Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എഡ്മന്റൻ, സെന്റ് അൽഫോൻസാ സീറോ മലബാർ ഫൊറോന ദേവാലയ വികാരി റവ.ഫാ.ഡോ. ജോൺ കുടിയിരിപ്പിലിനു യാത്രയയപ്പ് നല്കി

എഡ്മന്റൻ, സെന്റ് അൽഫോൻസാ സീറോ മലബാർ ഫൊറോന ദേവാലയ വികാരി റവ.ഫാ.ഡോ. ജോൺ കുടിയിരിപ്പിലിനു യാത്രയയപ്പ് നല്കി

ജോയിച്ചൻ പുതുക്കുളം

എഡ്മന്റൻ, സെന്റ് അൽഫോൻസാ സീറോ മലബാർ ഫൊറോന ദേവാലയ വികാരി റവ.ഫാ.ഡോ. ജോൺ കുടിയിരിപ്പിലിന് ഇടവക ദേവാലയം 2018 ഡിസംബർ 23-നു സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി. അഞ്ചു വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷമാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങുന്നത്. എം.എസ്.ടി സഭാംഗമായ അദ്ദേഹം ഭരണങ്ങാനത്തെ സെന്റ് തോമസ് മിഷണറീസ് സൊസൈറ്റിയുടെ ദീപ്തി ഭവനിലേക്കാണ് മടങ്ങിപ്പോകുന്നത്. ഡിസംബർ 29-ന് അദ്ദേഹം നാട്ടിലേക്ക് മടങ്ങി.

23-നു ദിവ്യബലിക്കുശേഷം 12 മണിയോടെ യാത്രയയപ്പ് സമ്മേളനം ആരംഭിച്ചു. എഡ്മന്റൻ ആർച്ച് ബിഷപ്പ് ഹിസ് എക്സലൻസ് റിച്ചാർഡ് സ്മിത്ത് മുഖ്യാതിഥിയായിരുന്നു. എഡ്മന്റൻ ആർച്ച് ഡയോസിസ് ചാൻസലർ ജോസ്സെ മാർ, റവ.ഫാ. പാട്രിക് ബസ്‌ക, നൈറ്റ് ഓഫ് കൊളംബസ,് റിട്ട. സ്റ്റേറ്റ് ഡപ്യൂട്ടി വാൾസ്ട്രീറ്റ് എന്നിവരും വിശിഷ്ടാതിഥികളായി എത്തിയിരുന്നു. ആർച്ച് ബിഷപ്പ് റിച്ചാർഡ് സ്മിത്ത് തന്റെ ആശംസാ പ്രസംഗത്തിൽ ഏതാനും വർഷങ്ങൾക്കു മുമ്പ് കേരളം സന്ദർശിച്ചപ്പോൾ എം.എസ്.ടി സഭയുടെ അതിഥിയായി ഭരണങ്ങാനത്ത് താമസിച്ചത് സ്മരിക്കുകയും, എഡ്മന്റനിലെ സീറോ മലബാർ വിശ്വാസികൾക്കും, എഡ്മണ്ടൻ ഡയോസിസിനും നൽകിയ സേവനത്തിനു നന്ദി പറയുകയും ചെയ്തു. ജോണച്ചന്റെ തുടർന്നുള്ള എല്ലാ പ്രവർത്തനങ്ങൾക്കും ആശംസകളും ആർച്ച് ബിഷപ്പ് നേർന്നുകൊണ്ടാണ് പ്രസംഗം അവസാനിപ്പിച്ചത്.

ആർച്ച് ഡയോസിസ് ചാൻസിലർ ജോസ്സെ മാർ, ജോണച്ചന്റെ എഡ്മന്റനിലേക്കുള്ള വരവിന്റെ ആരംഭം മുതലുള്ളതും, അച്ചനെ സ്വീകരിച്ചതും ഉൾപ്പടെയുള്ള കാര്യങ്ങൾ അനുസ്മരിച്ചു. സീറോ മലബാർ വിശ്വാസികൾക്കായി സ്വന്തമായി ഒരു ദേവാലയം വാങ്ങുക എന്ന ഒറ്റ ലക്ഷ്യത്തിൽ മാത്രം എഡ്മണ്ടനിൽ എത്തിയ അച്ചൻ ആ ലക്ഷ്യം സാധിക്കുക മാത്രമല്ല, അടിയുറച്ച വിശ്വാസത്തിൽ ഒരു സമൂഹത്തെ വാർത്തെടുക്കുക കൂടി ചെയ്തതിനെ ജോസ്സെ മാർ പ്രത്യേകം അഭിനന്ദിച്ചു.

മൂന്നുവർഷം സെന്റ് എഡ്മന്റൻസ് ദേവാലയ റക്ടറിയിൽ ജോണച്ചൻ താമസിച്ചതിനെ ഫാ. പാട്രിക് ബസ്‌ക സ്നേഹത്തോടെ ഓർമ്മിച്ചു. സെന്റ് എഡ്മണ്ടൻസ് സമൂഹത്തിനു ജോണച്ചൻ നൽകിയ സേവനങ്ങൾക്ക് നന്ദി പറയുകയും ചെയ്തു. സീറോ മലബാർ വിശ്വാസം മാത്രമല്ല, കേരളത്തിന്റെ സംസ്‌കാരവും ആതിഥ്യമര്യാദയും ജോണച്ചനിലൂടെ പഠിക്കുവാൻ അവസരം ലഭിച്ചു എന്ന് ഫാ. പാട്രിക് അനുസ്മരിച്ചു. നൈറ്റ് ഓഫ് കൊളംബസിന്റെ ഇടവകയിലെ കൗൺസിലിന്റെ ആരംഭ സമയത്ത്, ജോണച്ചനിൽ നിന്നും ലഭിച്ച സഹകരണത്തെ റിട്ട. സ്റ്റേറ്റ് ഡപ്യൂട്ടി വാൾ സ്ട്രീറ്റ് അനുസ്മരിച്ചു.

തുടർന്നു ഇടവകയിലെ വിവിധ സംഘടനകളായ കാറ്റിക്കിസം, നൈറ്റ് ഓഫ് കൊളംബസ്, ഷാലോം പ്രെയർ ഗ്രൂപ്പ്, മാതൃജ്യോതിസ്, എസ്.എം.വൈ.എം പ്രതിനിധികൾ ജോണച്ചന്റെ സേവനത്തെ അനുസ്മരിച്ചു. ഓരോ സംഘടനകളും ആരംഭിച്ചപ്പോൾ നേരിട്ട വെല്ലുവിളികളും, അവയെ തരണം ചെയ്ത് മുന്നേറാൻ ജോണച്ചന്റെ നേതൃത്വം സഹായിച്ചതും ഓരോ സംഘടനാ പ്രതിനിധികളും അനുസ്മരിച്ചു. ഇന്ന് വിവിധ സംഘടനകൾ വിജയകരമായി പ്രവർത്തിക്കുമ്പോൾ എല്ലാ വിജയവും ജോണച്ചന് അവകാശപ്പെട്ടതാണെന്ന് ഓരോരുത്തരും അനുസ്മരിച്ചു.

തുടർന്നുള്ള മറുപടി പ്രസംഗത്തിൽ എഡ്മന്റനിൽ വന്ന ആദ്യ ദിനം മുതൽ അച്ചനു നൽകിയ പിന്തുണയ്ക്ക് അച്ചൻ ഇടവകയ്ക്ക് നന്ദി പറഞ്ഞു. സ്വന്തം പൈതൃകത്തെ മുറുകെപ്പിടിച്ച് ഒരു വിശ്വാസ സമൂഹമായി മുന്നേറാൻ എഡ്മന്റണിലെ വിശ്വാസികൾ കാണിച്ച താത്പര്യമാണ് 'സ്വന്തം ദേവാലയം' എന്ന സ്വപ്നത്തെ വളരെ വേഗം സാക്ഷാത്കരിച്ചതെന്നു അച്ചൻ ഓർമ്മിച്ചു. ഇനിയും വിശ്വാസത്തെ വളർത്തി, ഒറ്റക്കെട്ടായി മുന്നേറി കൂടുതൽ നന്മകൾ സ്വന്തമാക്കാൻ അച്ചൻ ഇടവക സമൂഹത്തെ ആഹ്വാനം ചെയ്തു.

2014 ജനുവരി ഒന്നാം തീയതിയാണ് എഡ്മന്റണിലെ സീറോ മലബാർ മിഷന്റെ പ്രഥമ വികാരിയായി ഉത്തരവാദിത്വം ഏറ്റെടുക്കാൻ ജോണച്ചൻ എത്തിയത്. ജനുവരി 19 മുതൽ തന്നെ എഡ്മന്റൺ ആർച്ച് ഡയോസിസ് അനുവദിച്ച സെന്റ് എഡ്മന്റ്സ് ദേവാലയത്തിൽ ഞായറാഴ്ചകളിൽ വൈകുന്നേരം മലയാളം കുർബാന ആരംഭിച്ചു. അന്നു മുതൽ സീറോ മലബാർ കത്തോലിക്കാ വിശ്വാസം അനുസരിച്ചുള്ള എല്ലാ തിരുനാളുകളും, വിശേഷദിവസങ്ങളും ഭക്തിപൂർവ്വം ആചരിക്കാനുള്ള അവസരം ഇടവകാംഗങ്ങൾക്ക് ലഭിച്ചു.

മിഷന്റെ വളർച്ചയുടെ ആദ്യപടിയായി ക്യാറ്റിക്കിസം 2014 മാർച്ചിൽ ആരംഭിച്ചു. തുടർന്ന് എഡ്മന്റന്റെ പല ഭാഗങ്ങളിലായി ചിതറിക്കിടന്ന സീറോ മലബാർ വിശ്വാസികളെ, ഭൂപ്രകൃതി അനുസരിച്ച്, എട്ടു വാർഡുകളായി തിരിച്ച് കുടുംബക്കൂട്ടായ്മകൾ രൂപീകരിച്ചു. തുടർന്ന് നൈറ്റ് ഓഫ് കൊളംബസ്, മാതൃജ്യോതിസ്, എസ്.എം.വൈ.എം എന്നീ സംഘടനകളും ഇടവകയിൽ ജോണച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ചു. ഇടവക ക്വയറിനേയും, അൾത്താര ശുശ്രൂഷകരേയും, യൂക്രിസ്റ്റിക് മിനിസ്റ്റേഴ്സിനേയും പരിശീലനം ചെയ്യിപ്പിച്ചു. വാളണ്ടിയേഴ്സിനും, ക്യാറ്റിക്കിസം ടീച്ചേഴ്സിനും വിവിധ ട്രെയിനിംഗുകളും, സെമിനാറുകളും സംഘടിപ്പിച്ചു.

2014-ൽതന്നെ 'സ്വന്തമായി ഒരു ദേവാലയം' എന്ന ആഗ്രഹം വിശ്വാസികളുടെ മനസ്സിൽ നിറയ്ക്കാൻ ജോണച്ചന് സാധിച്ചിരുന്നു. അതിനായി വിവിധ തലങ്ങളിൽ ഫണ്ട് രൂപീകരണം ആരംഭിച്ചു. തുടർന്നു 2016 അവസാനത്തോടെ ചൈനീസ് അലയൻസ് ചർച്ച് ഇടവക പങ്കാളിത്തത്തോടെ വാങ്ങാൻ തീരുമാനമായി. 2017 ഫെബ്രുവരി 28-നു പുതിയ ദേവാലയത്തിന്റെ താക്കോൽ ലഭിക്കുകയും, പ്രഥമ ദിവ്യബലി മിസ്സിസാഗ എക്സാർക്കേറ്റ് മാർ ജോസ് കല്ലുവേലിലിന്റെ സാന്നിധ്യത്തിൽ അർപ്പിക്കുകയും ചെയ്തു. പുതിയ ദേവാലയത്തിന് അൾത്താര നിർമ്മിക്കുകയും, മറ്റു നവീകരണങ്ങൾ നടത്തുകയും ചെയ്തു. പുതിയ ദേവാലയത്തിന്റെ കൂദാശാ കർമ്മത്തിനു മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടേയും, മറ്റ് അഞ്ച് മെത്രാന്മാരുടേയും സാന്നിധ്യത്തിൽ 2017 ജൂലൈ 29-നു നടത്തി.

2015-ൽ മിസ്സിസാഗ എക്സാർക്കേറ്റ് രൂപീകൃതമായപ്പോൾ പ്രഥമ വികാരി ജനറാൾ ആയി ഫാ. ജോൺ കുടിയിരുപ്പിൽ നിയമിതനായി. ഷിക്കാഗോ രൂപതയിൽ സേവനം അനുഷ്ഠിച്ചപ്പോൾ ഓർലാന്റോയിൽ സീറോ മലബാർ വിശ്വാസികൾക്കായി ദേവാലയം വാങ്ങാൻ സാധിച്ചത് അദ്ദേഹത്തിന്റെ ജീവിതവഴിയിലെ മറ്റൊരു നാഴികക്കല്ലാണ്.മീനു വർക്കി അറിയിച്ചതാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP