Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നൂറ്റാണ്ടിന്റെ പൈതൃകം നിലനിർത്തി ആലപ്പുഴ വൈഎംസിഎ നവീകരിച്ചു പുനഃരുദ്ധരിക്കുന്നു

നൂറ്റാണ്ടിന്റെ പൈതൃകം നിലനിർത്തി ആലപ്പുഴ വൈഎംസിഎ നവീകരിച്ചു പുനഃരുദ്ധരിക്കുന്നു

സ്വന്തം ലേഖകൻ

ആലപ്പുഴ: പട്ടണത്തിലെ ഏറ്റവും പഴക്കം ചെന്ന യുവജന പ്രസ്ഥാനവും കേഴ്‌വികേട്ട സാംസ്കാരിക, കായിക കേന്ദ്രവുമായ വൈഎംസിഎയുടെ രണ്ടാം നൂറ്റാണ്ടിലേക്കു കടന്ന ആസ്ഥാനമന്ദിരം പൈതൃകം നഷ്ടപ്പെടാതെ നിലനിർത്തിയും ആധുനിക സൗകര്യങ്ങൾ അധികമായി ഉൾപ്പെടുത്തിയും നവീകരിക്കാൻ തുടക്കമിടുന്നു.

പുഞ്ചിരി എം.എം ചെറിയാൻ മെമോറിയൽ ഓഫീസ് കം ഗസ്റ്റ് റൂംസ് കോംപ്ലക്സ്, പി.ഒ.ഫിലിപ്പ് മെമോറിയൽ ബാസ്‌ക്കറ്റ്ബോൾ കോംപ്ലക്സ് തുടങ്ങിയവയാണ് പുതിയ നിർമ്മാണ പദ്ധതികൾ. നിലവിലുള്ള പരമ്പരാഗത കെട്ടിട സമുച്ചയത്തിന് കോട്ടം തട്ടാത്ത രീതിയിലായിരിക്കും പുതിയ നിർമ്മിതി. ഇപ്പോഴുള്ള സൗകര്യങ്ങൾ ക്രമവത്ക്കരിക്കുകയായിരിക്കും ചെയ്യുക.

ഓഫീസ് കോംപ്ലക്സിനോടനുബന്ധിച്ച് ആധുനിക വർക്കിങ് ക്യൂബിക്കിളുകൾ, ബോർഡ് റൂം, എയർകണ്ടീഷൻഡ് ഗസ്റ്റ് റൂമുകൾ, മികച്ച ആർട്ട് കഫേ, ആധുനിക അടുക്കള തുടങ്ങിയവ ഏർപ്പെടുത്തും. നിലവിലുള്ള രണ്ട് ബാസ്‌ക്കറ്റ്ബോൾ കോർട്ടുകളിൽ ഒന്ന് ഫ്ളഡ്ലിറ്റ് ഇൻഡോർ സ്റ്റേഡിയമാക്കി മാറ്റും. റബറൈസ്ഡ് ടെറാഫ്ളെക്സ് തറയും സ്ഥിരം ഗാലറിയും നിർമ്മിക്കും. വിശാലമായ രീതിയിൽ ടേബിൾ ടെന്നിസ് മത്സരങ്ങൾ നടത്തുന്നതിന് നിലവിലുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള ടേബിൾ ടെന്നിസ് അരീനയുടെ വിപുലീകരണത്തിനായിക്കൂടി ഇൻഡോർ സ്റ്റേഡിയം പ്രയോജനപ്പെടുത്താനാകും. ലൈബ്രറി ആൻഡ് റീഡിങ് റൂം, പൈതൃക തെരുവിന്റെ ഭാഗമായി കലാപരിപാടികൾ അവതരിപ്പിക്കാൻ ഉതകുന്ന ഓപ്പൺ സ്റ്റേജ് തുടങ്ങിയവയും ഉൾപ്പെടുത്തും.

2021 ജനുവരി 26-ന് ചൊവ്വാഴ്ച രാവിലെ 9.30-ന് പുനഃരുദ്ധാരണ പ്രവൃത്തിയാരംഭ പ്രാർത്ഥനാ ചടങ്ങിൽ ആലപ്പുഴ രൂപത ബിഷപ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ മുഖ്യ കാർമ്മികനാകുമെന്നു പ്രസിഡന്റ് മൈക്കിൾ മത്തായി അറിയിച്ചു. രൂപരേഖകളുടെ അനാവരണം മുൻ പ്രസിഡന്റുമാരായ ഇ.ജേക്കബ് ഫിലിപ്പോസ്, ഡോ.പി.കുരിയപ്പൻ വർഗീസ് എന്നിവർ നിർവഹിക്കും.

പട്ടണത്തിലെ അനേകം മഹത്തായ സംഭവങ്ങൾക്ക് സേവന സ്ഥാപനമായ വൈഎംസിഎ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആലപ്പുഴ വൈഎംസിഎയ്ക്ക് രൂപം കൊടുത്തത് 1904-ൽ ബ്രിട്ടീഷ് കാലത്താണ്. ഇപ്പോഴത്തെ പഴയ ബ്ലോക്ക് ഔപചാരികമായി 1913 ഓഗസ്റ്റ് 12-നു തുറന്നത് അന്നത്തെ പ്രസിഡന്റ് എ.ടി.ഫോർബ്സ്. 1956-ൽ ആരംഭിച്ചു ആറു പതിറ്റാണ്ടിലേറെയായി തുടർച്ചയായി നടത്തിവരുന്ന ഇ.ജോൺ ഫിലിപ്പോസ് മെമോറിയൽ ഓൾ കേരള ടേബിൾ ടെന്നിസ് ഓപ്പൺ പ്രൈസ് മണി ടൂർണമെന്റ് ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ടേബിൾ ടെന്നിസ് ടൂർണമെന്റാണ്. 1992 മുതൽ അഖില കേരള ബാസ്‌ക്കറ്റ്ബോൾ ടൂർണമെന്റിനു തുടക്കമിട്ടു. പിന്നീടത് പി.എസ്.വിശ്വപ്പന്റെ സ്മരണാർഥം തുടരുന്നു.

വർഷങ്ങളായി പ്രർത്തിച്ചുവരുന്ന ബാസ്‌ക്കറ്റ് ബോൾ, ടേബിൾ ടെന്നിസ്, മ്യൂസിക്, ഡ്രോയിങ് ആൻഡ് പെയിന്റിങ്, ചെസ് അക്കാഡമികളുടെ പശ്ചാത്തല സംവിധാനങ്ങൾ ഇതോടൊപ്പം വർധിപ്പിക്കും. ഹോസ്റ്റലിലെ സൗകര്യങ്ങൾ കൂട്ടും. ഇത്തരം സൗകര്യങ്ങൾ ദിവസേന നൂറുകണക്കിന് ആൾക്കാരാണ് പ്രയോജനപ്പെടുത്തുന്നത്. കലാ, കായിക വിഷയങ്ങളിൽ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന വേനൽക്കാല അവധി ക്യാമ്പുകൾ വൈഎംസിഎയുടെ പ്രത്യേകതയാണ്.

പൗരാണികതയും പാരമ്പര്യത്തിന്റെ തനിമയും നിലനിർത്തി തന്നെ യുവജനങ്ങളുടെ ആത്മീയവളർച്ചയ്ക്കും നൈപുണ്യ വികസനത്തിനും കായിക ഉല്ലാസത്തിനും വിനോദത്തിനും കൂടുതൽ അവസരങ്ങൾ മുഖശ്രീ കൂട്ടുന്ന വൈഎംസിഎയിൽ ഒരുക്കും. -മൈക്കിൾ മത്തായി, പ്രസിഡന്റ്> വനിതകൾ അടക്കം എല്ലാ ജനവിഭാഗങ്ങൾക്കും ഉതകുന്ന രീതിയിൽ വിവിധ സംരംഭങ്ങൾക്ക് രൂപം കൊടുക്കും. -ഡോ.പി.കുരിയപ്പൻ വർഗീസ്, മുൻ പ്രസിഡന്റ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP