Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോവിഡ് ഭീഷണിയിൽ തിരിച്ചു വന്ന 30 പ്രവാസികളുടെ സംരംഭം ദിൽമാർട്ട് മത്സ്യ-മാംസ റീടെയിൽ ശൃംഖല തുറന്നു; അഞ്ച് ദിൽമാർട്ട് സ്റ്റോറുകൾ പ്രവർത്തനമാരംഭിച്ചു; മൂന്നു മാസത്തിനകം 15 സ്റ്റോറുകളും ഒരു വർഷത്തിനകം 40 സ്റ്റോറുകളും തുറക്കുക ലക്ഷ്യം

കോവിഡ് ഭീഷണിയിൽ തിരിച്ചു വന്ന 30 പ്രവാസികളുടെ സംരംഭം ദിൽമാർട്ട് മത്സ്യ-മാംസ റീടെയിൽ ശൃംഖല തുറന്നു; അഞ്ച് ദിൽമാർട്ട് സ്റ്റോറുകൾ പ്രവർത്തനമാരംഭിച്ചു; മൂന്നു മാസത്തിനകം 15 സ്റ്റോറുകളും ഒരു വർഷത്തിനകം 40 സ്റ്റോറുകളും തുറക്കുക ലക്ഷ്യം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോവിഡ് ഭീഷണിയെത്തുടർന്ന് ജോലി നഷ്ടമാവുകയോ ശമ്പളത്തിൽ കാര്യമായ കുറവു വരികയോ ചെയ്ത ഏതാനും ഗൾഫ് മലയാളികൾ സർക്കാരിന്റേതുൾപ്പെടെയുള്ള പുനരധിവാസ പദ്ധതികൾക്ക് കാത്തിരിക്കാതെ സംഘടിച്ച് സംസ്ഥാനത്തുടനീളം മത്സ്യ-മാംസ സ്റ്റോറുകളടെ ശൃംഖലയ്ക്ക് തുടക്കമിട്ടു. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ നിന്ന് ബഹ്‌റിൻ മുതൽ യുഎഇവരെയുള്ള ആറ് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്തിരുന്ന മുപ്പത് ഗൾഫ് മലയാളികളാണ് ഇങ്ങനെ ഒത്തുചേർന്ന് പ്രതിസന്ധിയെ അവസരമാക്കിയിരിക്കുന്നത്.

ദിൽമാർട്ട് എന്നു പേരിട്ടിരിക്കുന്ന ഇവരുടെ സംരംഭം മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ, തൃശൂരിലെ ചാലക്കുടി, പത്തനംതിട്ടയിലെ തുമ്പമൺ, കൊല്ലം കുണ്ടറ, തിരുവനന്തപുരം വർക്കല എന്നിവിടങ്ങളിൽ സ്റ്റോറുകൾ തുറന്നു കഴിഞ്ഞു. മൂന്നു മാസത്തിനകം 15 സ്റ്റോറുകൾ കൂടി തുറക്കുമെന്ന് സ്ഥാപക ഡയറക്ടർമാരായ സിറിൽ ആന്റണിയും അനിൽ കെ പ്രസാദും പറഞ്ഞു. ഒരു വർഷത്തിനകം സംസ്ഥാനത്തൊട്ടാകെ 40 സ്റ്റോറുകൾ തുറക്കാനാണ് ലക്ഷ്യം. ംംം.റശഹാമൃ.േശി എന്ന ഇ-കോമേഴ്‌സ് സൈറ്റിലൂടെ സ്റ്റോറുകൾ കേന്ദ്രീകരിച്ചുള്ള ഓൺലൈൻ ഡെലിവറിയും ആരംഭിച്ചിട്ടുണ്ട്.

കൊച്ചി വരാപ്പുഴ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദിൽമാർട്ടിന്റെ വിവിധ ചുമതലകളിൽ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ളവരുണ്ട്. സമുദ്രവിഭവങ്ങളുടെ ലഭ്യത കണക്കിലെടുത്താണ് കൊച്ചി ആസ്ഥാനമാക്കിയതെന്ന് മാർക്കറ്റിങ്, പർച്ചേസ് എന്നീ ചുമതലകൾ വഹിക്കുന്ന ഡയറക്ടർ കൂടിയായ സിറിൽ ആന്റണി പറഞ്ഞു. വരാപ്പുഴയിൽ കേന്ദ്രീകൃത വെയർഹൗസും തുറന്നിട്ടുണ്ട്. ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിന് നാല് റീഫർ വാഹനങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് കാലതാമസമില്ലാതെ നേരിട്ട് ഉൽപ്പന്നമെത്തിക്കാൻ മുനമ്പം, വൈപ്പിൻ, തോപ്പുംപടി, നീണ്ടകര, വിഴിഞ്ഞം, പുതിയാപ്പ എന്നീ ഫിഷിങ് ഹാർബറുകളിലെ മീൻപിടുത്തക്കാരുമായി കരാറായിക്കഴിഞ്ഞു. ഇതിനു പുറമെ എറണാകുളം ജില്ലയിലെ ചെറായി, തൃശൂരിലെ കോട്ടപ്പുറം എന്നിവിടങ്ങളിലെ ഫാമുകളിൽ കൂട്കൃഷിയായി വളർത്തുന്ന കാളാഞ്ചി, ചെമ്പല്ലി, വറ്റ എന്നിവയുടെ വിളവെടുപ്പും ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യൻ കോഫീ ഹൗസ് മാതൃകയിൽ 30 ഓഹരിയുടമകളും മുൻപിൻ മറന്ന് ജോലി ചെയ്യുന്ന മാതൃകയാണ് തങ്ങൾ നടപ്പാക്കുന്നതെന്ന് അഡ്‌മിൻ, ഓപ്പറേഷൻസ് ചുമതല വഹിക്കുന്ന അനിൽ കെ പ്രസാദ് പറഞ്ഞു. ഗൾഫിലെ വിവിധ മേഖലകളിൽ ജോലി ചെയ്തിരുന്നവർ കൂട്ടത്തിലുണ്ട്. അവരവരുടെ അനുഭവസമ്പത്തുമായി ബന്ധപ്പെട്ട മേഖലകളിലെ ജോലികൾ തന്നെയാണ് ഓരോരുത്തരും ദിൽമാർട്ടിലും ഏറ്റെടുത്ത് ചെയ്യുന്നത്. ഉദാഹരണത്തിന് ഖത്തർ, ബഹ്റിൻ, യുഎഇ എന്നിവിടങ്ങളിൽ ട്രാൻസ്‌പോർടിങ് മേഖലയിൽ ജോലി ചെയ്തിരുന്നവരാണ് ദിൽമാർട്ടിന്റെ ട്രാൻസ്‌പോർടിങ് ചുമതലകൾ വഹിക്കുന്നത്. അതേ സമയം ബഹ്റിനിൽ ഹോട്ടൽ ഷെഫുമാരായിരുന്ന മൂന്നു പേരുടെ നേതൃത്വത്തിൽ റെഡി-റ്റു-കുക്ക് വിഭവങ്ങളും അച്ചാറുകളും ഒരുങ്ങുന്നു. ഇവ ഒരു മാസത്തിനകം ദിൽമാർട്ടുകളിലൂടെ വിൽപ്പനയ്‌ക്കെത്തും.

500 മുതൽ 1000 ച അടി വരെയുള്ള സ്റ്റോറുകളാണ് ദിൽമാർട്ട് തുറക്കുന്നത്. ഒരു ഓഹരിയുടമയെങ്കിലും ഒരു സ്റ്റോറിൽ ജോലി ചെയ്യും. അതിനു പുറമെ ഡെലിവറി, ക്ലീനിങ് സ്റ്റാഫ് അടക്കം ചുരുങ്ങിയത് 2-3 പേർക്കു കൂടി ഒരു സ്റ്റോറിൽ ജോലി നൽകുന്നു. ഓഹരിയുടമയ്ക്കും ജോലി ചെയ്യുന്നതിന് മാസശമ്പളമുണ്ട്. ഓരോ സ്റ്റോറിൽ നിന്നും പ്രതിദിനം ചുരുങ്ങിയത് ഒരു ലക്ഷം രൂപയുടെ വിറ്റുവരവാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഗൾഫിലെ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്തിരുന്നവരും കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവരുമായതിനാൽ ഭൂരിപക്ഷം പേർക്കും പരസ്പരം മുൻപരിചയമില്ല. എന്നാൽ സമാന ജീവിതസാഹചര്യങ്ങളും വെല്ലുവിളികളുമാണ് ഇവരെ ഒരുമിപ്പിച്ചിരിക്കുന്നത്. സുഹൃത്തുക്കൾ വഴിയും സമൂഹമാധ്യമങ്ങൾ വഴിയുമാണ് ദിൽമാർട്ടിന്റെ സംഘാടനത്തിനു മുന്നോടിയായി എല്ലാവരും പരിചയപ്പെട്ടത്. ദുബായിൽ മാർക്കറ്റിങ് രംഗത്ത് ജോലി ചെയ്തിരുന്ന സിറിൽ ആന്റണിയുടെ ഒരു ഫേസ്‌ബുക്ക് പോസ്റ്റിൽ നിന്നായിരുന്നു 30 പേരിൽ 8 പേർ ഇപ്പോഴും ഗൾഫിൽ ജോലി ചെയ്യുകയാണ്. ബാക്കിയുള്ള 22 പേർ രണ്ടു മാസത്തിലൊരിക്കലെങ്കിലും വരാപ്പുഴയിലെ ആസ്ഥനത്ത് ഒത്തുകൂടും.

തുടക്കത്തിൽ സമുദ്രവിഭവങ്ങൾ വിൽപ്പനയ്‌ക്കെത്തിച്ചിരിക്കുന്ന ദിൽമാർട്ടുകൾ ഒരു മാസത്തിനുള്ളിൽ വിവിധ തരം മാംസങ്ങളും ലഭ്യമാക്കും. രണ്ടാം ഘട്ടത്തിൽ കറിമസാലകൾ, പച്ചക്കറികൾ, ഫ്രൂട്‌സ് എന്നിവ കൂടി ഉൾപ്പെടുത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP