Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തൊഴിലന്വേഷകരെ ആവേശഭരിതമാക്കുന്ന ജോബ് ഫെസ്റ്റുമായി തൊഴിൽവകുപ്പ്; ദിശ എന്ന് പേരിട്ട മെഗാ ജോബ് ഫെയർ നടക്കുന്നത് ശനിയാഴ്ച തിരുവല്ലയിൽ; മിടുക്കരെ തേടി എത്തുന്നത് നിപ്പോൺ ടയോട്ടയും ഇൻസാഫും ഡാൽമിയയും ഇസാഫും ഭീമയും ഏഷ്യാനെറ്റും ബെഗ്ഗോറയും ആംസ്റ്റെക്കും അടക്കമുള്ള വമ്പന്മാരും;നിരവധി കമ്പനികളും നിരവധി ഒഴിവുകളും റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ പ്രതീക്ഷയുമായി തൊഴിൽ അന്വേഷകരും

തൊഴിലന്വേഷകരെ ആവേശഭരിതമാക്കുന്ന ജോബ് ഫെസ്റ്റുമായി തൊഴിൽവകുപ്പ്; ദിശ എന്ന് പേരിട്ട മെഗാ ജോബ് ഫെയർ നടക്കുന്നത് ശനിയാഴ്ച തിരുവല്ലയിൽ; മിടുക്കരെ തേടി എത്തുന്നത് നിപ്പോൺ ടയോട്ടയും ഇൻസാഫും ഡാൽമിയയും ഇസാഫും ഭീമയും ഏഷ്യാനെറ്റും ബെഗ്ഗോറയും ആംസ്റ്റെക്കും അടക്കമുള്ള വമ്പന്മാരും;നിരവധി കമ്പനികളും നിരവധി ഒഴിവുകളും റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ പ്രതീക്ഷയുമായി തൊഴിൽ അന്വേഷകരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിന്റെ ഏറ്റവും വലിയ ആശങ്കകളിലൊന്നാണ് തൊഴിലില്ലായ്മ. അഭ്യസ്ത വിദ്യർ ഏറെയുണ്ടായിട്ടും തൊഴിലില്ലായ്മ ഇപ്പോഴും കേരളത്തെ വലയ്ക്കുകയാണ്. ഇതിന്നിടയിൽ തൊഴിലന്വേഷകർക്ക് ആശ്വാസമായി വന്നെത്തുന്നതാണ് ജോബ് ഫെസ്റ്റുകൾ. ഇത്തരമൊരു മെഗാ ജോബ് ഫെസ്റ്റ് ആണ് തിരുവല്ല മാക്‌ഫെസ്റ്റ് കോളേജിൽ വരുന്ന ശനിയാഴ്ച നടക്കുന്നത്. തൊഴിലന്വേഷകരെ ആവേശഭരിതമാക്കുന്ന ജോബ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത് തൊഴിൽവകുപ്പാണ്. ദിശ എന്ന് പേരിട്ട മെഗാ ജോബ് ഫെയർ ആണ് തിരുവല്ലയിൽ വരുന്ന ശനിയാഴ്ച നടക്കുന്നത്. തിരുവല്ല മാക്‌ഫെസ്റ്റ് കോളേജിൽ ഒരു ദിവസം നീളുന്ന ജോബ് ഫെയർ ആണ് ഈ ഒൻപതിന് നടക്കുന്നത്. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളാണ് ദിശ ജോബ് ഫെയറിന് പിന്നിലുള്ളത്. തിരുവല്ലയിലെ മാക്‌ഫെസ്റ്റ് കോളേജ് ആണ് ജോബ് ഫെയറിനു ആതിഥ്യമരുളുന്നത്.

മികച്ച കമ്പനികളും സ്ഥാപനങ്ങളും ഉദ്യോഗാർഥികളെ തേടി എത്തുന്നു എന്നത് സർക്കാർ സംഘടിപ്പിക്കുന്ന ഈ മേളയെ വ്യത്യസ്തമാക്കുന്നു. ഇന്ത്യയിലെ പ്രമുഖമായ നാല്പതോളം കമ്പനികളാണ് മേളയ്ക്ക് എത്തുന്നത്. ഒരൊറ്റ ദിവസം മാത്രമാണ് മേളയെങ്കിലും കമ്പനികളുടെ പേരുകൾ ശ്രദ്ധിച്ചാൽ മേളയ്ക്ക് കമ്പനികൾ നൽകുന്ന പ്രാധാന്യം വ്യക്തമാകും. നിപ്പോൺ ടയോട്ടയും ഇൻസാഫ് ബാങ്കും ഡാൽമിയ സിമന്റ്‌സും, ഇസാഫ് ബാങ്കും ബീമ ജൂവലേഴ്‌സും ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷൻസും ബെഗ്ഗോറ ഇന്ഫ്രാസ്ട്രക്ചർ ആൻഡ് ഡെവലപ്പെഴ്‌സ്, ആംസ്റ്റെക്ക് എഞ്ചിനീയേഴ്‌സ്‌മൊക്കെ എത്തുന്നതും കേരളത്തിലെ മിടുക്കരെ തേടി തന്നെ. ഇവരെ ഒഴിച്ച് നിർത്തിയാൽ മറ്റു കമ്പനികളും ഇന്ത്യയിലെ ഒന്നാം നിരക്കാർ തന്നെ.

മെഡിക്കൽ കോളെജുകളും സോഫ്റ്റ്‌വെയർ കമ്പനികളും ബിൽഡേഴ്‌സുമൊക്കെ ഈ കമ്പനികളിലുണ്ട്. സമസ്ത മൈക്രോ ഫിനാൻസ്, മുത്തൂറ്റ് ഫിനാൻസ്, കെൽസ ലേണിങ് സർവീസസ്, ആഭാ സോഫ്റ്റ് ബിസിനസ് സൊല്യുഷൻ, ബിൽഡ്‌ടെക്ക് ബിൽഡെഴ്‌സ്, കൊണ്ടോട്ടി ഓട്ടോക്രാഫ്റ്റ്, ജെന്റിൽമാൻ ചിട്ട്‌സ്, പാരഗൺ പൊളിമേഴ്‌സ്, സിസ്‌കോൾ ഇൻഫോ സോല്യുഷൻസ്, പോബ്‌സ് ഗ്രൂപ്പ്, കിംസ് ഹോസ്പ്പിറ്റൽ, ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ്, മുത്തൂറ്റ് ഹെൽത്ത് പ്ലസ്, ടെക്‌നോവാലി സോഫ്റ്റ്‌വെയർ, ക്രെസോൾ ടെക്‌നോളജിസ്, നവോദയ ഇൻസ്റ്റിട്ട്യുട്ട് ഓഫ് എജ്യുക്കേഷണൽ, ഓട്ടോ ബാൻ ട്രെക്കിങ് കോർപറേഷൻ, വെസ്റ്റേൺ ഇന്ത്യാ കാഷ്യു, എബെൻ ടെലികോം, പാലസ് ഓട്ടോ മൊബൈൽസ് തുടങ്ങി ഒട്ടുവളരെ കമ്പനികളാണ് സർക്കാർ ജോബ് ഫെസ്റ്റിന് ഉദ്യോഗാർത്ഥികളെ തേടി എത്തുന്നത്. ഇനിയും പ്രമുഖ കമ്പനികൾ ജോബ് ഫെയറിന് എത്തിയേക്കും എന്നാണ് സൂചനകൾ.

കമ്പനികളുടെ ലിസ്റ്റും ഒഴിവുകളുടെ വിവരവും ആദ്യമേ പരസ്യപ്പെടുത്തിയത് ഈ ഒഴിവുകൾക്ക് യോജ്യരായ ഉദ്യോഗാർത്ഥികൾ മാത്രം എത്താനാണ്. 5000 ഉദ്യോഗാർത്ഥികളെയാണ് പ്രതീക്ഷിക്കുന്നത് എങ്കിലും തൊഴിലന്വേഷകരുടെ തള്ളിക്കയറ്റം തന്നെയാണ് മേളയ്ക്ക് പ്രതീക്ഷിക്കുന്നത്. തങ്ങളുടെ കമ്പനികളിലുള്ള നിരവധി ഒഴിവുകൾ നികത്താൻ വേണ്ടിയാണ് മിടുക്കരെ റാഞ്ചാൻ വേണ്ടി കമ്പനികൾ എത്തുന്നത്. ഒൻപതിന് നടക്കുന്ന മേളയിൽ എത്തുന്ന കമ്പനികൾ പ്രത്യേകം പ്രത്യേകം അഭിമുഖം നടത്തി മിടുക്കരെ വലയിലാക്കും. പ്രമുഖ കമ്പനികളുടെ എച്ച്ആർ ഉന്നതർ നേരിട്ടെത്തിയാണ് സെലക്ഷൻ നടത്തുന്നത്.

നാല് മാസം കൂടുമ്പോൾ അതാത് ജില്ലകളിൽ സർക്കാർ നേരിട്ട് നടത്തുന്ന ജോബ് ഫെയറിൽപ്പെട്ടതാണ് ശനിയാഴ്ച നടക്കാൻ പോകുന്നത്. ഇടുക്കി, വയനാട് തുടങ്ങിയ പിന്നോക്ക ജില്ലകളെ മാറ്റി നിർത്തിയാൽ മിക്ക ജില്ലകളിലും ഈ മേളകൾ നടക്കുന്നുണ്ട്. വർഷത്തിൽ മൂന്നു തവണ മേളകൾ നടക്കാറുണ്ട്. തിരുവനന്തപുരത്ത് മേള നിയുക്തി എന്ന പേരിൽ സർക്കാർ ജോബ് ഫെയർ ആണ് നടത്തുന്നത്. എല്ലാ ഡിപ്പാർട്ട്‌മേന്റുകളും ഒരുമിച്ചാണ് ഈ മേള നടത്തുന്നത്. കോട്ടയം,കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ഈ മേള ദിശ ഫെസ്റ്റ് എന്ന പേരിലാണ് അറിയപ്പെടുന്നത് എങ്കിലും വിവിധ ജില്ലകളിൽ മേളയ്ക്ക് വിവിധ പേരുകളാണ്. ഇടുക്കി, വയനാട് ജില്ലകളിൽ ഒരു തവണവെച്ച് ജോബ് ഫെയർ നടത്തിയിട്ടുണ്ട്.

വടക്കോട്ട് ലക്ഷ്യ എന്ന പേരിലാണ് മേള നടക്കുന്നത്. ഇത്തരം മേളകൾ എല്ലാം തന്നെ കേരളത്തിലെ തൊഴിൽ തേടുന്നവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ചെറിയ രീതിയിലെങ്കിലും പര്യാപ്തമാകുന്നതാണ്. തൊഴിൽ തേടി കേരളത്തിലെ ചെറുപ്പക്കാർ മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശങ്ങളിലേക്കും പോവേണ്ട അവസ്ഥ മുന്നിൽ നിൽക്കുമ്പോൾ തന്നെയാണ് ജോബ് ഫെയറുകൾ പ്രതീക്ഷയുടെ കൈത്തിരി തെളിച്ച് മുന്നിൽ നിൽക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP