Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നാനോടെക്‌നോളജി പുതിയ നൂറ്റാണ്ടിന്റെ ശാസ്ത്രം; തൊഴിൽ അവസരങ്ങൾ എങ്ങനെ? അശ്വതി രാധാകൃഷ്ണൻ എഴുതുന്നു

നാനോടെക്‌നോളജി പുതിയ നൂറ്റാണ്ടിന്റെ ശാസ്ത്രം; തൊഴിൽ അവസരങ്ങൾ എങ്ങനെ? അശ്വതി രാധാകൃഷ്ണൻ എഴുതുന്നു

അശ്വതി രാധാകൃഷ്ണൻ

രുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ശാസ്ത്രമാണ് നാനോടെക്‌നോളജി അഥവാ നാനോസാങ്കേതിക വിദ്യ. ഇന്ന് ലോകത്തിൽ വലിയ അവസരങ്ങളുടെ വാതായനമാണ് നാനോടെക്‌നോളജി തുറന്നിട്ടിരിക്കുന്നത്. അമേരിക്കയിൽ മാത്രം പത്ത് ലക്ഷം പേരാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നത്. നാനോസാങ്കേതികവിദ്യ എന്ന പദം ആദ്യമായി ഉപയോഗിച്ചത് 1974-ൽ ജപ്പാനിലെ ടോക്കിയോ സയൻസ് സർവകലാശാല അദ്ധ്യാപകനായിരുന്ന പ്രൊഫ. നോറിയോ താനിഗുചിയാണ്. 1986-ൽ എറിക് ഡ്രെക്‌സലർ നാനോടെക്‌നോളജിയുടെ വിവിധവശങ്ങളെ സംബന്ധിച്ച് എഴുതിയ 'എഞ്ചിൻസ് ഓഫ് ക്രിയേഷൻ: ദ കമിങ് ഇറ ഓഫ് നാനോടെക്‌നോളജി' എന്ന പുസ്തകം നാനോടെക്‌നോളജിയുടെ വളർച്ചയ്ക്ക് സഹായമായി. 1981-ൽ ഗേർഡ് ബിന്നിങ്, ഹെന്റിച്ച് റോഹ്‌റർ എന്നിവർ കണ്ടുപിടിച്ച സ്‌കാനിങ് ടണലിങ് മൈക്രോസ്‌കോപ്പും നാനോ ടെക്‌നോളജിയുടെ ചരിത്രത്തിലെ നാഴികക്കല്ലാണ്. കാർബൺ ആറ്റങ്ങൾ ചേർത്ത് ഗോളാകൃതിയിൽ ഉണ്ടാക്കിയ 'ബക്കി പന്ത്' എന്നറിയപ്പെടുന്ന കാർബൺ തന്മാത്രയുടെ കണ്ടുപിടിത്തം മറ്റൊരു വഴിത്തിരിവായിരുന്നു. റോബർട്ട് കേൾ, ഹാരി ക്രോട്ടോ, റിച്ചാർഡ് സ്മാളീ എന്നിവരാണ് ഇത് കണ്ടുപിടിച്ചത്. ഈ ശാസ്ത്രജ്ഞർക്ക് രസതന്ത്ര നൊബേൽസമ്മാനവും ലഭിച്ചു. 1991-ൽ ജപ്പാൻ ശാസ്ത്രജ്ഞനും അദ്ധ്യാപകനുമായ ഡോ. സുമിയോ ഇജിമ അതിസൂക്ഷ്മ നാനോ കുഴലുകൾ വികസിപ്പിച്ചെടുത്തു. അതിലോലമായ നാനോ പാളികൾ ചുരുട്ടിവച്ചാണ് ഇവ നിർമ്മിക്കുന്നത്.

നാനോടെക്‌നോളജി എന്നാൽ

കുള്ളൻ എന്നർത്ഥമുള്ള ഗ്രീക്ക് പദത്തിൽ നിന്നാണ് നാനോ എന്ന വാക്കുണ്ടായത്. ഒരു മീറ്ററിന്റെ നൂറുകോടിയിൽ ഒരംശമാണ് ഒരു നാനോ. പദാർത്ഥങ്ങളുടെ വലിപ്പ വിസ്താരം കുറയുന്തോറും അവയുടെ ഉപരിതലയൂർജ്ജം വർദ്ധിക്കുന്നു. അത്തരം പദാർത്ഥങ്ങൾ വത്യസ്തങ്ങളായ നിരവധി സവിശേഷതകൾ പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഈ വിജ്ഞാന തത്വത്തിലധിഷ്ഠിതമായ ശാസ്ത്ര മേഖലയെ പൊതുവെ പറയുന്ന പേരാണു നാനോ സയൻസ്. ലോകം കണ്ടിട്ടുള്ളതിൽ വെച്ചു ഏറ്റവും മികച്ച ഭൗതികശാസ്ത്രജ്ഞരിൽ പ്രമുഖനായ റിച്ചാർഡ് ഫെയ്ന്മാൻ 'ദേർ ഈസ് പ്ലെന്റി ഓഫ് റൂം അറ്റ് ദി ബോട്ടം' എന്ന് ഈ തത്വത്തെ വിശേഷിപ്പിച്ചതും ശ്രദ്ധേയമാണ്.

ഓരോ വസ്തുവും ഉണ്ടാക്കിയിരിക്കുന്നത് ആറ്റങ്ങൾ എന്ന അതിസൂക്ഷ്മങ്ങളായ കണങ്ങൾകൊണ്ടാണ്. കുറേ ആറ്റങ്ങൾ ചേർന്ന് തന്മാത്രകൾ ഉണ്ടാകുന്നു. തന്മാത്രകൾ ചേർന്ന് പലതരം പദാർത്ഥങ്ങൾ ഉണ്ടാകുന്നു. ആറ്റങ്ങളുടെ ഘടന ഓരോവസ്തുവിലും വ്യത്യസ്തതരത്തിലാണ്. അതുകൊണ്ടു വിവിധ വസ്തുക്കൾക്ക് വ്യത്യസ്തഗുണങ്ങളാണുള്ളത്. ഈ അടിസ്ഥാന കണങ്ങളുടെ ഘടനയിൽ വിവിധ മാറ്റങ്ങൾ വരുത്തുന്നതിലൂടെ വസ്തുവിന്റെ സ്വഭാവത്തിലും മാറ്റം വരുത്താം. തന്മാത്രയിൽനിന്ന് ഇത്രയും ചെറിയ ആറ്റങ്ങളെ എടുത്ത് അവയുടെ ഘടനയിൽ മാറ്റംവരുത്തി പുതിയ സവിശേഷതകളോടുകൂടി പദാർത്ഥങ്ങളെ ഉണ്ടാക്കുന്ന സാങ്കേതികവിദ്യയാണ് നാനോടെക്നോളജി.

തൊഴിൽ സാധ്യതകൾ

ഇന്ത്യയ്ക്കകത്തും പുറത്തും ധാരാളം അവസരങ്ങളാണ് നാനോടെക്‌നോളജി കോഴ്‌സ് കഴിഞ്ഞവരെ കാത്തിരിക്കുന്നത്. അമേരിക്ക, ഇംഗ്ലണ്ട്, സിംഗപ്പൂർ, ജർമനി, ചൈന, കൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലാണ് നാനോ സാങ്കേതികവിദ്യ കൂടുതലായും ഉപയോഗിക്കുന്നത്. നാനോടെക്‌നോളജിസ്റ്റ്, ശാസ്ത്രജ്ഞർ, ഗവേഷകർ, പ്രൊഫസർ, എഞ്ചിനിയർ, മെഡിക്കൽ, ഫുഡ് ശാസ്ത്രജ്ഞർ എന്നീ റോളുകളിലാണ് ജോലി ഓരോരുത്തരെയും കാത്തിരിക്കുക. നാനോടെക്‌നോളജി പഠിച്ച തുടക്കക്കാരന് 30,000 മുതൽ 50,000 രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കും. കുടൂതൽ പരിചയസമ്പന്നരായിക്കഴിഞ്ഞാൽ പ്രതിവർഷം 8,00,000 - 15,00,000 രൂപവരെ സമ്പാദിക്കാം. ഓരോ മേഖലയിലെയും വിപണിമൂല്യം കണക്കിലെടുത്താവും ശമ്പളം നിശ്ചയിക്കുക.

കോഴ്‌സുകൾ

ബി.എസ്.സി. നാനോസയൻസ്, ബി.ടെക്കിൽ നാനോടെക്‌നോളജി, എം.ടെക്കിൽ നാനോടെക്‌നോളജി, എം.എസ്.സി. നാനോടെക്‌നോളി എന്നീ കോഴ്‌സുകളാണ് ഇന്ത്യയിലുള്ളത്. സയൻസിൽ പ്ലസ്ടു കഴിഞ്ഞവർക്ക് നാനോടെക്‌നോളജിയിലുള്ള ബിരുദ കോഴ്‌സിന് ചേരാം. ഫിസിക്‌സ്, കെമിസ്ട്രി, ലൈഫ് സയൻസ് എന്നിവയിൽ ഏതെങ്കിലുമൊന്നിൽ ബിരുദമാണ് നാനാടെക്‌നോളജിയിലോ ഇതുമായി ബന്ധപ്പെട്ട് മറ്റ് കോഴ്‌സുകളിലോ ബിരുദാനന്തരബിരുദം ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് വേണ്ട അടിസ്ഥാനയോഗ്യത. ബിരുദത്തിന് 50 ശതമാനം മാർക്കും വേണം.

മെറ്റീരിയൽ സയൻസ്, ബയോടെക്‌നോളജി, ബയോമെഡിക്കൽ, മെക്കാനിക്കൽ, കെമിക്കൽ, ഇലക്ട്രോണിക്‌സ്, കംപ്യൂട്ടർ സയൻസ് എന്നിവയിൽ ഏതെങ്കിലുമൊന്നിൽ ബി.ടെക്. ഉള്ളവർക്ക് നാനോടെക്‌നോളജിയിൽ എം.ടെക്. ചെയ്യാം. കെമിസ്ട്രി, ഫിസിക്‌സ്, ബയോടെക്‌നോളജി, മെറ്റീരിയൽ സയൻസ്, കംപ്യൂട്ടർ സയൻസ് എന്നിവയിൽ എം.എസ്.സി. ഉള്ളവർക്കും നാനോടെക്‌നോളജിയിൽ എം.ടെക്. എടുക്കാം. ഫിസിക്‌സ്, സയൻസ്, ഇലക്ട്രോണിക്‌സ് വിഷയങ്ങളിൽ ബിരുദാനന്തരബിരുദമുള്ളവർക്ക് നാനോടെക്‌നോളജിയിൽ ഗവേഷണവും നടത്താം. നാനോ ബയോടെക്‌നോളജി, സെറാമിക് എഞ്ചിനിയറിങ്, ഗ്രീൻ നാനോടെക്‌നോളജി, മെറ്റീരിയൽ സയൻസ്, നാനോആർക്കിടെക്‌റ്റോണിക്‌സ്, നാനോഎഞ്ചിനിയറിങ്, നാനോമെക്കാനിക്‌സ്, വെറ്റ് നാനോടെക്‌നോളജി, നാനോ മെഡിസിൻ, നാനോ സോളാർ തുടങ്ങിയ കോഴ്‌സുകളിൽ സ്‌പെഷലൈസേഷനുമുണ്ട്.

അമൃതയിൽ നാനോടെക്‌നോളജി പഠനം

അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കൊച്ചി കാമ്പസിലെ അമൃത സെന്റർ ഫോർ നാനോസയൻസ് ആൻഡ് മൊളിക്യൂലാർ മെഡിസിൻ വിഭാഗമാണ് ഇന്ത്യയിലെ ആദ്യത്തെ നാനോ ബയോ സെന്റർ സ്ഥാപിച്ചത്. നാനോടെക്‌നോളജി / നാനോസയൻസിൽ എം. ടെക്., എം. എസ് സി., ബി. എസ് സി. കോഴ്‌സുകളും അമൃത - അമേരിക്കയിലെ അരിസോണ സർവ്വകലാശാലകൾ ചേർന്ന് നടത്തുന്ന എം.എസ്.സി. - എം. എസ്., എം. ടെക്. - എം. എസ്. ഡ്യൂവൽ ഡിഗ്രി കോഴ്‌സുകളുമാണ് ഇവിടെയുള്ളത്. ഇവിടെ പ്രവേശനപരീക്ഷ ഇല്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പകരം ടെലഫോണിക് ഇന്റർവ്യൂ മാത്രം.

നാനോബയോടെക്‌നോളജി, നാനോസയൻസ് ആൻഡ് ടെക്‌നോളജി, മൊളിക്യൂലാർ മെഡിസിൻ എന്നിവയിലാണ് എം.ടെക്, എം.എസ്.സി. പ്രോഗ്രാമുകൾ. കൂടാതെ അമൃത - അരിസോണ സർവ്വകലാശാല ഡ്യൂവൽ എം.എസ്.സി, എം. എസ്. ഡിഗ്രി പ്രോഗ്രാമുകൾ (രണ്ടു വർഷം അഥവാ നാല് സെമസ്റ്റർ ദൈർഘ്യം), എം. എസ് സി. (നാനോബയോടെക്‌നോളജി) + എം. എസ്. (സെല്ലുലാർ ആൻഡ് മോളിക്കുലാർ മെഡിസിൻ) പ്രോഗ്രാമുകളും ബി. എസ് സി. (മോളിക്കുലാർ മെഡിസിൻ) പ്രോഗ്രാമുകളുമാണുള്ളത്.

നാനോടെക്‌നോളജി പഠിപ്പിക്കുന്ന പ്രധാന സ്ഥാപനങ്ങൾ

*ജാമിയ മില്യ ന്യൂഡൽഹി (എം.ടെക്. നാനോടെക്‌നോളജി)
*ഐ.ഐ.ടി. റൂർക്കി (എം.ടെക്., പിഎച്ച്.ഡി. നാനോടെക്‌നോളജി)
*ഐ.ഐ.എസ്.സി. (എം.ടെക്., പിഎച്ച്.ഡി. നാനോസയൻസ് ആൻഡ് എഞ്ചിനിയറിങ്)
*എൻ.ഐ.ടി. ഭോപ്പാൽ (എം.ടെക്. നാനോടെക്‌നോളജി)
*എൻ.ഐ.ടി. കുരുക്ഷേത്ര (എം.ടെക്. നാനോടെക്‌നോളജി)
*എം.എ.എൻ.ഐ.ടി. ഭോപ്പാൽ (എം.ടെക്. നാനോടെക്‌നോളജി)
*ഐ.ഐ.ടി. പട്‌ന (എം.ടെക്. നാനോടെക്‌നോളജി)
*അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റി (എം.ടെക്. നാനോടെക്‌നോളജി)
*അമിറ്റി സർവകാലശാലയിലെ നോയ്ഡ, ഗുർഗാൻ, ജയ്പുർ കാമ്പസുകൾ( നാനോസയൻസ്, നാനോടെക്‌നോളജിയിൽ എം.ടെക്., ബി.ടെക്.)
*അണ്ണാ സർവകലാശാലയിലെ തിരുച്ചിറപ്പള്ളി, തിരുനൽവേലി കാമ്പസുകൾ( നാനോ സയൻസ് ആൻഡ് ടെക്‌നോളജിയിൽ ബി.ടെക്., എം.ടെക്.)
*രാജസ്ഥാൻ സർവകലാശാല, വെല്ലൂരിലെ വി.ഐ.ടി. സർവലാശാല, പട്‌നയിലെ ആര്യഭട്ട നോളജ് സർവകലാശാല, ഭോപ്പാലിലെ ബർക്കതുള്ള സർവകലാശാല, തഞ്ചാവൂർ ശാസ്ത്ര സർവകലാശാല, പഞ്ചാബിലെ ശ്രീ ഗുരു ഗ്രാന്ത് സാഹിബ് സർവകലാശാല എന്നിവിടങ്ങളിൽ എ.ടെക്. കോഴ്‌സുകൾ.
*കർണാടകയിലെ ശ്രീനിവാസ് ഇൻസ്റ്റിറ്റ്യൂട്ട് ടെക്‌നോജി, ചെന്നൈയിലെ എസ്.ആർ.എം. സർവകലാശാല എന്നിവിടങ്ങളിൽ ബി.ടെക്. കോഴ്‌സുകൾ.
*മുംബൈ സർവലാശാലയിൽ നാനോസയൻസ് ആൻഡ് നാനോടെക്‌നോളജിയിൽ എം.ഫിൽ. ചെയ്യാൻ അവസരം.
*അമിറ്റി സർവകലാശാല നോയ്ഡ (എം.എസ്.സി. നാനോസയൻസ്)
*ജവഹർലാൽ നെഹ്രു ടെക്‌നോളജിക്കൽ സർവകലാശാല ഹൈദരാബാദ് (എം.എസ്.സി. നാനോസയൻസ് ആൻഡ് ടെക്‌നോളജി)
*കേരള യൂണിവേഴ്‌സിറ്റിയിൽ നാനോടെക്‌നോളജിയിൽ എം.ഫിൽ., ഗവേഷണം എന്നിവ നടത്താൻ അവസരം.
*മഹാത്മാഗാന്ധി സർവകലാശാലയിലെ നാനോസയൻസ് ആൻഡ് നാനോടെക്‌നോളജി വിഭാഗം എം.എസ്., എം.എഫിൽ., പിജി ഡിപ്ലോമ (ഈവനിങ് കോഴ്‌സ്) കോഴ്‌സുകൾ.
*കാലിക്കറ്റ് സർവകലാശാലയിലെ നാനോസയൻസ് ആൻഡ് ടെക്‌നോളജി ഡിപ്പാർട്ട്‌മെന്റ് എം.ടെക്., പി.എച്ച്.ഡി. പ്രോഗ്രാമുകൾ.
*കണ്ണൂർ സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന കൂത്തുപറമ്പ് നിർമലഗിരി കോളേജിലെ ഫിസിക്‌സ് പഠനവകുപ്പ് നാനോടെക്‌നോളജിയിൽ പി.ജി. ഡിപ്ലോമ കോഴ്‌സ് നടത്തുന്നു.
* കൊച്ചി സർവ്വകലാശാല: കുസാറ്റ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) നാനോയ്ക്കു സർവകലാശാലാന്തര ഗവേഷണ കേന്ദ്രമുണ്ട്. ഊർജം, വാർത്താവിനിമയം, പരിസ്ഥിതി, വൈദ്യരംഗം എന്നിവയുമായി ബന്ധപ്പെട്ടുള്ള ഗവേഷണങ്ങളാണ് അധികവും. ഗവേഷണ വികസന പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടു തുടങ്ങിയ കേന്ദ്രത്തിൽ നിലവിൽ മാസ്റ്റേഴ്സ് ബിരുദം നൽകുന്നില്ല, പിഎച്ച്. ഡി. അവസരമുണ്ട്.
*എൻ.ഐ.ടി. കോഴിക്കോട് (എം. ടെക്. നാനോടെക്‌നോളജി)
* അമൃത സെന്റർ ഫോർ നാനോസയൻസ് ആൻഡ് മൊളിക്യൂലാർ മെഡിസിൻ, അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്‌സിറ്റി, കൊച്ചി കാമ്പസ് (എം. ടെക്., എം.എസ്.സി., ബി.എസ്.സി.)

(ലേഖിക അമൃത സർവ്വകലാശാലയുടെ കൊച്ചി കാമ്പസിലെ സെന്റർ ഫോർ നാനോസയൻസ് ആൻഡ് മോളിക്കുലാർ മെഡിസിനിലെ റിസർച്ച് സ്‌കോളറാണ്.)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP