Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രേക്ഷകരുടെ പ്രിയപ്പെട്ട നീലുവായി നിഷ സാരംഗ് വീണ്ടും ക്യാമറയ്ക്ക് മുമ്പിൽ! ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള ഫേസ്‌ബുക്ക് ലൈവുമായി ഉപ്പും മുളകും ടീം; ആരോപണ വിധേയനായ ഉണ്ണിക്കൃഷ്ണന് പകരം പൊഡ്യൂസറെ സംവിധായകനാക്കി ഫ്‌ളവേഴ്‌സിന്റെ ജനപ്രിയ സീരിയൽ തുടരും; ഗണേശ് കുമാറിനെയും റിപ്പോർട്ടർ ചാനലിനെയും വിമർശിച്ച് ശ്രീകണ്ഠൻ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട നീലുവായി നിഷ സാരംഗ് വീണ്ടും ക്യാമറയ്ക്ക് മുമ്പിൽ! ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള ഫേസ്‌ബുക്ക് ലൈവുമായി ഉപ്പും മുളകും ടീം; ആരോപണ വിധേയനായ ഉണ്ണിക്കൃഷ്ണന് പകരം പൊഡ്യൂസറെ സംവിധായകനാക്കി ഫ്‌ളവേഴ്‌സിന്റെ ജനപ്രിയ സീരിയൽ തുടരും; ഗണേശ് കുമാറിനെയും റിപ്പോർട്ടർ ചാനലിനെയും വിമർശിച്ച് ശ്രീകണ്ഠൻ നായർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മലയാളം സീരിയലുകളിൽ ഏറ്റവും ജനപ്രീതിയുള്ള സീരിയലായ ഫ്‌ളവേഴ്‌സ് ചാനലിന്റെ ഉപ്പും മുളകും സീരിയൽ ലൊക്കേഷനിലേക്ക് നിഷ സാരംഗ് തിരിച്ചെത്തി. പ്രക്ഷകരുടെ പ്രിയപ്പെട്ട നീലുവായി തന്നെയാണ് നിഷ ക്യാമറയ്ക്ക് മുന്നിലെത്തിയത്. സംവിധായകൻ ഉണ്ണികൃഷ്ണനെ പുറത്താക്കി പകരം പരിപാടിയുടെ പ്രൊഡ്യൂസറായിരുന്ന വ്യക്തിയെ സംവിധായകനാക്കിയാണ് ഉപ്പും മുളകും ടീം മുന്നോട്ടു പോകുന്നത്. വിവാദങ്ങൾ ഒഴിവാക്കി സീരിയലുമായി മുന്നോട്ടു പോകുന്നതിന്റെ ഭാഗമായി ഫേസ്‌ബുക്ക് ലൈവിട്ടാണ് നീലുവിന്റെ തിരിച്ചുവരവ് ചാനൽ അധികൃതർ പ്രേക്ഷകരെ അറിയിച്ചത്.

ഉപ്പും മുളകും ടീമിനെ അണിയറക്കാരെയും അഭിനേതാക്കളെയുമാണ് ഫേസ്‌ബുക്ക് ലൈവിലൂടെ പരിചയപ്പെടുത്തിയത്. ബാലുവിനും കുടുംബത്തിനൊപ്പം നീലിവുനെയും ഫേസുബുക്ക് ലൈവിൽ കാണാൻ സാധിക്കും. കുഞ്ഞുവാവയും മുടിയനും മറ്റു കഥാപാത്രങ്ങളുമൊക്കെ ഫേസ്‌ബുക്ക് ലൈവിൽ പ്രത്യക്ഷപ്പെടുന്നു. കാറും കോളും ഒഴിഞ്ഞ് പരിപാടിയുമായി ശക്തമായി മുന്നോട്ടു പോകാനാണ് ചാനൽ അധികൃതരുടെ നീക്കം. അതിനിടെ സംവിധായകനെ സംരക്ഷിച്ചു കൊണ്ട് മുന്നോട്ടു പോകുമെന്ന പ്രചരണങ്ങളെ തള്ളിക്കൊണ്ട് ചാനൽ മേധാവി ശ്രീകണ്ഠൻ നായർ ഇന്നലെ രംഗത്തെത്തിയിരുന്നു.

ഫേസ്‌ബുക്ക് ലൈവിലൂടെയായിരുന്നു ശ്രീകണ്ഠൻ നായർ ഉപ്പും മുളകും സംബന്ധിച്ച വിമർശത്തിന് മറുപടി നൽകിയത്. റിപ്പോർട്ടർ ചാനലിനെയും ആത്മ പ്രസിഡന്റ് കെ ബി ഗണേശ് കുമാറിനെയും കടുത്ത ഭാഷയിൽ വിമർശിച്ചു കൊണ്ടാണ് ശ്രീകണ്ഠൻ നായർ രംഗത്തെത്തിയത്. മൂന്ന് വർഷങ്ങൾക്ക് മുൻപ് ഫ്‌ളവേഴ്സ് സംപ്രേഷണം ആരംഭിക്കുമ്പോൾ അഭിമാനത്തോടെ അവതരിപ്പിച്ച പരിപാടിയാണ് ഉപ്പും മുളകും. ഇതിന്റെ പ്രത്യേകത ഫ്ളവേഴ്സ് ചാനൽ നേരിട്ട് നിർമ്മിക്കുന്ന പരിപാടിയാണെന്നുള്ളതാണ്. എല്ലാവരും ഒരു കുടുംബത്തിലുള്ളവരാണ്. നേരിട്ട് നിർമ്മിക്കുന്ന പരിപാടിയായതിനാൽ അത്രയും താൽപര്യത്തോടെയാണ് ഇത് അവതരിപ്പിക്കുന്നത്. ഉപ്പും മുളകും പ്രേക്ഷകർ വേണ്ടെന്ന് പറയുന്നത് വരെ തുടരുമെന്നും ശ്രീകണ്ഠൻ നായർ പറയുന്നു.

ഇത്രയും ഉയർന്ന പ്രേക്ഷകപ്രീതിയുള്ള പരിപാടി പെട്ടെന്ന് നിർത്തുമെന്ന് ആളുകൾ പ്രചരിപ്പിക്കുമ്പോൾ സാമന്യ മര്യാദയുള്ളവർക്ക് മനസിലാകും അത് മാനേജ്മെന്റ് നിർത്തില്ലെന്നുള്ള കാര്യം. നിഷ സാരംഗ് റിപ്പോർട്ടർ ചാനലിലൂടെ നടത്തിയ അഭിമുഖം സത്യമല്ലാത്ത രീതിയിലും പ്രചരിക്കുന്നുണ്ട്. അതിനെ പോസ്റ്റ്മോർട്ടം ചെയ്യാൻ താൻ ഉദ്ദേശിക്കുന്നില്ല. നിഷയുടെ വെളിപ്പെടുത്തൽ വന്ന സമയത്ത് തന്നെ ചാനൽ അവരോട് സംസാരിക്കുകയും സംവിധായകനെ പുറത്താക്കുകയും ചെയ്തിരിക്കുകയാണ്.

ഉപ്പും മുളകിന്റെയും തുടർച്ചയായുള്ള ചിത്രീകരണത്തിൽ നിഷ പങ്കെടുക്കുകയും ചെയ്യും. ഇത് നിർത്താൻ ആലോചിട്ടില്ലെന്നും ചിത്രീകരണം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ സംവിധായകനാണ് ഇനി മുതൽ ഉപ്പും മുളകിലുമുണ്ടാവുക. അത് ഞങ്ങളുടെ തന്നെ ഒരു പ്രൊഡ്യൂസറാണ്. നിഷയുടെ പരാതി നിയമപരമായി തന്നെ പോവട്ടെയെന്നും നിഷയ്ക്കും ബാക്കിയുള്ള താരങ്ങൾക്കും ചാനൽ പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും ശ്രീകണ്ഠൻ നായർ പറഞ്ഞു.

ഈ പരിപാടി നിർത്തി ചപ്പും ചവറും എന്നൊരു പരിപാടി സംപ്രേഷണം ചെയ്യും എന്ന് ആത്മ പ്രസിഡണ്ട് ഗണേശ് കുമാർ പറയുന്നത് കേട്ടു. ഗണേശ് ഒന്നു കൂടി ആലോചിക്കണം ആത്മ പോലൊരു സംഘടന ഫ്ളവേഴ്സ് ചാനലിനെ വിലയിരുത്തുമ്പോൾ കുറേക്കൂടി പക്വതയും ഔചിത്യവും കാണിക്കണമായിരുന്നു. ആത്മയ്ക്ക് ആവശ്യം വന്നപ്പോഴെല്ലാം ചാനൽ കൂടെ നിന്നിട്ടേ ഉള്ളൂ. തന്നെയോ ഫ്ളവേഴ്സിലെ ജീവനക്കാരെയോ ഒന്ന് വിളിച്ച് ചോദിക്കാമായിരുന്നു. ചപ്പും ചവറും എന്നൊക്കെ പറയുന്നത് ഒട്ടും ശരിയല്ല. ഇത്തരം പരാമർശങ്ങൾ നടത്തുമ്പോൾ ഗണേശ് ഒന്നുകൂടി ആലോചിക്കണം.- ശ്രീകണ്ഠൻ നായർ പറഞ്ഞു.

ആരോപണ വിധേയനായ ഉണ്ണിക്കൃഷ്ണന് പകരം തങ്ങളുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ഉണ്ണിക്കൃഷ്ണന്റെ ചിത്രമെടുത്ത് പ്രചാരണം നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ശ്രീകണ്ഠൻ നായർ പറഞ്ഞു. ഏതെങ്കിലും ചാനലിന് ജീവശ്വാസമായി ഉപ്പും മുളകിനെ ഉപയോഗിക്കാം എന്നാണെങ്കിൽ കയ്യും കെട്ടി നോക്കി ഇരിക്കില്ല. ബാലുവും നീലുവുമെല്ലാം അവിടെ തന്നെ ഉണ്ടാകും. ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തോട് ചാനൽ സഹകരിക്കും. ഉപ്പ് തിന്നവർ വെള്ളം കുടിക്കണം ഉപ്പ് തിന്നവർ വെള്ളം കുടിക്കണം. കലാകാരന്മാരുടെ പ്രശ്നങ്ങൾ മുന്നിൽ വന്നാൽ അതിൽ കഴിയും പോലെ ഇടപെടാൻ ശ്രമിക്കാറുണ്ട്. ഈ വിവാദത്തിൽ പൊങ്കാല എന്ന പേരിൽ ചാനലിനെ തെറിവിളിക്കുന്നത് അംഗീകരിക്കാനാവില്ല. അങ്ങനെ തെറിവിളിച്ചതുകൊണ്ട് പിൻവാങ്ങി പോവുകയുമില്ല. ഐടി ആക്ടിനെ കുറിച്ച് അറിയാത്തവർ അത് പഠിക്കണമെന്നും ഫേസ്‌ബുക്ക് ലൈവ് വീഡിയോയിൽ ശ്രീകണ്ഠൻ നായർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP