Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്നലെ മാത്രം 37,000 പുതിയ രോഗികളും 691 മരണവും; ജനിതകമാറ്റം സംഭവിച്ച വൈറസ് ആഞ്ഞടിക്കുന്നു; എങ്ങനെയാണ് ഇത്രവേഗം സൂപ്പർ സ്പ്രെഡർ ഇംഗ്ലണ്ടിൽ പടർന്നത് ?

ഇന്നലെ മാത്രം 37,000 പുതിയ രോഗികളും 691 മരണവും; ജനിതകമാറ്റം സംഭവിച്ച വൈറസ് ആഞ്ഞടിക്കുന്നു; എങ്ങനെയാണ് ഇത്രവേഗം സൂപ്പർ സ്പ്രെഡർ ഇംഗ്ലണ്ടിൽ പടർന്നത് ?

മറുനാടൻ മലയാളി ബ്യൂറോ

ബ്രിട്ടനിൽ കാര്യങ്ങൾ കൈവിട്ടുപോകുന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്. ഇന്നലെ പുതിയതായി 36,804 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ പുതുവർഷത്തിന്റെ ആരംഭം തന്നെ ലോക്ക്ഡൗണോടുകൂടി ആയിരിക്കുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.

അതീവ വ്യാപനശേഷിയുള്ള പുതിയ വൈറസ് സജീവമായതോടെ കഴിഞ്ഞ ഒരാഴ്‌ച്ചയിൽ രോഗവ്യാപന തോത് ഇരട്ടിയായതായി ആരോഗ്യ വകുപ്പിന്റെ രേഖകൾ കാണിക്കുന്നു. ലണ്ടൻ നഗരത്തിലും, തെക്കുകിഴക്കൻ ഇംഗ്ലണ്ടിലും കിഴക്കൻ ഇംഗ്ലണ്ടിലുമാണ് ഈ പുതിയ വൈറസ് കൂടുതൽ ദുരിതം വിതയ്ക്കുന്നത്. സാധാരണ കൊറോണ വൈറസിനേക്കാൾ 70 ശതമാനം അധിക വ്യാപനശേഷി ഈ പുതിയ ഇനത്തിനുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്.

അതേസമയത്ത് രോഗവ്യാപനത്തോടൊപ്പം മരണനിരക്കും വർദ്ധിക്കുവാൻ തുടങ്ങിയത് ആശങ്കയുളവാക്കിയിട്ടുണ്ട്. ഇന്നലെ മാത്രം 691 കോവിഡ് മരണങ്ങളാണ് ബ്രിട്ടനിൽ രേഖപ്പെടുത്തിയത്. നവംബർ 25 ന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന പ്രതിദിന മരണ സംഖ്യയാണിത്. കഴിഞ്ഞ ചൊവ്വാഴ്‌ച്ച 506 മരണങ്ങളായിരുന്നു രേഖപ്പെടുത്തിയത് എന്നതുമോർക്കുക. രോഗബാധിതർക്ക് മരണം സംഭവിക്കുവാൻ ആഴ്‌ച്ചകൾ തന്നെ എടുത്തേക്കാം എന്നതിനാൽ വരും നാളുകളിൽ മരണനിരക്ക് ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ കടുത്ത നടപടികൾ സർക്കാർ കൈക്കൊണ്ടില്ലെങ്കിൽ, ബ്രിട്ടനിലെ മനുഷ്യകുലത്തിന്റെ സർവ്വനാശമായിരിക്കും ഇനി സംഭവിക്കുക എന്ന ശാസ്ത്രജ്ഞന്മാരുടെ മുന്നറിയിപ്പ് ആശങ്ക ഏറെ ഉയർത്തിയിട്ടുണ്ട്. ഒരുപക്ഷെ അടുത്ത വർഷം ആരംഭിക്കുന്നത് ഒരു ലോക്ക്ഡൗണിലൂടെ ആയിരിക്കും എന്ന ആശങ്കയും നിലനിൽക്കുന്നു. അതേസമയം, ടയർ-4 നിയന്ത്രണങ്ങൾ കൊണ്ടുവന്നതാണ് പുതിയ ഇനം വൈറസ് ഏൽപ്പിക്കുമായിരുന്ന ആഘാതത്തിന്റെ ആഴം അല്പമെങ്കിലും കുറയ്ക്കാൻ കഴിഞ്ഞതെന്ന് കേംബ്രിഡ്ജ് സർവ്വകലാശാലയിലെ ഗവേഷകർ പറയുന്നു.

ജനിതകമാറ്റം സംഭവിച്ച പുതിയ ഇനം വൈറസ് രണ്ടാഴ്‌ച്ചക്കാലം കൊണ്ടാണ് ഇംഗ്ലണ്ടിൽ വ്യാപനം ശക്തമാക്കിയത്. ചില പ്രദേശങ്ങളിൽ ഇപ്പോഴുള്ള കോവിഡ് രോഗികളിൽ ഭൂരിപക്ഷം പേർക്കും ഈ പുതിയ ഇനം വൈറസാണ് ഉള്ളത്. ലണ്ടനിൽ നിലവിലുള്ള രോഗികളിൽ 62 ശതമാനം പേർ ഈ പുതിയ വൈറസ് ബാധിച്ചവരാണെന്നാണ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പറയുന്നത്. കെന്റിലെ ഒരു രോഗിയിലാണ് ഈ പുതിയ വൈറസ് ആദ്യം പ്രത്യക്ഷപ്പെട്ടതെന്നാണ് ഇപ്പോൾ അനുമാനിക്കപ്പെടുന്നത്. അവിടെനിന്നും അത് ലണ്ടനിൽ എത്തുകയായിരുന്നു.

കിഴക്കൻ ഇംഗ്ലണ്ടിൽ ഡിസംബർ 9 ന് അവസാനിച്ച ആഴ്‌ച്ചയിലെ പുതിയ കേസുകളിൽ 59 ശതമാനവും ഈ പുതിയ ഇനം വൈറസ് കൊണ്ടാണെന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞയാഴ്‌ച്ചയിൽ തെക്ക് കിഴക്കൻ ഇംഗ്ലണ്ടിൽ രേഖപ്പെടുത്തിയ കേസുകളിൽ 43 ശതമനവുംഈ വൈറസ് മൂലമാണ്. ഈ വൈറസ് മറ്റിടങ്ങളിലേക്കും വ്യാപിക്കാൻ തുടങ്ങിയതോടെ രോഗവ്യാപനതോതിൽ കാര്യമായ വർദ്ധനവ് അനുഭവപ്പെടാൻ തുടങ്ങി. മിഡ്ലാൻഡ്സിൽ 19 ശതമാനം ഉണ്ടായിരുന്ന രോഗ വ്യാപനം 27 ശതമാനമായി. അതുപോലെ വടക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ടിൽ 12 ശതമാനം ഉണ്ടായിരുന്നത് 17 ശതമാനമായി ഉയർന്നു.

അതേസമയം വടക്ക് കിഴക്കൻ മേഖലയിലും യോർക്ക്ഷയറിലും വ്യാപനതോത് കുറയുകയാണ്. 18 ശതമാനത്തിൽ നിന്നും 15 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്. വിവിധ പ്രദേശങ്ങളിൽ രോഗവ്യാപനതോത് എങ്ങനെ മാറുന്നു എന്നത് വളരെ ലളിതമായി വിശദീകരിക്കുകയാണെങ്കിൽ, രോഗം അതിവേഗം പടരുന്ന മേഖലകളിൽ ഈ പുതിയ വൈറസിന്റെ സാന്നിദ്ധ്യം അധികമായി കാണപ്പെടുന്നു എന്നു പറയാം. മന്ദഗതിയിൽ രോഗവ്യാപനം നടക്കുന്ന ഭാഗങ്ങളിൽ ഇതിന്റെ സാന്നിദ്ധ്യവും കുറവാണ്.

കൊറോണയുടെ ഈ മാരക അവതാരം കൂടുതൽ വ്യാപിക്കുവാൻ തുടങ്ങിയതോടെ മൂന്നാം വരവ് കൂടുതൽ ശക്തമാകുമെന്ന ഭയവും വർദ്ധിച്ചിട്ടുണ്ട്. ആശുപത്രികൾ നിറഞ്ഞു കവിഞ്ഞേക്കുമെന്നും ആരോഗ്യ സംരക്ഷണ രംഗം താറുമാറേയേക്കുമെന്നൊക്കെയുള്ള ആശങ്കകളും നിലനിൽക്കുന്നു. അതേസമയം, ഈ പുതിയ അവതാരം അതിവേഗം പടരുമെങ്കിലും പ്രഹരശേഷി കുറവാണ് എന്നാണ് ഒട്ടുമിക്ക ശാസ്ത്രജ്ഞരും പറയുന്നത്. ഇത് ബാധിക്കുന്ന മിക്കവരിലും ലക്ഷണങ്ങൾ പ്രകടമാകില്ല എന്നും അവർ പറയുന്നു. ഈ പുതിയ അവതാരത്തിനെതിരെയും നിലവിലുള്ള വാക്സിനുകൾ ഫലവത്താകുമെന്നു തന്നെയാണ് ശാസ്ത്രലോകം വിശ്വസിക്കുന്നത്.

അതേസമയം, ഇപ്പോളുള്ള വാക്സിൻ ഫലപ്രദമല്ലെന്നു കണ്ടാൽ തന്റെ സംഘാംഗങ്ങൾ വീണ്ടും പരീക്ഷണങ്ങൾ നടത്തി ആറാഴ്‌ച്ചകൾക്കകം ഈ പുതിയ വൈറസിനേയും പ്രതിരോധിക്കുവാനുള്ള വാക്സിൻ കണ്ടെത്തുമെന്ന് ബയാ എൻ ടെക് സഹസ്ഥാപകൻ പ്രസ്താവിച്ചു. മനുഷ്യകോശങ്ങളിൽ അള്ളിപ്പിടിച്ചു കിടക്കുവാൻ വൈറസ് ഉപയോഗിക്കുന്ന പ്രോട്ടീൻ കുന്തമുനകളിലായിരിക്കും ജനിതക മാറ്റം സംഭവിച്ചിട്ടുണ്ടാകുക എന്നും അദ്ദേഹം സൂചിപ്പിച്ചു. ഇതേ പ്രോട്ടീൻ കുന്തമുനകളെ ലക്ഷ്യമാക്കിയാണ് വാക്സിൻ നിർമ്മിക്കുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP