Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

നളപാചകം വിട്ട് തെരുവുമാന്ത്രികനാകാൻ രാജ്കലേഷ്; വാങ്ങിക്കൂട്ടിയത് 40 ലക്ഷത്തിന്റെ മാജിക് സാമഗ്രികൾ; ചാർലിക്കുവേണ്ടി ട്രിക്കുകൾ പഠിച്ച ദുൽഖറും മാന്ത്രികലഹരിയിൽ

നളപാചകം വിട്ട് തെരുവുമാന്ത്രികനാകാൻ രാജ്കലേഷ്; വാങ്ങിക്കൂട്ടിയത് 40 ലക്ഷത്തിന്റെ മാജിക് സാമഗ്രികൾ; ചാർലിക്കുവേണ്ടി ട്രിക്കുകൾ പഠിച്ച ദുൽഖറും മാന്ത്രികലഹരിയിൽ

തിരുവനന്തപുരം: രാജ് കലേഷ് എന്നുകേട്ടാൽ കുക്കറി ഷോ എന്നാണ് മലയാളുടെ മനസ്സിൽ തെളിയുക. എന്നാൽ ആ മേൽവിലാസും ഊരിവച്ച് മാന്ത്രികന്റെ കോട്ടുമായി ഇനി രാജ്കലേഷ് എത്തുന്നു. സ്‌ക്രീനിലും തെരുവിലും മാന്ത്രികവിരലുകളുമായി കാണികളിൽ ആവേശമാകാനുറച്ച് കലേഷ് വാങ്ങിക്കൂട്ടിയിരിക്കുന്നത് 40 ലക്ഷത്തിന്റെ മാജിക് സാമഗ്രമികളാണ്.

രാജ്യത്തെമ്പാടുമുള്ള പ്രശസ്തരായ തെരുവുമാന്ത്രികർക്കെല്ലാം ശിഷ്യപ്പെട്ട് അവർ പകർന്ന അറിവിന്റെ വെളിച്ചത്തിലാണ് മാന്ത്രികനായി കലേഷ് എത്തുന്നത്. സോണി ചാനലിലെ എന്റർടെയ്ന്മെന്റ് കേലിയെ കുച്ഛ്ഭീ കരേഗ പരിപാടിക്കിടെ ബോളിവുഡ് താരം അനിൽകപൂറിനെ അപ്രത്യക്ഷനാക്കി കാണികളെ ഞെട്ടിച്ച കലേഷ് തന്റെ റിയൽ ടേസ്റ്റ് പാചകത്തിലല്ല, മറിച്ച് മാന്ത്രികത്തിലാണെന്ന് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ തുറന്നുപറയുന്നു.

സോണി ടിവിയെ പരിപാടിയിൽ റണ്ണറപ്പായിരുന്നു രാജ് കലേഷ്. ഫൈനൽ വേദിയിലെ പ്രകടനത്തിനിടെയായിരുന്നു അനിൽകപൂറിനെ അപ്രത്യക്ഷനാക്കി കാണികളുടെ കയ്യടി നേടിയ പ്രകടനം. അതിനു മുമ്പ് ഒരു എപ്പിസോഡിൽ പാക് ക്രിക്കറ്റ് താരം ഇമ്രാൻഖാന്റെ തല 360 ഡിഗ്രിയിൽ വട്ടംകറക്കിയും കാണികളെ അത്ഭുതപ്പെടുത്തിയിരുന്നു കലേഷ്. ഗോപിനാഥ് മുതുകാടിന്റെ മാന്ത്രികസംഘത്തിൽ കൊറിയോഗ്രാഫറായിരുന്നപ്പോഴാണ് കലേഷിന് മാജിക്കിൽ താൽപര്യം ജനിക്കുന്നത്.

പക്ഷേ മുതുകാടിനോട് ആവശ്യംപറയാൻ പേടി. മാജിക് അക്കാഡമിയിൽ സ്റ്റോർകീപ്പറായ ഹരീഷ് വർമയിൽ നിന്ന് ചില ട്രിക്കുകൾ പഠിച്ചാണ് തുടങ്ങിയത്. പ്രകടനം കണ്ട് സാക്ഷാൽ മുതുകാടും വീണു. മാജിക് പഠനത്തിന് അനുമതി കിട്ടി. പക്ഷേ സ്റ്റേജ് ഷോയേക്കാളും കലേഷിനിഷ്ടം യഥാർത്ഥ ഇന്ത്യൻ മാജിക്കായിരുന്നു. തെരുവിൽ നിന്ന്, കാണികൾക്കിടയിൽ നിന്ന്, കോട്ടും മറവുമില്ലാതെ കാണികളെ ഞെട്ടിക്കാനായിരുന്നു താൽപര്യം.

അങ്ങനെ സ്റ്റ്രീറ്റ് മാജിക്കിന്റെ പാഠങ്ങൾ തേടിയിറങ്ങി. ചാനലിൽ ഇത്തരമൊരു ഷോ ചെയ്‌തെങ്കിലും 30 എപ്പിസോഡ് കഴിഞ്ഞപ്പോൾ നിന്നുപോയി. മാജിക്കും ജീവിതവും ഒരുമിച്ചുകൊണ്ടുപോകാൻ പണമില്ലാതായി. എങ്കിലും സുഹൃത്തുക്കളുടെ സഹായത്തോടെ മുന്നേറി. മാജിക് പ്രകടന സിഡിയും സാമഗ്രികളുമായി ഒരു ചാനലിൽ ചെന്നെങ്കിലും അവർക്കാവശ്യം കുക്കറിഷോയുടെ അവതാരകനെയായിരുന്നു. അങ്ങനെയാണ് പട്ടിണികിടക്കേണ്ടി വരുന്ന സാഹചര്യമൊഴിവാക്കാൻ തൽക്കാലം മാനസ്സിലെ മാന്ത്രികപ്പെട്ടി പൂട്ടിവച്ച് കലേഷ് 'ടേസ്റ്റ് ഓഫ് കേരള'യുടെ അവതാരകനാകുന്നത്.

പാചകകലയിൽ വിരിയുന്ന രുചിക്കൂട്ടുകൾ തേടി പഴയിടം മോഹനൻ നമ്പൂതിരിയേയും അതുപോലുള്ള കേരള നളന്മാരെയും കണ്ടുനടന്ന കലേഷ് അങ്ങനെ ആ ലോകത്തും താരമായി. പക്ഷേ, ഇതിനിടയിലും മാന്ത്രികമോഹങ്ങൾ ഉറങ്ങിയില്ല.

മുതുകാടിനൊപ്പമുള്ള ഒരു യാത്രയിൽ ഷംസുദ്ദീൻ ചെർപ്പുളശ്ശേരിയുടെ 'ഗ്രീൻ മാംഗോട്രീ ട്രിക്' കണ്ടതോടെ കലേഷ് ഉറപ്പിച്ചു. തന്റെ ഭാവി ഇനി മാജിക്കിന്റെ ലോകത്താണ്. പ്രശസ്ത തെരുവുമാന്ത്രികൻ സംജുനാഥ് ലാൽനാഥിൽ നിന്നും തമിഴ്‌നാട്ടിലെ യോന എന്ന ഗുരുവിൽ നിന്നും രാജസ്ഥാനിലെ നാടോടി മാന്ത്രികരിൽ നിന്നുമെല്ലാം മാന്ത്രികരഹസ്യങ്ങൾ പഠിച്ചെടുത്ത കലേഷ് ഇതിനിടെ ചാർലി എന്ന സിനിമയ്ക്കുവേണ്ടി ദുൽഖറിനേയും മാജിക് പഠിപ്പിച്ചു.

ആവശ്യമുള്ളതു പഠിച്ചിട്ടും ദുൽഖർ നിർത്തിയില്ലെന്ന് കലേഷ് ഓർക്കുന്നു. ഏതായാലും ഇനിയങ്ങോട്ട് മാജിക് തന്നെയാണ് തന്റെ ലോകമെന്നുറപ്പിച്ചാണ് സ്വന്തമായി വീടില്ലെങ്കിലും 40 ലക്ഷം മുടക്കി മാജിക് സാമഗ്രികൾ കലേഷ് വാങ്ങിക്കൂട്ടിയത്. വാടകവീട്ടിലുറങ്ങിയാലും വേണ്ടില്ല തന്റെമുന്നിൽ അത്ഭുതത്താൽ വിടർന്ന കാണികളുടെ മുഖങ്ങൾ കണ്ടാൽ മതിയെന്നു പറയുന്ന കലേഷിന്റെ മോഹങ്ങൾക്ക് താങ്ങായി കൂടെയുണ്ട് ഭാര്യദിവ്യയും മക്കൾ ദർഷും ദക്ഷയും.

രാജ് കലേഷ് അനിൽകപൂറിനെ അപ്രത്യക്ഷമാക്കിയ വീഡിയോ (4.55 മിനിറ്റിനു ശേഷം)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP