Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202018Friday

പിഡബ്ലുഡി മിനിസ്റ്ററായിരുന്ന ഡോ.എം.കെ.മുനീർ ഇവിടെ എക്സ്‌പ്രസ് ഹൈവേ കൊണ്ടുവരാനായി തീവ്രമായി ആഗ്രഹിച്ചിരുന്നു; ഇടതുപക്ഷം ശക്തമായി എതിർത്തു; ഈ പാവങ്ങൾ ഒരുകാലത്തും കാർ വാങ്ങില്ലെന്നും അവർ എക്സ്‌പ്രസ് ഹൈവേയിലൂടെ ഓടിക്കില്ലെന്നും തീരുമാനിച്ചിട്ടുണ്ടോ? മുഖ്യമന്ത്രിയുമായുള്ള അഭിമുഖത്തിലെ ചോദ്യം കൈരളി ടിവി വെട്ടിമാറ്റി; മാതൃഭൂമി ന്യൂസിൽ ചോദ്യം വെളിപ്പെടുത്തി ശ്രീനിവാസൻ

പിഡബ്ലുഡി മിനിസ്റ്ററായിരുന്ന ഡോ.എം.കെ.മുനീർ ഇവിടെ എക്സ്‌പ്രസ് ഹൈവേ കൊണ്ടുവരാനായി തീവ്രമായി ആഗ്രഹിച്ചിരുന്നു; ഇടതുപക്ഷം ശക്തമായി എതിർത്തു; ഈ പാവങ്ങൾ ഒരുകാലത്തും കാർ വാങ്ങില്ലെന്നും അവർ എക്സ്‌പ്രസ് ഹൈവേയിലൂടെ ഓടിക്കില്ലെന്നും തീരുമാനിച്ചിട്ടുണ്ടോ? മുഖ്യമന്ത്രിയുമായുള്ള അഭിമുഖത്തിലെ ചോദ്യം കൈരളി ടിവി വെട്ടിമാറ്റി; മാതൃഭൂമി ന്യൂസിൽ ചോദ്യം വെളിപ്പെടുത്തി ശ്രീനിവാസൻ

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: സാധാരണക്കാരുടെ പ്രശ്‌നങ്ങളിൽ നിന്ന് ഇടതുപക്ഷം വിശേഷിച്ച് കമ്യൂണിസ്റ്റ് പാർട്ടി അകന്നുപോകുന്നുവെന്ന വിമർശനം വളരെ മുമ്പേ ഉയർത്തിയ ആളാണ് തിരക്കഥാകൃത്തും, സംവിധായകനും നടനുമൊക്കെയായ ശ്രീനിവാസൻ. ശ്രീനിവാസന്റെ സന്ദേശം സിനിമയിൽ ഉയർത്തുന്ന ചോദ്യങ്ങൾ അരാഷ്ട്രീയമാണെന്ന് വരെ വിമർശനങ്ങൾ ഉയർന്നിരുന്നു. 'സന്ദേശ'ത്തിൽ ഒരുപാർട്ടി പ്രവർത്തകന്റെ ഡയലോഗ് ഇങ്ങനെ:'പണ്ടൊക്കെ നമ്മുടെ പാർട്ടി എന്നു പറഞ്ഞാൽ നാട്ടിൽ ആരെങ്കിലും മരിച്ചാൽ അവിടെ ഓടിയെത്തി വിറക് വെട്ടിക്കൊടുക്കും; ഒരു വീട്ടിൽ കല്യാണം വന്നാൽ ആദ്യാവസാനം നമ്മളവിടെ ഉണ്ടാകും. ഡോക്ടറെ വിളിക്കാനും രോഗിയെ ആശുപത്രിയിലെത്തിക്കാനും മുൻപന്തിയിൽ കാണും. ഇപ്പോഴതൊന്നുമില്ല. അതുകൊണ്ടാ ഞാൻ പറഞ്ഞത് R.D.Pക്ക് അടിത്തറയില്ലെന്ന്.' സിപിഎം സമീപകാലത്ത് നടത്തിയ ആത്മവിമർശനങ്ങളുമായി ചേർത്തുവായിക്കാം ഈ ഡയലോഗിനെ. ഏതായാലും ഇപ്പോൾ മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ ശ്രീനിവാസൻ ഉന്നയിച്ച ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരിക്കുന്നത്. താൻ കൈരളി ടിവിക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയനെ മുമ്പ് അഭിമുഖം ചെയ്തപ്പോൾ ചാനൽ, എക്സ്‌പ്രസ് ഹൈവേയുമായി ബന്ധപ്പെട്ട തന്റെ ചോദ്യം എഡിറ്റ് ചെയ്തുവെന്നാണ് ശ്രീനിവാസൻ വെളിപ്പെടുത്തിയത്. കൈരളി ചാനൽ എഡിറ്റ് ചെയ്ത ആ ചോദ്യവും ഇടത് അനുഭാവിയായ ശ്രീനിവാസൻ അഭിമുഖത്തിൽ തുറന്നടിച്ചു. മലയാളികളുടെ കമ്യൂണിസ്റ്റ് സങ്കൽപ്പത്തിന് ചേരാത്ത വിധം വന്ന മാറ്റങ്ങളും അദ്ദേഹം അഭിമുഖത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

Stories you may Like

പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ:

'ഞാൻ ചോദിച്ച ചില ചോദ്യങ്ങളും ഉത്തരങ്ങളുമൊക്കെ ആ ഇന്റർവ്യൂവിൽ നിന്ന് കട്ട് ചെയ്ത് കളഞ്ഞു. ആ കട്ട് ചെയ്ത് കളഞ്ഞ ചോദ്യം ഞാൻ പറയാം. ഞാൻ ചോദിച്ചു...പിഡബ്ലുഡി മിനിസ്റ്ററായിരുന്ന ഡോ.എം.കെ.മുനീർ ഇവിടെ എകസ്പ്രസ് ഹൈവേ കൊണ്ടുവരാനായി തീവ്രമായി ആഗ്രഹിച്ചിരുന്നു. അപ്പോ..ലോകത്ത് ഏത് ഭാഗത്ത് നോക്കിയാലും, ഗതാഗതം എന്ന് പറയുന്നത് പുരോഗതിയുടെ അളവുകോലായാണ് കണക്കാക്കുന്നത്. പക്ഷേ എക്സ്‌പ്രസ് ഹൈവേ വരുന്നതിനെ ഇടതുപക്ഷം ശക്തമായി എതിർക്കുകയുണ്ടായി.

ഇടതുപക്ഷത്തിന്റെ ഭാഗത്ത് നിന്ന് വന്ന ഒരു ചോദ്യം എക്സ്‌പ്രസ് ഹൈവേ കൊണ്ട് പാവപ്പെട്ടവർക്ക് എന്താണ് ഗുണം എന്നാണ്.

എനിക്കപ്പോ ഒരുസംശയമുണ്ടായി. എത്രയോ കാലമായിട്ട്, എല്ലാ രാഷ്ട്രീയ പാർട്ടികളും ജനക്ഷേമത്തിന് വേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. കാലം കുറെ കഴിയുമ്പോ..ഇങ്ങനെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച് കൊണ്ടിരിക്കുകയാണല്ലോ..ഈ പാവങ്ങളൊക്കെ പണക്കാരായി.. അവർ കാർ വാങ്ങിച്ചു..ഇത് എക്സ്‌പ്രസ് ഹൈവേയിൽ കൂടി ഓടിച്ചുകൂടേ? ഈ പാവങ്ങൾ ഒരുകാലത്തും കാർ വാങ്ങില്ലെന്ന് നിങ്ങൾ തീരുമാനിച്ചിട്ടാണോ, നിങ്ങൾ പ്രവർത്തിക്കുന്നത്, രാഷ്ട്രീയത്തിൽ?

അപ്പോൾ അദ്ദേഹം എന്ത് മറുപടി പറഞ്ഞു?

അദ്ദേഹം കുറെ നേരം ചിരിച്ചു. എന്നിട്ട് മറുപടി പറഞ്ഞത് എന്താണെന്ന് അറിയ്വോ? ഞങ്ങൾ അതുകൊണ്ടല്ല, എക്സ്‌പ്രസ് ഹൈവേയ്ക്ക് വേണ്ടി മുനീർ എടുത്ത തീരുമാനങ്ങൾ സുതാര്യമായിരുന്നില്ല എന്നൊക്കെ പറഞ്ഞ് അഡ്ജസ്റ്റ് ചെയ്തു. ഈ ഭാഗം ആ ചാനലിൽ കാണിച്ചില്ല. ഇന്റർവ്യൂവിന്റെ ഈ ഭാഗം കട്ട് ചെയ്തു.

ഇപ്പോൾ ഈ ഇടതുപക്ഷത്തെ കുറിച്ച് പറഞ്ഞല്ലോ... അവർ തിരിച്ചുവരാൻ കഴിയാത്ത വിധം നമ്മുടെ സമൂഹത്തിൽ നിന്ന് പൊയ്‌ക്കോണ്ടിരിക്കുവാണോ?

ഞാൻ ആദ്യം പറഞ്ഞത് പോലെയുള്ള സംഭവങ്ങളാണ് നടക്കുന്നത്. സമ്പന്നത് എന്തെന്ന് അറിയാത്തവന്റെ കൂടെ എന്തെന്നില്ലാത്ത അധികാരവും എത്തുമ്പോൾ, എന്തും കാണിച്ചുകൂട്ടാവുന്ന അവസ്ഥയിൽ അവർ എത്തുകയാണ്, എന്നുവേണം നമ്മൾ വിചാരിക്കാൻ. റുമാനിയയിൽ ചൗഷസ്‌ക്യു എന്ന് പറയുന്നയാളുടെ ആയിരക്കണക്കിന് പാദുകങ്ങളാണ് നമ്മൾ കണ്ടത്. ഇയാളെ റോഡിൽ വച്ച് ജനങ്ങൾ കൊല്ലുകയാണുണ്ടായത്. സുവർണ പാദുകങ്ങൾ സൂക്ഷിച്ച് വച്ചിരിക്കുന്ന ഭാര്യ. കമ്യൂണിസ്റ്റ് ഭരണാധികാരിയുടെ കാര്യമാണ് ഞാൻ പറയുന്നത്. ക്യൂബയിൽ കമ്യൂണിസം ഉണ്ടെന്ന് പറയുന്നു. ചൈനയിൽ ഞാൻ രണ്ടുതവണ പോയതാണ്. അവിടുത്തെ കമ്യൂണിസം നമുക്ക് ചെന്ന് കഴിഞ്ഞാൽ മനസ്സിലാകും. 144 കോടി പേരാണ് അവിടെയുള്ളത്. അതിൽ കമ്യൂണിസ്റ്റ്കാരാണ് എല്ലാവരും എന്നാണല്ലോ പറയുന്നത്. പക്ഷേ നാൽപ്പത്തഞ്ച് ലക്ഷം മാത്രമേയുള്ളു. ഒരുകോടിയുടെ പകുതിയിലും താഴെ. അതിൽ 30 ലക്ഷം പേര് കോടീശ്വരന്മാരാണ്. നമ്മുടെ കമ്യൂണിസ്റ്റ് സങ്കൽപ്പമേയല്ല.'

ശ്രീനിവാസൻ തയ്യാറാക്കിയ അറബിക്കഥ എന്ന ചിത്രത്തിലും കമ്യൂണിസ്റ്റ് സങ്കൽപ്പങ്ങളും, യാഥാർഥ്യവും തമ്മിലുള്ള അന്തരങ്ങൾ പൊളിച്ചുകാട്ടുന്നത്. ക്യൂബ മുകുന്ദൻ എന്നറിയപ്പെടുത്ത സഖാവ് യാദൃശ്ചികമായി ഗൾഫിൽ പോകുന്നതും, തന്റെ സങ്കൽപ്പങ്ങൾക്ക് കടകവിരുദ്ധമായ യാഥാർഥ്യങ്ങൾ തിരിച്ചറിയുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ഇവിടെ നോക്കുകൂലിയും കേട്ടുകൂലിയും വാങ്ങുന്ന മലയാളി തൊഴിലാളികൾ തന്നെ, വിദേശത്ത് യാതൊരു മാനുഷിക പരിഗണനയുമില്ലാത്ത സാഹചര്യങ്ങളിൽ കഠിനമായി തൊഴിലെടുക്കുന്നു. അവകാശങ്ങൾക്കു വേണ്ടി വാദിക്കുന്നതിനൊപ്പം കടമകൾ നിർവ്വഹിക്കുവാനുള്ള ആഹ്വാനവും പാർട്ടികളിൽ നിന്നുണ്ടാവണം എന്ന ശക്തമായ ഒരു സന്ദേശം ഈ ചിത്രം നൽകയിരുന്നു.

വികസനത്തിലേക്കും സമത്വത്തിലേക്കുമുള്ള പാത അതുമാത്രമാണെന്ന തിരിച്ചറിവോടെയാണ്, പ്രവാസിജീവിതം കഴിഞ്ഞ് സ. മുകുന്ദൻ ചെമ്മണ്ണൂരിൽ തിരികെയെത്തുന്നത്. തന്റെ സന്ദേശം സിനിമ അരാഷ്ട്രീയമാണെന്ന ശ്യാം പുഷ്‌കരന്റെ വിമർശനത്തിന് അടുത്തിടെ ശ്രീനിവാസൻ മറുപടി നൽകിയിരുന്നു. സിനിമ മുന്നോട്ട് വക്കുന്ന നല്ല രാഷ്ട്രീയം കാണാതെയാണ് വിമർശനമെന്ന് ശ്രീനിവാസൻ പറയുന്നു.
'സന്ദേശം എന്ന സിനിമയിൽ തിലകൻ ചേട്ടന്റെ ഡയലോഗുണ്ട്. 'രാഷ്ട്രീയം നല്ലതാണ്, അത് നല്ലയാളുകൾ പറയുമ്പോൾ.ആദ്യം സ്വയം നന്നാകണം, പിന്നെയാണ് നാട് നന്നാക്കേണ്ടത് എന്നും പറയുന്നുണ്ട്. പിന്നെങ്ങനെയാണ് ആ സിനിമ അരാഷ്ട്രീയ വാദം ആകുന്നത്? എനിക്ക് രാഷ്ട്രീയമുണ്ട്. പക്ഷേ ഒരു കൊടിയുടെ മുൻപിൽ സല്യൂട്ട് ചെയ്യുന്ന രാഷ്ട്രീയമല്ല'. ശ്രീനിവാസൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

ഏതായാലും കൈരളി ചാനൽ ശ്രീനിവാസന്റെ ചോദ്യം വെട്ടിമുറിച്ചത് ശരിയായില്ല എന്ന തരത്തിലുള്ള വിമർശനം സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. അതേസമയം, അത് ചാനലിന്റെ വിവേചനാധികാരത്തിൽ പെടുന്നതാണെന്ന മറുവാദവും ചിലർ ഉയർത്തുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP