Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകം മുഴുവൻ ബ്രിട്ടന്റെ അത്ഭുത മരുന്നിനു പിന്നാലെ; കൊവിഡിനെ തോൽപ്പിക്കാൻ എത്തുന്ന ഡെക്സമേതസോൺ ഗുളിക 20 എണ്ണത്തിന് വെറും 64 രൂപ മാത്രം; ലോകമെങ്ങും മരുന്ന് ലഭ്യതയും സുലഭം; ശാസ്ത്ര ഗവേഷണത്തിൽ ബ്രിട്ടനെ തോൽപ്പിക്കാൻ ലോകം ഇന്നും അശക്തം; ഓക്‌സ്‌ഫോർഡ് വീണ്ടും കൈയടി നേടുമ്പോൾ

ലോകം മുഴുവൻ ബ്രിട്ടന്റെ അത്ഭുത മരുന്നിനു പിന്നാലെ; കൊവിഡിനെ തോൽപ്പിക്കാൻ എത്തുന്ന ഡെക്സമേതസോൺ ഗുളിക 20 എണ്ണത്തിന് വെറും 64 രൂപ മാത്രം; ലോകമെങ്ങും മരുന്ന് ലഭ്യതയും സുലഭം; ശാസ്ത്ര ഗവേഷണത്തിൽ ബ്രിട്ടനെ തോൽപ്പിക്കാൻ ലോകം ഇന്നും അശക്തം; ഓക്‌സ്‌ഫോർഡ് വീണ്ടും കൈയടി നേടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ഒടുവിൽ ആ അത്ഭുത വാർത്ത പുറത്തു വന്നിരിക്കുന്നു, കൊവിഡിനെ വരിഞ്ഞു കെട്ടാൻ ഉള്ള നിയോഗം ഏറ്റെടുത്തിരിക്കുന്നത് ബ്രിട്ടനിലെ ഗവേഷകർ. ഇന്നലെ ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക് പതിവ് പത്രസമ്മേളനത്തിൽ ഏറെ സന്തോഷത്തോടെ കൊവിഡിനെ വരിഞ്ഞു കെട്ടാൻ ഡെക്സമേതസോൺ എന്ന മരുന്നിനു കഴിയുമെന്ന് വ്യക്തമാക്കിയതോടെ ലോകം മുഴുവൻ അന്വേഷിച്ചത് ഇതേക്കുറിച്ചു മാത്രമാണ്.

മാസങ്ങളായി പതിനായിരങ്ങൾ മരിച്ചു വീണുകൊണ്ടിരിക്കെ ലോകം അമേരിക്കയോടും ബ്രിട്ടനോടും ചോദിച്ചു കൊണ്ടിരുന്നത് ആ രാജ്യങ്ങളുടെ വിഖ്യാതമായ കഴിവുകളെ പറ്റിയുള്ള സംശയങ്ങൾ മാത്രമായിരുന്നു. അറിവും സാങ്കേതിക വിദ്യയും പശ്ചാത്തല സൗകര്യവും പണവും ഉണ്ടായിട്ടും ഈ പകർച്ച വ്യാധിയെ തടയാൻ എന്തുകൊണ്ട് കഴിഞ്ഞില്ല എന്ന ചോദ്യത്തിന് ഇനിയും വ്യക്തമായ ഉത്തരം നൽകാൻ ആയിട്ടില്ല. മുൻപ് ലോകം ഭീതിയോടെ കണ്ട സാർസ്, എബോള വൈറസുകൾ കൈപ്പിടിയിൽ അതിവേഗം ഒതുക്കിയ ആധുനിക ലോകം കൊവിഡിന് മുന്നിൽ മുട്ടുമടക്കി തലകുനിച്ചു നിൽക്കുന്ന ദയനീയ രംഗമാണ് ലോകം കണ്ടുകൊണ്ടിരിക്കുന്നത്.

ഒരു വഴിക്കു രോഗം, മറുവഴിയിൽ പഠനം

എന്നാൽ കോവിഡ് എത്തിയപ്പോൾ തന്നെ അതിനെക്കുറിച്ചു പഠനം ആരംഭിച്ച പ്രധാന രാഷ്ട്രമാണ് ബ്രിട്ടൻ. അതിനായി അനേക കോടി പണവും മുടക്കുന്നു. ആദ്യ ഘട്ടത്തിൽ താനേ ഗവേഷണത്തിനായി 20 മില്യൺ പൗണ്ട് ആണ് ബ്രിട്ടൻ മാറ്റിവച്ചത്. വീണ്ടും ആ തുക പലവട്ടം ഉയർത്തി. ഒരു വശത്തു രോഗം പടരുമ്പോൾ മറുവശത്ത് അതിനെ തടയാനുള്ള ഗവേഷണവും പഠനവും മുറപോലെ നടക്കുക ആയിരുന്നു. ബ്രിട്ടനിലെ പ്രധാന ഗവേഷണ സ്ഥാപനങ്ങൾ എല്ലാം കൂട്ടായും ഒറ്റയ്ക്കൊറ്റയ്ക്കും ഈ ഗവേഷണങ്ങളിൽ മുഴുകുക ആയിരുന്നു.

കേംബ്രിഡ്ജ്, ഓക്‌സ്‌ഫോർഡ്, ലണ്ടൻ ഇംപീരിയൽ എന്നിവയൊക്കെ ഈ ഗവേഷങ്ങളുടെ ചുക്കാൻ ഏറ്റെടുത്തു. ആന്റി ബോഡി ടെസ്റ്റും വാക്‌സിൻ പരീക്ഷണവും ഒക്കെ നടന്നത് ഇത്തരത്തിലാണ്. ഈ ഘട്ടത്തിലാണ് രോഗം ബാധിച്ചവർക്ക് ആശ്വാസം നൽകാൻ കഴിയുന്ന ഒരു മരുന്നിനെ കുറിച്ച് ശാസ്ത്ര ലോകം ആധികാരികതയോടെ ആദ്യം കേൾക്കുന്നത്. അതിന്റെ കാരണക്കാർ ആകാൻ ഓക്‌സ്‌ഫോർഡ് യൂണിവേഴ്സിറ്റിക്ക് ആയി എന്നതുകൊണ്ടാണ് ഇന്നലെ ലോകത്തിന്റെ മുഴുവൻ കണ്ണുകളും ബ്രിട്ടനിലേക്ക് തിരിഞ്ഞത്.

പാരസെറ്റാമിലിന്റെ ചെലവിൽ കോവിഡ് മരണം തടയാം

ഈ കണ്ടെത്തലിൽ ഏറ്റവും ആകർഷകം ആയതു ഡെക്സമേതസോൺ എന്ന മരുന്ന് ലോകത്തിനു പരിചിതം ആണെന്നത് തന്നെയാണ്. ഇപ്പോൾ തന്നെ ലോകത്തെല്ലായിടത്തും ഇത് ലഭ്യവുമാണ്. വിലയോ തുച്ഛം ഗുണമോ മെച്ചം എന്നതാണ് ഇപ്പോൾ ഡെക്സമേതസോൺ എന്ന മരുന്നിനെ പ്രിയപ്പെട്ടതാക്കുന്നത്. ഇരുപതു ഗുളിക അടങ്ങുന്ന ഒരു സ്ട്രിപ്പിനു വെറും ഒന്നര പൗണ്ട് മാത്രമാണ് ചെലവ്. അതായതു സാധാരണ പാരസെറ്റമോൾ വാങ്ങുന്ന ചെലവിൽ കോവിഡ് രോഗിയെ പരിചരിക്കാൻ സാധിക്കുന്ന സാഹചര്യമാണ് മുന്നിൽ എത്തിയിരിക്കുന്നത്. മാത്രമല്ല ലോകത്തിന്റെ മരുന്ന് ശേഖരത്തിൽ ഇപ്പോൾ തന്നെ സുലഭമാണ് ഈ മരുന്ന്. പുതുതായി ഒന്ന് ഉണ്ടാക്കിയെടുക്കേണ്ട ഗതികേട് ഇല്ലെന്നു ചുരുക്കം.

മുൻപ് ഇന്ത്യയിൽ സുലഭമായ മലേറിയ മരുന്ന് ഹൈഡ്രോക്‌സി ക്ലോറോക്വിൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കണ്ണിൽ തടഞ്ഞെങ്കിലും ലോകം അതിൽ വേണ്ടത്ര കണ്ണ് പതിപ്പിച്ചില്ല. കാരണം ശക്തമായ പാർശ്വഫലങ്ങൾ ഏറെയുള്ള മരുന്ന് ആയതിനാൽ തന്നെ. കോവിഡ് പടർന്നു കയറിയപ്പോൾ അമേരിക്കൻ ജനതയ്ക്കു ഹൈഡ്രോക്‌സി ക്ലോറോക്വിൻ വാങ്ങി സ്വയം ചികിൽസിക്കാൻ വരെ സർക്കാർ അനുവാദം നൽകിയിരുന്നു. മിക്കവരും ഈ മരുന്നു വാങ്ങി സൂക്ഷിക്കുകയും ചെയ്തു. ഒടുവിൽ മരുന്നുമായി പോയ വിമാനം തട്ടിയെടുത്തു എന്ന് വരെ വാർത്തകൾ പ്രചരിച്ചിട്ടും ഹൃദ്രോഗ സാധ്യത സൃഷ്ടിക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിൻ വേണ്ടെന്നു വയ്ക്കുക ആയിരുന്നു ലോക രാജ്യങ്ങൾ.

പാർശ്വഫലങ്ങളിൽ ആശങ്ക വേണ്ട

ഇപ്പോൾ ബ്രിട്ടൻ കണ്ടെത്തിയ ഡെക്സമേതസോൺ എന്ന മരുന്നും പാർശ്വഫലങ്ങൾ ഉള്ളതാണെങ്കിലും സാധാരണ ഏതു മരുന്നും സൃഷ്ടിക്കുന്നതിന് തുല്യമായ വിധത്തിലേ മനുഷ്യ ശരീരത്തെ ബാധിക്കൂ എന്നാണ് ഓക്‌സ്‌ഫോർഡ് ഗവേഷണം പറയുന്നത്. സാധാരണ സ്റ്റിറോയിഡുകൾ ശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ ഡെക്സമേതസോൺ ഉപയോഗം വഴിയും ഉണ്ടാകാം.

എന്നാൽ നിലവിൽ ഏതൊരു രോഗിയും ഉപയോഗിക്കുന്ന വേദന സംഹാരികൾ പോലും ശരീരത്തിന് ഹാനികരം കൂടി ആണെന്ന വസ്തുതക്ക് മുന്നിൽ ഡെക്സമേതസോൺ അപകടകാരി എന്നൊരു പേരുദോഷം വരുത്തില്ല എന്ന ആശ്വാസമാണ് ലോകം പങ്കിടുന്നത്. മാത്രമല്ല ഏറ്റവും കുറഞ്ഞ ഡോസിൽ മാത്രമേ ഈ മരുന്ന് ഉപയോഗിക്കേണ്ടിയും വരുന്നുള്ളൂ.

കൊവിഡിൽ അവശനാകാതെ പോകുന്ന രോഗിക്ക് ഗുളിക രൂപത്തിലും അല്ലാത്തവർക്ക് ഐവി ഫ്ളൂയിഡ് ആയും ഡെക്സമേതസോൺ ഉപയോഗിക്കാം. ഈ മരുന്ന് ഉപയോഗിച്ചാൽ വളരെ കുറച്ചു പേർക്ക് മാത്രമേ ശ്വാസ തടസം മാറാതിരിക്കുന്നുള്ളൂ എന്നതാണ് പ്രധാന കണ്ടെത്തൽ. ഇതോടെ കോവിഡ് രോഗികൾ എത്തപ്പെടുന്ന വെന്റിലേറ്റർ എന്ന അവസാന ആശ്രയം ഒഴിവാക്കാനാകും. വെന്റിലേറ്ററിൽ കയറിയാലും രക്ഷപ്പെടും എന്ന ഒരുറപ്പും ഇല്ലാത്ത രോഗത്തിന് മുന്നിൽ വൈദ്യശാസ്ത്രത്തിന് പടച്ചട്ടയാകുകയാണ് ഡെക്സമേതസോൺ.

പ്രത്യേക തയ്യാറെടുപ്പുകൾ ഇല്ലാതെ ഡെക്സമേതസോൺ ലോകത്തിന് ഉപയോഗിച്ച് തുടങ്ങാം എന്നതാണ് ഗവേഷണ നിയന്ത്രണം നടത്തിയ ഓക്‌സ്‌ഫോർഡ് യൂണിവേഴ്സിറ്റി ചീഫ് എക്സാമിനർ പീറ്റർ ഹോർബി പറയുന്നത്. ശരീര കലകളെ ബാധിക്കുന്ന നീർക്കെട്ട് മാറ്റാൻ നിലവിൽ ഡോക്ടർമാർ ആശ്രയിക്കുന്ന പ്രധാന മരുന്നുകളിൽ ഒന്നാണ് ഡെക്സമേതസോൺ. നിലവിൽ ഒട്ടേറെ രോഗങ്ങൾക്ക് പ്രതിവിധിയായി രോഗികളുടെ കയ്യിൽ എത്തുന്നതാണ് ഈ മരുന്ന്.

അലർജി, ആസ്മ, എക്‌സിമ, ഗുഹ്യരോഗങ്ങൾ, ആർത്രൈറ്റിസ് എന്നിവയ്‌ക്കൊക്കെ ഈ മരുന്ന് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഈ മരുന്നു ഉപയോഗിച്ച് നടത്തിയ പരീക്ഷണങ്ങളിൽ അതിവേഗ സുഖപ്രാപ്തിയാണ് കോവിഡ് രോഗികൾ കാട്ടുന്നത്. രോഗത്തിന്റെ തുടക്കത്തിൽ തന്നെ ഈ മരുന്ന് ഉപയോഗിക്കുന്നത് നിയന്ത്രിക്കണം എന്നാണ് ലോക സംഘടനയുടെ നിലപാട്. കാരണം രോഗവിമുക്തിക്ക് അത് കൂടുതൽ സമയം സൃഷ്ടിക്കും എന്നതുകൊണ്ടാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP