Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏഷ്യനെറ്റ് ന്യൂസിലെ ചർച്ചയിൽ കൺകറന്റ് ലിസ്റ്റുമായി വന്ന ശോഭാ സുരേന്ദ്രനെ കണ്ടം വഴി ഓടിച്ചു തുടക്കം; പിന്നാലെ മീഡിയാ വൺ ചാനൽ ചർച്ചയിൽ വെച്ച് സന്ദീപ് വാര്യരെ പൊളിച്ചടുക്കി; ഏറ്റവും ഒടുവിൽ മനോരമ ന്യൂസിലെ ചർച്ചയിൽ ജെഎൻയുവിലെ വിദ്യാർത്ഥിനികളെ അപമാനിച്ച എസ് സുരേഷിനെ ഇരുത്തി പൊരിച്ചത് നിർമ്മല സീതാരാമനെ ചൂണ്ടിക്കാട്ടി; ടെലിവിഷൻ ചർച്ചകളിൽ ബിജെപി നേതാക്കൾക്ക് വായടപ്പിക്കുന്ന മറുപടിയുമായി രംഗത്തു വന്ന അഡ്വ. രശ്മിത രാമചന്ദ്രൻ സൈബർ ലോകത്തും താരമാകുമ്പോൾ

ഏഷ്യനെറ്റ് ന്യൂസിലെ ചർച്ചയിൽ കൺകറന്റ് ലിസ്റ്റുമായി വന്ന ശോഭാ സുരേന്ദ്രനെ കണ്ടം വഴി ഓടിച്ചു തുടക്കം; പിന്നാലെ മീഡിയാ വൺ ചാനൽ ചർച്ചയിൽ വെച്ച് സന്ദീപ് വാര്യരെ പൊളിച്ചടുക്കി; ഏറ്റവും ഒടുവിൽ മനോരമ ന്യൂസിലെ ചർച്ചയിൽ ജെഎൻയുവിലെ വിദ്യാർത്ഥിനികളെ അപമാനിച്ച എസ് സുരേഷിനെ ഇരുത്തി പൊരിച്ചത് നിർമ്മല സീതാരാമനെ ചൂണ്ടിക്കാട്ടി; ടെലിവിഷൻ ചർച്ചകളിൽ ബിജെപി നേതാക്കൾക്ക് വായടപ്പിക്കുന്ന മറുപടിയുമായി രംഗത്തു വന്ന അഡ്വ. രശ്മിത രാമചന്ദ്രൻ സൈബർ ലോകത്തും താരമാകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഏതാനും ദിവസങ്ങളായി സൈബർ ലോകത്തെ താരമാണ് അഡ്വ. രശ്മിത രാമചന്ദ്രൻ. എൻആർസിയുമായി ബന്ധപ്പെട്ട ചാനൽ ചർച്ചകളിൽ പങ്കെടുത്തു കൊണ്ടാണ് ആക്ടിവിസ്റ്റു കൂടിയായ രശ്മിത താരമാകുന്നത്. ചാനൽ ചർച്ചകളിലെ ബിജെപി നേതാക്കളുടെ പേടിസ്വപ്‌നം എന്നാണ് ഇവരെ സൈബർ ലോകം വിശേഷിപ്പിക്കുന്നത്. ബിജെപി നേതാക്കൾ പറയുന്ന മണ്ടത്തരങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ച് വായടപ്പിക്കുന്ന മറുപടി നൽകിയാണ് രശ്മിത താരമാകുന്നത്. ഏതാനും ദിവസങ്ങളായി രശ്മിത അത്യുഗ്രൻ ഫോമിലാണെന്നാണ് മലയാളം സൈബർ ലോകത്തെ പ്രമുഖർ അഭിപ്രായപ്പെടുന്നത്.

കഴിഞ്ഞ ദിവസം രശ്മിത പങ്കെടുത്ത ചാനൽ ചർച്ച നടന്നത് മനോരമ ന്യൂസ് ചാനലിൽ ആയിരുന്നു. അയ്യപ്പദാസ് നയിച്ച ഈ ചർച്ചയിൽ ബിജെപി നേതാവ് എസ് സുരേഷിന്റെ വാദങ്ങൾക്ക് ശക്തമായ മറുപടി അവർ നൽകിയത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ദീപിക പദുകോൺ ജെഎൻയു സന്ദർശിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിലായിരുന്നു ചർച്ച. ഈ ചർച്ചയിൽ ജെഎൻയുവിൽ ദീപിക എത്തിയത് സിനിമയുടെ പ്രമോഷന് വേണ്ടിയാണെന്നും ജെഎൻയുവിയിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾ ബോയ്‌സ് ഹോസ്റ്റലുകളിൽ കയറി ഇറങ്ങുകയാണെന്നും സുരേഷ് ആക്ഷേപം ഉന്നയിച്ചു. ഇത് കൂടാതെ ജെഎൻയുവിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വയസ് 42 കഴിഞ്ഞവർ ആണെന്ന ആക്ഷേപവും ബിജെപി നേതാവിൽ നിന്നുമുണ്ടായി.

ചർച്ചയിൽ പങ്കെടുക്കവേ തന്റെ ഊഴം ആയതോടെ ഈ ചോദ്യങ്ങളെ പൂർണമായും ഖണ്ഡിച്ച് മുഖമടച്ച മറുപടിയാണ് രശ്മിത രാമചന്ദ്രൻ നൽകിയത്. ഒന്നാമതായി അവർ ചൂണ്ടിക്കാട്ടിയ ദീപിക പദുകോൺ വിഷയമായിരുന്നു. പ്രശസ്തിക്ക് വേണ്ടിയാണ് ദീപിക ജെഎൻയുവിൽ എത്തിയതെന്ന വാദവും അവർ തള്ളിക്കളഞ്ഞു. ദീപിക ഇന്ത്യയിലെ ഒന്നാം നമ്പർ നടിയാണെന്ന് ഓർക്കണമെന്ന കാര്യമാണ് അവർ ചൂണ്ടിക്കാട്ടിയത്. കോടിക്കണക്കിന് രൂപ കൊണ്ട് സന്നദ്ധപ്രവർത്തനം നടത്തുന്ന വ്യക്തിയാണ് അവർ. കൂടാതെ മഹാരാഷ്ട്രയിലെ ഒരു ഗ്രാമം മുഴുവൻ വൈദ്യുതീകരിക്കാൻ ദത്തെടുത്ത കാര്യവും അവർ ഓർമ്മപ്പെടുത്തി. ഇവർ പ്രശസ്തിക്ക് വേണ്ടിയാണ് സംഘപരിവാറിന്റെ അണ്ടിമുക്ക് ശാഖക്കെതിരെ പ്രസ്താവന ഇറക്കിയതെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ എന്നായിരുന്നു രശ്മിതയുടെ ചോദ്യം.

42 വയസ്സായവരാണ് അവിടെ പഠിക്കുന്നത് എന്ന വാദത്തിനും രശ്മിത മുഖമടച്ച മറുപടിയാണ് നൽകിയത്. ഇവരൊക്കെ നാലാം ക്ലാസിൽ പഠിത്തം നിർത്തി എന്നതു കൊണ്ട് 42ാം വയസിൽ പഠിക്കുന്നവരോട് എന്തിനാണ് പുച്ഛമെന്നാണ് അവർ ചോദിച്ചത്. ഇനി അവിടെ ജെഎൻയുവിൽ ബോയ്‌സ് ഹോസ്റ്റലിൽ കയറുകയാണ് പെൺകുട്ടികൾ ചെയ്യുന്നത് എന്ന വാദത്തെയും സമർത്ഥമായി രശ്മിത ഖണ്ഡിച്ചു. അവിടെ പഠിച്ച ഒരു പെൺകുട്ടിയുടെ സ്ത്രീ പറഞ്ഞു കൊണ്ടാണ് രശ്മിത സുരേഷിന്റെ ഉത്തരം മുട്ടിച്ചത്. ഇപ്പോൾ മുതിർന്ന സ്ത്രീയായ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ പേരാണ് രശ്മിത എടുത്തിട്ടത്. അവർ ചെയ്ത കാര്യങ്ങളാണോ നിങ്ങൾ പറയുന്നതെന്ന ചോദ്യത്തിൽ ശരിക്കും ബിജെപി നേതാവിന് ഉത്തരം മുട്ടുകയും ചെയ്തു. രാജ്യ സ്‌നേഹത്തെ കുറിച്ചുള്ള ബിജെപിയുടെ വാദങ്ങളെയും ആർഎസ്എസിന്റെ പഴയകാലം ചൂണ്ടിക്കാട്ടി രശ്മിത തുറന്നിടിച്ചു.

രശ്മിത പങ്കെടുത്ത ഈ ചാനൽ ചർച്ചയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. പ്രധാനമായും ഇടതു അനുഭാവികളും എൻആർസിയെ എതിർക്കുന്നവരുമാണ് രശ്മിതയുടെ വീഡിയോ പ്രചരിപ്പിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിലെ ചർച്ചകളിലൂടെ ശ്രദ്ധേയ ആണ് രശ്മിത രാമചന്ദ്രൻ എന്ന അഭിഭാഷിക. അടുത്തിടെ രശ്മിത പങ്കെടുത്ത ഒരു ചാനൽ ചർച്ച വൈറലായത് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ കണ്ടം വഴി ഓടിച്ചതാണ്. വിനു വി ജോൺ നയിച്ച ചർച്ചയിൽ ശോഭാ സുരേന്ദ്രനെ അഡ്വക്കേറ്റ് രശ്മിത പൊളിച്ചടുക്കുകയായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനതെിരെ നിയമസഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും ചേർന്ന് പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രമേയം പാസ്സാക്കുന്നതിനെ തോന്ന്യവാസം എന്നാണ് ചർച്ചയിൽ ശോഭാ സുരേന്ദ്രൻ വിശേഷിപ്പിച്ചപ്പോഴാണ് രശ്മിത കത്തിക്കയറിയത്.

കേന്ദ്ര സർക്കാരിനെയും നരേന്ദ്ര മോദിയേയും രൂക്ഷമായി വിമർശിച്ച അഡ്വക്കേറ്റ് രശ്മിതയുടെ അഭിപ്രായങ്ങൾക്ക് മറുപടി പറയാനില്ലെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. അഭിഭാഷക നിയമ വിഷയത്തിൽ അഭിപ്രായം പറയട്ടെ എന്നും നരേന്ദ്ര മോദിയോടുള്ള വിരോധം മാത്രമാണ് രശ്മിതയുടെ വാക്കുകൾക്ക് പിന്നിലെന്നും ശോഭാ സുരേന്ദ്രൻ കുറ്റപ്പെടുത്തി. മുത്തലാഖ് നിയമത്തെ വിമർശിച്ച ഷീന ഷുക്കൂറിന് നാണമുണ്ടോ എന്നും ശോഭാ സുരേന്ദ്രൻ ചോദിച്ചു. ശോഭാ സുരേന്ദ്രന്റെ ഓരോ ആരോപണത്തിനും അക്കമിട്ടാണ് രശ്മിത രാമചന്ദ്രൻ ചുട്ട മറുപടി പറഞ്ഞത്. എൽഎൽബിക്ക് എൻ റോൾ ചെയ്തപ്പോൾ തന്റെ രാഷ്ട്രീയം അടിയറവ് വെച്ചുകൊള്ളാം എന്ന് താൻ എവിടെയും എഴുതിക്കൊടുത്തിട്ടില്ല എന്ന് രശ്മിത തുറന്നടിച്ചു. രാഷ്ട്രീയവും നിയമത്തിലുള്ള അറിവും താൻ പറയും. മോദിയുടെ ഹാഷ്ടാഗ് പ്രചാരണത്തേയും രശ്മിത പരിഹസിച്ചു. പണ്ട് ഈദി അമീൻ ആളുകളെ കൊല്ലുന്നതിന് വേണ്ടി ഇലക്ട്രിക് ചെയർ കൊണ്ടുവന്നു. പക്ഷേ ആ നാട്ടിൽ വൈദ്യുതി ഇല്ലായിരുന്നു. തങ്ങൾക്കൊക്കെ മാനസാന്തരം വന്ന് പൗരത്വ നിയമത്തെ പിന്താങ്ങണമെങ്കിൽ തന്നെ എവിടെയാണ് ഇന്റർനെറ്റ് കണക്ഷനെന്നും രശ്മിത പരിഹസിച്ചു.

നമ്മുടെ പ്രധാനമന്ത്രിക്ക് ഈ നാടിനെ കുറിച്ച് ഒരു ചുക്കും അറിയില്ല. താൻ കരുതിയത് മാഡത്തിന് കൺകറന്റ് ലിസ്റ്റ് മാത്രമേ അറിയാത്തതുള്ളൂ എന്നാണ്. ആർട്ടിക്കിൾ 19 അറിയും എന്നാണ് കരുതിയത്. ആർട്ടിക്കിൾ 14 എന്ന് ഓട്ടോയ്ക്ക് പേരിടുന്ന നാട്ടിലാണിത്. സകല പൗരന്മാർക്കും അഭിപ്രായം പറയാനും നിയമപരമായി പ്രതിഷേധിക്കാനും സ്വാതന്ത്ര്യം നൽകുന്നതാണ് ആർട്ടിക്കിൾ 19 എന്ന് രശ്മിത പറഞ്ഞു. പ്രസിഡണ്ട് ഒപ്പ് വെച്ചതല്ല, ഒപ്പ് വെച്ച് അതിന് മേൽ ഉമ്മ വെച്ച നിയമം ആണെങ്കിൽ പോലും പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം ഓരോ പൗരനുമുണ്ടെന്നും രശ്മിത തുറന്നടിച്ചു. പൗരത്വ നിയമം സുപ്രീം കോടതി സ്റ്റേ ചെയ്തില്ല എന്നാണിവർ പറയുന്നത്. ഇത് തന്നെയാണ് ശബരിമല കേസിലും സുപ്രീം കോടതി പറഞ്ഞത്. സ്റ്റേ ഇല്ല എന്ന് പറയാത്തതുകൊണ്ട് സറ്റേ ഉള്ളത് പോലാണെന്ന് അന്ന് നിങ്ങൾ പറഞ്ഞു. സ്റ്റേ ഇല്ലാത്തതുകൊണ്ട് സ്റ്റേ ഇല്ല എന്ന് ഇപ്പോൾ പറയുന്നു. സ്റ്റേയുടെ കാര്യത്തിലെങ്കിലും ഒരു നിലപാട് വേണ്ടേ എന്നും രശ്മിത പരിഹസിച്ചു.

2014ൽ ഒരു പ്രധാനമന്ത്രിയുടെ ഭാര്യ സൗകര്യങ്ങൾ വേണം എന്നാവശ്യപ്പെട്ട് നെടുനീളെ നടക്കുകയും ഒരു കാർ പോലും കിട്ടാതിരിക്കുകയും ചെയ്തു. മുത്തലാഖ് നിർത്തിയതിൽ യാതൊരു കുഴപ്പവും ഇല്ല. എന്നാൽ ഡിവോഴ്സ് ചെയ്യുന്നത് ക്രിമിനൽ കുറ്റമാകുന്നത് ഒരു സമൂഹത്തിന് മാത്രമാകുമ്പോൾ അതിലൊരു പ്രശ്നമില്ലേ. ബിജെപിയുടെ സംസ്ഥാന പ്രസിഡണ്ട് പോലും ആകാൻ പോകുന്ന ശോഭ അക്കാര്യം ആലോചിച്ച് നോക്കാനും രശ്മിത പറഞ്ഞു.

ഈ ചാനൽ ചർച്ചയ്ക്ക് ശേഷം രശ്മിത വീണ്ടും സോഷ്യൽ മീഡിയയിൽ ഹിറ്റായത് ഏറ്റവും ഒടുവിൽ മീഡിയ വൺ ചാനലിന്റെ സംവാദ പരിപാടിയിൽ യുവമോർച്ച നേതാവ് സന്ദീപ് വാര്യരോടാണ് രശ്മിത ഏറ്റുമുട്ടിയപ്പോഴാണ്. രശ്മിതയുടെ കുറിക്ക് കൊള്ളുന്ന മറുപടികളെ നേരിടാൻ സാധിക്കാതെ അവസാനം ബഹളം വെച്ച് ചർച്ച വഴിതിരിച്ച് വിടാനുള്ള ശ്രമമാണ് സന്ദീപ് വാര്യർ നടത്തിയതെന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്. ചർച്ചയുടെ വിശദാംശങ്ങൾ ഇങ്ങനെയാണ്:

പൗരത്വ ഭേദഗതി നിയമത്തിന് എതിരെ കേരള നിയമസഭ പ്രമേയം പാസ്സാക്കിയതിനെ ഗവർണർ എതിർത്ത വിഷയമാണ് മീഡീയ വൺ സ്പെഷ്യൽ എഡിഷൻ ചർച്ചയ്ക്ക് എടുത്തത്. അവതാരകനായി എത്തിയത് അഭിലാഷ് മോഹനൻ. ഗവർണറുടെ നിലപാടിനെ അഡ്വക്കേറ്റ് രശ്മിത രൂക്ഷമായ ഭാഷയിൽ തന്നെ വിമർശിച്ചു. 'പോടാപ്പാ ഗവർണറെ' എന്ന് ഈ നാട്ടിലെ ജനം അദ്ദേഹത്തോട് പറയുന്ന അവസ്ഥയിലേക്ക് എത്തുമെന്ന് രശ്മിത പറഞ്ഞു. ഗവർണർ എന്ന പദവിക്ക് അടുത്ത കാലം വരെ ഒരു വിലയുണ്ടായിരുന്നു അത് തീർന്നുവെന്നും രശ്മിത പറഞ്ഞു.

പിന്നാലെയാണ് സന്ദീപ് വാര്യർ രൂക്ഷമായി പ്രതികരിച്ചത്. ഗവർണറെ കുറിച്ച് പോടാപ്പാ എന്ന് പറയുന്നവരോട് ഇന്നസെന്റ് ഒരു സിനിമയിൽ പറഞ്ഞത് പോലെ കേറിപ്പോടീ പിത്തക്കാടീ എന്നാണ് മറുപടി പറയാനുള്ളത് എന്നാണ് സന്ദീപ് വാര്യർ പറഞ്ഞത്. പിന്നാലെ ഒട്ടും കുറയാത്ത മറുപടിയുമായി രശ്മിത വീണ്ടും രംഗത്ത് വന്നു. ഇറങ്ങിപ്പോടീ പിത്തക്കാടീ എന്ന് പറഞ്ഞ കേരളത്തിന്റെ പുതിയ ഇൻകം ടാക്സ് ഓഫീസറായ മാന്യദേഹത്തോട് പറയാനുള്ളത് പ്രമുഖ നടിയായ റിമ കല്ലിങ്കൽ പറഞ്ഞ ഫിലോമിനയുടെ ഡയലോഗ് തന്നെയാണ്. ആ ഡയലോഗ് താനിവിടെ പറയുന്നില്ലെന്നും രശ്മിത പറഞ്ഞു. പക്ഷേ അതാണ് തന്റെ മറുപടി.

'കേരളം സിപിഎമ്മും കോൺഗ്രസും മാറി മാറി ഭരിച്ചിരുന്ന സംസ്ഥാനമാണ്. ഇവിടെ ഇതുവരെ ഇത്തരമൊരു സാഹചര്യം ഉണ്ടായിട്ടില്ല. അപ്പോൾ കുഴപ്പം ഇവിടെയല്ല. കിരീടം എന്ന സിനിമയിൽ കൊച്ചിൻ ഹനീഫ പറയുന്നത് പോലെ എന്നെയും സേതുക്കയേയും തടയാൻ ആരുണ്ട് എന്നത് പോലെ എന്നെയും മോദിയേയും മോദി പാസ്സാക്കിയ നിയമത്തേയും തടയാൻ ആരുണ്ട് എന്ന് ചോദിച്ച് കൊച്ചു പിച്ചാത്തിയുമായി ഒരു ഗവർണർ ഇറങ്ങി നടക്കുന്ന രസകരമായ കാഴ്ചയാണ് കാണുന്നത്'. 'എന്നിട്ട് ഇർഫാൻ ഹബീബിനെ പോലെ മീഡീവൽ ഹിസ്റ്ററിയിൽ ഇത്രയധികം സംഭാവനകൾ നൽകിയ ഒരു ചരിത്രകാരനെ അക്രമിയായി കാണിക്കുന്നു. ഇത് നിങ്ങളുദ്ദേശിക്കുന്ന മട്ടാഞ്ചേരിക്കാരൻ ഹബീബല്ല. ഇത് ചരിത്രകാരൻ ഹബീബാണ്. നിങ്ങൾക്ക് ചരിത്രകാരന്മാരോട് പുച്ഛം കാണും. കാരണം നിങ്ങൾക്ക് ചരിത്രമില്ലാത്തതുകൊണ്ടും നിങ്ങൾ ചരിത്രം അപനിർമ്മിക്കാൻ ശ്രമിക്കുന്നതുകൊണ്ടും യഥാർത്ഥ ചരിത്രകാരന്മാരോട് നിങ്ങൾക്ക് പുച്ഛം തോന്നും'.

'ലോകചരിത്രത്തിൽ തന്നെ ഫാസിസവും നാസിസവുമെല്ലാം എത്ര നാൾ നിന്നു. എത്രയൊക്കെ ചരിത്രത്തെ നിങ്ങൾ മാറ്റിയെഴുതിയാലും ആ ചരിത്രത്തെ സംരക്ഷിക്കും എന്നാണ് ജനം നിങ്ങളോട് പറയുന്നത്. ലോകകേരള സഭയുടെ നിർദ്ദേശങ്ങളെ നിയമമാക്കാൻ പോകുന്നുവെന്ന് പറയുന്നു. ഇങ്ങനെയൊക്കെയാണ് ജനാധിപത്യം നടക്കുന്നത്. അല്ലാതെ അദാനിയും അംബാനിയും മാത്രമുള്ള കിച്ചൻ ക്യാബിനറ്റിനോട് ചോദിച്ചിട്ട് നിയമം കൊണ്ടുവരുന്ന സിസ്റ്റം കേരളത്തിൽ അത്ര ചെലവാകില്ല'.

'ഇവിടെ ജനങ്ങളുടെ ഹിതമറിയും. ഇന്ത്യ വിട്ടുപോയ ഒരു പ്രവാസിയോട് പോലും ചോദിക്കും. പ്രശ്നങ്ങളെ സഭയിൽ അവതരിപ്പിക്കും. നിയമമാക്കും. ഇത് കേരളമാണ്. അതുകൊണ്ടാണ് നിങ്ങൾക്ക് ഒരു സീറ്റിൽ ഒതുങ്ങേണ്ടി വന്നത്. ബഹുമാന്യനായ നേമം എംഎൽഎ പോലും ഈ കിരാത നിയമത്തിന് എതിരെ പ്രമേയം പാസ്സാക്കിയപ്പോൾ അതിനെ എതിർക്കാതിരുന്നത്. വളരെ വർഷമായി ഇവിടെ ഭരിക്കുന്ന കോൺഗ്രസിനും സിപിഎമ്മിനും ചരിത്ര കോൺഗ്രസിൽ നിന്ന് ഉത്തേജനം ഉൾക്കൊണ്ട് പ്രമേയം പാസ്സാക്കേണ്ട ഗതികേടില്ല'.

'നിങ്ങൾക്ക് ആദ്യമായി കിട്ടിയ എംഎൽഎയ്ക്ക് നിങ്ങൾ ക്ലാസ്സ് കൊടുക്കേണ്ടി വരും. അത് നടപടികളെ കുറിച്ച് അറിയുന്നവരിൽ നിന്ന് വേണ്ടി. അദ്ദേഹത്തിന് എതിർപ്പുണ്ടെങ്കിൽ കൈ പൊക്കുവാനുള്ള അവകാശമുണ്ട് എന്നെങ്കിലും പറഞ്ഞ് കൊടുക്കണം' എന്നാണ് രശ്മിത രാമചന്ദ്രൻ പറഞ്ഞത്. വലിയ മാനവികത പ്രസംഗിക്കുന്ന രശ്മിത കന്യാസ്ത്രീകൾക്ക് എതിരെ ഓർത്തഡോക്സ് അച്ചന്മാർക്ക് വേണ്ടി കേസ് വാദിക്കുന്നയാളാണ് എന്നായിരുന്നു സന്ദീപ് വാര്യർ നൽകിയ മറുപടി.

ലേഡി ആളൂരാനാണ് രശ്മിതയെന്നും സന്ദീപ് വാര്യർ പരിഹസിച്ചു. തനിക്ക് അവരോട് ചോദിക്കാനുള്ളത് വട്ടാണല്ലേ എന്നാണെന്നും സന്ദീപ് പറഞ്ഞു. രാജഗോപാലിനെ പോലെ മുതിർന്ന ഒരു രാഷ്ട്രീയ നേതാവിനെ എന്തെങ്കിലും ഉപദേശിച്ച് കൊടുക്കാൻ മാത്രമുള്ള വലിപ്പം ഈ പാനലിൽ ആർക്കും ഇല്ല. നീലകണ്ഠന്റെ അടി കൊള്ളാനും ചിലർക്ക് യോഗം വേണം എന്നത് പോലെയാണ് അദ്ദേഹം പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്യാഞ്ഞത് എന്നും സന്ദീപ് ന്യായീകരിച്ചു.

എതിർപ്പിന് പോലും യോഗ്യത ഈ പ്രമേയത്തിനില്ല എന്ന് ഒ രാജഗോപാൽ കരുതിക്കാണും എന്ന വാദം അവതാരകനായ അഭിലാഷിനേയും സിപിഎം പ്രതിനിധി എഎ റഹീമിനേയും അടക്കം ചിരിപ്പിച്ചു. തുടർന്ന് വട്ടാണല്ലേ എന്ന സന്ദീപിന്റെ ചോദ്യത്തിനും രശ്മിത മറുപടി നൽകി. ഭ്രാന്താശുപത്രിയിൽ ചികിത്സ വേണ്ട തരത്തിലുള്ള ആളുകളൊക്കെ ഇവിടെയുണ്ട്. അവർക്ക് ഏത് ചർച്ചയിലും ഓർത്തഡോക്സ് അച്ഛന്മാരെയും കൊണ്ട് വരലാണ് പതിവ്. താൻ കന്യാസ്ത്രീകൾക്ക് എതിരെ നിന്നു എന്ന് തെളിയിക്കാൻ സന്ദീപ് വാര്യരെ രശ്മിത വെല്ലുവിളിച്ചു. ഇതോടെ രശ്മിതയെ തടസ്സപ്പെടുത്തി സന്ദീപ് വാര്യർ ഇടപെട്ടു. നിങ്ങൾക്ക് എന്ത് ധാർമിതകയാണ് ഉള്ളത് എന്നായി സന്ദീപ്. എന്താടോ വാര്യരെ നന്നാവാത്തത്, ഒന്ന് നന്നായിക്കൂടെ എന്ന് രശ്മിത തിരിച്ച് ചോദിച്ചു. ഇതോടെ സന്ദീപ് ബഹളം തുടങ്ങി. രശ്മിത പറയുന്നതിനെ ഭയന്ന് ശബ്ദമുണ്ടാക്കുകയാണ് എന്നേ കാണുന്ന ആളുകൾ കരുതൂ എന്ന് അഭിലാഷും മറുപടി നൽകുകായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP