Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

40,000 രൂപ വരെ കൊടുത്ത് ജീവനക്കാരുടെ കൈയടി നേടി ഏഷ്യാനെറ്റ്; മനോരമ നൽകുന്നത് അടിസ്ഥാന ശമ്പളം; 15,000ത്തിൽ നിയന്ത്രിച്ച് മാതൃഭൂമി; എല്ലാവർക്കും 7500 വീതം നൽകി അമൃത; എല്ലാവർക്കും കൈരളി നൽകുന്നത് 8000; ജനത്തിലും ജീവനിലും ജയ്ഹിന്ദിലും ബോണസില്ല; ഗിഫ്റ്റ് വൗച്ചർ തേടി റിപ്പോർട്ടർ: മലയാളം ചാനൽ ജീവനക്കാർക്ക് ഈ ഓണത്തിന് എന്തുകിട്ടും?

40,000 രൂപ വരെ കൊടുത്ത് ജീവനക്കാരുടെ കൈയടി നേടി ഏഷ്യാനെറ്റ്; മനോരമ നൽകുന്നത് അടിസ്ഥാന ശമ്പളം; 15,000ത്തിൽ നിയന്ത്രിച്ച് മാതൃഭൂമി; എല്ലാവർക്കും 7500 വീതം നൽകി അമൃത; എല്ലാവർക്കും കൈരളി നൽകുന്നത് 8000; ജനത്തിലും ജീവനിലും ജയ്ഹിന്ദിലും ബോണസില്ല; ഗിഫ്റ്റ് വൗച്ചർ തേടി റിപ്പോർട്ടർ: മലയാളം ചാനൽ ജീവനക്കാർക്ക് ഈ ഓണത്തിന് എന്തുകിട്ടും?

എം എസ് സനിൽകുമാർ

തിരുവനന്തപുരം: ഓണത്തിന്റെ രസക്കൂട്ടിന് സ്വാദ് നൽകുന്ന ഏറ്റവും വലിയ വിഭവങ്ങളിലൊന്നാണ് ഓണം ബോണസ്. ശമ്പളത്തോടൊപ്പം ബോണസുംകൂടി ചേർന്നാണ് മലയാളിയുടെ ഓണസദ്യ സമൃദ്ധമാകുന്നത്. കിട്ടിയ ബോണസ് അത്രയും വിപണിയിൽ അടിച്ചുതീർക്കുക എന്നതാണ് മലയാളിയുടെ ഓണശീലം. ചെറുകിട സ്ഥാപനങ്ങൾ മുതൽ വൻകിട സ്ഥാപനങ്ങൾ വരെ ജീവനക്കാർക്ക് ബോണസ് നൽകാൻ മത്സരിക്കുന്നു. എന്നാൽ, സാമ്പത്തിക പ്രതിസന്ധിമൂലം ബോണസ് പോലും നൽകാൻ കഴിയാത്ത സ്ഥാപനങ്ങളും കുറവല്ല. കേരളത്തിലെ ടെലിവിഷൻ ചാനലുകളിലെ മാദ്ധ്യമപ്രവർത്തകരുടെ ബോണസ് ആഘോഷങ്ങളിലൂടെ സഞ്ചരിക്കുകയാണ് മറുനാടൻ മലയാളി.

മലയാളം ന്യൂസ് ചാനലുകളിൽ ഭീമനായി ഒന്നാം സ്ഥാനത്തുനിൽക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ് ബോണസിന്റെ കാര്യത്തിലും മുന്നിൽ. ബോണസിനൊപ്പം ശമ്പള വർദ്ധനയെന്ന വിഭവംകൂടി ജീവനക്കാർക്ക് മുന്നിൽ വിളമ്പിയിരിക്കുകയാണ് ഏഷ്യാനെറ്റ്. മികച്ച നേട്ടമാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനി കൈവരിച്ചത്. അതുകൊണ്ടുതന്നെ വൻ ശമ്പളവർദ്ധനയാണ് ഏഷ്യാനെറ്റ് ജീവനക്കാർക്ക് നടപ്പാക്കിയിരിക്കുന്നത്. 6500 രൂപമുതൽ 30,000 രൂപവരെ ശമ്പള വർദ്ധനയാണ് വിവിധ തലങ്ങളിലുള്ള ജീവനക്കാർക്ക് നടപ്പാക്കിയിരിക്കുന്നത്. ഇതിന് പുറമെ 40,000 രൂപവരെ ബോണസും ലഭിക്കും. ശമ്പളവും ബോണസും കൂടാതെ വേരിയബിൾ പേ ഇനത്തിലും ജീവനക്കാർക്ക് വൻസാമ്പത്തിക ആനുകൂല്യം ഈ ഓണത്തിന് ഏഷ്യാനെറ്റ് നൽകുന്നു. മുമ്പ് വേരിയബിൾ പേ വിവിധ വകുപ്പ് തലവന്മാർക്ക് മാത്രമായിരുന്നെങ്കിൽ ഇക്കുറി സ്‌പെഷൽ കറസ്‌പോണ്ടന്റ്, സ്‌പെഷൽ റിപ്പോർട്ടർ തുടങ്ങിയ വിവിധ തസ്തികകൾക്കുകൂടി വേരിയബിൾ പേ ബാധകമാക്കിയിട്ടുണ്ട്. ഒരുലക്ഷംരൂപ മുതൽ 5 ലക്ഷം രൂപ വരെ വേരിയബിൾ പേ ലഭിക്കുന്ന ജീവനക്കാരുണ്ട് ഏഷ്യാനെറ്റിൽ.

ഓണക്കാലത്ത് ബോണസ് നൽകി ജീവനക്കാരെ ധന്യരാക്കുന്ന മറ്റൊരു സ്ഥാപനമാണ് മനോരമ ന്യൂസ്. ഏഷ്യാനെറ്റിന്റെ അത്ര വരില്ലെങ്കിലും മോശമല്ലാത്ത തുക മനോരമയും ബോണസായി നൽകുന്നു. അടിസ്ഥാനശമ്പളം ആധാരമാക്കിയാണ് മനോരമയിൽ ബോണസ് തുക നിശ്ചയിക്കുന്നത്. ശമ്പളം 40,000 ആണെങ്കിലും അടിസ്ഥാന ശമ്പളം 12,000 ആണെങ്കിൽ 12,000 രൂപയെ ബോണസ് ലഭിക്കൂ എന്നുമാത്രം. വാർഷിക ശമ്പള വർദ്ധന മനോരമയിൽ നേരത്തെ നടപ്പാക്കി കഴിഞ്ഞു.

ജീവനക്കാർക്ക് ബോണസ് നൽകുന്ന മറ്റൊരു പ്രമുഖ മാദ്ധ്യമസ്ഥാപനം മാതൃഭൂമി ന്യൂസാണ്. മാതൃഭൂമിയിൽ വർഷത്തിൽ രണ്ടുതവണയാണ് ബോണസ്. വിഷുവിനും ഓണത്തിനും. വിഷുവിനുള്ള ബോണസ് നൽകിക്കഴിഞ്ഞു. ഇനി ഇത്തവണത്തെ ഓണംബോണസിനായുള്ള കാത്തിരിപ്പിലാണ് ജീവനക്കാർ. ഒരുനിശ്ചിത തുകയാണ് മാതൃഭൂമിയിലെ ബോണസ്. ഡയറക്ടർ ബോർഡ് യോഗംകൂടി ഇക്കാര്യം തീരുമാനിക്കും. ഇത് കുറഞ്ഞത് പതിനായിരമോ കൂടിയാൽ 15,000 വരെയോ ആകാം.

സിപിഐ.എം ചാനലായ കൈരളി പീപ്പിളിനുമുണ്ട് ബോണസ്. ഇക്കുറി മാദ്ധ്യമപ്രവർത്തകർക്കും ജീവനക്കാർക്കും 8000 രൂപയാണ് ഇവിടെ ബോണസ്. കഴിഞ്ഞവർഷം ഇത് 7500 ആയിരുന്നു. ഓണം ബോണസിന് പുറമേ മറ്റൊരു മനോഹര സമ്മാനംകൂടി കൈരളി പീപ്പിൾ ജീവനക്കാർക്കായി കാത്തുവച്ചിട്ടുണ്ട്. ദീർഘനാളിനുശേഷം ചാനലിൽ ശമ്പളവർദ്ധന നടപ്പിൽവരാൻ പോകുകയാണ്. 20 ശതമാനം ശമ്പളവർദ്ധന നടപ്പാക്കുമെന്നാണ് പ്രഖ്യാപനം. അടുത്തമാസം പുതുക്കിയ ശമ്പളം ജീവനക്കാരുടെ കയ്യിൽ കിട്ടും. ആർഎസ്എസ് ചായ്‌വുള്ള ജനം ടി.വിയിലാകട്ടേ ബോണസ് എന്നൊരു പരിപാടിയേ ഇല്ല. ഹൈന്ദവർക്ക് ഓണം പ്രധാന ആഘോഷങ്ങളിലൊന്നാണെങ്കിലും ആർഎസ്എസ് ചാനലിലുള്ളവർ അതങ്ങനെ ഗംഭീരമായി ആഘോഷിക്കണ്ട എന്നാണോ മാനേജ്‌മെന്റിന്റെ ചിന്തയെന്നാണ് ജീവനക്കാരുടെ ചോദ്യം. കഴിഞ്ഞ ഓണത്തിന് ജനം ടി.വി ജീവനക്കാർക്ക് നൽകിയത് പുരുഷജീവനക്കാർക്ക് മുണ്ടും ക്ലോക്കും, സ്ത്രീജീവനക്കാർക്ക് സാരിയും ക്ലോക്കുമാണ്.

കോൺഗ്രസ് ചാനലായ ജയ്ഹിന്ദിൽ കഴിഞ്ഞവർഷം 5000 രൂപയുടെ ഗിഫ്റ്റ് കൂപ്പണായിരുന്നു ബോണസായി നൽകിയത്. കൂപ്പണുമായി ചെന്ന് കൂപ്പണിൽ പറഞ്ഞിരിക്കുന്ന കടയിൽനിന്ന് സാധനങ്ങൾ വാങ്ങാം. സാമ്പത്തിക പ്രതിസന്ധി ഏറെ ബുദ്ധിമുട്ടിക്കുന്ന ജയ്ഹിന്ദിൽ ഇത്തവണ കൂപ്പണുണ്ടാകുമോ എന്നുപോലും ജീവനക്കാർക്ക് ഉറപ്പില്ല. ശമ്പളമെങ്കിലും നേരത്തെ കിട്ടിയാൽ മതിയെന്നാണ് അവരുടെ ചിന്ത.

സാമ്പത്തിക പ്രതിസന്ധി വല്ലാതെബുദ്ധിമുട്ടിക്കുന്ന മറ്റൊരു ചാനലാണ് നികേഷ് കുമാർ തലവനായ റിപ്പോർട്ടർ ടി.വി. മൂന്ന് നാല് മാസംവരെ ചാനലിൽ ശമ്പള കുടിശ്ശിക ഉണ്ടായിരുന്നു എന്നാൽ കഴിഞ്ഞമാസത്തോടെ കുടിശ്ശിക ശമ്പളം മുഴുവൻ കൊടുത്തുതീർത്തു. അതിന്റെ ആഹ്ലാദത്തിലാണ് ജീവനക്കാർ. ബോണസൊന്നും ഇല്ലെങ്കിലും വേണ്ടില്ല ശമ്പളം കൃത്യമായി കിട്ടിയാൽ മതിയെന്നാണ് അവരുടെ നിലപാട്. 

കഴിഞ്ഞവർഷം നിറപറ ഗ്രൂപ്പിന്റെ 3500 രൂപയോളം വിലമതിക്കുന്ന കിറ്റാണ് റിപ്പോർട്ടർ ടി.വി ജീവനക്കാർക്ക് ഓണം ബോണസായി നൽകിയത്. ഇക്കുറി എന്ത് ലഭിക്കും എന്നതിനെക്കുറിച്ച് ജീവനക്കാർക്ക് ഒരൂഹവും ഇല്ല. 7500 രൂപയാണ് അമൃത ടി.വിയുടെ മാദ്ധ്യമപ്രവർത്തകർക്ക് നൽകുന്ന ബോണസ്. വലിപ്പച്ചെറുപ്പമില്ലാതെ ഈ തുക എല്ലാവർക്കും ലഭിക്കും. ജീവൻ ടി.വിയിലെ മാദ്ധ്യമപ്രവർത്തകർക്ക് കഴിഞ്ഞ വർഷം 3500 രൂപയുടെ ഗിഫ്റ്റ് വൗച്ചറാണ് ഓണംബോണസായി കിട്ടിയത്. ഇക്കുറി അതുപോലും ഉണ്ടാകില്ലെന്നാണ് സൂചന. പക്ഷേ, ഓണത്തിന് മുമ്പ് നിലവിലുള്ള ശമ്പളകുടിശ്ശിക മുഴുവൻ തീർത്തുനൽകാമെന്ന് മാനേജ്‌മെന്റ് ഉറപ്പ് നൽകിയതായി ജീവനക്കാർ പറഞ്ഞു. മീഡിയാ വൺ ചാനലിലും ഓണം ബോണസ് നൽകുന്നുണ്ട്. കഴിഞ്ഞ വർഷം 3000 രൂപയാണ് ഓണം ബോണസായി നൽകിയത്. ഇത്തവണ ഈ തുക തന്നെയാകും ബോണസ് നൽകുക എന്നാണ് അറിയുന്നത്.

ഓണമിങ്ങ് പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ ശമ്പളവും ബോണസും ഒന്നുമില്ലാതെ നരക ജീവിതം നയിക്കുന്ന ഒരുവിഭാഗം മാദ്ധ്യമപ്രവർത്തകരുണ്ട് കേരളത്തിൽ. പൂട്ടിപ്പോയ ഇന്ത്യാ വിഷൻ ചാനലിലെയും ടി.വി ന്യൂ ചാനലിലെയും ജീവനക്കാരാണ് അവർ. മാസങ്ങളുടെ ശമ്പളമാണ് ഇവർക്ക് കുടിശ്ശിക. സ്ഥാപനത്തിൽ ജോലി ചെയ്തതിന്റെ മറ്റ് യാതൊരു സാമ്പത്തിക ആനുകൂല്യവും ലഭിച്ചിട്ടുമില്ല. തൊഴിലില്ലാതെ വഴിയാധാരമായ ഈ മാദ്ധ്യമപ്രവർത്തകരുടെ പ്രശ്‌നങ്ങൾക്ക് എന്തെങ്കിലും പരിഹാരം കാണാൻ കേരളത്തിലെ പത്രപ്രവർത്തക യൂണിയനോ പ്രസ്‌ക്ലബുകൾക്കോ ഒരുചുക്കും ചെയ്യാൻ കഴിഞ്ഞിട്ടില്ല. മാദ്ധ്യമസ്വാതന്ത്ര്യവും തൊഴിൽ സുരക്ഷയും ബോണസും ഒക്കെ പ്രഖ്യാപിക്കുമ്പോൾ ഈ സാധാരണ മാദ്ധ്യമപ്രവർത്തകരുടെ കണ്ണീരുണങ്ങിയ മുഖങ്ങൾ കാണാതിരുന്നുകൂടാ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP