Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാലഹരണപ്പെട്ട സ്‌പെഷ്യൽ റൂളിൽ സ്ഥാനക്കയറ്റം നിഷേധിക്കപ്പെട്ട് പ്ലസ് ടു അദ്ധ്യാപകർ

സ്വന്തം ലേഖകൻ

വിദ്യാഭ്യാസ വകുപ്പിൽ ഒന്നര പതിറ്റാണ്ടായി തുടരുന്ന കാലഹരണപ്പെട്ട നിയമത്തിന്റെ പേരിൽ പ്ലസ്ടു അദ്ധ്യാപകരുടെ അർഹതപ്പെട്ട സ്ഥാനക്കയറ്റം നഷ്ടപ്പെടുന്നതായി പരാതി. ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ നിയമനത്തിൽ ആകെ ഒഴിവിന്റെ മുപ്പത്തിമൂന്ന് ശതമാനം നിശ്ചിത യോഗ്യതയുള്ള ഹൈസ്‌കൂൾ ഹെഡ്‌മാസ്റ്റർമാർക്ക് മാറ്റി വക്കണമെന്ന നിയമമാണ് ഇപ്പോൾ വ്യാപക പരാതിക്കിടയാക്കിയിരിക്കുന്നത്. 12 വർഷ ഹയർ സെക്കണ്ടറി സർവീസാണ് പ്രിൻസിപ്പലാവാനുള്ള അടിസ്ഥാന യോഗ്യത. എന്നാൽ യോഗ്യരായ ആളുകളുടെ അഭാവത്തിൽ മാത്രം മൂന്നിലൊരു ഭാഗം പ്രിൻസിപ്പൽ തസ്തികയിലേക്ക് ബിരുദാനന്തര ബിരുദവും ബി.എഡ് യോഗ്യതയുമുള്ള ഹൈസ്‌കൂൾ ഹെഡ്‌മാസ്റ്റർമാരെയും പരിഗണിച്ചു കൊണ്ട് 2001 ൽ സ്‌പെഷ്യൽ റൂൾ തയാറാക്കിയിരുന്നു.

2005 ലാണ് ഹയർ സെക്കണ്ടറി മേഖലയിൽ വ്യാപകമായി പി എസ് സി നിയമനം നടന്നത്. ഇങ്ങനെ നിയമനം ലഭിച്ച രണ്ടായിരത്തോളം അദ്ധ്യാപകർ പ്രിൻസിപ്പൽ പ്രമോഷനുള്ള യഥാർത്ഥ യോഗ്യതയായ പന്ത്രണ്ട് വർഷത്തെ ഹയർ സെക്കണ്ടറി സർവീസ് 2017ൽ പൂർത്തിയാക്കിയിട്ടുണ്ട്. ഹയർ സെക്കണ്ടറിയിൽ ആദ്യ പി എസ് നിയമനം നടന്ന 2005 വർഷത്തിൽ ജനുവരി മാസം 1864 പേരെയും നവംബർ, ഡിസംബർ മാസങ്ങളിലായി ആയിരത്തോളം പേരെയുമാണ് നിയമിച്ചത്. സംസ്ഥാനത്ത് ആകെയുള്ള 850 സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ പ്രിൻസിപ്പൽ നിയമനത്തിനുള്ള പൂർണ്ണ യോഗ്യത നേടിയ രണ്ടായിരത്തി എണ്ണൂറിലധികം ഹയർ സെക്കണ്ടറി അദ്ധ്യാപകരുണ്ട്. മുഴുവൻ തസ്തികകളും കണക്കിലെടുത്താൽ തന്നെ അവരിൽ നാലിലൊന്നു പേർക്കു മാത്രമേ നിലവിൽ പ്രിൻസിപ്പലാവാൻ അവസരമുള്ളൂ. അത്തരം അദ്ധ്യാപകരെ നോക്കുകുത്തിയാക്കിയാണ് ഹയർ സെക്കണ്ടറിയിൽ ഒരു ദിവസം പോലും പഠിപ്പിക്കാത്ത ഹൈസ്‌കൂൾ ഹെഡ്‌മാസ്റ്റർമാരെ ആകെയുള്ള ഒഴിവിന്റെ 33 ശതമാനം തസ്തികകളിൽ ടീച്ചിങ് പ്രിൻസിപ്പലാക്കി നിയമിക്കുന്ന രീതി ഇപ്പോഴും തുടരുന്നത്.

ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ അതാതു വിഷയങ്ങളിലെ മുഴുവൻ സമയ അദ്ധ്യാപകനെന്നിരിക്കെ ഇത്തരം നിയമനം പല സ്‌കൂളുകളിലും അക്കാദമികമായ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. പല ഹെഡ് മാസ്റ്റർമാരും സർവീസിന്റെ ഏതെങ്കിലും കാലഘട്ടത്തിൽ ഇതരസംസ്ഥാന സർവ്വകലാശാലകളിൽ നിന്നോ വിദൂര വിദ്യാഭ്യാസം വഴിയോ ബിരുദാനന്തര ബിരുദം തരപ്പെടുത്തിയാണ് പ്രിൻസിപ്പൽ യോഗ്യത തേടുന്നത്. പുതിയ സിലബസ് പ്രകാരമുള്ള ഹയർ സെക്കണ്ടറി ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ വർഷങ്ങളായി നോൺ ടീച്ചിങ് തസ്തികയിൽ ഹെഡ്‌മാസ്റ്റർ ജോലി ചെയ്ത പലർക്കും കഴിയുന്നില്ലെന്ന പരാതി മുമ്പേ ഉയർന്നിരുന്നു. എന്നാൽ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദവും ബി എഡും ഉണ്ടെങ്കിൽ നിലവിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ശമ്പള സ്‌കെയിലിലുള്ള പ്രിൻസിപ്പാൾ തസ്തികയിലേക്ക് സർവീസ് കാലഘട്ടത്തിന്റെ അവസാനത്തിലെങ്കിലും സ്ഥാനക്കയറ്റം ലഭിക്കാനുള്ള കുറുക്കുവഴിയായി പലരും ഈ പ്രമോഷനെ ഉപയോഗപ്പെടുത്തുകയാണ്. സാധാരണ ഗതിയിൽ ഹൈസ്‌കൂൾ അദ്ധ്യാപകർക്ക് ഹെഡ്‌മാസ്റ്റർമാരായും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരായും സ്ഥാനക്കയറ്റം ലഭിക്കുന്നുണ്ട്. തുടർന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരായും പിന്നീട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർമാരായും അതിലെ സർവീസ് കൂടിയ ആൾക്ക് അഡീഷണൽ ഡി പി ഐ വരെ സ്ഥാനക്കയറ്റം നേടുന്നതിനുള്ള അവസരമുണ്ട്. ഇതിനു പുറമെയാണ് ഹയർ സെക്കണ്ടറി അദ്ധ്യാപകർക്ക് സ്ഥാനക്കയറ്റം ലഭിക്കേണ്ട പ്രിൻസിപ്പൽ തസ്തികകളുടെ മുപ്പത്തിമൂന്ന് ശതമാനവും നീക്കിവച്ചിരിക്കുന്നത്. അതേ സമയം ഹയർ സെക്കണ്ടറിയിലെ ജുനിയർ , സീനിയർ അദ്ധ്യാപകർക്കൊന്നും തന്നെ പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉയർന്ന തസ്തികകളിലേക്ക് സ്ഥാനക്കയറ്റത്തിനുള്ള അനുവാദവുമില്ല.

അർഹതപ്പെട്ട തസ്തികകൾ നഷ്ടപ്പെടുന്നതിനെതിരെ ഹയർ സെക്കണ്ടറി അദ്ധ്യാപകർ നൽകിയ കേസിൽ വിധി പ്രസ്താവിച്ച കോടതി പ്രിൻസിപ്പൽ നിയമന കാര്യത്തിൽ കാലാനുസൃതമായി സ്‌പെഷ്യൽ റൂൾ ഭേദഗതികൾ വരുത്തി പരാതി പരിഹരിക്കണമെന്ന് സർക്കാറിനോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ പി എസ് സി നിയമനം നേടിയ അദ്ധ്യാപകർ പ്രിൻസിപ്പൽ നിയമനത്തിനുള്ള അവശ്യ സർവ്വീസ് പൂർത്തീകരിച്ച് മൂന്നു വർഷം പിന്നിട്ടിട്ടും പ്രിൻസിപ്പൽ ഒഴിവുകളിൽ മുൻകാല പ്രാബല്യത്തോടെ നിശ്ചിത ശതമാനത്തിലും കൂടുതൽ ഹെഡ്‌മാസ്റ്റർമാരെ നിയമിക്കുന്ന നടപടി തുടർന്നുകൊണ്ടിരിക്കുകയാണ്. പലപ്പോഴും മുൻ നിയമനത്തിൽ ആളെ ലഭ്യമല്ലാതിരുന്ന കേസുകളിൽ തുടർ നിയമനത്തിൽ ഹെഡ്‌മാസ്റ്റർമാരുടെ ബാക്ക്‌ലോഗ് നികത്തി കൂടുതൽ പേരെ നിയമിക്കുന്നതായും അദ്ധ്യാപകർ ചൂണ്ടിക്കാട്ടുന്നു.

ഹെഡ്‌മാസ്റ്റർമാരുടെ പ്രിൻസിപ്പൽ നിയമനം വഴി ഹയർ സെക്കണ്ടറി സീനിയർ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിച്ചിരിക്കുന്ന ജൂനിയർ അദ്ധ്യാപകരുടെയും പ്രമോഷൻ ഇതോടൊപ്പം നിഷേധിക്കപ്പെടുകയാണ്. ഓരോ നിയമനത്തിലും ആകെയുള്ള ഒഴിവിന്റെ മുപ്പത്തിമൂന്ന് ശതമാനവും പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഹെഡ്‌മാസ്റ്റർമാർ കടന്നു വരുന്നതോടെ അത്രയും തസ്തികകളിൽ ജൂനിയർ അദ്ധ്യാപക പ്രമോഷൻ നഷ്ടപ്പെടുന്നു. സീനിയർ തസ്തികയിലെത്തുമ്പോൾ മാത്രമേ ജൂനിയർ അദ്ധ്യാപകരുടെ പ്രിൻസിപ്പൽ പ്രമോഷനായുള്ള യോഗ്യതാ സർവീസ് ആരംഭിക്കൂ എന്നുള്ളതും സ്ഥിതി ഏറെ ദുരിതമയമാക്കുന്നു. പല വിഷയങ്ങളിലും പതിനഞ്ചു വർഷത്തിനു മുകളിൽ ഹയർ സെക്കണ്ടറി ജൂനിയർ അദ്ധ്യാപക സർവീസുള്ള അദ്ധ്യാപകർ സീനിയറല്ലെന്ന പേരിൽ സ്ഥാനക്കയറ്റ പട്ടികക്കു പുറത്തു നിൽക്കുമ്പോഴാണ് ഒരു ദിനം പോലും ഹയർ സെക്കണ്ടറി സർവ്വീസില്ലാത്ത ഹെഡ്‌മാസ്റ്റർമാരെ യാതൊരു മുടക്കവുമില്ലാതെ പ്രിൻസിപ്പൽമാരാക്കിക്കൊണ്ടിരിക്കുന്നത്. മറ്റൊരു വകുപ്പിലും നിലവിലില്ലാത്ത ഇത്തരം വിചിത്രമായ സ്ഥാനക്കയറ്റ രീതി പരിഷ്‌ക്കരിക്കണമെന്ന് ഹയർ സെക്കണ്ടറി അദ്ധ്യാപകർ ആവശ്യപ്പെടുന്നു.

യോഗ്യത നേടിയ ഹയർ സെക്കണ്ടറി അദ്ധ്യാപകർ പലപ്പോഴായി നൽകിയ കേസുകളിൽ അനുകൂല വിധി പ്രസ്താവിച്ച കോടതി, സ്‌പെഷ്യൽ റൂൾ ഭേദഗതി നിർദ്ദേശിച്ചിട്ടും സർക്കാർ അതിനു തയ്യാറാവാത്തത് തികഞ്ഞ നീതി നിഷേധമാണെന്നും പ്രിൻസിപ്പൽ നിയമനത്തിനുള്ള കാലഹരണപ്പെട്ട ഹെഡ്‌മാസ്റ്റർ ക്വോട്ട അടിയന്തിരമായി അവസാനിപ്പിക്കണമെന്നും ഹയർ സെക്കണ്ടറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ രാജീവൻ, സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ എം ജോർജ്, ട്രഷറർ എം സന്തോഷ് കുമാർ എന്നിവർ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് സർക്കാറിനും വിദ്യാഭ്യാസ വകുപ്പധികൃതർക്കും എച്ച് എസ് എസ് ടി എ സംസ്ഥാന കമ്മറ്റി നിവേദനം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP