Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202208Saturday

'തീവ്ര ലഹരിയിൽ കുഴഞ്ഞുവീണ് പ്രവാസികളെ ഉദ്‌ബോധിപ്പിച്ച് മാതൃകയായ ഒരു എഡിറ്റർ മാധ്യമ സദാചാര പോസ്റ്റ് ഇട്ടിട്ടുണ്ട്: പ്രമോദ് രാമനെ പേരു പറയാതെ അധിക്ഷേപിച്ച് വിനു വി ജോൺ; ചോദ്യം ഉയർത്തുമ്പോൾ നീ കള്ളുകുടിയനല്ലേ എന്ന് ചോദിക്കുന്ന യുക്തിയുടെ പേരാണ് സംഘിസം എന്ന് ഹർഷൻ; അവതാരകർ അതിരുവിടരുത് എന്ന വിഷയം ചർച്ചയാക്കി ശ്രീകണ്ഠൻ നായർ; ചാനൽ തലപ്പത്തെ ഈഗോ വാർ കടുക്കുന്നു

'തീവ്ര ലഹരിയിൽ കുഴഞ്ഞുവീണ് പ്രവാസികളെ ഉദ്‌ബോധിപ്പിച്ച് മാതൃകയായ ഒരു എഡിറ്റർ മാധ്യമ സദാചാര പോസ്റ്റ് ഇട്ടിട്ടുണ്ട്: പ്രമോദ് രാമനെ പേരു പറയാതെ അധിക്ഷേപിച്ച് വിനു വി ജോൺ; ചോദ്യം ഉയർത്തുമ്പോൾ നീ കള്ളുകുടിയനല്ലേ എന്ന് ചോദിക്കുന്ന യുക്തിയുടെ പേരാണ് സംഘിസം എന്ന് ഹർഷൻ; അവതാരകർ അതിരുവിടരുത് എന്ന വിഷയം ചർച്ചയാക്കി ശ്രീകണ്ഠൻ നായർ; ചാനൽ തലപ്പത്തെ ഈഗോ വാർ കടുക്കുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ചാനലുകൾ തമ്മിൽ ഇപ്പോൾ വാർത്തകളെ ചൊല്ലിയല്ല പ്രധാന മത്സരം. പ്രൈം ടൈം ചർച്ചയിൽ ചാനലിന്റെ മുഖമാകുന്ന മുതിർന്ന മാധ്യമ പ്രവർത്തകരായ അവതാരകർ തമ്മിലാണ് ഈഗോ യുദ്ധം. ഏഷ്യാനെററ് ന്യൂസിലെ വിനു വി ജോണും, 24 ന്യൂസിലെ ശ്രീകണ്ഠൻ നായരും തമ്മിലാണ് മുഖ്യ പോരെങ്കിലും സൈഡ് ബഞ്ചിലിരുന്ന് കളി കണ്ടവരും ഇപ്പോൾ കോർട്ടിലിറങ്ങി. മോൻസൺ മാവുങ്കലിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട പ്രൈം ടൈം ചർച്ചകളാണ് ഈഗോ വാറിന്റെ തുടക്കം. 24 ന്യൂസിന്റെ കൊച്ചി റിപ്പോർട്ടർ സഹിൻ ആന്റണിക്ക് മോൻസണുമായി ഉള്ള അടുപ്പം പുറത്തുവന്നതോടെ വിനു വി ജോൺ ന്യൂസ് അവറിൽ നിശിത വിമർശനം അഴിച്ചു വിട്ടു. ഇതോടെ 24 ന്യൂസും ഏഷ്യാനെറ്റ് ന്യൂസും തമ്മിലായി യുദ്ധം. ന്യൂസ് അവറിൽ അതിഥിയായി വന്ന മാധ്യമപ്രവർത്തകൻ റോയി മാത്യു സഹിൻ ആന്റണിയുടെ കുടുംബവുമായി ബന്ധപ്പെട്ട് നടത്തിയ പിതൃത്വ പരാമർശം വിവാദമായി. നാക്കുപിഴ എന്നേറ്റുപറഞ്ഞ് റോയി മാത്യുവും വിനുവും ഖേദം പ്രകടിപ്പിച്ചെങ്കിലും പ്രശ്‌നം അവിടം കൊണ്ട് തീർന്നില്ല.

ട്വന്റി ഫോറിന്റെ ജനപ്രീതി തകർക്കാൻ നീക്കം നടത്തുന്നുവെന്ന് എഡിറ്റർ ശ്രീകണ്ഠൻ നായർ ചാനലിലൂടെ പ്രസ്താവന നടത്തി. ഇന്ത്യയിൽ നിലവിലിരിക്കുന്ന ഒരു നിയമവ്യവസ്ഥയും അംഗീകരിക്കാത്ത പരാമർശമാണ് ന്യൂസ് അവറിലുണ്ടായതെന്നും ശ്രീകണ്ഠൻ നായർ ചാനലിലൂടെ പറഞ്ഞു. ന്യൂസ് അവറിന്റെ അവതാരകൻ എന്ന് പറയുന്ന വിനു വി ജോൺ എന്ന് പറയുന്ന ആൾ, ന്യൂസ് അവറിലിരിക്കുമ്പോൾ അദ്ദേഹത്തിന്റെ നാക്ക് എന്ത് പറയുമെന്ന് ഒരു മാനേജ്‌മെന്റിനും വിശ്വസിക്കാൻ പറ്റില്ല, ആ തരത്തിലാണ് അദ്ദേഹം പറയുകയെന്നായിരുന്നു ശ്രീകണ്ഠൻ നായരുടെ വാക്കുകൾ.

ഏറ്റവും ഒടുവിൽ, പ്രമോദ് രാമൻ ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പിനെതിരെ വിനു വി ജോൺ പേരു പറയാതെ നടത്തിയ അധിക്ഷേപമായി പുതിയ ചൂടൻ വിഷയം. വിനുവിനെ വിമർശിച്ച് ട്രൂ കോപ്പിയിലെ ഹർഷനും രംഗത്തെത്തി. അതേസമയം, വിനു വി ജോൺ സമീപ ദിവസങ്ങളിൽ ന്യൂസ് അവർ ചർച്ചയിൽ നടത്തിയ പരാമർശങ്ങളെയും ട്വിറ്ററിൽ മീഡിയ വൺ എഡിറ്റർ പ്രമോദ് രാമനെതിരെ നടത്തിയ അധിക്ഷേപ പ്രയോഗങ്ങളും മുൻനിർത്തിയാണ് ചൊവ്വാഴ്ച ട്വന്റി ഫോർ ചാനലിലെ പ്രൈം ടൈം ചർച്ച നടന്നത്.

'അവതാരകർ അതിരുവിടരുത്' എന്ന തലക്കെട്ടിലുള്ള ചർച്ചയിൽ അവതാരകൻ കെ ആർ ഗോപീകൃഷ്ണനൊപ്പം സിപിഎം നേതാവ് എം.സ്വരാജ്, അലക്സാണ്ടർ ജേക്കബ്, പി.ഡി.ടി ആചാരി, ജാൻസി ജെയിംസ്, പ്രേംകുമാർ എന്നിവരായിരുന്നു പാനലിൽ.

യുപിയിലെ ലഖിംപൂരിൽ സമരം ചെയ്ത കർഷകർക്ക് നേരെ കേന്ദ്രമന്ത്രിയുടെ മകൻ വാഹമനോടിച്ച് കയറ്റിയതും കർഷക സമരത്തിനെതിരെയുള്ള പൊലീസ് നരനായാട്ടും ചർച്ച ചെയ്യാതെ മോൻസന്റെ കയ്യിലെ ചെമ്പോലയെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ചർച്ച ചെയ്തതിനെ വിമർശിച്ച് മുതിർന്ന മാധ്യമപ്രവർത്തകനും മീഡിയ വൺ എഡിറ്ററുമായ പ്രമോദ് രാമൻ ഫേസ്‌ബുക്ക് കുറിപ്പെഴുതിയിരുന്നു. പ്രമോദ് രാമനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിലായിരുന്നു വിനു വി ജോണിന്റെ മറുപടി.

പ്രമോദ് രാമന്റെ കുറിപ്പ് ഇങ്ങനെ

ഇങ്ങനെയൊരു കുറിപ്പ് ഇടണമോയെന്ന് പലവട്ടം ചിന്തിച്ചു. ഇട്ടില്ലെങ്കിൽ മനസ്സിൽ ഇതിങ്ങനെ കിടന്ന് ബുദ്ധിമുട്ടാകും എന്ന് തോന്നിയതിനാൽ അതിന് മുതിരുന്നു.
ഈ കുറിപ്പ് എഴുതുമ്പോൾ യു പിയിൽ കർഷകരെ കാറുകയറ്റി കൊന്നതിനെ പറ്റിയും അവിടുത്തെ ഗവൺമെന്റ് ജനാധിപത്യം അട്ടിമറിക്കുന്നതിനെ പറ്റിയും പ്രധാനപ്പെട്ട രണ്ടു ചാനലുകളിൽ ചർച്ച നടക്കുന്നു. തലസ്ഥാനത്ത് യു പി ഭവന് മുന്നിൽ കർഷക, യുവജന നേതാക്കളെ മർദിച്ചു പൊലീസ് വണ്ടിയിൽ തള്ളുന്ന ദൃശ്യങ്ങൾ കണ്ട ഏതൊരു മാധ്യമ പ്രവർത്തകനും ഇന്നത്തെ രാത്രിയിൽ അതല്ലാതെ മറ്റൊരു വിഷയം ചർച്ച ചെയ്യുന്നത് ചിന്തിക്കാൻ ആവില്ല. എന്നാലോഎല്ലാറ്റിനും 'മുതിരുന്ന' ചിലർക്ക് മോൻസന്റെ ചെമ്പോല സൃഷ്ടിച്ച അടിയന്തരത്തിൽ കവിഞ്ഞ് ഒരു കർഷകനും അവന്റെ രക്തസാക്ഷിത്വവും ഇല്ല.

ഇത് പറഞ്ഞത് മാധ്യമപ്രവർത്തനം ഒരുവശത്ത് എത്തിപ്പെട്ടുകൊണ്ടിരിക്കുന്ന insensitivity യൂടെ ആഴം സൂചിപ്പിക്കാൻ മാത്രം. ഒരു രാത്രിയിൽ രണ്ടു സ്ത്രീകളുടെ modesty യെ വെല്ലുവിളിക്കുന്നതിൽ നാം കണ്ട insensitivity മറ്റൊരു രാത്രിയിൽ കർഷകമനസ് കാണാതെ പോകുന്ന തരത്തിൽ നമുക്ക് മുന്നിൽ വെളിപ്പെടുന്നു. എല്ലാം ഒരേ ആഴത്തിൽ മാധ്യമപ്രവർത്തനത്തിന്റെ ഒരുവശത്ത് പടർന്നുകൊണ്ടിരിക്കുന്ന നിർദയത്വത്തിന്റെ വിഷവേരുകൾ ആണ്. പകൽ മുഴുവൻ ഞങ്ങളിതാ ദൃശ്യ ജേണലിസത്തിലെ ആധികാരിക ദീപസ്തംഭം, ഇന്ത്യൻ രാഷ്ട്രീയ ഗോദയിലെ ധർമയുദ്ധത്തിൽ നാടിന്റെ നന്മയ്ക്ക് വേണ്ടി പ്രേക്ഷകരുടെ പതാകവാഹകർ എന്ന മട്ടിൽ റിപ്പോർട്ടർമാരാൽ പ്രത്യക്ഷപ്പെടുത്തുക. രാത്രി എട്ട് മണിക്ക് ചാനലിന്റെ flagship program എന്ന വിശേഷണമുള്ള പരിപാടിയിൽ (പകലന്തിയോളം moral verbalism നടത്തിയ റിപ്പോർട്ടർ സഹപ്രവർത്തകരെ വകഞ്ഞുമാറ്റി) നിലയവിദ്വാൻ ആങ്കർ വല്യ വൃന്ദവാദ്യങ്ങളോടെ പ്രത്യക്ഷപ്പെട്ട്, (പശ്ചാത്തല സംഗീതം നിലച്ചു കഴിയുന്നതോടെ) വളിച്ച മധ്യവർഗ, പുരുഷ, പിന്തിരിപ്പൻ വഷളത്തരങ്ങൾ വിളമ്പുക. അതിന് വിദൂഷകസേവയ്ക്കായി ചില നിരീക്ഷക ആഭാസന്മാരും.

ഇത് കാണാനും ആസ്വദിക്കാനും ഇരിക്കുന്നവർ ഒഴിച്ചുള്ളവരോട് എനിക്കൊരു അഭ്യർത്ഥന മാത്രമേ ഉള്ളൂ. ഇതേ ജോലി ചെയ്യുന്ന ഒരാളാണ് ഞാനും. ഈ നിലയിലാണ് ഞാൻ മാധ്യമപ്രവർത്തനം നടത്തുന്നത് എന്ന് തോന്നുന്നുണ്ടെങ്കിൽ നിങ്ങൾ എന്നെ കല്ലെറിയൂ. അല്ലെങ്കിൽ സമൂഹവിരുദ്ധ പ്രവൃത്തിക്ക് എന്നെ ജയിലിൽ അടയ്ക്കൂ. മാധ്യമ പ്രവർത്തനത്തിന്റെ ഒരുവശത്ത് വേരോടിക്കൊണ്ടിരിക്കുന്ന സമൂഹദ്രോഹത്തിന്റെ ഭീഷണി ഒന്നോ രണ്ടോ ദിവസം കൊണ്ട് തീരുന്നതല്ല. തലമുറകൾക്ക് മേൽ വിപൽപ്പിണറായി പതിക്കാവുന്ന ദുർബോധനം ആണത്.

ഇന്നേവരെ പല ആവർത്തി സ്ഥിരീകരിക്കാതെ ഒരു വാക്കുപോലും ഉച്ചരിക്കുകയോ എഴുതുകയോ ചെയ്തിട്ടില്ലാത്ത എനിക്കുപോലും എന്നെ പലപ്പോഴും സംശയമാണ്. ഈ ജോലിയിൽ ഞാൻ എന്റെ പ്രേക്ഷകരോട് നീതി കാട്ടുന്നുണ്ടോ, സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങളോട് ആദരവോടെ പെരുമാറുന്നുണ്ടോ, ഇന്നിപ്പോൾ Media One ന്റെ ചുമതലയിൽ ഇരുന്ന് സഹപ്രവർത്തകരിൽ കൂടി ഇതേ ഉത്തരവാദിത്ത ബോധം വളർത്തുന്നുണ്ടോ എന്നെല്ലാം എനിക്ക് തന്നെ സംശയം വരാറുണ്ട്. ആ സംശയങ്ങൾ സ്വയം ചോദിച്ച് ഉവ്വ് എന്ന മറുപടി ഉള്ളിൽ നിന്ന് സമ്പാദിച്ചു കൊണ്ട് മാത്രമേ മുന്നോട്ട് പോകാൻ കഴിയുന്നുള്ളൂ.
അപ്പോഴും ഞാൻ പറയും. ഞാനും എന്റെ സഹപ്രവർത്തകരും വിമർശിക്കപ്പെടുക തന്നെ വേണം. അവർ അംഗീകരിക്കപ്പെടുന്നുവെങ്കിൽ അതിനൊപ്പം. കാരണം വിമർശനമാണ് എന്നെയും അവരെയും തിരുത്തുക. അല്പം കൂടുതൽ നല്ല മാധ്യമപ്രവർത്തകരാക്കുക. അതേ വേണ്ടൂ. അല്ലാതെ ഭൂലോക ബോറന്മാരായി, നാടിന്റെ നല്ല പാരമ്പര്യത്തിനും ജേണലിസത്തിന്റെ ഉത്തമദൃഷ്ടാന്തങ്ങൾക്കും തീരാക്കളങ്കം വരുത്തിവെക്കുന്ന മലീമസ മനസ്‌കരായി, ഉളുപ്പില്ലാത്ത ഉണ്ണാക്കന്മാരായി ഞാനും അവരും മാറരുത്.
നന്ദി.
പ്രമോദ് രാമൻ

വിനുവിന്റെ പോസ്റ്റ് ഇങ്ങനെ:

 

ഹർഷന്റെ പോസ്റ്റ് വായിക്കാം

പ്രമോദ് രാമൻ ഏഷ്യാനെറ്റിന്റെ ആദ്യ അവതാരകമുഖം ആയിരുന്നു. അയാളെ നീചമായി പൊതു മധ്യത്തിൽ അവഹേളിക്കുമ്പോ വിനൂ നീ ഇങ്ങനെ ചെയ്യരുത് എന്ന് ഒരക്ഷരം പറയാത്ത ഏഷ്യാനെറ്റ് തലപ്പത്തെ മറ്റുള്ളവർ അത്ഭുതപ്പെടുത്തുന്നു. ഇവരിത് എത്ര താഴ്ചയിലേക്കാണ് പോകുന്നത്.

- ഏഷ്യാനെറ്റിലും പിന്നീട് ഏഷ്യാനെറ്റ് ന്യൂസിലും മുമ്പ് സഹപ്രവർത്തകനായിരുന്ന ഒരു സുഹൃത്ത് ഇന്ന് അയച്ച മെസേജാണിത്.മെസേജ് അയച്ച സുഹൃത്തിനോട് പറഞ്ഞത് ഇവിടെയും പറയണം എന്ന് തോന്നി -വിമർശനവും അധിക്ഷേപവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയണമെങ്കിൽ മനുഷ്യനെപ്പോലെ ചിന്തിക്കണം , അതിന് ആവതില്ലാത്തവരെ തിരുത്താൻ ആർക്കും കഴിയില്ല.മാനുഷികമായ എല്ലാ സംഗതികളേയും ഇൻക്ലൂസീവായി സമീപിക്കാനുള്ള ബോധത്തിലേക്ക് എപ്പോഴെങ്കിലും പുതുക്കപ്പെട്ട ഒരാളല്ല നമ്മുടെ പഴയ സഹപ്രവർത്തകൻ .

അമിതമായ അരക്ഷിതബോധത്തിൽ ഉഴലുന്ന ഒരാൾ ഒരു മാധ്യമസ്ഥാപനത്തിൽ അധികാരം കൂടി കയ്യാളുമ്പോഴത്തെ അപകടമാണ് ഏഷ്യാനെറ്റ് ന്യൂസിൽ കാണുന്നത്.കമ്പനി മുതലാളിയുടെ സംഘപരിവാർ രാഷ്ട്രീയ പദ്ധതി അപ്പടി നടപ്പാക്കുന്ന കങ്കാണിമാരിൽ പ്രമുഖൻ വിനു വി ജോൺ ആയതു കൊണ്ട് മറ്റ് മുതിർന്ന മാധ്യമ പ്രവർത്തകർക്ക് മൗനം പാലിക്കുകയേ തരമുള്ളൂ. മതനിരപേക്ഷവും പുരോഗമനപരവുമായ ഉറച്ച നിലപാടുള്ളവർ ആ സ്ഥാപനത്തിലില്ലാഞ്ഞിട്ടല്ല,പക്ഷേ വിവരദോഷത്തിനും സംഘി യുക്തിക്കും മുന്നിൽ നിശബ്ദരാണ്.

- ഏഷ്യാനെറ്റ് ന്യൂസിന്റെയും ട്വന്റി ഫോറിന്റെയും ഫ്‌ളോർ പരസ്പരം തുപ്പിക്കളിക്കാനാണ് ഇരു ചാനലുകളിലേയും പ്രമുഖ മുഖങ്ങൾ ഇപ്പോൾ പ്രയോജനപ്പെടുത്തുന്നത്. എങ്കിലും ഇരു സ്ഥാപനങ്ങളിലേയും മുതലാളിമാർ ഐക്യപ്പെടുന്നത് സംഘപരിവാർ വിധേയത്വത്തിലാണ്.

കർഷക സമരം അടിച്ചമർത്താൻ കേന്ദ്രം പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ട്. കർഷകരെ ആക്രമിച്ച് ജയിലിൽ പോയി നേതാവായി തിരിച്ചു വരാൻ അണികളാട് ആഹ്വാനം ചെയ്യുകയാണ് ഹരിയാനാ മുഖ്യമന്ത്രി .നാല് കർഷകരെ വണ്ടികയറ്റി കൊന്നുകളഞ്ഞതും കർഷക സമരനായകരിലൊരാളായ കൃഷ്ണപ്രസാദിനെ മലയാള മാധ്യമങ്ങൾക്കു മുന്നിൽ നിന്ന് ഇടിച്ചുരുട്ടി പൊലീസ് കൊണ്ടുപോയതും ഒക്കെ വാർത്തയായ പകലിനൊടുവിലാണ് വിനു വി ജോണും ട്വന്റി ഫോറും ചെമ്പോലയും കൃപാസനവുമൊക്കെ ചർച്ചയ്‌ക്കെടുത്ത് നാട് നന്നാക്കിയത്. തൽക്കാലം കർഷക സമരത്തിൽ നിന്ന് നൈസായി സ്‌കൂട്ടായി എന്ന് ആശ്വസിക്കണ്ട,ചരിത്രത്തിൽ നിങ്ങൾ ഒറ്റുകാരും കുലംകുത്തികളും ആയിരിക്കും.

ഗോദി മീഡിയാ ബ്രിഗേഡിലേയ്ക്ക് വിനു ഏഷ്യാനെറ്റിനെ തള്ളിക്കയറ്റുന്നത് കാണുമ്പോ പ്രമോദ് രാമന് പൊള്ളും, വിമർശിക്കും. പക്ഷേ മൽപ്പിടുത്തത്തിലെ ഒരു പൊതു തത്വം പ്രമോദ് രാമൻ മറന്നു പോയി.

NB -രാഷ്ട്രീയവും നൈതികവുമായ ഒരു ചോദ്യം ഉയർത്തുമ്പോൾ നീ കള്ളുകുടിയനല്ലേ എന്ന് ചോദിക്കുന്ന യുക്തിയുടെ പേരാണ് സംഘിസം എന്ന് ഫേസ്‌ബുക്കിൽ ഒരു സഹൃത്ത് പറഞ്ഞത് ഒരിക്കൽക്കൂടി ആവർത്തിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP