Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിപിഎമ്മിനെ അതിരൂക്ഷമായി വിമർശിച്ചിട്ടുണ്ട്; എങ്കിലും അവർ വധഭീഷണിയൊന്നും മുഴക്കിയിട്ടില്ല; വ്യക്തിപരമായി അധിക്ഷേപിക്കുക എന്നതാണ് സംഘപരിവാറിന്റെ രീതി; കവർ സ്റ്റോറി ചെയ്യുന്നത് പുരുഷന്മാർ ആണെങ്കിൽ ഇത്രയും അധിക്ഷേപം ഉണ്ടാകുമായിരുന്നില്ല: മനസു തുറന്ന് സിന്ധു സൂര്യകുമാർ

സിപിഎമ്മിനെ അതിരൂക്ഷമായി വിമർശിച്ചിട്ടുണ്ട്; എങ്കിലും അവർ വധഭീഷണിയൊന്നും മുഴക്കിയിട്ടില്ല; വ്യക്തിപരമായി അധിക്ഷേപിക്കുക എന്നതാണ് സംഘപരിവാറിന്റെ രീതി; കവർ സ്റ്റോറി ചെയ്യുന്നത് പുരുഷന്മാർ ആണെങ്കിൽ ഇത്രയും അധിക്ഷേപം ഉണ്ടാകുമായിരുന്നില്ല: മനസു തുറന്ന് സിന്ധു സൂര്യകുമാർ

തിരുവനന്തപുരം: മലയാളം ടെലിവിഷൻ ചാനൽ രംഗത്തെ തലമുതിർന്ന മാധ്യമപ്രവർത്തകരിൽ ഒരാളാണ് സിന്ധു സൂര്യകുമാർ. വർഷങ്ങളായി സിന്ധു കവർ‌സ്റ്റോറിയെന്ന പ്രോഗ്രാമുമായി മലയാളികളുടെ മുന്നിലെത്തിയിട്ട്. രാഷ്ട്രീയക്കാരെ ഇത്രകണ്ട് കുറിക്കു കൊള്ളുന്ന വിധത്തിൽ വിമർശിച്ച മറ്റൊരു പരിപാടി ഒരുപക്ഷ മലയാളത്തിൽ ഉണ്ടാകില്ല. അതുകൊണ്ട് തന്നെ പലപ്പോഴും കവർസ്‌റ്റോറിക്കെതിരെയും സിന്ധുവിനെതിരെയും ശക്തമായ ആക്രമണം ഉണ്ടാകുകയും ചെയ്യുന്നുണ്ട്. ഇങ്ങനെ ശക്തമായ ആക്രമണം നേരിടേണ്ടി വരുന്നതിനെ കുറിച്ച് തുറന്നു പറഞ്ഞ് സിന്ധു രംഗത്തെത്തി.

മാധ്യമപ്രവർത്തനത്തിനിടെ ഏറ്റവും കൂടുതൽ ആക്രമണം നേരിട്ടത് സംഘപരിവാറിൽനിന്നാണെന്ന് സിന്ധു സൂര്യകുമാർ സമകാലിക മലയാളം വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. കവർ സ്റ്റോറി എന്ന ടെലിവിഷൻ പ്രോഗ്രാം ചെയ്യുന്നത് പുരുഷന്മാർ ആയിരുന്നെങ്കിൽ തനിക്കു കേൾക്കേണ്ടിവരുന്നത്ര അധിക്ഷേപം ഉണ്ടാവുമായിരുന്നില്ലെന്നും സിന്ധു പറയുന്നു.

വ്യക്തിപരമായി അധിക്ഷേപിക്കുക എന്നതാണ് സംഘപരിവാറിന്റെ രീതി. സംഘപരിവാറിൽനിന്നും സിപിഐ.എമ്മിൽനിന്നും ഉണ്ടായ ആക്രമണം രണ്ടു തരമാണ്. സിപിഐ.എമ്മിനെ അതിരൂക്ഷമായി ഒരുപാടു വിമർശിച്ചിട്ടുണ്ട്. പക്ഷേ, വധഭീഷണിയൊന്നും അവർ മുഴക്കിയിട്ടില്ല. എന്നാൽ നമ്മളെ പരിഹസിച്ച്, വിമർശിച്ച്, വിവരംകെട്ടവളുമൊക്കെയാണെന്നു വരുത്തിതീർക്കാനായിരുന്നു സംഘപരിവാറുകാരുടെ ശ്രമം.

സ്ത്രീയാണ് എന്നതുവച്ചുള്ള ഒരുതരം ആക്രമണം. അതിലൂടെ നമ്മളെ ചെറുതാക്കാം എന്ന ധാരണ. നമ്മളങ്ങ് ക്ഷീണിച്ച് ഇല്ലാതാകും എന്ന മട്ടിലുള്ള ശ്രമം, ഇതൊക്കെ സംഘപരിവാർ ഭാഗത്തുനിന്നാണ് കൂടുതലും ഉണ്ടായിട്ടുള്ളത്. ഇപ്പുറത്തു സഖാക്കളുടെ ഭാഗത്തുനിന്ന് വിമർശനം ഉണ്ടായിട്ടുണ്ട്. വ്യക്തിപരമായ ആരോപണങ്ങളൊക്കെ അവരും പറയാറുണ്ട്. പക്ഷേ, അധിക്ഷേപവും ആരോപണവും രണ്ടും രണ്ടാണ്-

തന്നെ വിമർശിക്കേണ്ടിവരുമ്പോൾ ഇവളാരാ കയറിയിരുന്ന് ആളുകളെ ചീത്ത പറയാൻ എന്ന രീതിയുണ്ട്. അവരൊക്കെ വലിയ വലിയ ആളുകളും എത്രയോ വർഷത്തെ അനുഭവങ്ങളുള്ള നേതാക്കന്മാരുമാണ്, ഈ പെണ്ണിനെന്തു കാര്യം എന്ന മട്ടിലാണ് പലരുടേയും ചോദ്യം. പെണ്ണായതുകൊണ്ടുള്ള അധിക്ഷേപങ്ങളാണ് ഇതെല്ലാം- സിന്ധു സൂര്യകുമാർ പറയുന്നു.

പറയാത്ത കാര്യത്തിന്റെ പേരിലായിരുന്നു ദുർഗാദേവിയെ വിമർശിച്ചു എന്ന കോലാഹലം. പക്ഷേ, ന്യൂസ് അവറിന്റെ പേരിൽ ഉണ്ടായതാണെങ്കിലും ആ പ്രശ്‌നങ്ങളുണ്ടായത് ന്യൂസ് അവറിന്റെ പേരിലാണെന്ന് ഞാൻ വിചാരിക്കുന്നില്ല. മറിച്ച്, ഞാൻ കവർ സ്റ്റോറി ചെയ്യുന്ന ആളായതുകൊണ്ടാണെന്നാണ് അന്നും ഇന്നും മനസ്സിലാകുന്നത്.

ആ ന്യൂസ് അവറിൽ അങ്ങനെയൊന്നും ഞാൻ പറഞ്ഞിട്ടില്ല, വിവാദമുണ്ടാക്കാനുള്ള സാഹചര്യവും ഉണ്ടായിരുന്നില്ല. പക്ഷേ, നോക്കിവച്ചിരിക്കുന്ന ഒരു ടാർഗറ്റാണ് എന്നതുകൊണ്ട് നോക്കിവച്ച് ആക്രമിച്ചു എന്നല്ലാതെ അതൊരു ന്യസ് അവർ വിഷയമായി ഞാൻ കാണുന്നില്ല. അത് വേറിട്ട ഒരു വലിയ തരം സൈബർ ആക്രമണമോ അല്ലാത്ത ആക്രമണമോ ഒക്കെ ആയിരുന്നു. സിന്ധു പറയുന്നു.

ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയ ശേഷമാണ് ഈ പറയുന്ന സാഹചര്യമുണ്ടായത്. അതിനു ശേഷമാണ് ഞാൻ ദേശീയ വിഷയങ്ങൾ കൂടുതലും എടുത്തിട്ടുള്ളത്. അത് ഈ സാമൂഹിക രാഷ്ട്രീയ പരിതസ്ഥിതിയിൽ ഉണ്ടായ മാറ്റംകൊണ്ടായിരിക്കാമെന്നും സിന്ധു സൂര്യകുമാർ പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകൾ എന്തുകൊണ്ട് വിമർശിക്കപ്പെടുന്നു എന്നും സിന്ധു വ്യക്തമാക്കി. മൈക്ക് കൊണ്ട് മുഖത്തു കുത്തുന്നു എന്ന പിണറായിയുടെ വിമർശനത്തെയും സിന്ധു പരിഹസിച്ചു. എന്തുകൊണ്ടാണ് പോകേണ്ടിവന്നതെന്നു കൂടി ആളുകൾ ആലോചിക്കണം. പിണറായി വിജയന്റെ പിന്നാലെ നമുക്കു പോകണ്ട. പക്ഷേ, സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുടെ പിന്നാലെ പല കാര്യങ്ങളിലും അഭിപ്രായം ചോദിച്ച് പോകേണ്ടിവരും. ജനത്തിന് അതറിയാന് ആഗ്രഹമുണ്ട്. മിണ്ടുന്നില്ല എന്നാണെങ്കിൽ എനിക്കിതിൽ നിലപാടില്ല, ഞാനിതിൽ പറയാൻ ആഗ്രഹിക്കുന്നില്ല എന്നെങ്കിലും അദ്ദേഹം പറയാൻ തയ്യാറാകണം.

പുതിയ കാലത്തെ പുതിയ മാധ്യമ രീതികളൊക്കെയുള്ളപ്പോൾ മുഖ്യമന്ത്രി ഇങ്ങനെ പഴയകാലത്തു നിന്നുകൊണ്ട് എനിക്കു തോന്നുമ്പോൾ മാത്രം ഞാൻ സംസാരിക്കുമെന്നും ഞാൻ പറയുന്നതു മാത്രം നിങ്ങൾ കേട്ടാൽ മതി എന്നുമുള്ള ഒരു ലൈൻ വയ്ക്കുന്നത് ശരിയല്ല, സുതാര്യവുമല്ല. തോമസ് ചാണ്ടിയുടെ വിഷയത്തിലാണെങ്കിൽ മുഖ്യമന്ത്രി എവിടെയെല്ലാമാണോ പോകുന്നത് അവിടെയെല്ലാം പോയി ചോദിക്കാൻ ഞാൻ തന്നെ പറഞ്ഞിരുന്നു. അദ്ദേഹത്തിന് പറയാനുണ്ടെങ്കിൽ പറയട്ടെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP