Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കപട സദാചാരം ട്രാൻസ്ജൻഡറുകൾ നേരിടുന്ന പ്രധാന വെല്ലുവിളി: രഞ്ജു രഞ്ജിമർ

കപട സദാചാരം ട്രാൻസ്ജൻഡറുകൾ നേരിടുന്ന പ്രധാന വെല്ലുവിളി: രഞ്ജു രഞ്ജിമർ

സ്വന്തം ലേഖകൻ

കേരളീയരുടെ കപട സദാചാര ബോധമാണ് ട്രാൻസ്ജൻഡറുകൾ നേരിടുന്ന പ്രധാന പ്രശ്നമെന്ന് പ്രശസ്ത സിനിമാ മേക്കപ്പ് ആർട്ടിസ്റ്റും നടിയുമായ രഞ്ജു രഞ്ജിമർ പറഞ്ഞു. കാലിക്കറ്റ് സർവകലാശാലാ എഡ്യുക്കേഷൻ പഠനവകുപ്പ് സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. സിനിമയിൽ ട്രാൻസ്ജൻഡറുകൾക്ക് അവസരങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും സ്റ്റീരിയോടൈപ്പ് വേഷങ്ങൾക്കപ്പുറത്തേക്ക് അവർക്ക് അവസരങ്ങൾ ലഭിക്കുന്നില്ല. മറ്റു ജൻഡറുകളെപ്പോലെ അവർക്കും അമ്മയായും, മറ്റു പ്രധാന ക്യാരക്ടറുകളും ചെയ്യാൻ ശേഷിയുണ്ടെങ്കിലും അത് ലഭിക്കാറില്ലെന്നും അവർ പറഞ്ഞു. ട്രാൻസ്ജൻഡറുകളോട് സമൂഹത്തിന്റെ സമീപനം കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ മാറിയിട്ടുണ്ട്. ഡോ.ടി.വസുമതി, ടി.ഗീതാഞ്ജലി, ദിലീഷ്, അർജ്ജുൻ എന്നിവർ സംസാരിച്ചു.

'യുഗ നിർമ്മാതാ ഗാന്ധി' പ്രകാശനം ചെയ്തു
കാലിക്കറ്റ് സർവകലാശാലാ ഹിന്ദി പഠനവിഭാഗത്തിന്റെയും ഗാന്ധി ചെയറിന്റെയും ആഭിമുഖ്യത്തിൽ ഡോ.ആർ.സുരേന്ദ്രൻ എഡിറ്റിങ് നിർവഹിച്ച 'യുഗ നിർമ്മാതാ ഗാന്ധി സാഹിത്യ കെ അയനേമേ' എന്ന പുസ്തകം വൈസ് ചാൻസലർ ഡോ.കെ.മുഹമ്മദ് ബഷീർ ഹിന്ദി പഠനവകുപ്പ് മേധാവി ഡോ.വി.കെ.സുബ്രഹ്മണ്യന് നൽകി പ്രകാശനം ചെയ്തു. ഗാന്ധിജിയുടെ ചിന്തകളും തത്വശാസ്ത്രവും പ്രതിപാദിക്കുന്ന ലേഖനങ്ങളുടെയും പ്രഭാഷണങ്ങളുടെയും സമാഹാരമാണ് ഈ പുസ്തകം. ആർ.എസ്.പണിക്കർ, ഡോ.പ്രമോദ് കൊവ്വപ്രത്ത്, ഡോ.ഷബീല, ഡോഫാത്തിമ ജീം എന്നിവർ സംസാരിച്ചു
കാലിക്കറ്റ് സർവകലാശാലയിൽ '500 നാടൻ മാവുകൾ': പദ്ധതിക്ക് തുടക്കമായി
കാലിക്കറ്റ് സർവകലാശാലാ ഗ്രീൻ കമ്മറ്റിയും നാടൻ മാന്തോപ്പിൽ എന്ന ഫേസ്‌ബുക്ക് കൂട്ടായ്മയും ചേർന്ന് സർവകലാശാലാ കാമ്പസിൽ 500 നാട്ടുമാവുകൾ നടുന്ന പദ്ധതിക്ക് വൈസ് ചാൻസലർ ഡോ.കെ.മുഹമ്മദ് ബഷീർ തുടക്കം കുറിച്ചു. കാലിക്കറ്റ് സർവകലാശാലാ ടാഗോർ നികേതന് പിറകിലായി 30 മാവിൻ തൈകൾ നട്ടുകൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. രജിസ്ട്രാർ ഡോ.സി.എൽ.ജോഷി, ഡോ.എ.കെ.പ്രദീപ്, ഗ്രീൻ കമ്മറ്റി കൺവീനർ ഡോ.ജോൺ ഇ. തോപ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി. മുമ്പ് കാമ്പസിൽ നട്ട മാവിൻ തൈകളിൽ മിക്കതും സാമൂഹ്യവിരുദ്ധർ നശിപ്പിച്ചിരുന്നു.

പുസ്തക പ്രകാശനം
മുൻ മന്ത്രി കുട്ടി അഹമ്മദ് കുട്ടി രചിച്ച 'സമൂഹ നിർമ്മിതിയുടെ രാഷ്ട്രീയം' എന്ന പുസ്തകം പി.കെ.കുഞ്ഞാലിക്കുട്ടി എംപി. പ്രകാശനം ചെയ്തു. ജിദ്ദ കെ.എം.സി.സി തിരൂരങ്ങാടി മണ്ഡലം കമ്മറ്റിയുടെ സഹകരണത്തോടെ കാലിക്കറ്റ് സർവകലാശാലാ സി.എച്.മുഹമ്മദ് കോയ ചെയറും ഗ്രേസ് ബുക്സും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. താപ്പി അബ്ദുള്ള കുട്ടി ഹാജി പുസ്തകം ഏറ്റുവാങ്ങി. ഇ.ടി മുഹമ്മദ് ബഷീർ എംപി പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു.

'ഭരണഘടനാ ഭേദഗതിയും സമകാല രാഷ്ട്രീയവും' എന്ന വിഷയത്തിൽ മുൻ പ്ലാനിങ് കമ്മീഷൻ അംഗം സി.പി.ജോൺ പ്രഭാഷണം നടത്തി. പി.കെ അബ്ദുറബ്ബ് എംഎ‍ൽഎ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുൻ എംഎ‍ൽഎ പി.എം.എ സലാം, കെ.പി.മുഹമ്മദ് കുട്ടി, കെ.കുട്ടി.അഹമ്മദ് കുട്ടി, പി.എ.റഷീദ്, പി.കെ.മുഹമ്മദ് സുഹൈൽ, സി.എച്ച്.ചെയർ ഡയറക്ടർ പി.കെ അബ്ദുൽ ലത്തീഫ് എന്നിവർ പങ്കെടുത്തു.

കാലിക്കറ്റിൽ ഒറ്റത്തവണ റഗുലർ/സപ്ലിമെന്ററി പരീക്ഷ നടത്തും
1995-ന് ശേഷം കോഴ്സ് പൂർത്തിയാക്കിയ എല്ലാ കോഴ്സുകളിലെ വിദ്യാർത്ഥികൾക്കും ഒറ്റത്തവണ സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷ നടത്താൻ ഉത്തരവായി. ജൂലൈ 18-ന് ചേർന്ന സിണ്ടിക്കേറ്റ് പരീക്ഷ നടത്താൻ അനുമതി നൽകിയിരുന്നു. നേരത്തേ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീലിന്റെ നേതൃത്വത്തിൽ നടന്ന അദാലത്തിൽ സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷക്ക് വേണ്ടിയുള്ള ആവശ്യം വിദ്യാർത്ഥികളും രക്ഷിതാക്കളും ഉന്നയിച്ചിരുന്നു. പി.ആർ 1840/2019

അഞ്ചാം സെമസ്റ്റർ കോൺടാക്ട് ക്ലാസ് 12 മുതൽ
കാലിക്കറ്റ് സർവകലാശാലാ വിദൂരവിദ്യാഭ്യാസം അഞ്ചാം സെമസ്റ്റർ ബി.എ ഫിലോസഫി, സംസ്‌കൃതം, ഹിന്ദി, അഫ്സൽ-ഉൽ-ഉലമ (2018 പ്രവേശനം) കോൺടാക്ട് ക്ലാസുകൾ ഒക്ടോബർ 12 മുതൽ സ്‌കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യുക്കേഷനിൽ വെച്ച് ആരംഭിക്കും. വിവരങ്ങൾക്കും കോൺടാക്ട് ക്ലാസ് ഷെഡ്യൂളിനും www.sdeuoc.ac.in വെബ്സൈറ്റ് സന്ദർശിക്കുക. പി.ആർ 1841/2019

എം.ബി.എ പരീക്ഷാ കേന്ദ്രം
കാലിക്കറ്റ് സർവകലാശാല വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്റ്റർ എം.ബി.എ റഗുലർ/സപ്ലിമെന്ററി പരീക്ഷ ഒക്ടോബർ പത്തിന് ആരംഭിക്കും. കോഴിക്കോട് ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കുറ്റിപ്പുറം എസ്.എം.എസ്, വിദേശ/കേരളത്തിന് പുറത്തെ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തവർ പരീക്ഷാഭവൻ സ്പെഷ്യൽ സപ്ലിമെന്ററി എക്സാം യൂണിറ്റിലും, അരണാട്ടുകര ജോൺ മത്തായി സെന്ററിൽ രജിസ്റ്റർ ചെയ്തവർ അതേ കേന്ദ്രത്തിലും പരീക്ഷക്ക് ഹാജരാകണം. പി.ആർ 1842/2019

പരീക്ഷ
കാലിക്കറ്റ് സർവകലാശാല മൂന്നാം വർഷ ബി.എച്ച്.എം (2014 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി പരീക്ഷ ഒക്ടോബർ 15-ന് ആരംഭിക്കും. പി.ആർ 1843/2019

പരീക്ഷാഫലം
കാലിക്കറ്റ് സർവകലാശാല 2018 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.ടി.എ റഗുലർ പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഒക്ടോബർ 18 വരെ അപേക്ഷിക്കാം. പി.ആർ 1844/2019

കാലിക്കറ്റ് സർവകലാശാല രണ്ടാം സെമസ്റ്റർ ബി.ബി.എ-എൽ.എൽ.ബി (ഓണേഴ്സ്) നവംബർ 2018 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഒക്ടോബർ 17 വരെ അപേക്ഷിക്കാം. പി.ആർ 1845/2019

കാലിക്കറ്റ് സർവകലാശാല മൂന്നാം സെമസ്റ്റർ എം.എസ്.സി മെഡിക്കൽ മൈക്രോബയോളജി നവംബർ 2018 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഒക്ടോബർ 17 വരെ അപേക്ഷിക്കാം. പി.ആർ 1846/2019

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP