗാന്ധി എന്നിങ്ങനെ നീളുന്നു.

ടൈംസ് നൗ എന്ന ചാനൽ കെട്ടിപ്പടുക്കാൻ മുഖ്യ പങ്ക് വഹിച്ച അർണാബ് പിന്നീട് അവരുമായി തെറ്റി രാജി വച്ചു. വളരെ പെട്ടെന്നാണ് ഏഷ്യാനെറ്റ് മുൻ ചെയർമാൻ രാജീവ് ചന്ദ്രശേഖരിന്റെ കൂടി സഹായത്തോടെ റിപ്പബ്ലിക് ടി.വി തുടങ്ങിയത്. രണ്ടാം യു.പി.എ ഭരണകാലത്ത് നിരന്തരമായ അഴിമതിക്കഥകൾ പുറത്തെത്തിച്ചു കൊണ്ട് ആ സർക്കാരിനെ മുൾമുനയിൽ നിർത്തി. ഇന്ത്യ എഗൈൻസ്റ്റ് കറപ്ഷൻ മൂവ്മെന്റിന് ആവശ്യത്തിന് ഇടം നൽകിക്കൊണ്ട് അർണബ് പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റി. തനിക്കു ചുറ്റും ഒരു അഴിമതി വിരുദ്ധ പോരാളിയുടെ പരിവേഷവും ഉണ്ടാക്കിയെടുത്തു. നേഷൻ വാണ്ട്‌സ് ടു നോ എന്ന പരിപാടിയിലൂടെ ഇന്ത്യയുടെ പ്രതിനിധിയായി അർണബ് സ്വയം പ്രതിഷ്ടിച്ചു.

സർദേശായിയുടെ അനുഭവം അടിച്ചുമാറ്റി

തനിക്കും ചാനലിനും റേറ്റിങ് കൂട്ടാൻ എന്തുവേണമെങ്കിലും ചെയ്യാൻ മടിയില്ല അർണാബ് ഗോസ്വാമിക്ക്. രാജ്ദീപ് സർദേശായിയുടെ റിപ്പോർട്ടിങ് സ്വന്തം അനുഭവമാക്കി വീമ്പുപറയാൻ ഒട്ടും നാണക്കേട് തോന്നിയില്ല ഗോസ്വാമിക്ക്. 2002 ലെ ഗുജറാത്ത് കലാപത്തിൽ എൻ.ഡി.ടി.വി ക്ക് വേണ്ടി റിപ്പോർട്ട് ചെയ്യാനായി പോയ തന്നെയും സംഘത്തേയും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ വസതിക്ക് 50 മീറ്റർ മാറി കലാപകാരികൾ ആക്രമിച്ചെന്ന് സ്വാമി പറഞ്ഞു. ഈ സമയത്താണ് മുതിർന്ന മാധ്യമ പ്രവർത്തകനായ രാജ്ദീപ് സർദേശായിയുടെ ട്വീറ്റ് വന്നത്. തന്റെ ദി ഇലക്ഷൻ ദാറ്റ് ചേഞ്ച്ഡ് ഇന്ത്യ എന്ന പുസ്തകത്തിൽ സർദേശായി ഇക്കാര്യം വിശദമായി പറയുന്നുണ്ട്.

ശശി തരൂരുമായി ഏറ്റുമുട്ടി തോറ്റു

ശശി തരൂരിന്റെ ഭാര്യയായ സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയിൽ ശശി തരൂരിനെ അർണബ് കൊലയാളിയായി ചിത്രീകരിക്കുകയും ക്രിമിനൽ എന്ന് അഭിസംബോധന ചെയ്യുകയും ചെയ്തു. ഇതിനെതിരെ ശശി തരൂർ ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ അനുകൂല വിധി വന്നു. അന്വേഷണം പുരോഗമിക്കുന്ന കേസിൽ വിധി വരും മുൻപ് ഒരാളെ കൊലയാളിയെന്ന് മുദ്ര കുത്തുന്നത് നിയമവിരുദ്ധമാണെന്നായിരുന്നു വിധി.

മോദിക്ക് മുമ്പിൽ പുലി പൂച്ചയായി

ടൈംസ് നൗവിൽ ജോലി നോക്കുമ്പോഴാണ് ഗോസ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിമുഖം ചെയ്തത്. ഇത്രയും സൗമ്യനായി
സ്വാമിക്ക് അതിഥികളോട് പെരുമാറാൻ എന്ന് വിശ്വസിക്കാൻ തന്നെ പലർക്കും സാധിച്ചില്ല. പ്രധാനമന്ത്രിയായ ശേഷം മോദി നൽകുന്ന ആദ്യത്തെ അഭിമുഖമായിരുന്നു അത്. എന്നാൽ കടുപ്പമുള്ള ഒരു ചോദ്യം പോലും അർണാബ് നരേന്ദ്ര മോദിയോട് ചോദിച്ചില്ല എന്ന് സോഷ്യൽ മീഡിയ കളിയാക്കി. മോദി പറഞ്ഞ കാര്യങ്ങളെക്കാൾ ചർച്ചയായത് ഗോസ്വാമിയുടെ ശരീരഭാഷയാണ്.

സർക്കാരിനൊപ്പം ചേർന്ന് മാധ്യമങ്ങളെ നിശ്ശബ്ദരാക്കുന്നു

കപട മതേതര-പാക് അനുകൂല നിലപാടുള്ള മാധ്യമങ്ങൾക്കെതിരെ സർക്കാർ കടുത്ത നടപടി സ്വീകരിക്കണമെന്ന് ടൈംസ് നൗ 2016 ജൂലൈ 26-ന് നടന്ന ന്യൂസ് അവർ ചർച്ചയ്ക്കിടെ അർണാബ് ഗോസ്വാമി പറഞ്ഞിരുന്നു. സർക്കാരിനൊപ്പം ചേർന്ന് മാധ്യമങ്ങളെ നിശബ്ദരാക്കാനാണ് അർണാബ് ശ്രമിക്കുന്നതെന്നും, അർണാബിന്റെ നിലപാടുകളെ എന്നെങ്കിലും അംഗീകരിക്കേണ്ടി വന്നാൽ അത് സ്വയം കൊല്ലുന്നതിന് തുല്യമാണെന്നും മുൻകാല സഹപ്രവർത്തകയും എൻഡിടിവി കൺസൽട്ടന്റ് എഡിറ്ററുമായ ബർക്കാ ദത്ത് തുറന്നടിച്ചു. ബർക്ക കുറിച്ചു: 'മാധ്യമങ്ങളുടെ വായ അടച്ചു പൂട്ടാനും മാധ്യമപ്രവർത്തകർക്ക് ശിക്ഷ വാങ്ങി നൽകാനുമാണ് ടൈംസ് നൗ ചാനൽ ശ്രമിക്കുന്നത്. അർണാബിനെ പോലെയുള്ളവർക്കൊപ്പം ഈ മേഖലയിൽ ജോലി ചെയ്യുന്നതിൽ എനിക്ക് അപമാനം തോന്നുന്നു. അർണാബിന്റെ ഭീരുത്വം നിറഞ്ഞതും നാണം കെട്ടതുമായ വ്യക്തിത്വത്തിൽ എന്താണ് ഇത്രകണ്ട് ആകർഷകമായുള്ളത് ?

എന്തായാലും തനിക്ക് നേരേയുള്ള വിമർശനങ്ങൾ ഗോസ്വാമിയെ ബാധിക്കാറേയില്ല. താൻ വിശ്വസിക്കുന്ന ജേണലിസത്തിൽ ഉറച്ചുനിൽക്കുക. അത് ശരിയോ തെറ്റോ എന്നുള്ളതിലല്ല, അത് ചാനലിന്റെ റേറ്റിങ് കൂട്ടുന്നുണ്ടോയെന്ന് മാത്രമാണ് സ്വാമിയുടെ നോട്ടം.

യുഎഇ സഹായധനവിവാദത്തിൽ മലയാളികളെ ലാക്കാക്കിയുള്ള അമ്പും ഈ ലക്ഷ്യം വച്ചുള്ളത് തന്നെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP