Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202028Wednesday

കാനഡായിൽ നിന്നും ഡോ. തോമസ് തോമസ് ഫോമാ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്നു

കാനഡായിൽ നിന്നും ഡോ. തോമസ് തോമസ് ഫോമാ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്നു

ജയ്‌സൺ മാത്യു

ടൊറോന്റോ : നോർത്ത് അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമായുടെ വരും വർഷത്തെ കൺവെൻഷൻ കാനഡയിലെ ടൊറോന്റോയിൽ നടത്തണമെന്ന കനേഡിയൻ മലയാളികളുടെ ശക്തമായ ആവശ്യത്തെ മുൻനിറുത്തി ഡോ. തോമസ് തോമസ് ഫോമാ 2020 -22 പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്നു.

കാനഡയുൾപ്പെടെയുള്ള നോർത്ത് അമേരിക്കയിലെ മലയാളി സംഘടനകളെ ഒരു കുടക്കീഴിൽ നിർത്താൻ പ്രാദേശികമായി തുല്യനീതി പുലർത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനാൽ വിസ്തീർണ്ണം കൊണ്ടും മലയാളികളുടെ എണ്ണംകൊണ്ടും അമേരിക്കയിലെ ഏതൊരു സ്റ്റേറ്റിനെക്കാളും ഒട്ടും പിന്നിലല്ലാത്ത കാനഡയിൽ ഒരു കൺവെൻഷൻ നടത്തേണ്ടത് ഫോമായുടെ ആവശ്യമാണെന്നും അതിന് ഇനി ഒട്ടും വൈകരുതെന്നും കനേഡിയൻ മലയാളികൾ വളരെ നാളായി ആവശ്യപ്പെട്ടിരുന്നു.

സമാന്തര സംഘടനയായ ഫൊക്കാന ഇതിനോടകം രണ്ടു കൺവെൻഷനുകൾ കാനഡയിൽ നടത്തിയത് തങ്ങളുടെ ആവശ്യത്തിന് പിൻബലമേകുന്നതായി അവർ ചൂണ്ടിക്കാട്ടി. ഇതേ തുടർന്നാണ് ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും ജനനിബിഡമായ ടൊറോന്റോ കൺവെൻഷൻ നടത്തിയ അന്നത്തെ പ്രസിഡണ്ടായ ഡോ. തോമസ് തോമസ് ഫോമാ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാനും ഫോമാ കൺവെൻഷൻ ഏറ്റെടുത്ത് നടത്താനും തയ്യാറായി രംഗത്തെത്തിയിരിക്കുന്നത്.

കേരളത്തിൽ നിന്നും രാഷ്ട്രീയക്കാരുൾപ്പെടെയുള്ള വിശിഷ്ടാതിഥികളെയും കലാ - സാഹിത്യ രംഗത്തെ പ്രമുഖരെയും കൺവെൻഷനിൽ പങ്കെടുപ്പിക്കാൻ വിസ തയ്യാറാക്കുന്നതുൾപ്പെടെ ഗവണ്മെന്റ് തല പിന്തുണ ഇപ്പോഴത്തെ സാഹചര്യത്തിൽ കിട്ടാൻ എളുപ്പമാണെന്നും കനേഡിയൻ മലയാളികൾ പറഞ്ഞു.

അമേരിക്കൻ മലയാളികൾക്ക് ഈ കൺവെൻഷൻ ഒരു രാജ്യാന്തര ടൂറിനും കനേഡിയൻ കാഴ്ചകൾ കാണാനുമുള്ള ഒഴിവുകാല ഉല്ലാസത്തിനും അവസരവുമാകും. അതിനാൽ കൂടുതൽ അംഗങ്ങൾ അമേരിക്കയിൽ നിന്ന് തന്നെ ഈ കൺവെൻഷനിൽ പങ്കെടുക്കാൻ സാധ്യതയേറെയാണ്.ഒരു വിജയകരമായ കൺവെൻഷൻ നടത്താനുള്ള എല്ലാ അനുകൂല കാലാവസ്ഥയാണ് ഇന്ന് കാനഡായിലുള്ളത്. ഫെഡറൽ, പ്രൊവിൻഷ്യൽ ഗവണ്മെന്റുകളുടെ പിന്തുണ, കലാ സാംസ്‌കാരിക സംഘടനകളുടെയും കലാകാരന്മാരുടെയും പിന്തുണ, സുരക്ഷിതത്വം, ഹോട്ടൽ-സുഖ സൗകര്യങ്ങൾ തുടങ്ങിയവ എല്ലാം അനുകൂല ഘടകങ്ങളാണ്.

കനേഡിയൻ കാത്തലിക് സ്‌കൂൾ ട്രസ്റ്റീസ് അസോസിയേഷൻ ( സി .സി. എസ് .ടി .എ ) ഒന്റാരിയോ പ്രോവിൻസ് ഡയറക്ടർ , ഒന്റാരിയോ കാത്തലിക് സ്‌കൂൾ ട്രസ്റ്റീസ് അസോസിയേഷൻ ( ഓ .സി .എസ് .ടി .എ ) റീജിയണൽ ഡയറക്ടർ, ഡെഫറിൻ -പീൽ കാത്തോലിക് ഡിസ്ട്രിക്ട് സ്‌കൂൾ ബോർഡ് വൈസ്-ചെയർ തുടങ്ങിയ ഒട്ടേറെ നിലകളിൽ ഇപ്പോൾ പ്രവർത്തിച്ചു വരുന്ന ഡോ.തോമസിന് കാനഡയിലെ മുഖ്യധാരാ രാഷ്ട്രീയത്തിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തുവാനും ഫോമായേ രാജ്യാന്തര തലത്തിലേക്ക് കൈപിടിച്ച് നയിക്കാനുമാവും.

കേരള ക്രിസ്ത്യൻ എക്യൂമെനിക്കൽ ഫെല്ലോഷിപ്പ് സെക്രട്ടറി , മുൻ ഫൊക്കാന പ്രസിഡണ്ട്, കനേഡിയൻ മലയാളി അസോസിയേഷൻ രക്ഷാധികാരി, ഫോമാ കാനഡ റീജിയണൽ വൈസ് പ്രസിഡണ്ട് തുടങ്ങിയ നിരവധി നിലകളിൽ മലയാളികളുടെ ഇടയിൽ അറിയപ്പെടുന്ന തോമസ് , ഫോമായുടെ അമരത്തേക്ക് വന്നാൽ ഫോമായുടെ വളർച്ച അസൂയാവഹമായിരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.

ദിനം പ്രതി നൂറുകണക്കിന് മലയാളികൾ കുടിയേറിക്കൊണ്ടിരിക്കുന്ന കാനഡയിൽ മലയാളിസംഘടനകളുടെ എണ്ണവും വർഷം തോറും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് . ഇപ്പോൾ ഫോമാ നന്നായി കരുക്കൾ നീക്കി, കാനഡായിലൊരു കൺവെൻഷൻ നടത്തിയാൽ ബഹുഭൂരിപക്ഷം മലയാളി സംഘടനകളും ഫോമായോടൊപ്പം ചേരാൻ തയ്യാറാകും .എന്നാൽ, ഫോമായിൽ നിന്നും കാനഡയ്ക്ക് വേണ്ടത്ര പരിഗണന കിട്ടിയില്ലെങ്കിൽ നിലവിലുള്ളവർ കൂടി മറുകണ്ടം ചാടാൻ സാധ്യതയുണ്ട്.

അതിനാൽ ഫോമായുടെ വളർച്ചയും അംഗബലവുമാണ് ലക്ഷ്യം വെക്കുന്നതെങ്കിൽ ഫോമാ കൺവെൻഷൻ ടൊറോന്റോയിൽ നടത്തേണ്ടത് ഫോമായുടെ തന്നെ ആവശ്യമായി കരുതി എല്ലാ അമേരിക്കൻ മലയാളി സംഘടനകളും പിന്തുണക്കണമെന്നും ഫോമായുടെ അമരത്തേക്ക് കനേഡിയൻ മലയാളി അസോസിയേഷൻ രക്ഷാധികാരിയും ഇപ്പോഴത്തെ ഫോമായുടെ കാനഡാ റീജിയണൽ പ്രസിഡണ്ടുമായ ഡോ.തോമസ് കെ തോമസിനെ വിജയിപ്പിക്കണമെന്നും കനേഡിയൻ മലയാളികൾ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP