Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തദ്ദേശ സ്ഥാപനങ്ങളിലെ ജൈവ മാലിന്യ സംസ്‌കരണ വിജയ മാതൃകകൾ: വെബിനാർ ഇന്ന്

സ്വന്തം ലേഖകൻ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അനുവർത്തിച്ച് വിജയം കണ്ട ജൈവ മാലിന്യ സംസ്‌കരണ മാർഗ്ഗങ്ങളെ അടിസ്ഥാനമാക്കി സംഘടിപ്പിക്കുന്ന വെബിനാർ ഇന്ന് (01.08.2020 ശനി) ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെ നടക്കും. സുസ്ഥിര വികസന മാതൃകകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ എന്ന വിഷയത്തെ ആസ്പദമാക്കി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്‌മിനിസ്‌ട്രേഷനും(കില), ഹരിതകേരളം മിഷനും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌നേഷനും (ഗിഫ്റ്റ്) സംയുക്തമായി സംഘടിപ്പിച്ചു വരുന്ന വെബിനാർ പരമ്പരയിലെ അഞ്ചാം പതിപ്പാണ് ഇന്ന് നടക്കുന്നത്.

തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശാരദാ മുരളീധരൻ ഐ.എ.എസ്. വെബിനാറിന് ആമുഖ പ്രഭാഷണം നടത്തും. ശുചിത്വ മിഷൻ മുൻ എക്‌സിക്യൂട്ടീവ് ഡയറക്ടറും പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനുമായ ഡോ. അജയകുമാർ വർമ്മ പാനൽ മോഡറേറ്ററാവും. നാസിക്കിലെ നിർമ്മൽഗ്രാം നിർമ്മാൺ കേന്ദ്ര എക്‌സിക്യട്ടീവ് ഡയറക്ടർ ശ്രീകണ്ഠ എം. നവരേക്കർ, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. കെ. വാസുകി ഐ.എ.എസ്., ജലശക്തി മന്ത്രാലയത്തിലെ സ്വച്ഛ്ഭാരത് മിഷൻ (ഗ്രാമീൺ) കൺസൾട്ടന്റ് ഡോ. ഷൈനി ഡി.എസ്. എന്നിവരാണ് പാനലിലെ അംഗങ്ങൾ. ഹരിതകേരളം മിഷൻ എക്സിക്യുട്ടീവ് വൈസ് ചെയർ പേർസൺ ഡോ. ടി എൻ സീമ, കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ, ഗിഫ്റ്റ് ഡയറക്ടർ പ്രൊഫ. കെ ജെ ജോസഫ് എന്നിവരും പങ്കെടുക്കും. സംസ്ഥാനത്ത് വിവിധ മാർഗ്ഗങ്ങൾ അവലംബിച്ച് ജൈവ മാലിന്യ സംസ്‌കരണം നടത്തുകയും മറ്റു സ്ഥാപനങ്ങൾക്ക് അനുകരിക്കാനാവും വിധം വിജയമാതൃകകളാവുകയും ചെയ്ത തദ്ദേശ സ്ഥാപനങ്ങളുടെ അവതരണമാണ് വെബിനാറിലെ പ്രധാന ഉള്ളടക്കം.

തൃശൂർ ജില്ലയിലെ കുന്നംകുളം മുനിസിപ്പാലിറ്റി, കോഴിക്കോട് ജില്ലയിലെ ഏറാമല ഗ്രാമപഞ്ചായത്ത്, എറണാകുളം ജില്ലയിലെ കോതമംഗലം മുനിസിപ്പാലിറ്റി, കോട്ടയം ജില്ലയിലെ ഞീഴൂർ ഗ്രാമപഞ്ചായത്ത്, ആലപ്പുഴ മുനിസിപ്പാലിറ്റി, കൊല്ലം ജില്ലയിലെ പുനലൂർ മുനിസിപ്പാലിറ്റി, തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ മുനിസിപ്പാലിറ്റി എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളാണ് അതാത് സ്ഥാപന അധ്യക്ഷർ അവതരിപ്പിക്കുന്നത്. ഹരിതകേരളം മിഷൻ ഫേസ്‌ബുക്ക് facebook.com/harithakeralammission, യൂട്യൂബ് ചാനൽ youtube.com/harithakeralammission, കിലയുടെ ഫേസ്‌ബുക്ക് facebook.com/kilatcr, യുട്യൂബ് ചാനൽ youtube.com/kilatcr, ഗിഫ്റ്റിന്റെ ഫേസ്‌ബുക്ക് facebook.com/Gulati gift, യുട്യൂബ് ചാനൽ youtube.com/GIFT kerala എന്നിവയിലൂടെ വെബിനാർ കാണാനാവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP