Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തൊഴിലില്ലായ്മ തുടച്ചു നീക്കാൻ കേന്ദ്ര സർക്കാരിന്റെ പുതു ചുവടുവെപ്പ്; ബിരുദധാരികൾക്ക് കോഴ്‌സ് കഴിഞ്ഞയുടൻ തൊഴിൽ പരിശീലനം നൽകാൻ 'ശ്രേയസ് പദ്ധതി'; പഠിച്ചിറങ്ങുന്ന കോഴ്‌സിന്റെ തൊഴിലിൽ വൈദഗ്ധ്യമുള്ളവരാക്കി യുവതലമുറയെ മാറ്റുന്നതാണ് പദ്ധതിയുടെ ഉദ്ദേശമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കർ

തൊഴിലില്ലായ്മ തുടച്ചു നീക്കാൻ കേന്ദ്ര സർക്കാരിന്റെ പുതു ചുവടുവെപ്പ്; ബിരുദധാരികൾക്ക് കോഴ്‌സ് കഴിഞ്ഞയുടൻ തൊഴിൽ പരിശീലനം നൽകാൻ 'ശ്രേയസ് പദ്ധതി'; പഠിച്ചിറങ്ങുന്ന കോഴ്‌സിന്റെ തൊഴിലിൽ വൈദഗ്ധ്യമുള്ളവരാക്കി യുവതലമുറയെ മാറ്റുന്നതാണ് പദ്ധതിയുടെ ഉദ്ദേശമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: തൊഴിലില്ലായ്മ എന്നതിനെ ഇന്ത്യൻ മണ്ണിൽ നിന്നും പാടെ തുടച്ച് നീക്കാനുള്ള ശ്രമവുമായി കേന്ദ്ര സർക്കാരിന്റെ പുത്തൻ ചുവട് വയ്‌പ്പ്. പഠിച്ചിറങ്ങുമ്പോൾ തന്നെ ബിരുദധാരികൾക്ക് തൊഴിൽ പരിശീലനത്തിൽ ഏർപ്പെടാനുള്ള 'ശ്രേയസ്' പദ്ധതിയാണ് സർക്കാർ ഇതിനായി മുന്നോട്ട് വെച്ചിരിക്കുന്നത്. കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം നടപ്പാക്കുന്ന പദ്ധതിവഴി കോഴ്‌സുമായി ബന്ധപ്പെട്ട് ഏതൊക്കെ തൊഴിൽ മേഖലയുണ്ടോ അവിടെയൊക്കെ ഇവരെ വൈദഗ്ധ്യമുള്ളവരാക്കി മാറ്റുക എന്നതാണ്  ഉദ്ദേശിക്കുന്നത്.

മാനവവിഭവശേഷി വകുപ്പിനു പുറമേ കേന്ദ്ര തൊഴിൽ വകുപ്പിന്റേയും നൈപുണ്യവികസന വകുപ്പിന്റേയും സഹകരണത്തോടെയാണ് ശ്രേയസ് നടപ്പാക്കുന്നത്. സ്‌കീം ഫോർ ഹയർ എജുക്കേഷൻ യൂത്ത് ഇൻ അപ്രന്റൈസ്ഷിപ്പ് ആൻഡ് സ്‌കിൽസ് എന്നതിന്റെ ചുരുക്കമാണ് ശ്രേയസ്. പഠിക്കുന്ന കാലത്ത് തന്നെ വിദ്യാർത്ഥികളിൽ നൈപുണ്യ വികസനം സൃഷ്ടിക്കുന്നതിലൂടെ രാജ്യത്തിന്റെ പുരോഗതിക്ക് പദ്ധതി ഏറെ സഹായിക്കുമെന്നും കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കർ അറിയിച്ചു.

ശ്രേയസ് പദ്ധതി നടപ്പാക്കുന്നതോടെ നോൺ-ടെക്നിക്കൽ കോഴ്സ് പഠിക്കുന്നവർക്ക് ഏറെ പ്രയോജനമാണ് ഉണ്ടാവുക. ശ്രേയസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാനുള്ള അവസരം അപ്രന്റൈസ്ഷിപ്പ് നൽകാൻ താത്പര്യമുള്ള വിദ്യാഭ്യാസ, വ്യാവസായിക സ്ഥാപനങ്ങൾക്ക് നൽകുമെന്നാണ് വിവരം. ഈ വർഷം ഏപ്രിൽ-മെയ് മാസത്തോടെ തന്നെ പദ്ധതി നടപ്പാക്കാനാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്. 40ലേറെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇതിനോടകം പദ്ധതിയുടെ ഭാഗമായിട്ടുണ്ട്.

സമകാലിക ലോകത്ത് ഏത് രാജ്യത്തിന്റെയും സാമ്പത്തിക വളർച്ചയ്ക്ക് നൈപുണ്യ നിർമ്മാണം, വിജ്ഞാനം എന്നിവ അത്യന്താപേക്ഷിതമാണ്. പ്രതിവർഷം 13 ദശലക്ഷം യുവജനങ്ങൾ തൊഴിൽ വിപണിയിൽ പ്രവേശിക്കുന്ന ഇന്ത്യ പോലൊരു രാജ്യത്ത് ഇത് കൂടുതലുമാണ്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് നൈപുണ്യ നിർമ്മാണം അനിവാര്യമാകാൻ മറ്റൊരു കാരണം കൂടിയുണ്ട്.

വ്യവസായവൽകൃത ലോകത്ത് തൊഴിൽശക്തി നാല് ശതമാനമായി കുറയുമെന്നു പ്രതീക്ഷിക്കപ്പെടുമ്പോൾ 20 വർഷക്കാലം കൊണ്ട് നമ്മുടെ രാജ്യത്ത് അത് 32 ശതമാനം വർധിക്കും. നൈപുണ്യമുള്ള തൊഴിൽ ശക്തിയുടെ കേന്ദ്രമായി ഇന്ത്യ മാറുമെന്നതിന്റെ സൂചകമാണ് ഇത്. അതുകൊണ്ടുതന്നെ നൈപുണ്യ വികസനം സർക്കാരിന്റെ അടിയന്തര മുൻഗണനയുമാണ്. ഭാവിയിലേക്കുള്ള ആവശ്യം കണക്കിലെടുത്ത് രണ്ടായിരത്തി ഇരുപത്തിരണ്ടോടെ കരുത്തും കഴിവുമുള്ള 500 ദശലക്ഷം നൈപുണ്യമുള്ള മനുഷ്യശേഷി സൃഷ്ടിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് സർക്കാർ നീങ്ങുന്നത്.

വെല്ലുവിളി വലുതായി പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും ഇന്ത്യയിലെ ആകെ തൊഴിൽ ശക്തിയുടെ 4.69 ശതമാനത്തിന് മാത്രമാണ് ഔപചാരിക നൈപുണ്യ പരിശീലനം ലഭിച്ചിട്ടുള്ളത്. ചില വികസ്വര രാജ്യങ്ങളുടേതിനേക്കാൾ കുറഞ്ഞ നിരക്കാണ് ഇത്. നൈപുണ്യമുള്ള മനുഷ്യ വിഭവശേഷി അമേരിക്കയുടേത് 52 ശതമാനവും ദക്ഷിണ കൊറിയയുടേത് 96 ശതമാനവും ആണ്. നൈപുണ്യ വികസന യത്നങ്ങളുടെ അളവും വേഗവും വർധിപ്പിക്കാനുള്ള കരുത്തുറ്റ ഒരു നയരൂപരേഖയും കർമ്മപരിപാടിയും വികസിപ്പിക്കുന്നതിന് നൈപുണ്യ വികസനത്തിനും സംരംഭകത്വത്തിനും എൻഡിഎ സർക്കാർ 2014 ഡിസംബറിൽ ഒരു പ്രത്യേക മന്ത്രാലയം രൂപീകരിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP