Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കാനഡയിൽ വിശ്വാസവിളവെടുപ്പിന് നിലമൊരുക്കി മിസ്സിസാഗ രൂപതയുടെ പിറവി, മാർ കല്ലുവേലിൽ നല്ലിടയനെന്ന് കർദിനാൾ മാർ ആലഞ്ചേരി

കാനഡയിൽ വിശ്വാസവിളവെടുപ്പിന് നിലമൊരുക്കി മിസ്സിസാഗ രൂപതയുടെ പിറവി, മാർ കല്ലുവേലിൽ നല്ലിടയനെന്ന് കർദിനാൾ മാർ ആലഞ്ചേരി

ജോയിച്ചൻ പുതുക്കുളം

ടൊറന്റോ: ആഗോളസഭയുടെ ഭൂപടത്തിലേക്ക് മിസ്സിസാഗയും, അജപാലകരുടെ മഹനീയഗണത്തിലേക്ക് മാർ ജോസ് കല്ലുവേലിലും. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമായ കാനഡയിലെ വിവിധ പ്രദേശങ്ങളിലായി ചിതറിക്കിടക്കുന്ന സിറോ മലബാർ വിശ്വാസിസമൂഹം ഇനി മിസ്സിസാഗ രൂപതയുടെ കുടക്കീഴിൽ. സിറോ മലബാർ സഭയുടെ തലവൻ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് രൂപതയുടെ ഉദ്ഘാടനത്തിനും പ്രഥമ മെത്രാൻ മാർ ജോസ് കല്ലുവേലിലിന്റെ സ്ഥാനാരോഹണത്തിനും മുഖ്യകാർമികത്വം വഹിച്ചത്. ഭാരതത്തിനു പുറത്ത്, സിറോ മലബാർ സഭയുടെ നാലാമത്തെ രൂപതയാണിത്.

പുതിയ രൂപതയെ നയിക്കാൻ നിയുക്തനായത് നല്ലിടയനാണെന്നതിൽ ഓരോരുത്തർക്കും അഭിമാനിക്കാമെന്ന മേജർ ആർച്ച്ബിഷപ്പിന്റെ പ്രഖ്യാപനത്തെ സെന്റ് അൽഫോൻസ കത്തീഡ്രലിൽ പ്രാർത്ഥനാപൂർവം പങ്കാളികളായ വിശ്വാസികൾ കരഘോഷത്തോടെയാണ് വരവേറ്റത്. നല്ലിടയന്മാർ മുൻവാതിലിൽക്കൂടിയാകും പ്രവേശിക്കുകയെന്ന് അഭിപ്രായപ്പെട്ട മാർ ജോർജ് ആലഞ്ചേരി, സഭയിലും ചെമ്മരിയാടുകളും കോലാടുകളുമുണ്ടെന്നും ചൂണ്ടിക്കാട്ടി. ചെമ്മരിയാടുകൾ ഇടയന്റെ വഴിയെ നടക്കുന്പോൾ കോലാടുകൾക്ക് പിന്നാലെ പോകേണ്ട ഉത്തരവാദിത്തംകൂടി ഇടയന്മാർക്കുണ്ട്; അത് കേരളത്തിലായാലും കാനഡയിലായാലും. നല്ലിടയന്മാർ അജഗണത്തെ സംരക്ഷിക്കുന്നതിനായി മുൻവാതിലിലാകും നിലയുറപ്പിക്കുക. പിൻവാതിലിൽക്കൂടി വരുന്നവരാകട്ടെ, സ്വയരക്ഷയാകും നോക്കുക. അജപാലകരും ആത്മീയശുശ്രൂഷകരും യേശുക്രിസ്തുവിന്റെ മാതൃകയാകണം പിന്തുടരേണ്ടത്. പാവങ്ങളുടെ കണ്ണീരൊപ്പുന്ന കാരുണ്യപ്രവൃത്തികളിലും അടിച്ചമർത്തപ്പെട്ടവന്റെ മോചനത്തിനുമെല്ലാമാകണം മുൻഗണന. ക്രിസ്തുവിനെപ്പോലെ സഹനത്തിന്റെ ജീവിതത്തിനായാണ് വിളിക്കപ്പെട്ടിരിക്കുന്നതെന്നും ഓർമിപ്പിച്ചു.

കാനഡയിലെ അപ്പസ്തോലിക് നൂൺഷ്യോ ആർച്ച്ബിഷപ്പ് ലൂയിജി ബൊണാസി, ടെറേന്റോ ആർച്ച്ബിഷപ്പ് കർദിനാൾ തോമസ് കോളിൻസ്, കനേഡിയൻ ബിഷപ്സ് കോൺഫറൻസ് വൈസ് പ്രസിഡന്റ് ആർച്ച്ബിഷപ്പ് ഡോ. റിച്ചാർഡ് ഗാനൻ, കോട്ടയം ആർച്ച്ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, ഷിക്കാഗോ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത്, കാനഡയിലെ കൽദായ ബിഷപ്പ് ബവായ് സോറോ, കിങ്സ്റ്റ്ൺ ആർച്ച്ബിഷപ്പ് മിഷേൽ മുൽഹാൾ, എഡ്മിന്റനിലെ യുക്രേനിയൻ ബിഷപ്പ് ഡേവിഡ് മോട്ടിയക് എന്നിവരും പങ്കെടുത്തു. അൻപത് ലക്ഷത്തോളം അംഗങ്ങളുമായി പൗരസ്ത്യ സഭകളിൽ ഒന്നാമതായ യുക്രേനിയൻ സഭയുടെ എണ്ണത്തിലേക്ക് സിറോ മലബാർ സഭയും അടുത്തുകൊണ്ടിരിക്കുകയാണെന്നും മാർ ജോർജ് ആലഞ്ചേരി ചൂണ്ടിക്കാട്ടി.

പതിനെട്ട് മിഷൻ സെന്ററുകളും ഏതാനും വൈദികരുമെന്ന നിലയിൽനിന്ന് സ്വന്തമായി നാല് ദേവാലയങ്ങൾ ഉൾപ്പെടെ അൻപതിലേറെ ആരാധനാസമൂഹങ്ങളും ഇരുപത്തഞ്ചിലേറെ വൈദികരും പത്തിലേറെ സന്യസ്തരും ആറ് സെമിനാരി വിദ്യാർത്ഥികളുമെന്ന നിലയിലേക്ക് മിസ്സിസാഗ രൂപതയെ എത്തിച്ചതിൽ മാർ ജോസ് കല്ലുവേലിലിനെ പേപ്പൽ പ്രതിനിധി ലൂയിജി ബൊണാസിയും കർദിനാൾ തോമസ് കോളിൻസും അഭിനന്ദിച്ചു. എക്സാർക്കേറ്റിന് രൂപതയിലേക്കുള്ള പൂർണതയ്ക്ക് വേണ്ടിവന്നത് 39 മാസങ്ങൾ മാത്രം. കാനഡയിൽ ആത്മീയഉണർവു പകരാനുള്ള ദൈവീകദൗത്യമാണ് രൂപതയിലൂടെ ലഭിച്ചിരിക്കുന്നതെന്നും സുവിശേഷവൽക്കരണം ഉറപ്പാക്കുന്നതിനായി വിശ്വാസികളെല്ലാവരും മിഷനറിമാരായി മാറണമെന്നും മറുപടി പ്രസംഗത്തിൽ മാർ ജോസ് കല്ലുവേലിൽ ചൂണ്ടിക്കാട്ടി. പൂർവികരിൽനിന്ന് ഈ തലമുറ ഏറ്റുവാങ്ങിയ വിശ്വാസദീപം കനേഡിയൻ സംസ്‌കാരവുമായി ഇഴുകിച്ചേരുന്ന പുതുതലമുറയിലേക്ക് കൈമാറുകയെന്നതാണ് പ്രധാന വെല്ലുവിളിയെന്നും പറഞ്ഞു.

പാലക്കാട് രൂപതയിൽനിന്നു മെത്രാനാകുന്ന ആദ്യ വൈദികനാണ് മാർ ജോസ് കല്ലുവേലിൽ. ആറു പതിറ്റാണ്ടു മുന്പ് കുറവിലങ്ങാട് തോട്ടുവായിൽനിന്നു പാലക്കാട് ജെല്ലിപ്പാറയിലേക്കു കുടിയേറിയ കല്ലുവേലിൽ ജോസഫിന്റെയും അന്നമ്മയുടെയും മകൻ. ആറു വർഷം മുന്പ് വൈദികനായി കാനഡയിലേക്ക് എത്തുംനുന്പ് വർഷം പതിനൊന്ന് വർഷത്തോളം പാലക്കാട് രൂപതാ മതബോധന ഡയറക്ടറായിരുന്നു. ഇറ്റലിയിലെ പൊന്തിഫിക്കൽ സലേഷ്യൻ സർവകലാശാലയിൽനിന്ന് മതബോധനത്തിലാണ് മാർ കല്ലുവേലിലിന്റെ ഗവേഷണബിരുദം.

രൂപതാ ഉദ്ഘാടന ചടങ്ങിൽ വികാരി ജനറൽ മോൺ. സെബാസ്റ്റ്യൻ അരീക്കാട്ട്, ചാൻസലർ ഫാ. ജോൺ മൈലംവേലിൽ, ഫിനാൻസ് ഓഫിസർ ഫാ. ജേക്കബ് എടക്കളത്തൂർ, ഫാ. ഡാരിസ് മൂലയിൽ, എബി അലറിക്, ഡോ. സാബു ജോർജ്, ജനറൽ കൺവീനർമാരായ സോണി കയാനിയിൽ, ജോസഫ് അക്കരപട്ടിയാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ ആഴ്ചകൾ നീണ്ട അധ്വാനത്തിലൂടെയാണ് മിസ്സിസാഗ രൂപതയുടെ ചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നായ ചടങ്ങ് അവിസ്മരണീയമാക്കിയതും ഇതിനായി കത്തീഡ്രലിനെ അണിയിച്ചൊരുക്കിയതും. പ്രതികൂല കാലാവസ്ഥയായിരുന്നിട്ടുകൂടി നൂറുകണക്കിനു വിശ്വാസികളാണ് പ്രാർത്ഥനാപൂർവം പങ്കെടുത്തത്. ഒരു രൂപതയുടെയും മെത്രാന്റെയും പിറവിക്കുകൂടി സാക്ഷ്യംവഹിച്ച ഇവർ മടങ്ങിയത് കാനഡയിൽ വിശ്വാസത്തിന്റെ വിത്തുവിതയ്ക്കാനുള്ള നിലമൊരുങ്ങുന്നതിന്റെ ആഹ്ളാദവുംപേറിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP