Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആണും പെണ്ണുമല്ലാത്ത പത്മിനി പ്രകാശ് സൃഷ്ടിച്ചത് അപൂർവ ചരിത്രം; ഇന്ത്യയിലെ ആദ്യ ഭിന്ന ലിംഗ വാർത്താ അവതാരകയെ പരിചയപ്പെടാം

ആണും പെണ്ണുമല്ലാത്ത പത്മിനി പ്രകാശ് സൃഷ്ടിച്ചത് അപൂർവ ചരിത്രം; ഇന്ത്യയിലെ ആദ്യ ഭിന്ന ലിംഗ വാർത്താ അവതാരകയെ പരിചയപ്പെടാം

ലിംഗനീതിയുടെ സംരക്ഷണങ്ങളൊന്നും ഇവർക്ക് ബാധകമായിരുന്നില്ല. അവഹേളനങ്ങളും പീഡനങ്ങളും ജീവിതത്തെ ഇരുട്ടറയിൽ തള്ളിയിട്ട ആയിരക്കണക്കിന് ഭിന്ന ലൈംഗിക വിഭാഗക്കാർ ഇന്ത്യയിലുണ്ട്. മുഖ്യധാരയിലേക്ക് ഇവരുടെ ജീവിതത്തെ പറിച്ചുനടാൻ പരിഷ്‌കൃത സമൂഹം പോലും അനുവദിച്ചിരുന്നില്ല. ഇവിടെയാണ് പത്മിനി പ്രകാശ് എന്ന 31-കാരിയുടെ വിജയം. ഭിന്ന ലിംഗ വിഭാഗത്തിൽനിന്നുള്ള ആദ്യ ടെലിവിഷൻ വാർത്താ അവതാരകയായാണ് കോയമ്പത്തൂരുകാരിയായ പത്മിനിയുടെ വരവ്.

ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലായിരുന്നു ഭിന്നലിംഗ വിഭാഗത്തിന്റെ ചരിത്രത്തിലെ ഈ നേട്ടത്തിന് തിരിതെളിഞ്ഞത്. ലോട്ടസ് ന്യൂസ് ചാനൽ സ്റ്റുഡിയോയിലെ വിളക്കുകൾ തെളിഞ്ഞപ്പോൾ, പത്മിനിയുടെ ജീവിതവും പ്രകാശപൂരിതമായി. ഇന്ത്യയിലെ ആദ്യ ട്രാൻസ്‌ജെൻഡർ വാർത്താ അവതാരക എന്ന പെരുമയാണ് ഇതോടെ അവർക്ക് കൈവന്നത്.

ഭിന്ന ലിംഗ വിഭാഗത്തിന്റെ അവകാശങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടിയുള്ള പോരാട്ടങ്ങളിലായിരുന്നു പത്മിനി ഇത്രകാലവും. ഭിന്ന ലിംഗ വിഭാഗത്തെ മൂന്നാം ലിംഗമായി കണക്കാക്കണമെന്ന സുപ്രീം കോടതിയുടെ ചരിത്രപരമായ വിധിയോടെയാണ് ഇത്തരത്തിൽപ്പെട്ടവരുടെ ജീവിതത്തിൽ കൂടുതൽ അവസരങ്ങൾ കൈവന്നത്. വിവിധ തലങ്ങളിൽനിന്ന് സമ്മർദമുണ്ടായിരുന്നെങ്കിലും, അതിനെയെല്ലാം അതിജീവിക്കാൻ പത്മിനിക്കായി.

ടെലിവിഷനിൽ ആദ്യമായല്ല പത്മിനിയുടെ വരവ്. മുമ്പ് ഒരു ടെലിവിഷൻ സീരിയലിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും, വാർത്താ അവതാരകയുടെ റോളിൽ ആദ്യമൊന്ന് പരിഭ്രമിച്ചുപോയെന്ന് പത്മിനി പറയുന്നു. വാർത്തയുടെ പ്രാധാന്യം നഷ്ടപ്പെടാതെയും തെറ്റുകൂടാതെയും അവതരിപ്പിക്കുക എന്നതായിരുന്നു വെല്ലുവിളി. എന്നാൽ, ജീവിതത്തിലിന്നോളം വെല്ലുവിളികളെ പതറാതെ നേരിട്ടിട്ടുള്ള പത്മിനിക്ക് ഇതും നിസ്സാരമായി മറികടക്കാനായി.

ആദ്യദിവസത്തെ വാർത്താ അവതരണം തന്നെ പത്മിനിക്ക് ഏറെ ആരാധകരെ നേടിക്കൊടുത്തു. ലോട്ടസ് ന്യൂസ് ചാനലിന്റെ അധികൃതരും മാദ്ധ്യമരംഗത്തെ പ്രമുഖരും അഭിനന്ദനങ്ങളും പിന്തുണയുമായി ഒപ്പം നിന്നു. ഒരുമാസം പിന്നിട്ടതോടെ, ലോട്ടസ് ന്യൂസ് ചാനലിന്റെ ഏഴുമണി വാർത്തയുടെ മുഖ്യ ആകർഷണമായി പത്മിനി മാറി. മറ്റൊരു തരത്തിലുള്ള പരിഗണയുമല്ല, കഴിവുറ്റ വാർത്താ അവതാരകയെന്ന നിലയ്ക്കാണ് പത്മിനിയെ തിരഞ്ഞെടുത്തതെന്ന് ലോട്ടസ് ന്യൂസ് ചാനൽ ചെയർമാൻ ജികെസ് സെൽവകുമാർ പറഞ്ഞു.

കോയമ്പത്തൂരിലെ ആർ.എസ്.പുരം സ്വദേശിയായ പത്മിനി ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായിരിക്കെയാണ് വീടുവിട്ടത്. വീട്ടുകാരുടെയും നാട്ടുകാരുടെയും അവഹേളവനും പീഡനവും സഹിക്കാനാകാതെ വന്നതോടെയാണത്. അതോടെ പഠനവും മുടങ്ങി. എന്നാൽ, കീഴടങ്ങാൻ തയ്യാറല്ലാതിരുന്ന പത്മിനി പിന്നീട് ഭരതനാട്യം അദ്ധ്യാപികയായി. വെള്ളക്കിണറിനടുത്ത് തന്റെ പങ്കാളിക്കൊപ്പം താമസിക്കുന്ന പത്മിനി, ഇതിനിടെ, നിരവധി ട്രാൻസ്‌ജെൻഡർ സൗന്ദര്യ മത്സരങ്ങളിലും ജേതാവായി.

സ്വാതന്ത്ര്യദിനത്തിൽ ലോട്ടസ് ന്യൂസിനുവേണ്ടി പത്മിനി വാർത്ത വായിച്ചത് കാണാം...

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP