Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

കാൽഗറി ക്രിക്കറ്റ് ലീഗിലെ മലയാളികളുടെ സാന്നിധ്യം ശ്രദ്ധേയം

കാൽഗറി ക്രിക്കറ്റ് ലീഗിലെ മലയാളികളുടെ സാന്നിധ്യം ശ്രദ്ധേയം

ജോയിച്ചൻ പുതുക്കുളം

കാൽഗറി: നൂറുവർഷത്തിൽപ്പരം പാരമ്പര്യമുള്ള കാൽഗറി ആൻഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് ലീഗിന്റെ (C&DCL) ചരിത്രത്തിൽ ഒരു ദശാബ്ദമായി റൺ റൈഡേഴ്സ് എന്ന മലയാളി ക്ലബ് / ടീം കേരളീയ സാന്നിധ്യം നിലനിർത്തിപ്പോരുന്നു. കാൽഗറിയിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന, ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാരെ കൂട്ടി ഫാ. ജിമ്മി പുറ്റനാനിക്കൽ 'കാൽഗറി റൺ റൈഡേഴ്സ്' 2012-ലാണ് തുടക്കമിടുന്നത്. അതിനുമുമ്പ് 'സതേൺ ചാർജേഴ്സ്' എന്ന പേരിൽ ജോ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ രണ്ടു വർഷം സി & ഡിസിഎൽ വീക്ക്ഡേ ലീഗിൽ കളിച്ചിരുന്നു. സായാഹ്നങ്ങളിൽ ജോലി കഴിഞ്ഞ് വിനോദത്തോടൊപ്പം വ്യായാമം എന്ന ആശയത്തോടെ തുടങ്ങിയ ഈ സംരംഭം പടർന്നു പന്തലിച്ചത് വളരെ പെട്ടെന്നായിരുന്നു.

സി & ഡിസിഎൽ ലീഗ് കളിക്കാൻ മിനിമം ആവശ്യകതയായ ഒമ്പത് കളിക്കാരെ ചേർത്ത് രൂപീകരിച്ച മലയാളി ടീം ഭാഷയുടേയും ദേശങ്ങളുടേയും അതിർവരമ്പുകൾ താണ്ടി ഇന്നു 35 പേരും, 2 ടീമുകളുമായി (ആൽഫ & ബീറ്റ) പടർന്നു പന്തലിക്കുമ്പോഴും മലയാളത്തിന്റെ തനതായ വ്യക്തിത്വം കാത്തുസൂക്ഷിച്ചുപോരുന്നു. കളിക്കിടയിൽ എതിരാളിൽക്ക് മനസിലാകാത്തവിധം തന്ത്രങ്ങൾ മെനയുവാനും, ആശയവിനിമയം നടത്താനും മലയാളം പ്രധാന ഭാഷയായി ഉപയോഗിക്കുന്നത് ഒരു അതുല്യതയാണ്. വീക്ക് ഡേയ്സിൽ തുടങ്ങി ടി20, 35 ഓവേഴ്സ് ചാമ്പ്യൻഷിപ്പ്, 50 ഓവേഴ്സ് ചാമ്പ്യൻഷിപ്പ് ഫൈനലുകളിൽ വരെ എത്തിനിൽക്കുന്നു ഈ മലനാടൻ ജൈത്രയാത്ര.

കളിക്കളത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ട് പൊടുന്നനെ റൺ റൈഡേഴ്സ് മറ്റു ടീമുകളുടെ ശ്രദ്ധയും ആദരവും പിടിച്ചുപറ്റി. 2015-ൽ ക്രൗൺ സി.സി (ക്രിക്കറ്റ് ക്ലബ്) ക്ഷണം സ്വീകരിച്ച് 'ക്രൗൺ റൺ റൈഡേഴ്സ്' എന്ന പേരിൽ സി & ഡിസിഎൽ പ്രൊഫഷണൽ ലീഗ് മത്സരങ്ങൾ കളിച്ചുതുടങ്ങി. പിന്നീട് 2019-ൽ 'കാൽഗറി ക്രിക്കറ്റ് അക്കാഡമി' (സി.സി.എ) ക്ലബിൽ ചേരുകയും, തുടർന്ന് രണ്ട് ടീമുകളായി ടി 20യും, 35ഉം, 50ഉം കളിക്കുകയുണ്ടായി.

2020-ൽ വീണ്ടും രണ്ടു ടീം ആയി ഇറങ്ങി ഉയരങ്ങളുടെ അടുത്തപടി എത്തിപ്പിടിക്കാൻ ഇറങ്ങിയ റൺ റൈഡേഴ്സിനു മുന്നിൽ കോവിഡ് മഹാമാരി മാർഗതടസമായി. മൂന്നു ടീമുകൾ അടങ്ങുന്ന ടി20 മിനി ലീഗായി മത്സരങ്ങൾ ചുരുങ്ങിയിട്ടും ഗ്രൂപ്പ് ലീഡേഴ്സ് ആയി അടിപതറാതെ ടീം ആൽഫയും, ബീറ്റയും മുന്നോട്ടു കുതിക്കുന്നു.

2020 ജനുവരിയിൽ കാൽഗറി - മക്കോൾ എംഎൽഎ ഇർഫാൻ സാബിർ, കാൽഗറി സിറ്റി കൗൺസിൽ അംഗമായ ജോർജ് ചൗഹാൽ എന്നിവർ അവാർഡ് ദാനം നിർവഹിച്ച വാർഷിക സി & ഡിസിഎൽ വാർഷിക വിരുന്നു സത്കാരവും അവാർഡ് സെറിമണിയിൽ റൺ റൈഡേഴ്സ് ടീം അംഗങ്ങൾ വാരിക്കൂട്ടിയ അവാർഡുകൾ ടീമിന്റെ കഴിവിനും പ്രതിഭയ്ക്കും സാക്ഷ്യംവഹിക്കുന്നു. നാൽപ്പതോളം ടീമുകൾ വരുന്ന ലീഗിലെ മികച്ച വിക്കറ്റ് കീപ്പർ, മികച്ച ഓൾറൗണ്ടർ, മികച്ച ഫീൽഡർ ട്രോഫികൾ ഇപ്പോൾ കാൽഗറി റൺ റൈഡേഴ്സിനു സ്വന്തം.

പെറ്റമ്മയായ കേരളത്തിനോടെന്നപോലെ പോറ്റമ്മയായ കാനഡയോടും റൺ റൈഡേഴ്സ് കൂറുപുലർത്തി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കുന്നുണ്ട്. കാലഗറിയിൽ പട്ടിണി അനുഭവിക്കുന്നവർക്ക് ആശ്വാസമായി ഫാ. പ്രിൻസ് മൂക്കനൊട്ടിലിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന 'പെലിക്കൺ ഫൗണ്ടേഷനിൽ' 2019-ൽ ഭക്ഷണ വിതരണം നടത്തി. ഈവർഷം സീസൺ അവസാനിച്ചതിനുശേഷം സെപ്റ്റംബർ 5-ന് കനേഡിയൻ ബ്ലഡ് സർവീസസിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്.

മലയാളികൾ അല്ലാത്തവർപോലും അച്ചടക്കമുള്ള റൺ റൈഡേഴ്സ് ടീമിന്റെ കൂടെ കളിക്കണം എന്നുള്ള ആഗ്രഹം മൂലം ഇപ്പോൾ ടീമിൽ ചേർന്നുകൊണ്ടിരിക്കുന്നു. ജാതി,മത,ഭാഷ, രാഷ്ട്ര ഭേദമെന്യേ കാൽഗറിയിലെ ക്രിക്കറ്റ് പ്രേമികൾക്ക് കളിക്കാനും, ലീഗ് തലത്തിൽ കഴിവ് തെളിയിക്കുവാനും ഒരു വേദിയുണ്ടാക്കുക എന്ന ഉദ്യമം റൺ റൈഡേഴ്സ് ക്ലബ് ഇന്നും പരിപാലിച്ചുപോരുന്നു. നിലവിലുള്ള ആൽഫ, ബീറ്റ ടീമുകൾക്ക് പുറമെ കൂടുതൽ പേർക്ക് കളിക്കാൻ അവസരമൊരുക്കി മൂന്നാമത് ഒരു ടീം കൂടി വിപുലീകരിക്കാനും, ക്രിക്കറ്റിൽ മാത്രം ഒതുങ്ങി നിൽക്കാതെ സോക്കർ, വോളിബോൾ, ബാഡ്മിന്റൺ എന്നിവ അടങ്ങുന്ന ഒരു സമ്പൂർണ സ്പോർട്സ് ക്ലബ് ആയി വളർത്തിയെടുക്കാനാണ് റൺ റൈഡേഴ്സ് ക്ലബിന്റെ ആഗ്രഹം. ഇതിനായി മലയാളി കളുടെ പിന്തുണ തുടർന്നും ഉണ്ടാകണം എന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. കൂടാതെ റൺ റൈഡേഴ്സിനു 2021-ൽ സ്വന്തമായി ഒരു ക്ലബ് രജിസ്റ്റർ ചെയ്ത് സ്ഥാപിക്കാനും ഉദ്ദേശമുണ്ട്.

റൺ റൈഡേഴ്സിൽ ചേരുവാൻ താത്പര്യമുള്ള എല്ലാവർക്കും, ക്ലബ് സ്പോൺസർഷിപ്പ് അവസരങ്ങൾക്കും ബന്ധപ്പെടാവുന്നതാണ്. ജോർജ് മാത്യൂസ് (403 922 2223), സന്ദീപ് സാം അലക്സാണ്ടർ (403 891 5194).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP