Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചിത്രം വിചിത്രത്തിൽ 'ഏലസ്' കയറിയത് എഡിറ്ററും ടീമും കോവളത്ത് ആഘോഷം പൊടിപൊടിക്കുമ്പോൾ; കോടിയേരിയെ സൂമിയതിന് പിന്നിൽ അംബാനിഫിക്കേഷനോ? പ്രസ് ക്ലബ്ബിലെ 'സങ്കേതം' വിവാദം ഏഷ്യാനെറ്റിനെ വിട്ടൊഴിയുന്നില്ല

ചിത്രം വിചിത്രത്തിൽ 'ഏലസ്' കയറിയത് എഡിറ്ററും ടീമും കോവളത്ത് ആഘോഷം പൊടിപൊടിക്കുമ്പോൾ; കോടിയേരിയെ സൂമിയതിന് പിന്നിൽ അംബാനിഫിക്കേഷനോ? പ്രസ് ക്ലബ്ബിലെ 'സങ്കേതം' വിവാദം ഏഷ്യാനെറ്റിനെ വിട്ടൊഴിയുന്നില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോടിയേരിയുടെ ഏലസ് വിവാദത്തിൽ ഏഷ്യാനെറ്റിൽ ചർച്ചകളും വിവാദങ്ങളും കൊഴുക്കുന്നു. വിഷയത്തിൽ ഏഷ്യാനെറ്റ് എഡിറ്ററായ എംജി രാധാകൃഷ്ണനെതിരെ അതിരൂക്ഷമായ വിമർശനമാണ് സോഷ്യൽ മീഡിയ ഉയർത്തിയത്.

മാദ്ധ്യമം പത്രത്തിൽ പിണറായി വിജയൻ സർക്കാരിന് മൈനസ് മാർക്ക് നൽകി രാധാകൃഷ്ണൻ എഴുതിയ ലേഖനം ചർച്ചയായിരുന്നു. ഇടത് സൈദ്ധാന്തികനായ പി ഗോവിന്ദപിള്ളയുടെ മകനായ രാധാകൃഷ്ണനിൽ നിന്ന് പിണറായി ഭരണത്തിന്റെ മധുവിധു കാലത്ത് തന്നെ ഇത്തരമൊരു ലേഖനം പ്രതീക്ഷിച്ചില്ലെന്ന വിലയിരുത്തിലിലായിരുന്നു ഇടത് കേന്ദ്രങ്ങൾ. ഇതിനിടെയാണ് കോടിയേരിയെ കടന്നാക്രമിച്ച് ചിത്രം വിചിത്രം ഏലസ് കഥ പുറത്തുവിട്ടത്. ഇത് രാധാകൃഷ്ണൻ മനപ്പൂർവ്വം ചെയ്തുവെന്നാണ് സിപിഐ(എം) കേന്ദ്രങ്ങൾ പ്രചരിപ്പിച്ചത്. എന്നാൽ ഈ വിഷയത്തിൽ എംജി രാധാകൃഷ്ണന് ഒരു അറിവും ഇല്ലായിരുന്നുവെന്നതാണ് യാഥാർത്ഥ്യമെന്ന് ഏഷ്യാനെറ്റിലെ ഒരുകൂട്ടർ പറയുന്നു.

സംഭവ ദിവസം കോവളത്തെ ഏഷ്യാനെറ്റ് ജീവനക്കാരുടെ കൂട്ടായമയുടെ തിരക്കായിരുന്നു. രാധാകൃഷ്ണൻ അടക്കമുള്ള എല്ലാവരും കോവളത്തെ ആഘോഷങ്ങളിലായിരുന്നു. ചാനലിലെ മുതിർന്ന മാദ്ധ്യമ പ്രവർത്തകരും കോവളത്തായിരുന്നു. അന്ന് ചിത്രം വിചിത്രത്തിന്റെ അണിയറയിൽ വളരെ കുറച്ചു പേർമാത്രമേ ഉണ്ടായിരുന്നുള്ളൂ. അവതാരകൻ മാത്രമാണ് കാര്യങ്ങളെല്ലാം ചെയ്തത്. അതുകൊണ്ട് തന്നെ എഡിറ്ററെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ലെന്നും അവർ പറയുന്നു. എന്നാൽ എഡിറ്ററെന്ന നിലയിൽ ഉത്തരവാദിത്തം ഒഴിയാനുമാകില്ല. അതുകൊണ്ട് കൂടിയാണ് വിഷയത്തിൽ ചിപ്പ് തിയറി വന്നപ്പോൾ എഷ്യാനെറ്റ് ആ വാർത്ത കൊടുത്തത്. ചിത്രം വിചിത്രത്തിൽ അവതാരകരെ കൊണ്ട് മാപ്പ് പറയിക്കുകയും ചെയ്‌തെന്ന് എംജിആറിനോട് അടുപ്പമുള്ള ഏഷ്യാനെറ്റിലെ വിഭാഗം പറയുന്നു.

അതിനിടെ മറ്റൊരു തിയറിയും ഏഷ്യാനെറ്റിൽ ചർച്ചയാകുന്നുണ്ട്. പ്രസ് ക്ലബ്ബിലെ സങ്കേതവുമായി ബന്ധപ്പെട്ട് വിനു വി ജോൺ ഉയർത്തിയ വിഷയത്തിൽ ഏഷ്യാനെറ്റിലെ ജീവനക്കാർ രണ്ട് ചേരിയിലേക്ക് മാറിയിരുന്നു. അതിൽ പ്രസ് ക്ലബ്ബിലെ സങ്കേതത്തിന് അനുകൂലമായി നിലപാട് എടുത്ത എക്‌സിക്യൂട്ടീവ് എഡിറ്റർ കെപി ജയദീപ്, വിനുവിനെതിരായ നിലപാടാണ് എടുത്തത്. ഗോപീകൃഷ്ണന്റെ എസ്എംഎസ് പുറത്തുവിട്ട വിനുവിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു. എന്നാൽ വിനുവിനൊപ്പമായിരുന്നു ഏഷ്യാനെറ്റ് മാനേജ്‌മെന്റ്. ഇതോടെ ജയ്ദീപ് ഏഷ്യാനെറ്റിൽ നിന്ന് രാജിയും വച്ചു.

ഗോപീകൃഷ്ണനും ലല്ലുവും അടക്കം നിരവധി പേർ ജയ്ദീപിനൊപ്പം രാജിവയ്ക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ അത്തരമൊരു ഒഴുക്കിന് സാധ്യത കാണുന്നില്ല. ഇതിൽ നിരാശ പൂണ്ടു നടത്തിയ നീക്കമാണോ ഏലസ് വിവാദമെന്നും സംശയമുണ്ട്. ഏഷ്യാനെറ്റിൽ പ്രശ്‌നമുണ്ടാക്കി ചാനലിന് പുറത്ത് പോകാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന ആരോപണം സജീവമാകുന്നത് അതുകൊണ്ടാണ്. എന്നാൽ അംബാനിയുടെ നേതൃത്വത്തിലെ ന്യൂസ് കേരള 18ലേക്ക് കൂടുതൽ പേർ പോവാതിരിക്കാൻ കരുതലോടെയാണ് മാനേജ്‌മെന്റ് പ്രതികരിക്കുക. വിഷയത്തിൽ ഗോപീ കൃഷ്ണനെ പോലും കടന്നാക്രമിക്കുന്ന സമീപനം മാനേജ്‌മെന്റ് എടുക്കില്ല.

ചെറിയൊരു പിഴവ് മാത്രമായി ഇതിനെ വ്യാഖ്യാനിച്ച് ജീവനക്കാർക്കിടയിൽ ഐക്യം കൊണ്ടു വരാനാണ് ഏഷ്യാനെറ്റ് തീരുമാനം. സങ്കേതത്തിലെ അസംതൃപ്തി ഇങ്ങനെ ഒഴിവാക്കാനാണ് ശ്രമം. ഇതിലൂടെ ഏഷ്യാനെറ്റ് വിട്ടിറങ്ങിയ ജയ്ദീപിനൊപ്പം കൂടുതൽ പേർ പോകുന്നത് തടയാമെന്നും വിലയിരുത്തുന്നു. ഇതിന്റെ ഭാഗമായാണ് കോവളത്തെ ജീവനക്കാരുടെ ഒത്തുചേരൽ സംഘടിപ്പിച്ചത്. ഇത് വലിയ വിജയവുമായിരുന്നു. സങ്കേതത്തിന്റെ പേരിൽ രണ്ട് തട്ടിലേക്ക് പോയ ജീവനക്കാരെയെല്ലാം ഒരു കുടക്കീഴിൽ അണിനിരത്താൻ എംജി രാധാകൃഷ്ണനെന്ന എഡിറ്റർക്ക് കഴിയുകയും ചെയ്തു. ഇതിനിടെയാണ് കോടിയേരിയുടെ ഏലസ് വാർത്ത വിവാദം തീർക്കാൻ എത്തിയത്.

മാപ്പ് പറഞ്ഞതോടെ സിപിഐ(എം) അനുഭാവികളും വിഷയത്തിൽ ഏഷ്യാനെറ്റിനെ പഴി പറയുന്ന നിർത്തുകയാണ്. ഏഷ്യാനെറ്റ് ന്യൂസ് ചിത്രം വിചിത്രം പരിപാടിയിലൂടെ ചെയ്തത് നൂറു ശതമാനവും തന്തക്കു പിറക്കായ്മ തന്നെയാണ് .. അതിനെതിനെതിരെ വ്യാപകമായ പ്രതിഷേധം ഉണ്ടാവുകയും അവർ ഏലസ് എന്ന് പറഞ്ഞത് ഷുഗർ ലെവൽ പരിശോധന യന്ത്രം ആണെന്ന് ബോധ്യപ്പെടുകയും ചെയ്തപ്പോൾ ലല്ലു തന്റെ എഫ് ബി പേജിലൂടെ തെറ്റു പറ്റി എന്ന് സമ്മതിക്കുകയും അത് അതെ പരിപാടിയിലൂടെ തന്നെ തിരുത്തും എന്ന് പറയുകയും ഇന്ന് ഗോപികൃഷ്ണനെയും ഒപ്പം കൂട്ടി ആ പരിപാടിയിലൂടെ തന്നെ തെറ്റു സമ്മതിക്കുകയും മാപ്പു പറയുകയും ചെയ്തു ..-ഇങ്ങനെയൊക്കെയാണ് നിലവിൽ സിപിഐ(എം) അനുഭാവികൾ സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നത്.

ലല്ലു എന്ന മാദ്ധ്യമ പ്രവർത്തകൻ പലപ്പോഴും പല കാര്യങ്ങളിലും മറ്റു മാദ്ധ്യമ പ്രവർത്തകരിൽ നിന്നും വ്യത്യസ്തമായ നിലപാടുകൾ മുൻപും സ്വീകരിച്ചിട്ടുണ്ട് ..എനിക്ക് ഇടതുപക്ഷ മനസ്സാണ് എന്ന് തുറന്നു പറയാനും പലപ്പോഴും മടിച്ചിട്ടില്ല ..മാദ്ധ്യമ പ്രവർത്തകർക്ക് സ്വന്തമായ നിലപാടുകൾ പലകാര്യങ്ങളിലും ഉണ്ടെങ്കിലും മാദ്ധ്യമ മുതലാളിമാരുടെ താൽപ്പര്യങ്ങൾ നടപ്പിലാക്കാൻ ബാധ്യസ്ഥനായ ആൾ എന്ന നിലയിൽ പലപ്പോഴും തന്റെ ശരികളെ ബോധപൂർവ്വം മറക്കേണ്ടി വരുന്നു .. ഇപ്പോൾ ഉണ്ടായ സംഭവത്തിൽ ലല്ലു ഭഗവാക്കല്ലെങ്കിലും താൻ കൂടി അവതരിപ്പിക്കുന്ന പരിപാടിയിൽ വന്ന തെറ്റ് ഏറ്റു പറയാനും കേരളത്തിലെ ദൃശ്യ മാദ്ധ്യമ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു ചാനലിനെ കൊണ്ട് ചെയ്യിക്കാനും കഴിഞ്ഞെങ്കിൽ അതിനു പിന്നിൽ ലല്ലു എന്ന മാദ്ധ്യമ പ്രവർത്തകൻ മുഖ്യ പങ്കു വഹിച്ചിട്ടുണ്ടാവും എന്നതിൽ സംശയമില്ലെന്ന വിലയിരുത്തലും ഉയരുന്നു.

നമ്മുടെ പ്രിയപ്പെട്ട നേതാക്കളെ തുണിയില്ലാതെ കാട്ടിയ വീരന്റെ ചാനലും പിണറായി വിജയന് മാളിക ഉണ്ടെന്നു പറഞ്ഞ മാദ്ധ്യങ്ങളും ഒക്കെ തെറ്റുകൾ മനസ്സിലായിട്ടു പോലും അത് തിരുത്താനോ ഖേദം പ്രകടിപ്പിക്കാനോ പോലും തയ്യാറാവാത്ത സാഹചര്യത്തിൽ ഏഷ്യാനെറ്റു ഇക്കാര്യത്തിൽ എടുത്ത സമീപനം മാതൃകാപരം തന്നെയെന്നാണ് സിപിഎമ്മുകാരുടെ അഭിപ്രായം. അങ്ങനെ വിഷയത്തിൽ ഏഷ്യാനെറ്റിനെ പിണക്കാതെ ഒപ്പം നിർത്താനാണ് സിപിഎമ്മും ശ്രമിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP