Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

ലോ അക്കാഡമിക്കെതിരെ നിരാഹാരം കിടക്കുന്ന വി മുരളീധരൻ കേരള ഹസാരേ ആകുമോയെന്ന് ഞാൻ ഭയപ്പെടുന്നു; കേരളത്തിൽ മാവോയിസ്റ്റുകൾ ഒഴികെ മറ്റെല്ലാ രാഷ്ട്രീയ കക്ഷികളിലും അക്കാഡമി നടത്തിപ്പുകാർക്ക് സ്വാധീനമുണ്ട്; ചെറിയ കാര്യങ്ങളിൽ സമരം വിജയിക്കുമെങ്കിലും വിദ്യാർത്ഥികൾക്ക് വലിയ പ്രതീക്ഷവേണ്ടെന്ന് തുറന്നടിച്ച് അഡ്വ. ജയശങ്കർ

ലോ അക്കാഡമിക്കെതിരെ നിരാഹാരം കിടക്കുന്ന വി മുരളീധരൻ കേരള ഹസാരേ ആകുമോയെന്ന് ഞാൻ ഭയപ്പെടുന്നു; കേരളത്തിൽ മാവോയിസ്റ്റുകൾ ഒഴികെ മറ്റെല്ലാ രാഷ്ട്രീയ കക്ഷികളിലും അക്കാഡമി നടത്തിപ്പുകാർക്ക് സ്വാധീനമുണ്ട്; ചെറിയ കാര്യങ്ങളിൽ സമരം വിജയിക്കുമെങ്കിലും വിദ്യാർത്ഥികൾക്ക് വലിയ പ്രതീക്ഷവേണ്ടെന്ന് തുറന്നടിച്ച് അഡ്വ. ജയശങ്കർ

തിരുവനന്തപുരം: കേരളത്തിൽ മാവോയിസ്റ്റ് ഒഴികെയുള്ള എല്ലാ രാഷ്ട്രീയ കക്ഷികളുടേയും നേതാക്കന്മാരുടെ ശുപാർശക്കത്തുകൾ ലോ അക്കാഡമി മേധാവി നാരായണൻ നായരുടെ കൈവശമുണ്ടെന്നും അതുകൊണ്ടാണ് വിദ്യാർത്ഥികൾ സമരം ചെയ്യുമ്പോഴും നേതാക്കന്മാർ മയപ്പെട്ടുനിൽക്കുന്നതെന്നും അഡ്വ. ജയശങ്കർ. ലോ അക്കാഡമിക്കുവേണ്ടി പാട്ടത്തിന് ലഭിച്ച സ്ഥലം എല്ലാ കക്ഷികളിലുമുള്ള സ്വാധീനം വച്ചാണ് അവർ സ്വന്തമാക്കിയതെന്നും അതിൽ നിന്ന് അവരെ ഒഴിപ്പിക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും ജയശങ്കർ ചാനൽ ചർച്ചയിൽ തുറന്നടിച്ചു.

ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ ചർച്ചയിലാണ് രാഷ്ട്രീയ നിരീക്ഷകനും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ. എസ് ജയശങ്കർ തന്റെ അഭിപ്രായങ്ങൾ വ്യക്തമാക്കുന്നത്. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വി എസ് ജോയി, ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ വി. മുരളീധരൻ, എസ്എഫ്‌ഐ നേതാവ് പ്രതിൻ സാജ് കൃഷ്ണ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. കഴിഞ്ഞദിവസം ഫേസ്‌ബുക്ക് പോസ്റ്റിലും ജയശങ്കർ ഇതേ അഭിപ്രായം പങ്കുവച്ചിരുന്നു.

Stories you may Like

ജയശങ്കറിന്റെ അഭിപ്രായങ്ങൾ ഇങ്ങനെ

വിദ്യാർത്ഥി സമരമാണെങ്കിലും ഇതൊരു പൊതു പ്രശ്‌നമാണ്. ലക്ഷ്മിനായരുടെ വിദ്യാർത്ഥികളോടുള്ള സമീപനത്തെ ചൊല്ലിയുള്ള പ്രശ്‌നമെല്ലാം നിസ്സാര പ്രശ്‌നങ്ങളാണ്. അത് തൊലിപ്പുറമേയുള്ള രോഗത്തെ പോലെ കണ്ടാൽ മതി. ഈ വിദ്യാർത്ഥി പ്രശ്‌നമല്ല, ഒരു പൊതുപ്രശ്‌നം ഇതിൽ അന്തർഭവിച്ചിട്ടിണ്ട്. പൊതു സ്ഥാപനമായി, ചാരിറ്റബിൾ സൊസൈറ്റീസ് ആക്റ്റ് പ്രകാരം ആരംഭിച്ച ഒരു സ്ഥാപനം. അതിനായി സർക്കാർ പാട്ടത്തിന് കൊടുത്ത കൊടുത്ത സ്ഥലം ഒരാളുടെ കുടുംബസ്വത്തായി മാറുക.

ആ വ്യക്തിയുടെ നേതൃത്വത്തിൽ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ മൊത്തത്തിൽ മലീമസമാക്കുന്ന പ്രവർത്തനങ്ങൾ അവിടെ നടക്കുക. ഇതിന്് സിപിഎമ്മിന്റെ മാത്രം പിന്തുണയല്ല ഉള്ളത്. എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും ഒത്താശയോടെയാണ് നാരായണൻ നായർ അവിടെ ക്രമവിരുദ്ധമായ കാര്യങ്ങൾ ചെയ്തിട്ടുള്ളത്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇതുവരെ മാദ്ധ്യമങ്ങൾപോലും ഇക്കാര്യം ശ്രദ്ധിക്കുകയോ ഒരു റിപ്പോർട്ട് നൽകുകയോ ചെയ്തിട്ടില്ല. 1998ലോ മറ്റോ ആണ് ഇന്ത്യൻ എക്സ്‌പ്രസ് ലോ അക്കാഡമിയിലെ വഴിവിട്ട പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തത്. അന്ന് ഇന്ത്യൻ എക്സ്‌പ്രസിന്റ ഓഫീസ് അടിച്ചുതകർത്താണ് അക്കാഡമി വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്. ഇമ്മാതിരി കാര്യങ്ങളെല്ലാം ചെയ്യിക്കാൻ കഴിവുള്ളയാളാണ് അതിന്റെ നടത്തിപ്പുകാരൻ.

തിരുവനന്തപുരംകാരനായ അദ്ധ്യാപകൻ ഡോ. റസലുദ്ദീനെ പിരിച്ചുവിട്ടത് നോട്ടീസ് ബോർഡിൽ നോട്ടീസ് ഇട്ടുകൊണ്ടാണ്. എവിടെയും കേട്ടുകേൾവിയില്ലാത്തതാണിത്. നിങ്ങളുടെ സേവനം അവസാനിപ്പിച്ചിരിക്കുന്നു എന്ന് നോട്ടീസ് ഇട്ട് പിരിച്ചുവിട്ടത് കേരള ചരിത്രത്തിൽതന്നെ ഒരേയൊരു സംഭവമായിരിക്കും. ലോ അക്കാഡമി നടത്തിപ്പുകാരനായ നാരായണൻ നായരുടെ സഹോദരിയുടെ മകനാണ് പിൽക്കാലത്ത് നിയമസർവകലാശാലയുടെ വിസി ആയി മാറിയ ഡോ. ജയകുമാർ. എഴുപതുകളിൽ ഇദ്ദേഹം ഒരേസമയം കേരള യൂണിവേഴ്‌സിറ്റിയിൽ എംഎയും അക്കാഡമിയിൽ എൽഎൽബിയും ചെയ്തു.

ഇതെങ്ങനെ സാധിച്ചുവെന്നത് അദ്ദേഹത്തിന് മാത്രം കഴിയുന്ന അത്ഭുതമാണ്. നാരായണൻ നായരായിരുന്നു ഇതിന് പിന്നിൽ പ്രവർത്തിച്ചത്. ഇത്തരത്തിൽ സ്വാധീനം ഉപയോഗിച്ച് എന്തും ചെയ്യാൻ കഴിയുമെന്ന് വ്യക്തമാക്കിയിട്ടുള്ള നാരായണൻ നായരുടെ സ്ഥാപനത്തിനെതിരെ വിദ്യാർത്ഥി സമരം നടത്തിയാൽ വിജയിക്കാൻ ബുദ്ധിമുട്ടാണ് - ജയശങ്കർ ചർച്ചയിൽ പറഞ്ഞു.

മറ്റിടങ്ങളിൽ സമരം ചെയ്യുന്നതുപോലെ ഇവിടെ സമരം ചെയ്യാനാവില്ലെന്നും എല്ലാ പാർട്ടികളുടേയും ഒത്താശ ഇവർക്കുണ്ടെന്നും ജയശങ്കർ ഓർമിപ്പിക്കുന്നു. ഇവർക്കെതിരെ സമരം ചെയ്യാൻ ഭയപ്പെടണം. എൻഎസ്എസ്സോ സഭയോ എസ്എൻട്രസ്‌റ്റോ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെയൊക്കെ സമരം ചെയ്യാം. പക്ഷേ, ഇവിടെ സമരം ചെയ്യാൻ സൂക്ഷിക്കണം. ഇവർക്ക് എല്ലാ പാർട്ടിയിലും ആൾക്കാരുണ്ട്. അതുകൊണ്ട് നിങ്ങളുടെ സമരം വിജയിക്കാൻ പോകുന്നില്ല - ജയശങ്കർ പറയുന്നു.

നിരാഹാരം കിടക്കുന്ന ഒരാളെ പറ്റി തമാശ പറയാൻ പാടില്ല. പക്ഷേ, മുരളീധരൻ തെറ്റിദ്ധരിക്കില്ലെന്ന് ഞാൻ വിചാരിക്കുന്നു. കേരള ഹസാരെ ആയി മാറുമെന്നാണ് ഞാൻ ഭയപ്പെടുന്നത്. അങ്ങനെ ആകാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കൃഷ്ണൻ നായർ സിപിഎമ്മിൽ നിൽക്കുമ്പോൾ തന്നെ നാരായണൻ നായർ സിപിഐക്കാരനായാണ് ഭാവിക്കുന്നത്. അദ്ദേഹത്തിന്റെ ശ്രീമതി പൊന്നമ്മ നാരായണൻ നായർ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ വനിതാവിഭാഗം പ്രസിഡന്റായിരുന്നു. റവന്യൂ വകുപ്പ് മാറി മാറി കൈകാര്യം ചെയ്തിരുന്നത് ഒന്നുകിൽ സിപിഐയോ അല്ലെങ്കിൽ ജോസഫ് ഗ്രൂപ്പോ ആയിരുന്നു എന്നറിയുമ്പോൾ കാര്യങ്ങളുടെ ഏകദേശ രൂപം വ്യക്തമാകും.

സർക്കാരിൽ നിന്ന് പാട്ടത്തിന് കൊടുത്ത സ്ഥലം അദ്ദേഹത്തിന് പതിച്ചുകിട്ടാൻ വേണ്ടിയാണ് അദ്ദേഹം ആദ്യകാലത്ത് സിപിഐ ആയിട്ടും പിൽക്കാലത്ത് അദ്ദേഹത്തിന്റെ ഭാര്യ ജോസഫ് ഗ്രൂപ്പായിട്ടും ഒക്കെ നിന്നത്. പിജെ ജോസഫ് റവന്യൂ മന്ത്രിയായിരിക്കെയാണെന്ന് തോന്നുന്നു ഈ സ്ഥലം ലോ അക്കാഡമിയുടെ പേർക്ക് പതിച്ചുകൊടുക്കുന്നത്.

അങ്ങനെ പതിച്ചുകൊടുത്ത സ്ഥലത്തുനിന്ന് അത്ര പെട്ടെന്നൊന്നും അവരെ ഒഴിപ്പിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. അതൊരു അത്യാഗ്രഹമാണ്. ചുരുങ്ങിയപക്ഷം അവിടത്തെ ദളിത് പീഡനം അവസാനിപ്പിക്കുക, കുട്ടികൾക്ക് കുറച്ചുകൂടി സുതാര്യമായ അന്തരീക്ഷത്തിൽ പഠിക്കാൻ സാഹചര്യമുണ്ടാക്കുക അങ്ങനെ പരിമിതമായ ലക്ഷ്യത്തിലേക്ക് ചുരുക്കിയാലേ എന്തെങ്കിലുമൊക്കെ നടക്കൂ.

നാരായണൻ നായരുടെ രാഷ്ട്രീയ സ്വാധീനം സിപിഎമ്മിൽ ഒതുങ്ങുന്ന ഒന്നല്ല. കേരളത്തിൽ ഒരുപക്ഷേ മാവോയിസ്റ്റുകൾ ഒഴിച്ച് മറ്റെല്ലാ പാർട്ടികളുമായും അടുത്ത ബന്ധമുണ്ട്. പല നേതാക്കളും അദ്ദേഹത്തിന് ശുപാർശക്കത്തുകൊടുത്തവരാണ്. ഇഎംഎസും സി അച്യുതമേനോനും അടക്കമുള്ള നേതാക്കന്മാർ കുട്ടികൾക്ക് പ്രവേശനം നൽകണമെന്ന് കാണിച്ച് നൽകിയ ശുപാർശ കത്തുകളുടെ ഒരു ഫയൽ തന്നെ അദ്ദേഹത്തിന്റെ അടുത്തുണ്ടാകും. - ജയശങ്കർ ചർച്ചയിൽ ഓർമിപ്പിക്കുന്നു.

കോടിയേരിയുടെ മകൻ അവിടെ പഠിച്ചതായതുകൊണ്ടാണ് കോടിയേരി മയപ്പെടുത്തി പറയുന്നത്. വിഎസിന്റെ മകൻ അവിടെ പഠിച്ചിട്ടില്ലാത്തതുകൊണ്ടാണ് വി എസ് എതിർപ്പുമായി എത്തുന്നതും. തിരുവനന്തപുരത്ത് സമ്പത്ത് ഒഴികെ വക്കീലന്മാരായ എല്ലാ നേതാക്കന്മാരും അവിടെ പഠിച്ചവരാണ്. ഇന്ത്യൻ എക്സ്‌പ്രസ് മുമ്പ് വാർത്ത നൽകിയപ്പോൾ ജസ്റ്റീസ് വിആർ കൃഷ്ണയ്യരെ അതിനെതിരെ പരസ്യ പ്രസ്താവനയുമായി അണിനിരത്താൻ ഈ സ്ഥാപനത്തിന്റെ സ്വാധീനശക്തിക്ക് കഴിഞ്ഞുവെന്നും ജയശങ്കർ ഓർമിപ്പിക്കുന്നു. സമാനമായ അഭിപ്രായം വ്യക്തമാക്കി കഴിഞ്ഞദിവസം അഡ്വ. ജയശങ്കർ ഫേസ്‌ബുക്ക് പോസ്റ്റും നൽകിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP