Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'പൂർണ്ണ ആരോഗ്യവാനായ ഒരാൾക്ക് വൃക്കക്ക് മാത്രം തകരാർ; അന്വേഷിച്ചപ്പോഴാണ് നെല്ലിക്ക ജ്യൂസ് രാവിലെയും രാത്രി നെല്ലിക്കാരിഷ്ടവും കഴിക്കുമെന്ന് മനസ്സിലായത്; രക്ത 'ശുദ്ധീകരണമല്ല അമിതമായി നെല്ലിക്ക കഴിച്ചാൽ രക്തം അശുദ്ധമാവുകയാണ് ചെയ്യുക; പതഞ്ജലിയുടെ നെല്ലിക്ക ജ്യൂസ് കഴിക്കുമ്പോൾ സൂക്ഷിക്കാൻ ഏറെയുണ്ട്'; വൈറലായി ഒരു ഡോക്ടറുടെ കുറിപ്പ്

'പൂർണ്ണ ആരോഗ്യവാനായ ഒരാൾക്ക് വൃക്കക്ക് മാത്രം തകരാർ; അന്വേഷിച്ചപ്പോഴാണ് നെല്ലിക്ക ജ്യൂസ് രാവിലെയും രാത്രി നെല്ലിക്കാരിഷ്ടവും കഴിക്കുമെന്ന് മനസ്സിലായത്; രക്ത 'ശുദ്ധീകരണമല്ല അമിതമായി നെല്ലിക്ക കഴിച്ചാൽ രക്തം അശുദ്ധമാവുകയാണ് ചെയ്യുക; പതഞ്ജലിയുടെ നെല്ലിക്ക ജ്യൂസ് കഴിക്കുമ്പോൾ സൂക്ഷിക്കാൻ ഏറെയുണ്ട്'; വൈറലായി ഒരു ഡോക്ടറുടെ കുറിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നെല്ലിക്കയുടെ ഔഷധ ഗുണങ്ങൾ മലയാളികൾക്ക് ഏറെ കാലമായി അറിയാവുന്ന ഒരു കാര്യമാണ്.എന്നാൽ നെല്ലിക്കയുടെ അമിതമായ ഉപയോഗം വൃക്ക തകരാറുകൾക്ക് വഴിവെക്കുമെന്ന് ഓർമ്മപ്പെടുത്തുകയാണ് സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റ് കൂടിയായ ഡോ ജിതേഷ്. ഇതുസംബന്ധിച്ച തന്റെ ഒരു അനുഭവത്തെക്കുറിച്ച് അദ്ദേഹം എഴുതിയ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.

ഡോ. ജിതേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:

ഇൻഷൂറൻസ് ആവശ്യത്തിനുവേണ്ടി ജനറൽബോഡി ചെക്കപ്പിന്റെ ഭാഗമായി നടത്തിയ ലാബ് ടെസ്റ്റുകളുമായി 45 വയസ്സുള്ള ആൾ ഒപി യിലേക്ക് വന്നു. കൃത്യമായി വ്യായാമം ഉൾപ്പെടെ ചെയ്യുന്ന ആരോഗ്യത്തിൽ നല്ല ശ്രദ്ധയുള്ള ആൾ. അതുകൊണ്ടാവാം, ജീവിതശൈലിരോഗങ്ങൾ ഉൾപ്പെടെ ഒരു പ്രശ്നവും ഇല്ലാത്ത നോർമൽ റിസൾട്ടുകൾ, ഒന്നൊഴിച്ച്- വൃക്കയുടെ പ്രവർത്തന സൂചികയായ Serum creatinine 1.5 mg/dl

വൃക്കയുടെ പ്രവർത്തനക്ഷമത കുറയാനുള്ള സാധാരണ കാരണങ്ങൾ, നിയന്ത്രണമില്ലാത്ത പ്രമേഹവും പ്രഷറും ആണ്. പിന്നെയുള്ളത് നീണ്ടുനിൽക്കുന്ന മൂത്രക്കല്ല്, പ്രോസ്റ്റേറ്റ് വീക്കം തുടങ്ങിയവകൊണ്ടുള്ള മൂത്രാശയരോഗങ്ങളൊക്കെയാണ്. ഇതൊന്നുമില്ലാത്ത ഒരാളോട് അടുത്തതായി ചോദിക്കാനുള്ളത്, എന്തെങ്കിലും പച്ചമരുന്നുകൾ കഴിക്കുന്നുണ്ടോ എന്നാണ്. കാരണം കേരളത്തിൽ കിഡ്നി രോഗികളുടെ എണ്ണത്തിൽ വർധന ഉണ്ടാവുന്നതിന്റെ ഒരു പ്രധാന കാരണമാണ് വിവിധതരം പച്ചമരുന്നുകൾ. അങ്ങനെയൊന്നുമില്ല എന്ന് അയാൾ പറഞ്ഞതുകൊണ്ട് ഞാൻ അടുത്തതായി ചോദിച്ചത്, നെല്ലിക്ക ജ്യൂസോ നെല്ലിക്ക ചേർത്ത എന്തെങ്കിലും പാനീയങ്ങളോ പതിവായി കഴിക്കാറുണ്ടോ എന്നാണ്. 'യെസ്, നെല്ലിക്ക ജ്യൂസ് രാവിലെയും രാത്രി നെല്ലിക്കാരിഷ്ടവും.'

നെല്ലിക്ക ജ്യൂസ് പതിവായി കഴിക്കുന്ന ശീലം, എന്തെങ്കിലും അസുഖം ഉള്ളവരുടെ ഇടയിലും ഇല്ലാത്തവരിലും വ്യാപകമായുണ്ട്. അത് ദോഷകരമല്ലെന്നാണ് കുറച്ചുകാലം മുമ്പുവരെ ഞാനും വിശ്വസിച്ചിരുന്നത്. ഇതുപോലെ ചിലരിൽ കാരണമില്ലാതെ ക്രിയാറ്റിൻ ലെവൽ കൂടുതൽ കണ്ടതുകൊണ്ട് നടത്തിയ അന്വേഷണത്തിലാണ് ഒരു കോമൺ ഫാക്ടർ ആയി നെല്ലിക്ക ജ്യൂസ് കണ്ടത്. അതോടെയാണ് നെല്ലിക്കയെ കുറിച്ച് പഠിക്കാൻ ശ്രമിച്ചത്. അപ്പോഴാണ് മനസ്സിലായത് ഇതൊക്കെ എത്രയോ കാലം മുന്നേ മനസ്സിലാക്കപ്പെട്ട കാര്യങ്ങളാണെന്ന്. നെല്ലിക്കയിൽ വിറ്റാമിൻ ഇ ധാരാളമായുണ്ട്. കൊഴുപ്പിൽ അലിയാത്ത ഒരു വിറ്റാമിനാണ് ഇ. അതുകൊണ്ട് ആവശ്യത്തിലധികം വരുന്ന വിറ്റാമിൻ സി ശരീരത്തിൽ സംഭരിക്കപ്പെടാതെ ഓക്സലേറ്റ്കളായി പുറന്തള്ളപ്പെടുന്നു. ഇതാണ് വൃക്കയിൽ അടിഞ്ഞു കൂടുന്നതും വൃക്കയുടെ പ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നതും.

ഇത് നെല്ലിക്കയുടെ മാത്രം പ്രശ്നമല്ല, ഓക്സലേറ്റ് അധിക അളവിലുള്ള മറ്റ് ഫലങ്ങളിലെ കാര്യത്തിലും ഇങ്ങനെ തന്നെ. (ഇക്കാര്യത്തിൽ ഏറ്റവും കുപ്രസിദ്ധി ഉള്ളതാണ് ഇലുമ്പൻപുളി. ഇലുമ്പൻ പുളി ജ്യൂസ് ഒരാഴ്ച കഴിച്ചാൽ പോലും വൃക്കയെ ദോഷകരമായി ബാധിക്കാം) ഇപ്പോൾ കൊറോണക്കാലം ആയതുകൊണ്ട് വിറ്റാമിൻ സി ഗുളികകളും വിറ്റാമിൻ സി അടങ്ങിയ ഫലങ്ങളും ഒരുപാട് കഴിക്കുന്ന ആളുകളുണ്ട്. മനുഷ്യന് ഒരു ദിവസം ആവശ്യമുള്ള വിറ്റാമിൻ സി യുടെ അളവ് 90 മില്ലി ഗ്രാമാണ്. അതിൽ കൂടുതൽ ഉപയോഗിക്കുന്നതുകൊണ്ട് എന്തെങ്കിലും ഗുണങ്ങൾ ഉണ്ടോ എന്നതിന് വ്യക്തമായ തെളിവുകളൊന്നുമില്ല. എന്നാൽ അമിത അളവിൽ വിറ്റാമിൻ-സി ദോഷകരമാണ് എന്നത് തെളിയിക്കപ്പെട്ടതാണ്.

രക്ത 'ശുദ്ധീകരണത്തിന്' നെല്ലിക്ക സ്ഥിരമായി കഴിക്കുന്നവരുണ്ട്. യഥാർത്ഥത്തിൽ അമിതമായി നെല്ലിക്ക കഴിച്ചാൽ രക്തം അശുദ്ധമാവുകയാണ് ചെയ്യുക. (വൃക്കയുടെ പ്രവർത്തനം തടസ്സപ്പെടുമ്പോൾ രക്തത്തിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നു).നെല്ലിക്ക അമിതമായി ഉപയോഗിക്കുമ്പോൾ നിർജ്ജലീകരണം ഉണ്ടാവുന്നു. വെള്ളം കുടി കുറഞ്ഞ ശീലമുള്ളവർക്ക് നെല്ലിക്ക ജ്യൂസ് കഴിക്കുമ്പോൾ മലശോധന കുറയുന്നതിനും താരൻ ശല്യം ഉണ്ടാകുന്നതിനും കാരണം ഇതാണ്.

പ്രമേഹരോഗികളാണ് നെല്ലിക്ക ജ്യൂസ് സ്ഥിരമായി കഴിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടത്. കാരണം പ്രമേഹരോഗികൾക്ക് അല്ലാതെ തന്നെ വൃക്കയുടെ പ്രവർത്തനത്തിൽ കുറവുണ്ടാകും. നിർജലീകരണം കൊണ്ടു സോഡിയത്തിന്റെ അളവ് കൂടുന്നത് വൃക്കയുടെ പ്രവൃത്തി ഭാരം വർദ്ധിപ്പിക്കുന്നു. മാത്രമല്ല പ്രമേഹരോഗ മരുന്നുകളുടെ കൂടെ നെല്ലിക്ക ജ്യൂസ് കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ പെട്ടെന്നു വ്യതിയാനങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നു. നെല്ലിക്ക അസിഡിക് ആയതുകൊണ്ട്, വയറിൽ പെപ്റ്റിക് അൾസർ ഉള്ളവർക്കും ദോഷം ചെയ്യും. നെല്ലിക്ക ജ്യൂസ് കഴിക്കുന്ന പലർക്കും മൂത്രമൊഴിക്കുമ്പോൾ എരിച്ചിൽ അനുഭവപ്പെടുന്നതിന് കാരണവും കാൽസ്യം ഓക്സലേറ്റ് കല്ലുകളാണ്. ആയുർവേദത്തിൽ വിശിഷ്ഠസ്ഥാനമാണ് നെല്ലിക്കക്കുള്ളത് ( ച്യവനപ്രാശം/ ത്രിഫലചൂർണ്ണം/ നെല്ലിക്ക കഷായം).

അപ്സരസ്സായ മേനകയിൽ ആകൃഷ്ടനായ ച്യവന മഹർഷി, യൗവനം നിലനിർത്താൻ വേണ്ടി ഉപയോഗിച്ചതാണത്രേ ച്യവനപ്രാശം. ഇതിഹാസങ്ങളുടെ ഈ 'ദിവ്യത്വവും' ആയുർവേദ പാരമ്പര്യത്തിന്റെ പൊലിമയും പരസ്യം ചെയ്താണ് പതഞ്ജലി നെല്ലിക്ക ജ്യൂസ് വിൽപ്പന നടത്തുന്നത്. 'ദിവ്യ ഫലം' ആയതു കൊണ്ട് എത്ര കഴിച്ചാലും കേടില്ല എന്നാണ് അർത്ഥവും വിശ്വാസവും! പറഞ്ഞു വരുന്നത് നെല്ലിക്ക ഒരു വിഷക്കനി ആണെന്നോ, നെല്ലിക്കക്ക് പോഷകഗുണങ്ങളില്ലെന്നോ അല്ല. കഴിക്കുന്ന അളവിലും കാലയളവിലുമാണ് കാര്യം. അധികമായാൽ അമൃതും വിഷമാണ്.

- ഡോ ജിതേഷ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP