Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ലോകത്ത് 4448 രോഗങ്ങളുണ്ട്... അതിന് 4448 അമ്പലങ്ങളും ഇന്ത്യയിൽ ഉണ്ടെന്ന് മോഹനൻ വൈദ്യർ; ഇന്ത്യയിൽ എല്ലാ രോഗങ്ങളുടെയും മരുന്ന് ഇരിക്കുന്നത് അമ്പലങ്ങളിൽ; എന്റെ ശരീരത്തിൽ എയ്ഡ്സ് രോഗിയുടെ രക്തം കുത്തിവെക്കുകയായിരുന്നില്ല പുരട്ടുകയായിരുന്നു; ഞാൻ ആരെയും ചികിൽസിക്കാറില്ല..നല്ല ഭക്ഷണം ഉപദേശിക്കയേ ചെയ്യാറുള്ളു; കോടതി വിലക്ക് നീങ്ങിയതോടെ 24 ന്യൂസിന്റെ 'ജനകീയ കോടതി' സംപ്രേഷണം ചെയ്തപ്പോൾ എട്ടുനിലയിൽ പൊട്ടിയത് മോഹനൻ വൈദ്യരുടെ വാദങ്ങൾ

'ലോകത്ത് 4448 രോഗങ്ങളുണ്ട്... അതിന് 4448 അമ്പലങ്ങളും ഇന്ത്യയിൽ ഉണ്ടെന്ന് മോഹനൻ വൈദ്യർ; ഇന്ത്യയിൽ എല്ലാ രോഗങ്ങളുടെയും മരുന്ന് ഇരിക്കുന്നത് അമ്പലങ്ങളിൽ; എന്റെ ശരീരത്തിൽ എയ്ഡ്സ് രോഗിയുടെ രക്തം കുത്തിവെക്കുകയായിരുന്നില്ല പുരട്ടുകയായിരുന്നു; ഞാൻ ആരെയും ചികിൽസിക്കാറില്ല..നല്ല ഭക്ഷണം ഉപദേശിക്കയേ ചെയ്യാറുള്ളു; കോടതി വിലക്ക് നീങ്ങിയതോടെ 24 ന്യൂസിന്റെ 'ജനകീയ കോടതി' സംപ്രേഷണം ചെയ്തപ്പോൾ എട്ടുനിലയിൽ പൊട്ടിയത് മോഹനൻ വൈദ്യരുടെ വാദങ്ങൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: അടുത്തകാലത്തായി വലിയ വിവാദങ്ങൾ ഉണ്ടാക്കിയ വ്യക്തിയാണ് നാട്ടുവൈദ്യൻ എന്നപേരിൽ അറിയപ്പെടുന്ന മോഹനൻ വൈദ്യർ. ഈയിടെയായി നിരവധിപേർ മോഹനൻ വൈദ്യരുടെ ചികിൽസയെ തുടർന്ന് മരിച്ചതായി വെളിപ്പെടുത്തൽ ഉണ്ടായതിനെ തുടർന്ന് പൊലീസ് കേസ് എടുത്തിട്ടുള്ള ഈ വിവാദ ചികിൽസകന്, വൈദ്യശാസ്ത്രത്തെക്കുറിച്ചുള്ള പ്രാഥമിക ധാരണയോ, അറിവോ ഇല്ലെന്നു വ്യക്തമാക്കുന്ന പരിപാടിയായിരുന്നു ഫ്്ളവേഴ്സ് ടീവിയുടെ വാർത്താ ചാനലായ 24 ന്യൂസ് സംപ്രേഷണം ചെയ്ത 'ജനകീയ കോടതി' യെന്ന പരിപാടി. ഇതിന്റെ ആദ്യഭാഗം സംപ്രേഷണം ചെയ്തതോടെ മോഹനൻ വൈദ്യർ പരിപാടിക്കെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു.

ചർച്ച പുരോഗമിക്കുന്നതിനിടെ കുടിവെള്ളം എന്നപേരിൽ എല്ലാവർക്കും കൊടുക്കുന്ന ഗ്ലാസിന് പകരം തനിക്ക് വേറൊരു ഗ്ലാസിൽ എന്തോ തന്നുവെന്നും, അതോടെ താൻ പറയുന്നതൊന്നും സ്വബോധത്തോടെ ആയിരുന്നുമില്ലെന്നാണ് ഇതു സംബന്ധിച്ച് മോഹനൻ വൈദ്യർ പറയുന്നത്. പരിപാടി കഴിഞ്ഞ് അരമണിക്കൂർ കഴിഞ്ഞിട്ടും തലയുടെ മത്ത് മാറിയില്ല. അതുകൊണ്ട് ഈ പരിപാടി സംപ്രേഷണം ചെയ്യരുതെന്ന് പലതവണ പറഞ്ഞിട്ടും ചാനൽ അധികൃതർ കേട്ടില്ലെന്നും മോഹനൻ വൈദ്യർ നേരത്തെ പറഞ്ഞിരുന്നു. എന്നെ ചതിച്ചതാണ് എന്ന് തുടങ്ങുന്ന പ്രതികരണം ഫേസ്‌ബുക്കിൽ ഇട്ടശേഷമാണ് വൈദ്യർ പരിപാടിയുടെ അടുത്തഭാഗത്തിനെതിരെ കോടതിയെ സമീപിച്ചത്. എന്നാൽ എല്ലാവർക്കും കൊടുക്കുന്നപോലെ വെറും വെള്ളം മാത്രമാണ് വൈദ്യർക്കും കൊടുത്ത് എന്നായിരുന്നു ഫ്ളവേഴ്സ് ടീവിയുടെ വിശദീകരണം. മോഹനൻ വൈദ്യരുടെ പരാതിയിൽ പരിപാടിയുടെ രണ്ടാംഭാഗം സംപ്രേഷണം ചെയ്യുന്നതിന് സ്റ്റേ അനുവദിച്ച കോടതി പക്ഷേ വിശദമായ വാദം കേട്ടശേഷം പരിപാടി സംപ്രേഷണം ചെയ്യാൻ അനുമതി നൽകുകയായിരുന്നു.

ഇതോടെ ഇന്നലെയാണ് 24 ന്യൂസ് ഇത് സംപ്രേഷണം ചെയ്ത്. അവതാരകനായ ഡോ അരുണകുമാറിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പലപ്പോഴും മോഹനൻ വൈദ്യർക്ക് ഉത്തരം മുട്ടി. ഗവേഷകനും ശാസ്ത്ര പ്രഭാഷകനുമായ ആർ കൃഷ്ണപ്രസാദ്, ജനകീയാരോഗ്യപ്രവർത്തകൻ ഡോ. പിഷാരടി എന്നിവാരായിരുന്നു മറ്റ് പാനലിസ്റ്റുകൾ.

എച്ച്ഐവി രോഗിയുടെ രക്തം കുത്തിവെച്ചെന്ന വാദം പൊളിഞ്ഞു

എച്ച്ഐവി രോഗിയുടെ ശരീരത്തിൽ നിന്ന് തന്റെ ശരീരത്തിലേക്ക് രക്തം കുത്തിവെച്ചുവെച്ചിട്ടും തനിക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്നായിരുന്നു മോഹനൻ വൈദ്യർ എപ്പോഴും ഉന്നയിച്ചിരുന്ന ഒരു വാദം. അതിനാൽ എച്ച്ഐവി എന്ന ഒരു രോഗാണു തന്നെയില്ല എന്നാണ് വൈദ്യരുടെ കണ്ടെത്തൽ. എയ്ഡ്‌സ് രോഗിയുടെ രക്തം ഡോക്ടർമാരുടെ മുന്നിലിരുന്നാണ് സ്വീകരിച്ചത് എന്നായിരുന്നു വൈദ്യരുടെ വാദം. തുടർന്ന് അവതാരകനും എതിർ പാനലിലെ അംഗങ്ങളും ചോദ്യങ്ങൾ ചോദിച്ചതോടെയാണ് രോഗിയുടെയും തന്റെയും രക്തം തേക്കുകയായിരുന്നുവെന്ന് മോഹനൻ വൈദ്യർ പറഞ്ഞത്.

എച്ച് ഐവി രക്തം സ്വീകരിച്ചിട്ടുണ്ട് എന്ന് പറയുന്നത് വാസ്തവമാണോ എന്ന കൃഷ്ണപ്രസാദിന്റെ ചോദ്യത്തിന് അതെ എന്നായിരുന്നു വൈദ്യരരുടെ മറുപടി. 'ഖത്തറിൽനിന്ന് വന്ന ഒരു ഭാര്യയും ഭർത്താവും. അവർ അത്മഹത്യ ചെയ്യാൻ പോകുകയായിരുന്നു. അവസാനത്തെ വഴിയാണ് രക്ഷപ്പെടുത്താമോ എന്ന് ചോദിച്ചു.' - അങ്ങനെയാണ് താൻ രക്തം കുത്തിവെച്ചതെന്ന് വൈദ്യർ പറഞ്ഞു. അസാധാരണമായ കാര്യങ്ങൾക്ക് അസാധാരണമായ തെളിവുകൾ വേണം എന്ന പറഞ്ഞ് ഡോ പിഷാരടി ഇതിനെ ചോദ്യം ചെയ്തു. എന്നാൽ വീണ്ടും തന്റെ വാദങ്ങളിൽ പിടിച്ച് നിൽക്കാനായിരുന്നു വൈദ്യരുടെ ശ്രമം. എച്ച്്ഐവി വൈറസ് ആരെങ്കിലും കണ്ടു പടിച്ചിട്ടുണ്ടോ എന്ന വൈദ്യരുടെ ചോദ്യത്തിന് 2008ലെ നോബൽ പ്രൈസ് അതിനായിരുന്നുവെന്ന് കൃഷ്ണപ്രസാദ് മറുപടി നൽകി. എച്ച്ഐവി രക്തം താങ്കൾ ഇൻജക്ടചെയ്യുകയോണാ അതോ കൈമുറിച്ചിട്ട് പെരട്ടുകയണോ ചെയ്തത് എന്ന ചോദ്യത്തിന് അത് വീഡിയോയിൽ കൃത്യമായി്കാണുന്നുണ്ട് എന്നായിരുന്നു മോഹനൻ വൈദ്യരുടെ മറുപടി.

'പുരുട്ടുകയല്ലേ ചെയ്യുന്നത്. തള്ളവെരൽ മുറിച്ച് അയാളുടെ ചോരയും താങ്കളുടെ ചോരയും യോജിപ്പിച്ചു.അതാണോ ഇൻജക്റ്റ് ചെയ്യൽ. താങ്കൾ മനപുർവം പറയുന്നതാണ് ബ്ലഡ് ഇൻജെക്റ്റ് ചെയ്തുവെന്നത്. പുരട്ടുകയാണ് ചെയ്യുന്നത്. ഇത് കപടവാദമാണ്. ജസ്റ്റ് ഒന്ന് തൊലി പോറിയ ശേഷം അതിലേക്ക് ബ്ലഡ് തേക്കുകയാണ് ചെയ്യുന്നത്. കുറച്ചു കഴിഞ്ഞ് സോപ്പ് ഉപയോഗിച്ച് കഴുകിക്കളയാം.'- ഇതല്ലേ സംഭവിച്ചത് എന്ന കൃഷ്ണ പ്രസാദിന്റെ ചോദ്യത്തിന് മോഹനൻ വൈദ്യർക്ക് ഉത്തരം ഉണ്ടായിരുന്നില്ല. രക്തം പുരട്ടിയതുകൊണ്ട് രക്തം കലരില്ലെന്നും എന്നാൽ ഇൻജക്ട്ചെയ്താൽ അങ്ങനെ സംഭവിക്കുമായിരുന്നെന്നും കൃഷ്ണപ്രസാദ് ചൂണ്ടിക്കാട്ടി.

ചികിൽസക്ക് അടിസ്ഥാനമായ ഒരു അറിവും മോഹനൻ വൈദ്യർക്ക് ഇല്ലെന്നും പാനലിസ്റ്റുകൾ ചൂണ്ടിക്കാട്ടി. ഇതോടെ മോഹനൻ വൈദ്യരും പ്ലേറ്റ് മാറ്റി. 'ഞാൻ ആരെയും ചികിൽസിക്കാറില്ല. മരുന്ന് പറഞ്ഞ് കൊടുക്കാറില്ല. നല്ല അരിയും പച്ചക്കറിയും അടക്കം നല്ല ഭക്ഷണം കഴിക്കാതിരിക്കാൻ ഏത് വൈദ്യ ശാസ്ത്രമാണ് പറയുന്നത്്. നല്ല ആഹാരം കഴിക്കാൻ പറഞ്ഞുകൊടുക്കുക മാത്രമാണ് ചെയ്യുന്നത്.' -ഇതാണ് വൈദ്യർ പിന്നീട് ഉന്നയിച്ച വാദം.

പിത്തസഞ്ചിയിലെ കല്ല് മാറ്റൽ അന്താരാഷ്ട്ര തട്ടിപ്പ്

താങ്കളുടെ പിത്തസഞ്ചിയിലെ കല്ല്മാറ്റൽ അന്താരാഷ്ട്ര തട്ടിപ്പല്ലേ എന്ന ചോദ്യമാണ് കൃഷ്ണപ്രസാദ് അടുത്തതായി ഉയർത്തിയത്. ഇതിന് തീർത്തും വിചിത്രമായിരുന്നു മോഹനൻ വൈദ്യരുടെ മറുപടി. ക്ഷേത്രങ്ങളിലെ ചികിൽസയാണ് ഇതെന്നും ഇന്ത്യയിലെ എല്ലാ രോഗത്തിനും ഉള്ള മരുന്ന് ക്ഷേത്രങ്ങളിൽ ഉണ്ടെന്നുമാണ് അദ്ദേഹം പറയുന്നത്.

്'ഇന്ത്യയിൽ എല്ലാ രോഗങ്ങളുടെയും മരുന്ന് ഇരിക്കുന്നത് അമ്പലങ്ങളിലാണ്. കുംഭകോണത്തെ ഒരു ക്ഷേത്രത്തിലെ പ്രസാദമാണ് നാരങ്ങനീരും നല്ലെണ്ണയും. ലോകത്ത് 4448 രോഗങ്ങളുണ്ട്. അതിൽ 4448 അമ്പലങ്ങളും ഇന്ത്യയിൽ ഉണ്ട്. ആ അമ്പലങ്ങളിലാണ് പണ്ട് വൈദ്യന്മ്മാർ ഇരുന്നിരുന്നത്. ( ഒരെണ്ണം കൂടിയുണ്ട് അയോധ്യയെന്ന് അവതാരകൻ അരുൺ കുമാർ) നാരങ്ങാനീരും നല്ലെണ്ണയും കൊടുക്കുമ്പോൾ അന്നനാളം ക്ലീൻ ആകും.' - മോഹനൻ വൈദ്യർ ചൂണ്ടിക്കാട്ടി.

ചോറ്റനിക്കര അമ്പലത്തിലെ മാഗ്നറ്റിക്ക് ശിലകൾ രോഗിയുടെ ശരീരത്തിലെ ഇരുമ്പിനെ വലിച്ചെടുക്കുന്നതുകൊണ്ടാണ് ഭ്രാന്ത് മാറുന്നതെന്ന വിചിത്രമായ വാദവും വൈദ്യർ ഉന്നയിച്ചു. 'ചോറ്റാനിക്കര അമ്പലത്തിൽ നാലുവശവും പാറക്കല്ലാണ്. ആ പാറക്കല്ലിൽ നപുംസക ശിലയും മാഗ്നറ്റിക്ക് ശിലയും ഉണ്ട്്. ഭ്രാന്തൻ അവിടെ വന്ന് കിടക്കുമ്പോൾ ഈ മാഗ്നറ്റിക്ക് ശിലകളിൽ തട്ടി ഇരുമ്പിന്റെ അംശം നേരെയാവും. കുറുച്ചുകാലം അവിടുത്തെ കാറ്റും അവിടുത്തെ ആഹാരവും കഴിക്കുമ്പോൾ ഇവൻ ഭ്രാന്ത് മാറി വീട്ടിൽ പോകും.' - മോഹനൻ വൈദ്യർ പറഞ്ഞു. എന്നാൽ ഇതെല്ലാം വെറും കെട്ടുകഥയാണെന്ന് കൃഷ്ണപ്രസാദും സമർഥിച്ചു. 'മനുഷ്യശരീരത്തിലെ അയൺ മാഗ്നറ്റിലൂടെ ഇറങ്ങിപ്പോകില്ല. അയൺ കൊണ്ടാണ് ഭ്രാന്തുണ്ടാകുന്നതെന്ന് ആരാണ് പറഞ്ഞത്. '- അദ്ദേഹം ചോദിച്ചു. അതോടെ വൈദ്യൻ വീണ്ടും പ്ലേറ്റ് മാറ്റി. താങ്കൾ ശാസ്ത്രീയം പറയുന്നു. ഞാൻ നാടൻ പറയുന്നു. അതാണ് വ്യത്യാസം എന്നായി.

എന്നാൽ കളയുന്നത് പിത്തസഞ്ചിയിലെ കല്ല് അല്ലെന്നും ഇത് സോപ്പ് ഫോർമേഷൻ എന്ന സിമ്പിൾ ടെക്ക്നിക്ക് ആണെന്നും കൃഷ്ണപ്രസാദ് വിശദീകരിച്ചു. നല്ലെണ്ണയും സിട്രിക്ക് ആസിഡും എംപ്സം സോൾട്ട് അഥവാ മഗ്നീഷ്യം സൾഫേറ്റ് എന്നതും ചേർത്ത് കഴിക്കമ്പോൾ നമ്മുടെ ആമാശത്തിൽവെച്ച് റിയാക്ഷൻ നടത്തിനുശേഷം ആ പക്രിയ വഴിയുണ്ടാവുന്ന സോപ്പുകട്ടകളാണ്, പോകുന്നത്. ഇത് ലാൻസെറ്റ് എന്ന് പറയുന്ന ലോകത്തിലെ ഏറ്റവും മികച്ച ജേർണലിൽ പബ്ലിഷ് ചെയ്ത റിസൾട്ടാണ്. - കൃഷ്ണപ്രസാദ് വിശദീകരിച്ചു.

അതോടെ,സോപ്പുകട്ടയായിക്കോട്ടെ, എന്തായാലും വേദന മാറുന്നുണ്ടല്ലോ എന്നായി മോഹനൻ വൈദ്യർ. 'ഇതിന് പ്ലസീബോ എന്ന് പറയും. കുറച്ചുനേരത്തെക്ക് മാത്രമുള്ള ഒരു പരിപാടി മാത്രമാണ്. ഇതിന് തെറാപ്യൂട്ടിക്ക് ഇഫക്റ്റ് ഇല്ല. കല്ലിനുള്ള ചികിൽസ ഇതിനുശേഷം വേറെ എടുക്കേണ്ടി വരും'- കൃഷ്ണ പ്രസാദ് വിശദീകരിച്ചു.

ഡിഎൻഎയെ അംഗീകരിക്കുന്നില്ല

ചർച്ചയിൽ ഉടനീളം ഉന്നയിച്ച പാരമ്പര്യവാദത്തെയും പാനലിസ്റ്റുകൾ ഖണ്ഡിച്ചു. 'ഒരു ബ്രാഹ്മണന്റെ കുട്ടി എന്നത് അവന്റെ അച്ഛനും അമ്മയും കഴിച്ച ആഹാരത്തിന്റെ സൃഷ്ടിയാണ്. ആ ബ്രാഹ്മണന്റെ കുട്ടിയുടെ മുന്നിൽ ഒരു മട്ടനോ ചിക്കനോ കൊണ്ടുവച്ചാൽ അവർ ഛർദ്ദിക്കും.എന്നാൽ മാംസം കഴിക്കുന്ന ഒരു അച്്ഛന്റെയും അമ്മയുടെയും കുട്ടിയുടെ മുന്നിലാണ് അതുകൊണ്ടുവന്ന് വെച്ചതെന്നാൽ, അവരുടെ വായിൽ വെള്ളം വരും.' - എന്നായിരുന്നു മോഹനൻ വൈദ്യരുടെ ഒരു വാദം.ഇതിൻെ ഖണ്ഡിച്ച കൃഷ്ണപ്രസാദ് ഒരു കുട്ടി എന്തായിത്തീരണം എന്നതിൽ അവന്റെ മാതാപിതാക്കൾ എന്ത് കഴിച്ചു എന്നതിനും മറ്റും യാതൊരു ബന്ധവുമില്ലെന്നും അത് നിശ്ചയിക്കുന്നത് ഡിഎൻഎ ആണെന്നും ചൂണ്ടിക്കാട്ടി. എന്നാൽ താൻ ഡിഎൻഎയെ അംഗീകരിക്കുന്നില്ലെന്ന വൈദ്യരുടെ വാദം കൂട്ടച്ചിരിയാണ് ഉയർത്തിയത്. ശരീരത്തിന്റെ നിയന്ത്രണം മനസ്സിന് അകത്താണ്. മനസ്സാണ് രോഗം ഉണ്ടാക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് വൈദ്യർ പിന്നീട് പറഞ്ഞ് കാടുകയറിയത്.

തന്റെ ചികിൽസകൊണ്ട് രോഗം മാറിയെന്ന് അവകാശപ്പെടുന്നവരുടെ അനുഭവ സാക്ഷ്യവുമായാണ് മോഹനൻ വൈദ്യർ എത്തിയത്. എന്നാൽ പാനലിസ്റ്റുകൾ ഇക്കാര്യവും തള്ളിക്കളഞ്ഞു. വ്യക്തിപരമായ അനുഭവങ്ങൾ അംഗീകരിക്കാൻ ആവില്ലെന്നും തെളിവുകൾ ആണ് നയിക്കേണ്ടതെന്നും അവർ ചൂണ്ടിക്കാട്ടി. അതിനുതക്ക തെളിവുകൾ കൊണ്ടത്തരാൻ ഇവർക്ക് ആയിട്ടില്ലെന്നും ഇതെല്ലാം അവകാശ വാദങ്ങൾ ആണെന്നും അവർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP