Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

'സാമൂഹ്യ നീതി' എന്ന വിഷയത്തെ ആസ്പദമാക്കി ഏകദിന സെമിനാർ സംഘടിപ്പിച്ചു; അദ്ധ്യാപകർ, കലാപ്രതിഭകൾ, മാധ്യമപ്രവർത്തകർ എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായി

'സാമൂഹ്യ നീതി' എന്ന വിഷയത്തെ ആസ്പദമാക്കി ഏകദിന സെമിനാർ സംഘടിപ്പിച്ചു; അദ്ധ്യാപകർ, കലാപ്രതിഭകൾ, മാധ്യമപ്രവർത്തകർ എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായി

ലെജു രാമചന്ദ്രൻ

'സാമൂഹ്യ നീതി' എന്ന വിഷയത്തെ ആസ്പദമാക്കി ശ്രീ നാരായണ അസോസിയേഷൻ ടോറോണ്ടോ, ജസ്ടോക്ക് കളക്റ്റീവിന്റെ ആഭിമുഖ്യത്തിൽ നവംബർ 19-ന് ഏകദിന സെമിനാർ സംഘടിപ്പിച്ചു. സർക്കാർ നയതന്ത്രജ്ഞർ, കാനഡയിലെ ആദിമസ്വദേശി മുഖ്യന്മാർ (Indigenous Leaders ), അദ്ധ്യാപകർ, കലാപ്രതിഭകൾ, ദൃശ്യ-ശ്രവ്യ മാധ്യമ രംഗത്തെ പ്രവർത്തകർ തുടങ്ങിയ ഒട്ടേറെ പേരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായ ഈ സെമിനാർ ടോറോന്റോയിലെ യോർക്ക് യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ വേദിയിലാണ് സംഘടിപ്പിച്ചത്.

സമത്വത്തിലൂടെയും വൈവിധ്യത്തിലൂടെയും സാമൂഹ്യ നീതി നേടാനും, ബഹിസ്പുരതയിലൂടെയും വർണ്ണ വൈവിധ്യത്തിലൂടെയും ഏകത കൈവരിക്കാനും, വിദ്യ കൊണ്ട് പ്രബുദ്ധരാകാനുമുള്ള കാലിക പ്രസക്തിയുള്ള ആശയങ്ങൾ പ്രചരിപ്പിക്കുന്ന സംഘടനകൾക്ക് കനേഡിയൻ സർക്കാർ നൽകി വരുന്ന പിന്തുണയെകുറിച്ചു സെമിനാറിലെ പല ചർച്ചകളിലും പരാമർശിക്കുകയുണ്ടായി.

Stories you may Like

അമേരിക്കയിലെ സിയാറ്റിലിനടുത്ത് ബെയിൻ ബ്രിഡ്ജ് ദീപിൽ സ്ഥിതി ചെയ്യുന്ന നാരായണ ഗുരുകുലത്തിലെ മുഖ്യ ആചാര്യ നാൻസിയിൽഡിങിന്റെ (Nancy Yeilding) മുഖ്യ പ്രഭാഷണത്തോടെയാണ് സെമിനാർ ആരംഭിച്ചത്. ഗുരു തൃപ്പാദങ്ങൾ അരുളിയ മഹത് വചനങ്ങളിൽ നിന്നും ബഹിർഗമിക്കുന്ന വെളിച്ചത്തെ മാനവരാശിയുടെ ഉന്നമനത്തിനും ഉയർച്ചക്കുമെങ്ങനെ പ്രയോജനപ്രദമാക്കാമെന്നാണ് നാൻസി തന്റെ പ്രബന്ധാവതരണത്തിലൂടെ ഊന്നൽ നൽകിയത്. ഗുരു വചനങ്ങളുടെ അർത്ഥ വ്യാപ്തി തിട്ടപ്പെടുത്തുകയെന്നത് അസാദ്ധ്യമെന്നിരിക്കെ, അതിൽ ഒളിഞ്ഞിരിക്കുന്ന അന്തസത്ത ഉൾകൊള്ളുവാനും ദൈനംദിന ജീവിതത്തിൽ പകർത്തുവാനും ശ്രമിക്കണമെന്ന അഭ്യർത്ഥനയോടെയാണ് പ്രഭാഷണം അവസാനിച്ചത്. തുടർന്ന് നടന്ന ചർച്ചകളിൽ, ശ്രീ നാരായണ ഗുരുവിന്റെ ശിഷ്യരിൽ പ്രമുഖനായ നടരാജ ഗുരു വിഭാവന ചെയ്തത് പോലെ, ഗുരു വചനങ്ങളെ ലോകത്തിന്റെ നാനാഭാഗങ്ങളിലും സമൂഹ നന്മയ്ക്കും സാമൂഹ്യ പ്രതിബദ്ധതക്കും ഉതകുന്ന രീതിയിൽ എങ്ങനെ ഉപയോഗിക്കാമെന്ന തലത്തിലേയ്ക്ക് ചർച്ചകൾ പുരോഗമിച്ചു.

കനേഡിയൻ സർക്കാരിന്റെ പ്രതിനിധിയും, NSERC പോളിസി & ഇന്റർനാഷണൽ റിലേഷൻസ് മേധാവിയുമായ കാറീൻ മൊറിൻ (Karine Morin) ആണ് രണ്ടാമതായി സദസ്സിനെ അഭിസംബോധന ചെയ്തത്. കനേഡിയൻ സർക്കാരും സ്വതന്ത്ര ഗവേഷണ-ധനസഹായ സംഘടനകളുടേയും (NSERC, CIHR & SSHRC) സംയുക്ത അഭിമുഖ്യത്തിൽ നടപ്പിലാക്കാൻ ആരംഭിച്ച DIMENSION പ്രോഗ്രാമിനെ കുറിച്ച് കാറീൻ സദസ്യരുമായി സംവേദിച്ചു. ആദ്യ ഘട്ടത്തിൽ പോസ്റ്റ് സെക്കണ്ടറി സ്ഥാപനങ്ങളിലും, യൂണിവേഴ്‌സിറ്റികളിലും, ഗവേഷണ സ്ഥാപനങ്ങളിലുമാണ് ഈ പ്രോഗ്രാം നടപ്പിലാക്കാനായി തിരഞ്ഞെടുത്തിരിക്കുന്നതെന്ന് അവർ വ്യക്തമാക്കി. സ്ത്രീകളുടേയും, പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടേയും, ഭിന്നശേഷിക്കാരുടേയും, ആദിമസ്വദേശിയരായ ജനവിഭാഗത്തിന്റെയും, LGBTQ2+ വിഭാഗങ്ങളുടേയും സംരക്ഷണവും സുരക്ഷയും ഉന്നമനവും ഉറപ്പാക്കാനാണ് ഈ പ്രോഗ്രാമിലൂടെ സർക്കാർ ലക്ഷ്യമാക്കുന്നത്. ഇതിനായി തിരഞ്ഞെടുത്ത 17 സ്ഥാപനങ്ങൾക്കും സ്വതന്ത്രമായി ഈ പ്രോഗ്രാം നടപ്പിലാക്കാൻ അനുമതിയും സർക്കാർ തലത്തിൽ അനുവദിച്ചു നൽകുമെന്ന് കാറീൻ മോറിൻ സൂചിപ്പിക്കുകയുണ്ടായി.

തുടർന്ന് കവിയും ആദിമസ്വദേശി സംഘത്തിന്റെ (MCFN) മുഖ്യനുമായ ചീഫ് സ്റ്റേസി ലഫോം (Chief R. Stacey Laforme) തങ്ങളുടെ ജനവിഭാഗം അനുദിനം അനുഭവിക്കുന്ന പ്രതികൂല സാഹചര്യങ്ങളെ കുറിച്ച് സദസ്യരുമായി ആശങ്കകൾ പങ്കുവെച്ചു. തന്റെ പ്രഭാഷണത്തിലുടനീളം പദ്യ ശകലങ്ങളോടെയാണ് ചീഫ് സ്റ്റേസി സംവേദിച്ചത്. സ്വന്തം മണ്ണിൽ അധഃകൃതരാക്കപ്പെട്ട ഒരു ജനതതിയുടെ അതിജീവനത്തിന്റെ നേർകാഴ്ചകളാണ് തന്റെ കവിതകളിലൂടെ സദസ്സ്യരുമായി അദ്ദേഹം പങ്കുവെച്ചത്. സാമൂഹിക സാഹചര്യങ്ങൾക്ക് അധിഷ്ഠിതമായി യാഥാർഥ്യത്തിലൂന്നിയ പ്രവർത്തനങ്ങൾക്കാണ് ഏതൊരു സർക്കാരും മുൻഗണന നൽകേണ്ടതെന്നും അതിലൂടെ മാത്രമേ അവശത അനുഭവിക്കുന്ന സമാനമായ ജനവിഭാഗങ്ങളെ മുഖ്യ ധാരയിലേയ്ക്ക് ഉയർത്താൻ കഴിയുകയുള്ളുവെന്നും ചീഫ് സ്റ്റേസി വ്യക്തമാക്കി.

തുടർന്ന് പ്രമുഖ കനേഡിയൻ ടെലിവിഷൻ ചാനലായ ഗ്ലോബൽ ന്യൂസ് അന്തർദേശീയ ലേഖകൻ ജെഫ് സെംപിൽ (Jeff Semple) സദസ്യരെ അഭിസംബോധന ചെയ്തു. ജനാധിപത്യത്തിനെതിരെ ചൈനീസ് സർക്കാർ നടത്തുന്ന അടിച്ചമർത്തലുകൾക്കെതിരെ ഹോങ്കോങ് തെരുവുകളിൽ അരങ്ങേറിയ നിശബ്ദമായ ജനമുന്നേറ്റത്തിനെ, പൊലീസിനെ ഉപയോഗിച്ചു ക്രൂരമായി അടിച്ചമർത്തുന്ന ചിത്രങ്ങൾ പ്രഭാഷണത്തിനോടൊപ്പം പ്രദർശിപ്പിക്കാനും അദ്ദേഹം മറന്നില്ല.

ഒഡീസി നൃത്തത്തിന്റെ പ്രചുര പ്രചാരത്തിനായി ജീവിതം സമർപ്പിച്ച നർത്തകിയും അദ്ധ്യാപികയുമായ ഏനാക്ഷി സിൻഹ (Enakshi Sinha) സാമൂഹ്യ നീതിയുമായി ബന്ധപ്പെട്ട വിഷയങ്ങളെ അഭിനയത്തിലൂടെയും മുദ്രകളിലൂടെയും പ്രതിഫലിപ്പിച്ചത് പങ്കെടുത്തവർക്ക് നവ്യാനുഭവമായി. കാലിക പ്രസക്തമായൊരു വിഷയം തന്റെ നൃത്താവതരണത്തിലൂടെ പ്രദർശിച്ചതിന് ശേഷമാണ് ഏനാക്ഷി രംഗമൊഴിഞ്ഞത്.

അജ്ഞതയുടെ ഇരുളിൽ അമർന്ന ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ വിവരസാങ്കേതിക വിദ്യയിലൂടെ, വിദ്യയുടെ വെള്ളി വെളിച്ചമെത്തിച്ച കഥയാണ് ടെക്‌നോളജി പ്രൊഫെഷനലും സാമൂഹ്യ പ്രവർത്തകയുമായ ശുഭാംഗി വിഖെ (Shubhangi Vikhe) സദസ്സിൽ വിവരിച്ചത്. എഴുത്തുകാരനും ഇന്ത്യൻ തത്വചിന്തയുടെ ആരാധകനും അമേരിക്കയിലെ ഒറിഗോൺ സ്റ്റേറ്റിലെ പോർട്ട് ലാൻഡിൽ സ്ഥിതിചെയ്യുന്ന നാരായണ ഗുരുകുലത്തിലെ അമരക്കാരനുമായ സ്‌കോട്ട് റ്റീറ്റ്‌സ്വോർത്ത് (Scott Teitsworth) ആണ് വ്യക്തി വികാസവും ആത്മീയ പ്രബുദ്ധതയും ശാസ്ത്രീയമായ രീതിയിൽ കൈവരിക്കാനായി ഉതകുന്ന ചിന്തകളെകുറിച്ചാണ് അദ്ദേഹം പ്രഭാഷണത്തിൽക്കൂടി പ്രാധാന്യം നൽകിയത്.

സെമിനാറിലെത്തിയ മുഖ്യ പ്രഭാഷകർക്കും പങ്കെടുത്തവർക്കും ഉമാശങ്കർ തുടക്കത്തിൽത്തന്നെ സ്വാഗതവും നന്ദിയും രേഖപ്പെടുത്തി. സുജിത്ത് ശിവാനന്ദിന്റെ മാർഗ്ഗനിർദ്ദേശത്തിൽ ജസ് ടോക്ക് കളക്റ്റീവ് സംഘടിപ്പിച്ച പ്രഥമ സെമിനാറിന് ശ്രീകുമാർ ജനാർദ്ദനൻ അധ്യക്ഷനായ ശ്രീനാരായണ അസോസിയേഷൻ ബോർഡ് ഓഫ് ഡയറക്ടർസ് പൂർണ സംതൃപ്തിയും പിന്തുണയും രേഖപ്പെടുത്തി. വരും വർഷങ്ങളിൽ കൂടുതൽ യൂണിവേഴ്‌സിറ്റികളേയും കോളേജുകളേയും ഉൾപ്പെടുത്തിക്കൊണ്ട് സർക്കാരിന്റെ പിന്തുണയോടെ വിപുലമായ രീതിയിൽ സെമിനാർ സംഘടിപ്പിക്കാനാണ് ജസ് ടോക്ക് കളക്റ്റീവ് ലക്ഷ്യമാക്കുന്നത്. ഈ സംരംഭത്തിന് ഫെഡറൽ മന്ത്രിമാരായ നവദീപ് ബൈൻസ്, കേഴ്സ്റ്റി ഡൻകാൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP