Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

ചായ കിട്ടാത്തതിന് നിർമ്മാതാവിനെ തല്ലി; ടോപ് ഗിയർ അവതാരകൻ ജെറെമി ക്ലാർക്‌സനെ പുറത്താക്കി ബിബിസി; ഈ ആഴ്ച ഷോയും മുടങ്ങി

ചായ കിട്ടാത്തതിന് നിർമ്മാതാവിനെ തല്ലി; ടോപ് ഗിയർ അവതാരകൻ ജെറെമി ക്ലാർക്‌സനെ പുറത്താക്കി ബിബിസി; ഈ ആഴ്ച ഷോയും മുടങ്ങി

ലണ്ടൻ: താരങ്ങൾക്കും അവതാരകർക്കും പേരെടുത്താൽ പിന്നെ തലക്കനവും തൊട്ടതിനും പിടിച്ചതിനുമൊക്കെ തട്ടിക്കയറുന്ന സ്വഭാവവും ലോകമെങ്ങുമുള്ള പ്രതിഭാസമാണ്. എന്നാൽ സമയത്തിന് ചായ കിട്ടാത്തതിന് പ്രൊഡ്യൂസറെ തല്ലിയ അവതാരകന്റെ കഥ അത്ര സാധാരണമല്ല. ബിബിസിയിലെ ടോപ് ഗിയർ എന്ന ഷോയുടെ അവതാരകനായ ജെറെമി ക്ലാർക്ക്‌സനാണീ കഥയിലെ വില്ലൻ. ഷോയുടെ ഷൂട്ടിങ് നടക്കുന്നതിനിടെ യഥാസമയം ഭക്ഷണം ലഭിക്കാത്തതിനെ തുടർന്നാണ് ക്ലാർക്ക്‌സൻ ടോപ് ഗിയർ ഷോയുടെ അസിസ്റ്റന്റ് പ്രൊഡ്യൂസറായ ഓയിസിൻ ടൈമനെ കൈ മടക്കി ഒന്ന് കൊടുത്തത്. തുടർന്ന് ബിബിസി ക്ലാർക്ക്‌സനെ പുറത്താക്കുകയും തൽഫലമായി ഈ ആഴ്ച ടോപ് ഗിയർ ഷോ മുടങ്ങുകയും ചെയ്തു.

ദീർഘകാലമായി ബിബിസിയിൽ അവതാരകനായ 54 കാരനായ ക്ലാർക്ക്‌സൻ ബിബിസിയിൽ നിന്ന് പുറത്താക്കപ്പെട്ടതിനെ തുടർന്ന് വെസ്റ്റ് ലണ്ടനിലെ തന്റെ വീട്ടിൽ കഴിച്ച് കൂട്ടുന്നതിന്റെ ദൃശ്യങ്ങൾ ഇന്നലെ പുറത്ത് വന്നിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷം വെസ്റ്റ് ലണ്ടനിലെ നോട്ടിങ്ഹിൽ ഭാഗത്തുള്ള ഒരു പബിൽ ഒരു സുഹൃത്തിനോട് സംസാരിച്ചിരിക്കുന്ന ക്ലാർക്ക്‌സന്റെ ചിത്രവും പുറത്ത് വന്നി്ട്ടുണ്ട്.
ക്ലാർക്ക്‌സനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തതാണെന്ന് ബിബിസി ഇന്നലെ സ്ഥിരീകരിച്ചിട്ടുമുണ്ട്. ഏതാണ്ട് പത്ത് വർഷത്തോളമായി ക്ലാർക്ക്‌സൻ ഈ ഷോ അവതരിപ്പിക്കുന്നുണ്ട്. ബിബിസിയുടെ തലവന്മാർ തിങ്കളാഴ്ച ഇതു സംബന്ധിച്ച വെളിപ്പെടുത്തലുകൾ നടത്തിയതിനെത്തുടർന്നാണ് സംഭവം ലോകമറിഞ്ഞത്.

Stories you may Like

യഥാസമയം ഭക്ഷണം ഏർപ്പെടുത്തുന്നതിന്റെ ഉത്തരവാദിത്വം ആരോപിച്ചാണത്രെ ക്ലാർക്ക്‌സൻ അസിസ്റ്റന്റ് പ്രൊഡ്യൂസറെ തല്ലിയതെന്നാണ് ഒരു വാർത്താ ഉറവിടം വെളിപ്പെടുത്തുന്നത്. ബിബിസിയുടെ തലവന്മാർ ക്ലാർക്ക്‌സനെ വിളിപ്പിക്കുകയും അദ്ദേഹത്തിന്റെ സസ്‌പെൻഷൻ ഡയറക്ടർ ജനറൽ ടോണി ഹാൾ അംഗീകരിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ബിബിസി വൃത്തങ്ങൾ പറയുന്നത്. ഈ സംഭവം കൈകാര്യം ചെയ്യാൻ പൊലീസിനെ ഏൽപ്പിക്കുമെന്നും തെളിവായി ടോപ് ഗിയർ ഫൂട്ടേജ് ഹാജരാക്കപ്പെടുമെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ ക്ലാർക്ക്‌സന് കുറ്റബോധമുണ്ടെന്നും ബിബിസി വൃത്തങ്ങൾ അറിയിക്കുന്നു.

പ്രസ്തുത സംഭവത്തോടെ ടോപ്ഗിയർ അവതരിപ്പിക്കാൻ ബിബിസിയുമായി ക്ലാർക്ക്‌സൻ ഉണ്ടാക്കിയ ഒരു ദശലക്ഷം പൗണ്ടിന്റെ കോൺട്രാക്ട് അസാധുവായതായും ഇനി ഈ ഷോയിലേക്ക് അദ്ദേഹം തിരികെയെത്തുമെന്ന് തോന്നുന്നില്ലെന്നും ബിബിസിയുടെ ഒരു എക്‌സിക്യൂട്ടീവ് പറയുന്നു. വംശീയ വിദ്വേഷം തുളുമ്പുന്ന ഒരു വാക്ക് തന്റെ ഷോയിൽ ഉപയോഗിച്ചതിന്റെ പേരിൽ ബിബിസി ക്ലാർക്ക്‌സന് അന്ത്യശാസനം നൽകി ഒരു വർഷം തികയുന്നതിന് മുമ്പാണ് ഈ സസ്‌പെൻഷൻ ഉണ്ടായിരിക്കുന്നത്. ഇതിന് പുറമെ എന്നും വിവാദങ്ങളുടെ സഹയാത്രികനായിരുന്നു ക്ലാർക്ക്‌സൻ. എന്നാൽ തന്റെ സസ്‌പെൻഷനെ കുറിച്ച് പ്രതികരിക്കാൻ ക്ലാർക്ക്‌സൻ മൗനം പാലിക്കുകയാണ്. ഇപ്പോൾ വീട്ടിൽ സ്വസ്ഥജീവീതം നയിക്കുകയാണിദ്ദേഹം. എന്നാൽ ഈ സംഭവത്തെക്കുറിച്ച് ട്വിറ്ററിലൂടെ നേരിയ പരാമർശങ്ങൾ അദ്ദേഹം നടത്തിയിട്ടുമുണ്ട്. ടോപ് ഗിയറിലെ തന്റെ സഹതാരങ്ങളായ ജെയിംസ് മേ, റിച്ചാർഡ് ഹാമ്മൊൻഡ് എന്നിവരുമായുള്ള ഓൺലൈൻ സംഭാഷണങ്ങൾക്കിടെയാണ് ഈ പരാമർശങ്ങളുണ്ടായിരിക്കുന്നത്.

ബിബിസിയുടെ ഏററവും ജനപ്രിയ പരിപാടികളിലൊന്നാണ് ടോപ് ഗിയർ. ഏതാണ്ട് 214 രാജ്യങ്ങളിലും ഇതിന് പ്രേക്ഷകരുണ്ട്. എന്നാൽ ഈ സംഭവത്തെ തുടർന്ന് പ്രസ്തുത ഷോ നിർത്താൻ ബിബിസി ആലോചിക്കുന്നതായും സൂചനകളുണ്ട്. അതേ സമയം ബിബിസിയുടെ പ്രതിയോഗികളായ ബ്രോഡ്കാസ്റ്റർമാർ ഈ ഷോ റാഞ്ചാനും സാധ്യതയുണ്ട്.ഇതിന് മുമ്പ് തന്നെ സ്‌കൈ ഈ ഷോ ഏറ്റെടുക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ ബിബിസിയിൽ തന്നെ തുടരാൻ ക്ലാർക്ക്‌സൻ താൽപര്യം പ്രകടിപ്പിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ അതിനുള്ള അവസരമൊരുങ്ങിയിരിക്കുകയാണെന്ന സൂചനകളും ഉയർന്ന് വരുന്നുണ്ട്. എന്നാൽ ക്ലാർക്ക്‌സനെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി ലോകമെങ്ങുമുള്ള അദ്ദേഹത്തിന്റെ ആരാധകരും രംഗത്തിറങ്ങിയിട്ടുണ്ട്. റൈറ്റ് വിങ് പൊളിറ്റിക്കൽ ബ്ലോഗറായ ഗൈഡോ ഫാക്കെസ് ഇതിനായി തയ്യാറാക്കി ഒരു ഓൺലൈൻ പെറ്റീഷനിൽ ഇതുവരെ ഒരു ലക്ഷം ഒപ്പുകളാണ് ലഭിച്ചിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP