Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐഎപിസി ടൊറന്റോ ചാപ്റ്റർ ഭാരവാഹികളെ തെരഞ്ഞെടുത്തു; ബിൻസ് മണ്ഡപം പ്രസിഡന്റ്; ടൊറന്റോയിലെ ഗ്ലോബൽ റിപ്പോർട്ടർ ചാനൽ റിപ്പോർട്ടർ സ്വപ്ന ജോയിയെ സെക്രട്ടറിയായും ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ജിസ്മോൻ കുര്യനെ ട്രഷററായും തെരഞ്ഞെടുത്തു

ഐഎപിസി ടൊറന്റോ ചാപ്റ്റർ ഭാരവാഹികളെ തെരഞ്ഞെടുത്തു; ബിൻസ് മണ്ഡപം പ്രസിഡന്റ്; ടൊറന്റോയിലെ ഗ്ലോബൽ റിപ്പോർട്ടർ ചാനൽ റിപ്പോർട്ടർ സ്വപ്ന ജോയിയെ സെക്രട്ടറിയായും ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ജിസ്മോൻ കുര്യനെ ട്രഷററായും തെരഞ്ഞെടുത്തു

സ്വന്തം ലേഖകൻ

ടൊറന്റോ: ൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് (ഐഎപിസി) ടൊറന്റോ ചാപ്റ്റർ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജയ്ഹിന്ദ് വാർത്താ പത്രത്തിന്റെ റീജണൽ ഡയറക്ടർ ബിൻസ് മണ്ഡപമാണ് പ്രസിഡന്റ്. ടൊറന്റോയിലെ ഗ്ലോബൽ റിപ്പോർട്ടർ ചാനൽ റിപ്പോർട്ടർ സ്വപ്ന ജോയിയെ സെക്രട്ടറിയായും ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ജിസ്മോൻ കുര്യനെ ട്രഷററായും തെരഞ്ഞെടുത്തു കോളമിസ്റ്റും എഴുത്തുകാരിയുമായ ലീന തോമസ് കാപ്പനാണ് വൈസ് പ്രസിഡന്റ്. ദൃശ്യമാധ്യമപ്രവർത്തക മേഘ സുബ്രഹ്മണ്യത്തിനെ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു.

ഹാൾട്ടൺ മലയാളി അസോസിയേഷൻ സ്ഥാപക ഡയറക്ടറായ ബിൻസാണ് ഹാൾട്ടൺ മേഖലയിൽ സ്പോർട്സ് ക്ലബ്, മലയാളം ക്ലാസ്, കേരളപ്പിറവി സാംസ്‌കാരിക പരിപാടി എന്നിവയുടെ ആരംഭപ്രവർത്തനങ്ങൾക്കു മുൻകൈയെടുത്തത്. ഹാൾട്ടൺ മലയാളീസ് അസോസിയേഷൻ പ്രസിഡന്റ് (2014-2016), സെന്റ് അൽഫോൻസ കത്തീഡ്രൽ പാരിഷ് കൗൺസിൽ അംഗം (2019), സോഷ്യൽ കമ്മിറ്റി ആനിമേറ്റർ, വിവിധ സുവനീറുകളുടെയും ഡയറക്ടറികളുടെയും എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഹാൾട്ടൺ കാത്തലിക് ഡിസ്ട്രിക്റ്റ് സ്‌കൂൾ ബോർഡിൽ ഐടി ഡെവലപ്മെന്റ് ഓഫീസറാണ്.

വിവിധ ചാനലുകളിൽ അവതാരകയായി പ്രവർത്തിച്ചിട്ടുള്ള പരിചയസമ്പത്താണു സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സ്വപ്നയുടെ മുതൽക്കൂട്ട്. ജീവൻ ടിവി (2004), ഏഷ്യാനെറ്റ് ന്യൂസ് (2005), സൂര്യ ടിവി (2005), റിപ്പോർട്ടർ ടിവി (2011), ജീവൻ ടിവി (2011), ഏഷ്യാനെറ്റ് (2011), ജയ്ഹിന്ദ് ടിവി (2013) എന്നീ ചാനലുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ടൊറന്റോയിൽ ഗ്ലോബൽ റിപ്പോർട്ടർ ചാനലിന്റെ റിപ്പോർട്ടറാണ്. 2014-ലാണ് സ്വപ്ന കാനഡയിൽ സ്ഥിരതാമസമാക്കിയത്. വാൻകൂവർ ഇന്റർനാഷണൽ എയർപോർട്ട്, ടൊറന്റോ പിയേഴ്സൺ ഇന്റർനാഷണൽ എയർപോർട്ട് എന്നിവിടങ്ങളിലും ജോലി ചെയ്തിട്ടുണ്ട്.

ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട ജിസ്മോൻ കുര്യൻ ടൊറന്റോയിൽ പ്രൊഫഷണൽ ഫോട്ടോഗ്രാഫറാണ്. ഗ്രാഫിക് ഡിസൈനർ മേഖലയിൽ പരിചയസമ്പത്തുള്ള അദ്ദേഹം മിസിസാഗ ലയൺസ് ക്ലബിലെ വിവിധ പരിപാടികളുടെ കോർഡിനേറ്ററായും പ്രവർത്തിക്കുന്നു.

വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ലീന തോമസ് കാപ്പൻ ഇന്ത്യൻ എക്സ്പ്രസ്, മാതൃഭൂമി, മലയാള മനോരമ, ദേശാഭിമാനി, മംഗളം, ജയ്ഹിന്ദ് വാർത്ത, സംഗമം എന്നിവയുൾപ്പെടെ ഒട്ടുമിക്ക പത്രങ്ങളിലും ആരോഗ്യ മാസികകളിലും ആരോഗ്യ കോളങ്ങൾ എഴുതുന്നു. മാതൃഭൂമി ബുക്സ്, കേരള ശാസ്ത്ര സാഹിത്യപരിഷത്ത് എന്നിവ പ്രസിദ്ധീകരിച്ച രണ്ടു പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്. കൊച്ചി ആകാശവാണിയിൽ റേഡിയോ അനൗൺസർ കം പ്രോഗ്രാമറായും പ്രവർത്തിച്ചിട്ടുണ്ട്. ഒന്റാറിയോയിൽ ഫാർമസിസ്റ്റായ ലീന തോമസ് കാപ്പൻ, എംഒഎസ് സി മെഡിക്കൽ കോളജ്, അമൃത സ്‌കൂൾ ഓഫ് ഫാർമസി എന്നിവിടങ്ങളിൽ അസിസ്റ്റന്റ് പ്രഫസറായി പ്രവർത്തിച്ചു. കാലിക്കറ്റ് മെഡിക്കൽ കോളജിൽ സീനിയർ ലക്ചർ പദവിയും വഹിച്ചിട്ടുണ്ട്.

ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മേഘ സുബ്രഹ്മണ്യൻ എഴുത്ത്, നൃത്തം, ചലച്ചിത്രം എന്നിങ്ങനെ ഒട്ടുമിക്ക മേഖലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട്. കാനഡ, യുഎസ്, ഇന്ത്യ എന്നിവിടങ്ങളിലെ ടിവി, ചലച്ചിത്ര മേഖലകളിലെ സജീവ സാന്നിധ്യമായ മേഘ, യുഎസ്എയിൽ നിന്നുള്ള ചലച്ചിത്ര ബിരുദധാരിയാണ്. ടൊറന്റോയിൽ അഭിനയം എന്ന നൃത്ത വിദ്യാലയം നടത്തുന്ന മേഘ, ദക്ഷിണേഷ്യൻ കുടിയേറ്റക്കാരെ സംബന്ധിക്കുന്ന വിവരങ്ങൾ വിശദീകരിക്കുന്ന ഒരു ബ്ലോഗും കൈകാര്യം ചെയ്യുന്നുണ്ട്. ഇന്ത്യൻ ക്ലാസിക്കൽ നൃത്തങ്ങളെക്കുറിച്ചുള്ള ഡാൻസ് യുവർ വേ ഔട്ട് എന്ന സ്റ്റോറി കളറിങ് ബുക്കും പ്രസിദ്ധീകരിച്ചിരുന്നു.

ഫ്രീലാൻസ് ജേണലിസ്റ്റായ അഭി ലെനിനെ കമ്മറ്റി അംഗമായി തെരഞ്ഞെടുത്തു. അടുത്തിടെ കാനഡയിലേക്കു കുടിയേറിയ അഭി ലെനിൻ ദുബായിൽ താമസിക്കുമ്പോൾ വിവിധ സാമൂഹിക, സാംസ്‌കാരിക സംഘടനകളായ എഎൻആർഎ, സേവനം എന്നിവയുടെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. മിസിസാഗയിൽ ടാക്സ് അക്കൗണ്ടന്റായി ജോലി ചെയ്യുന്നു

ഉപദേശക സമിതി ചെയർമാനായി ഐഎപിസിയുടെ സ്ഥാപക നേതാക്കളിൽ ഒരാളും ഡഫ്‌റിൻ-പീൽ സ്‌കൂൾ ബോർഡ് അദ്ധ്യാപകനും പ്രമുഖ മാധ്യമപ്രവർത്തകനുമായ ജെയ്‌സൺ മുണ്ടയ്ക്കലിനെ തെരഞ്ഞെടുത്തു. ടൊറന്റോ ഇന്റർനാഷ്ണൽ സൗത്ത് ഏഷ്യൻ ഫിലിം അവാർഡ്-ടിസ്ഫയുടെ സ്ഥാപകനും ബ്ലു സഫയർ എന്റർടൈന്മെന്റ് ആൻഡ് ബിഎസ്ഇ മലയാളം ടിവിയുടെ സിഇഒയുമായ അജീഷ് രാജേന്ദ്രൻ, ഫ്രീലാൻസ് മാധ്യമപ്രവർത്തകനും മാനേജ്‌മെന്റ് വിദഗ്ധനുമായ ജെറാൾഡ് എന്നിവരാണ് മറ്റ് അംഗങ്ങൾ. കഴിഞ്ഞ 24 വർഷമായി കാനഡയിൽ താമസിക്കുന്ന ജെറാൾഡ് 20 വർഷമായി ഒരു അമേരിക്കൻ കോർപ്പറേഷനിൽ ജോലി ചെയ്യുകയും ടൂറിസം ബിസിനസ് രംഗത്തും കഴിവുതെളിയിക്കുകയും ചെയ്ത വ്യക്തിയാണ്.

ഐഎപിസി സ്ഥാപക ചെയർമാൻ ജിൻസ് മോൻ പി.സക്കറിയയുടെ അധ്യക്ഷതയിൽ ചേർന്ന തെരഞ്ഞെടുപ്പുയോഗത്തിൽ ഐഎപിസി ദേശീയ നേതാക്കളായ ഡോ. മാത്യു ജോയിസ്, തമ്പാനൂർ മോഹനൻ, ആഷ്ലി ജോസഫ്, ഡോ. ബൈജു പി.വി, ബൈജു പകലോമറ്റം എന്നിവർ പങ്കെടുത്തു. ഐഎപിസിയുടെ ടൊറന്റോ ചാപ്റ്ററിന്റെ പുതിയ ഭാരവാഹികൾക്ക് ഐഎപിസി ദേശീയ നേതൃത്വം ആശംസകൾ നേർന്നു.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP