Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മെഗാ സ്റ്റാറിനെ പിണക്കാൻ ചാനലിന് പേടി; സീരിയൽ താരങ്ങളെ മമ്മൂട്ടി പരിഹസിക്കുന്ന രംഗങ്ങൾ സംപ്രേഷണം ചെയ്യാതെ ഏഷ്യാനെറ്റ്; ടെലിവിഷൻ അവാർഡ് നിശ സംപ്രേഷണം ചെയ്തത് വിവാദ രംഗങ്ങൾ കട്ട് ചെയ്ത ശേഷം

മെഗാ സ്റ്റാറിനെ പിണക്കാൻ ചാനലിന് പേടി; സീരിയൽ താരങ്ങളെ മമ്മൂട്ടി പരിഹസിക്കുന്ന രംഗങ്ങൾ സംപ്രേഷണം ചെയ്യാതെ ഏഷ്യാനെറ്റ്; ടെലിവിഷൻ അവാർഡ് നിശ സംപ്രേഷണം ചെയ്തത് വിവാദ രംഗങ്ങൾ കട്ട് ചെയ്ത ശേഷം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മലയാള സിനിമയിലെ മെഗാ സ്റ്റാറിനെ പിണക്കാൻ ഒരു മാദ്ധ്യമങ്ങളും തയ്യാറാകാറില്ല. വിനോദ ചാനൽ എന്ന നിലയിൽ സിനിമാക്കാരുമായി ഊഷ്മള ബന്ധം വച്ചുപുലർത്തണം എന്നതുകൊണ്ടാണ് ഇങ്ങനെ തീരുമാനമെടുക്കാൻ ഒരു ചാനലുകളും തയ്യാറാകാത്തത്. തങ്ങളുടെ ടെലിവിഷൻ അവാർഡ് നിശയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ സോഷ്യൽ മീഡിയയിൽ കത്തിപ്പടരുകയും സീരിയൽ താരങ്ങൾ താരത്തിനെതിരെ പരസ്യമായി രംഗത്തെത്തുകയും ചെയ്‌തെങ്കിലും സൂപ്പർതാരത്തെ സംരക്ഷിച്ചുകൊണ്ടാണ് ഏഷ്യാനെറ്റ് രംഗത്തെത്തിയത്. സീരിയൽ താരങ്ങളെ മമ്മൂട്ടി അവാർഡ് നിശയുടെ വേദിയിൽ വച്ച് അപമാനിച്ചു എന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദം. അങ്കമാലിയിൽ വച്ച് നടന്ന അവാർഡ് നിശയിലായിരുന്നു സംഭവം. മറുനാടൻ മലയാളി ഇക്കാര്യം റിപ്പോർട്ട് ചെയ്യുകയും സംവിധായകൻ സുജിത്ത് സുന്ദർ മറുനാടൻ മലയാളിയോട് പ്രതികരിക്കുകയും ചെയ്തിരുന്നു.

അങ്കമാലിയിലെ അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ വച്ച് സംഘടിപ്പിച്ച ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ് 2015യിൽ സമ്മാനദാനത്തിന് എത്തിയ മെഗാതാരം സീരിയൽ താരങ്ങളെ അടച്ചാക്ഷേപിച്ച് സംസാരിച്ചെന്നായിരുന്നു സീരിയൽ താരങ്ങൾ പരാതിപ്പെട്ടത്. താരത്തിന്റെ പെരുമാറ്റത്തിലുള്ള കടുത്ത അമർഷം വേദിയിൽ വച്ച് തന്നെ ചില താരങ്ങൾ തുറന്നു പറയുകയും ചെയ്തിരുന്നു. അവാർഡ് നിശയുടെ സംപ്രേഷണം രണ്ട് ദിവസങ്ങളിലായി ഏഷ്യാനെറ്റ് സംപ്രഷണം ചെയ്തിരുന്നു. എന്നാൽ, മമ്മൂട്ടിയുടെ ഭാഗത്തു നിന്നുണ്ടായ വിവാദ പരാമർശങ്ങൾ ഒഴിവാക്കിയാണ് പരിപാടി സംപ്രേഷണം ചെയ്തത്. മമ്മൂട്ടിയുടെ പ്രസംഗത്തിലെ വിവാദ ഭാഗങ്ങളും പരാമർശങ്ങളും കട്ട് ചെയ്ത് ചാനലിനെ പിണക്കാതിരിക്കാനാണ് ഏഷ്യാനെറ്റ് ശ്രമിച്ചത്.

അതേസമയം മമ്മൂട്ടിയെ ചൊല്ലി വിവാദം ഉയർന്ന വേളയിൽ അവാർഡ് നൈറ്റിന്റേതായി പുറത്തിറക്കിയ പ്രൊമോ വീഡിയോയിൽ മമ്മൂട്ടിയുടെ ഭാഗത്തു നിന്നും എന്തോ വീഴ്‌ച്ചയുണ്ടായി എന്ന വിധത്തിലായിരുന്നു അവതരിപ്പിച്ചത്. അതുകൊണ്ട് തന്നെ മമ്മൂട്ടി എന്താണ് പറഞ്ഞതെന്നറിയാനുള്ള ആകാംക്ഷയിൽ നിരവധി പേർ അവാർഡ് നിശ കാണാൻ ഇരിക്കുകയും ചെയ്തു. ഫലത്തിൽ വിവാദമായതോടെ ടെലിവിഷൻ അവാർഡ് നിശ ഹിറ്റായി മാറുകയും ചെയ്തു.

അവാർഡ് നിരയിൽ കറുത്ത മുത്ത് മികച്ച പരമ്പര ആയും, കറുത്ത മുത്തിലെ അഭിനയത്തിന് കിഷോർ സത്യയെ മികച്ച നടനായും പരസ്പരത്തിലെ അഭിനയത്തിന് ഗായത്രിയെ മികച്ച നടിയായും തിരഞ്ഞെടുത്തു. പ്രശസ്ത ചലച്ചിത്ര താരങ്ങളായ വേദിക, രമേഷ് പിഷാരടി, ധർമജൻ, നടാഷ, പ്രമുഖ ടെലിവിഷൻ താരങ്ങൾ തുടങ്ങിയവരുടെ വിവിധ കലാപരിപാടികൾ കൂടാതെ ബലൂൺ ഡാൻസ്, ഹോളോമാൻ ഡാൻസ്, ശ്രേയ് ഖന്നയുടെ നെത്ര്വതിൽ ഇൻവിസിബ്ൾ ടീമിന്റെ നൃത്തചുവടുകൾ, കോമഡി സ്‌കിറ്റുകൾ എന്നിവ കൊണ്ട് വർണാഭമായിരുന്നു ഏഷ്യാനെറ്റിന്റെ അവാർഡ് നിശ. ഇതടക്കമുള്ള എല്ലാം പരിപാടികൾ ചാനൽ സംപ്രേഷണം ചെയ്തു.

കഴിഞ്ഞമാസം 21ാം തീയ്യതിയായിരുന്നു അങ്കമാലിയിലെ കൺവെൻഷൻ സെന്ററിൽ വച്ച് ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ് സംഘടിപ്പിച്ചത്. ഏഷ്യാനെറ്റിലെ മികച്ച സീരിയലുകളെയും നടീനടന്മാരെയും തെരഞ്ഞെടുക്കുന്ന പരിപാടിയായിരുന്നു ഇത്. ഇതിൽ പ്രമുഖർക്ക് അവാർഡ് നൽകാൻ വേണ്ടിയാണ് മമ്മൂട്ടിയെ ക്ഷണിച്ചിരുന്നത്. എന്നാൽ, വേദിയിൽ എത്തിയതോടെ തീർത്തും അക്ഷമനായി കാണപ്പെട്ട മമ്മൂട്ടി അവാർഡിന്റെ മാനദണ്ഡം എന്താണെന്നും മികച്ച സീരിയലുകളെയും പരിഹസിക്കുകയാണ് ഉണ്ടായത്.

ഓരോ അവാർഡും പ്രഖ്യാപിക്കുമ്പോൾ സമ്മാനം കൊടുക്കേണ്ട ചുമതലയായിരുന്നു മെഗാതാരത്തിന്. മികച്ച നടനുള്ള അവാർഡ് കിഷോർ സത്യയ്ക്ക് (കറുത്തമുത്ത്) നൽകിയ ശേഷം തുടർന്ന് അവാർഡ് സമ്മാനിക്കാൻ അവിടെ നിൽക്കേണ്ട മമ്മൂട്ടി അവിടെ നിൽക്കാൻ കൂട്ടാക്കിയില്ല. പിന്നീട് മൈക്ക് കിട്ടിയപ്പോഴാണ് താരം തന്റെ അസഹിഷ്ണുത പ്രകടിപ്പിച്ചത്. സീരിയൽ താരങ്ങളെ അടച്ചാക്ഷേപിക്കുന്ന വിധമായിരുന്നു മമ്മൂട്ടി സംസാരിച്ചതെന്നാണ് ആക്ഷേപം. എല്ലാവർക്കും അവാർഡ് കിട്ടിയല്ലോ? എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് അവാർഡ് നൽകുന്നത്?എല്ലാവരെയും സന്തോഷിപ്പിക്കാൻ വേണ്ടിയല്ലേ ഏഷ്യാനെറ്റിന്റെ പരിപാടി ഇങ്ങനെ പറഞ്ഞ് സംഘാടകരെയും സീരിയൽ താരങ്ങളെയും മമ്മൂട്ടി പരിഹസിച്ചു.

ഒരോ അവാർഡിന് ബെസ്റ്റ് ഡയറക്ടർ നടൻ തുടങ്ങി.. ഓരോ അവാർഡ് വാങ്ങാനുമായി അവതാരക വേദിയിലേക്ക് ആളെ ക്ഷണിച്ചപ്പോഴും മമ്മൂട്ടി പരിഹാസം തുടർന്നു. 'ബെസ്റ്റ്' എന്ന വാക്കിനെ കൂടുതൽ കടുപ്പത്തിൽ പറഞ്ഞുകൊണ്ടായിരുന്നു താരത്തിന്റെ പ്രവൃത്തി. കൂടാതെ അവാർഡ് വേദിയിൽ വച്ചും അദ്ദേഹം സീരിയലുകളെ വിമർശിക്കുകയും ചെയ്തു. ദിലീപ്, ജയറാം, ആസിഫലി, ഭാമ, നമിത പ്രമോദ്, കാവ്യ മാധവൻ, അജു വർഗീസ്, തുടങ്ങിയ സിനിമാതാരങ്ങളും സദസിൽ ഇരിക്കുമ്പോഴായിരുന്നു മമ്മൂട്ടിയുടെ ഭാഗത്തു നിന്നും പ്രതീക്ഷിക്കാത്ത വിധത്തിലുള്ള പെരുമാറ്റം ഉണ്ടായത്. മെഗാ സ്റ്റാർ ഇങ്ങനെ പെരുമാറിയതോടെ ഇവരും വല്ലാതെയായി. ടെലിവിഷൻ രംഗത്തു നിന്നും സിനിമയിൽ എത്തിയ ആശ ശരതും അവാർഡ് പരിപാടിക്ക് എത്തിയിരുന്നു.

മമ്മൂട്ടിയുടെ ഭാഗത്തു നിന്നും മോശമായ പരാമർശങ്ങളിൽ തുറന്നടിച്ച് സീരിയൽ സംവിധായകൻ സുജിത്ത് സുന്ദർ വേദിയിൽ വച്ച് പ്രതികരിച്ചിരുന്നു. പിന്നീട് അവാർഡ് നിശയിൽ നടന്ന കാര്യങ്ങൾ അദ്ദേഹം മറുനാടൻ മലയാളിയോട് തുറന്നുപറയുകയും ചെയ്തിരുന്നു. ഏഷ്യാനെറ്റ് സിനിമാ അവാർഡ് വാങ്ങുന്ന പതിവുള്ള മമ്മൂട്ടി സീരിയൽ താരങ്ങളുടെ അവാർഡിനെ പരിഹസിച്ചത് അംഗീകരിക്കാൻ സാധിക്കില്ലെന്നായിരുന്നു സുജിത്ത് സുന്ദർ മറുനാടൻ മലയാളിയോട് പറഞ്ഞത്. എന്തായാലും മമ്മൂട്ടി ഉൾപ്പെട്ട വിവാദങ്ങളുടെ അകമ്പടിയോടെ ഏഷ്യാനെറ്റിന്റെ ടെലിവിഷൻ അവാർഡ് നിശ പ്രേക്ഷക ശ്രദ്ധ നേടുകയുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP