Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കള്ളവോട്ടിന് ഒത്താശ ചെയ്ത ബൂത്ത് ലെവൽ ഓഫീസർമാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ നടപടി വരും; തിരഞ്ഞെടുപ്പിന് മുൻപ് തുടങ്ങിയ വടിയെടുക്കൽ തിരഞ്ഞെടുപ്പിന് ശേഷവുമുണ്ടാകും; നിരന്തര ബോധവത്ക്കരണത്തിന്റെ ഫലമായി ഇക്കുറി വോട്ടർപട്ടികയിൽ പേര് ചേർത്തവർ പതിനൊന്നു ലക്ഷം പേർ; ഈ ഒരുക്കങ്ങളൊക്കെ നടത്തിയെങ്കിലും വോട്ടർമാർക്ക് വോട്ട് നഷ്ടമായതിൽ ദുഃഖിക്കുന്നു; മറുനാടന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ മനസ് തുറക്കുന്നു

കള്ളവോട്ടിന് ഒത്താശ ചെയ്ത ബൂത്ത് ലെവൽ ഓഫീസർമാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ നടപടി വരും; തിരഞ്ഞെടുപ്പിന് മുൻപ് തുടങ്ങിയ വടിയെടുക്കൽ തിരഞ്ഞെടുപ്പിന് ശേഷവുമുണ്ടാകും; നിരന്തര ബോധവത്ക്കരണത്തിന്റെ ഫലമായി ഇക്കുറി വോട്ടർപട്ടികയിൽ പേര് ചേർത്തവർ പതിനൊന്നു ലക്ഷം പേർ; ഈ ഒരുക്കങ്ങളൊക്കെ നടത്തിയെങ്കിലും വോട്ടർമാർക്ക് വോട്ട് നഷ്ടമായതിൽ ദുഃഖിക്കുന്നു; മറുനാടന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ മനസ് തുറക്കുന്നു

എം മനോജ് കുമാർ

തിരുവനന്തപുരം: ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിൽ കേരളത്തിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണയുടേത്. വടിയെടുക്കേണ്ട വേളയിൽ മീണ വടിയെടുക്കുകയും നിശബ്ദനാകേണ്ട വേളയിൽ അദ്ദേഹം നിശബ്ദത പാലിക്കുകയും ചെയ്തു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആയി ടി.എൻ.ശേഷൻ ചിലവഴിച്ച ആ ഏഴുവർഷങ്ങളുടെ അനുരണനങ്ങൾ തന്നെയാണ് മീണയുടെ തുടർ നടപടികൾ വഴി കേരളത്തിലും സൃഷ്ടിക്കപ്പെട്ടത്.

മീണ വടിയെടുത്തപ്പോൾ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള അടക്കമുള്ള രാഷ്ട്രീയ നേതാക്കൾക്ക് മുറിവേൽക്കുകയും ചെയ്തു. കമ്മീഷന്റെ പരിധിയിൽ നിന്നുള്ള പക്വമായ ഇടപെടലുകളാണ് മീണ നടത്തിയത് എന്നതിനാൽ ഈ തിരഞ്ഞെടുപ്പ് വേളയിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഉത്തരവുകൾ ചോദ്യം ചെയ്യപ്പെട്ടില്ല. വിവാദങ്ങൾക്ക് അതീതനായി നിന്നുകൊണ്ട് അദ്ദേഹം കാര്യങ്ങൾ ചെയ്തു. പക്വമതിയായി നിലകൊള്ളുമ്പോൾ തന്നെ കമ്മീഷന്റെ അധികാരങ്ങൾ അദ്ദേഹം വിനിയോഗിക്കുകയും ചെയ്തു. വോട്ടെടുപ്പ് കഴിഞ്ഞയുടൻ ടീക്കാറാം മീണ മറുനാടൻ മലയാളിക്ക് പ്രത്യേക അഭിമുഖം അനുവദിച്ചു.

പതിനൊന്നു ലക്ഷം പേരാണ് വോട്ടർപട്ടികയിൽ ഇക്കുറി പേര് ചേർത്തത്. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ വിവാദത്തിൽ മുക്കിയ ഇരട്ട വോട്ടർ പ്രശ്‌നം അവസാനിപ്പിക്കുകയും ചെയ്യും- മറുനാടന് അനുവദിച്ച അഭിമുഖത്തിൽ മീണ പറയുന്നു. ഇരട്ട വോട്ട് പ്രശ്‌നത്തിൽ ഉദ്യോഗസ്ഥർ കുറ്റക്കാരെന്നു തെളിഞ്ഞാൽ അവർക്കെതിരെ നടപടി വരുമെന്നും കർശന ഭാഷയിൽ തന്നെ മീണ വ്യക്തമാക്കുന്നു. അഭിമുഖത്തിലേക്ക്..

  • വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കുന്ന ബൂത്ത് ലെവൽ ഓഫീസർമാരെക്കുറിച്ച് വ്യാപകമായ പരാതികളാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഉയർന്നുവന്നത്. പലരുടെയും വോട്ടുകൾ ഇവർ വെട്ടിക്കളഞ്ഞതായും വ്യാജമായി ചില കൂട്ടിച്ചേർക്കലുകൾ വരുത്തിയതായും ആക്ഷേപമുണ്ട്. ആരാണ് ബൂത്ത് ലെവൽ ഓഫീസർമാരെ നിയമിക്കുന്നത്? ഇവരെക്കുറിച്ചുള്ള പരാതികൾ അന്വേഷിക്കുമോ?

തീർച്ചയായും. ഈ കാര്യത്തിൽ അന്വേഷണം വരും. ബൂത്ത് ലെവൽ ഓഫീസർമാർ കൃത്രിമങ്ങൾക്ക് കൂട്ട് നിന്നതായി തെളിഞ്ഞാൽ അവർക്കെതിരെ ശക്തമായ നടപടി വരും. ബൂത്ത് ലെവൽ ഓഫീസർമാരെ നിയമിക്കുന്നത് അതാത് ജില്ലാ കളക്ടർമാരാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാണ് ഇവരെ കളക്ടർമാർ നിയമിക്കുന്നത്. ബൂത്ത് ലെവൽ ഓഫീസർമാരിൽ കൂടുതലായും അദ്ധ്യാപകരും അംഗനവാടി ടീച്ചർമാരുമാണ്. നിയമവിരുദ്ധമായ ഏതെങ്കിലും കാര്യങ്ങൾ ബൂത്ത് ലെവൽ ഓഫീസർമാർ ചെയ്തതായി തെളിഞ്ഞാൽ അവർക്കെതിരെ നടപടികൾ കൈക്കൊള്ളും.

  • വോട്ടു നഷ്ടപ്പെട്ടവർ ഏത് രീതിയിലാണ് പരാതി സമർപ്പിക്കേണ്ടത്?

വോട്ടു നഷ്ടപ്പെട്ടവർ തീർച്ചയായും പരാതികൾ സമർപ്പിക്കണം. അതാത് താലൂക്ക് ഓഫീസിൽ പോയി തഹസിൽദാർ മുൻപാകെയാണ് പരാതികൾ നൽകേണ്ടത്. ഏറ്റവും താഴെത്തട്ടിലുള്ള തിരഞ്ഞെടുപ്പ് ഓഫീസർമാർ തഹസിൽദാർമാരാണ്.  തഹസിൽദാരെ സഹായിക്കുന്ന ഡെപ്യൂട്ടി തഹസിൽദാർ മുൻപാകെയും പരാതി സമർപ്പിക്കാം. ഇവർക്ക് താഴെയാണ് ബൂത്ത് ലെവൽ ഓഫീസർമാർ വരുന്നത്. തഹസിൽദാർമാർക്ക് പരാതി നൽകിയാൽ ഉടൻ തന്നെ വേണ്ട നടപടികൾ തഹസിൽദാർ കൈക്കൊള്ളും.

  • ഒട്ടനവധി ആളുകൾക്ക് വോട്ടു നഷ്ടമായിട്ടുണ്ട്.വോട്ടു നഷ്ടമായവരുടെ പരാതി തിരഞ്ഞെടുപ്പ് കമ്മീഷൻ ഗൗരവമായി കാണുമോ?

തീർച്ചയായും.വോട്ടു നഷ്ടമായവരുടെ പരാതികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ഗൗരവമായി കാണും. പല ആളുകളും വോട്ടിനു അപേക്ഷ നല്കിയിട്ടുണ്ടാവില്ല. പലരും വോട്ടർ പട്ടികയിൽ പേര് ഇല്ലാത്തവരുമാകും. പേരുണ്ടെങ്കിൽ വോട്ടു ചെയ്യാനുള്ള അവകാശമുണ്ട്. കഴിഞ്ഞ ആറുമാസമായി തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടു ചേർക്കാൻ വേണ്ടി പ്രത്യേക പ്രചാരണം സംഘടിപ്പിച്ചിരുന്നു. ഇത് വോട്ടർമാർ ഉപയോഗപ്പെടുത്തേണ്ടിയിരുന്നു. വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന കാര്യവും പരിശോധിക്കണമെന്നു കമ്മീഷൻ നിരന്തരം ആവശ്യപ്പെട്ടിരുന്നു. പ്രത്യേക ക്യാമ്പുകളും തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയിരുന്നു. പല അവസരങ്ങളും ജനങ്ങൾക്ക് നൽകിയിരുന്നു. എന്നിട്ടും ആളുകൾ പേര് ചേർത്തില്ലെങ്കിൽ എങ്ങിനെ ഉദ്യോഗസ്ഥരെ മാത്രം കുറ്റം പറയാൻ കഴിയും.

തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ അവസരത്തെ സമ്മതിദായകർ പരമാവധി ഈ അവസരം ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ദൃശ്യമാധ്യമങ്ങളിൽ വന്നു ഞാൻ തന്നെ നിരവധി മണിക്കൂറുകൾ ഈ ബോധവത്ക്കരണത്തിനു ചെലവിട്ടിട്ടുണ്ട്. ഇത്തവണ ഏറ്റവും കൂടുതൽ വോട്ടർമാരാണ് വോട്ടർ പട്ടികയിൽ വന്നത്. 11 ലക്ഷത്തോളം പേരാണ് വോട്ടർ പട്ടികയിൽ ഇത്തവണ പേര് ചേർക്കപ്പെട്ടത്. ഇതൊരു സർവകാല റെക്കോർഡ് ആണ്. ഏത് കാലഘട്ടത്തിൽ നോക്കിയാലും ഇത്രയധികം വോട്ടർമാരുടെ പേര് ഇതുവരെ ഈ രീതിയിൽ ചേർക്കപ്പെട്ടിട്ടില്ല. റിവിഷൻ നടക്കുന്ന വേളയിൽ ഇത്രയധികം വോട്ടർമാരുടെ പേരുകൾ ഇതുവരെ ചേർക്കപ്പെട്ടിട്ടില്ല. വോട്ടർപട്ടികയിൽ പേര് ചേർക്കപ്പെട്ടവർ പതിനൊന്നു ലക്ഷം പേരാണ്. ഇത് മുന്നിൽ നിൽക്കുകയും ചെയ്യുന്നു.

  • കേരളത്തിലെ പല വോട്ടർമാർക്കും ഇരട്ട വോട്ടുകളുണ്ട്. ഇരട്ടവോട്ടുകളുടെ പ്രശ്‌നം ഈ തിരഞ്ഞെടുപ്പിൽ മുൻപെങ്ങും ഇല്ലാത്തവിധം ഉയർന്നുവന്നിട്ടുണ്ട്. ആറ്റിങ്ങൽ ഉൾപ്പെടെ. ഈ കാര്യത്തിൽ വലിയ പരാതികൾ ഉയർന്നിട്ടുണ്ട്. എന്ത് നടപടിയാണ് ഇരട്ട വോട്ടിന്റെ പ്രശ്‌നത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കുക?

ഇരട്ടവോട്ടുകൾ വ്യാപകമായി കടന്നുകൂടിയിട്ടുണ്ട് എന്ന ആരോപണം ശരിയല്ല. ചില സ്ഥലങ്ങളിൽ ഇത്തരം പ്രശ്‌നം വന്നിട്ടുണ്ട്. ചിലർ പല തവണ ഓണലൈൻ വഴി അപേക്ഷ നൽകുന്നു. അപ്പോൾ സംഭവിക്കുന്ന കാര്യമാണിത്. ഒരാൾക്ക് ഒരുതവണ മാത്രമേ അപേക്ഷ നൽകാൻ പാടുള്ളൂ. ഇത് പലരും മറികടക്കുന്നു. അപ്പോൾ സംഭവിക്കുന്ന കാര്യമാണിത്. ഒരാൾക്ക് രണ്ടു മൂന്നു സ്ഥലത്ത് വോട്ടുണ്ട് എന്ന് തെളിഞ്ഞാൽ അത് തന്നെ ക്രിമിനൽ കുറ്റമാണ്. ശരിയല്ലാത്ത നടപടിയുമാണിത്. എല്ലാ സമ്മതിദായകരും ഇത്തരം കാര്യങ്ങൾ ഓർത്തിരിക്കേണ്ടതാണ്. ഒരു പൗരന്റെ, സമ്മതിദായകന്റെ അവകാശം, ഉത്തരവാദിത്തം ഇവർ നിറവേറ്റണം. പക്ഷെ ഇരട്ട വോട്ടിങ് പ്രശ്‌നം വന്നാൽ സമ്മതിദായകർക്കെതിരെ ശക്തമായ നടപടികൾ, നിയമനടപടികൾ കൈക്കൊള്ളും.വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്നും പേര് നീക്കാൻ വോട്ടർമാർ ഫോം നമ്പർ സെവൻ പൂരിപ്പിച്ച് നൽകേണ്ടതാണ്. വോട്ടർമാരുടെ വെരിഫിക്കേഷൻ നടക്കുമ്പോൾ ഈ കാര്യം ഉദ്യോഗസ്ഥർ കണ്ടുപിടിക്കേണ്ടിയിരുന്നു. അവർക്ക് ഈ കാര്യത്തിൽ വീഴ്ച വന്നാൽ ഉദ്യോഗസ്ഥർക്കെതിരെയും നടപടി വരും.

  • വോട്ടേഴ്‌സ് ലിസ്റ്റിൽ കടന്നുകൂടിയ ഇരട്ട വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യുമോ? അതിനു എന്തെല്ലാം നടപടികൾ കമ്മീഷൻ കൈക്കൊള്ളും?

എല്ലാ ആറുമാസത്തിനുള്ളിലും തിരഞ്ഞെടുപ്പ് കമ്മീഷൻ റിവിഷൻ നടത്താറുണ്ട്. അടുത്ത റിവിഷനിൽ ഇരട്ട വോട്ടർമാരെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിവാക്കും.ഇരട്ട വോട്ടർമാരെ കണ്ടുപിടിച്ച് ഒരു സ്ഥലത്ത് മാത്രം വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് നിലനിർത്തും.ഇതിന് ആവശ്യമായ നടപടികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ കൈക്കൊള്ളും.

  • വോട്ട് ചെയ്യാൻ അതാത് മണ്ഡലത്തിൽ തന്നെ സ്ഥിരതാമസമാക്കണം എന്നുണ്ടോ?

നിങ്ങൾ ശ്രദ്ധിക്കേണ്ടത് ഒരു മണ്ഡലത്തിൽ മാത്രം വോട്ടു നിലനിർത്തുക എന്നതിലാണ്. ഏതെങ്കിലും ഒരു മണ്ഡലത്തിൽ മാത്രം വോട്ടു നിലനിർത്തുക. നിങ്ങൾ ഒരു മണ്ഡലത്തിൽ താമസക്കാരൻ അല്ലെങ്കിൽ ആ മണ്ഡലത്തിൽ പിന്നെങ്ങിനെ വോട്ടു വരും. നിലവിൽ നിങ്ങൾ താമസിക്കുന്ന സ്ഥലത്ത് തന്നെ വോട്ടു ചേർക്കണം. ആറുമാസമായി നിങ്ങൾ അവിടെ ഇല്ലെങ്കിൽ നിങ്ങളുടെ പഴയ വോട്ടു നഷ്ടമാകും. ഞങ്ങൾ റിവിഷൻ നടത്തുന്നുണ്ട് എന്ന് നേരത്തെ പറഞ്ഞുവല്ലോ? കമ്മീഷന്റെ ബൂത്ത് ലെവൽ ഓഫീസർ നിങ്ങളുടെ പഴയ വീട്ടിൽ പോയിരിക്കും. അപ്പോൾ നിങ്ങൾ അവിടെ താമസം ഇല്ലാ എന്ന് കണ്ടാൽ അവിടുത്തെ വോട്ടു ബൂത്ത് ലെവൽ ഓഫീസർ കട്ട് ചെയ്യും. അപ്പോൾ വോട്ടു നഷ്ടമാകുന്ന അവസ്ഥ വരും. മേൽവിലാസം ഇല്ലാത്ത ആളുകൾക്ക് ആ മണ്ഡലത്തിൽ വോട്ടില്ല എന്ന പോളിസിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റേത്. ഇത് തന്നെയാണ് നിയമവും.

  • ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ളയ്ക്ക് എതിരെ പരാമർശം നടത്തിയിരുന്നു. സംസാരത്തിൽ ഒന്നും പുറത്ത് വേറൊന്നും പറയുന്നതാണ് പിള്ളയുടെ രീതി എന്ന് പറഞ്ഞിരുന്നു?

നോ കമന്റ്‌സ്. തിരഞ്ഞെടുപ്പ് കഴിഞ്ഞിരിക്കുന്നു. ആ അധ്യായം ക്‌ളോസ് ആണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP