Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോവിഡ് ദുരന്തം: സർക്കാർ യുദ്ധകാല നടപടികൾ സ്വീകരിക്കണം. ആരോഗ്യപ്രവർത്തകരുടെ എണ്ണം മൂന്നിരട്ടിയായി വർദ്ധിപ്പിക്കണം. -എസ്.യു.സിഐ

കോവിഡ് ദുരന്തം: സർക്കാർ യുദ്ധകാല നടപടികൾ സ്വീകരിക്കണം. ആരോഗ്യപ്രവർത്തകരുടെ എണ്ണം മൂന്നിരട്ടിയായി വർദ്ധിപ്പിക്കണം. -എസ്.യു.സിഐ

സ്വന്തം ലേഖകൻ

കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം എല്ലാ കണക്കുകൂട്ടലുകളെയും അതിലംഘിച്ച് കുതിച്ചു കൊണ്ടിരിക്കുന്ന സാഹചര്യമാണ് മൂന്നാഴ്ചയായി കേരളത്തിൽ. അതിന്റെ ഫലമായി കോവിഡ് വിദഗ്ധ ചികിത്സയും തീവ്രപരിചരണവും നടത്തിവന്നിരുന്ന മെഡിക്കൽ കോളേജുകൾ രോഗികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞിരിക്കുന്നു. കോവിഡ് ചികിത്സ നടത്തുന്ന സ്വകാര്യ ആശുപത്രികളിലും ബെഡ്ഡില്ലാത്ത അവസ്ഥയാണ്. രോഗവ്യാപനമാകട്ടെ കുറയുന്ന പ്രവണത ഇതുവരെ ഇല്ലതാനും. കേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ആരോഗ്യ പ്രതിസന്ധിയായി കോവിഡ് രണ്ടാം തരംഗം മാറിക്കഴിഞ്ഞു.

ഈ ദുരന്തത്തെ നേരിടാൻ അടിയന്തര സഹായഹസ്തം സർക്കാരിന്റെ ഭാഗത്തുനിന്നാണ് ഉണ്ടാവേണ്ടതെന്നു എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ പ്രസ്താവനയിൽ പറയുന്നു.കോവിഡ് ചികിത്സ എവിടെ നടന്നാലും അത് സൗജന്യമായി നൽകാനുള്ള സംവിധാനം സർക്കാർ ഒരുക്കണം. അതിനായി സ്വകാര്യ ആശുപത്രികളുടെ നിശ്ചിത ശതമാനം ബെഡ്ഡുകൾ ഏറ്റെടുക്കുകയോ, ആശുപത്രി ചെലവ് സബ്സിഡിയായി നൽകുകയോ, മറ്റുചിതമായ ചില മാർഗ്ഗങ്ങൾ സ്വീകരിക്കുകയോ ചെയ്യണം. ദുരന്തനിവാരണത്തിന് പ്രതിഫലം വാങ്ങാനാവില്ല എന്നതായിരിക്കണം നയം. ഒപ്പം തന്നെ കോവിഡ് ഇതര രോഗങ്ങൾക്ക് മിനിമം ചികിത്സ ഉറപ്പാക്കാനുള്ള സംവിധാനമൊരുക്കണം.

ഉറപ്പുള്ള പ്രതിരോധം വാക്സിൻ ആണെന്നിരിക്കെ കേരളത്തിൽ എത്രയും വേഗം സൗജന്യ വാക്സിനേഷൻ സാർവ്വത്രികമായി നൽകാൻ നടപടിയുണ്ടാകണം.ദീർഘകാല അടിസ്ഥാനത്തിൽ ഏറ്റവും പ്രധാനം ആരോഗ്യ സംവിധാനം തന്നെ വ്യാപിപ്പിക്കുക എന്നുള്ളതാണ്. ഈ സാഹചര്യത്തെ നേരിടാൻ ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും ഐസിയു വെന്റിലേറ്റർ സൗകര്യം എത്രയും വേഗം ഏർപ്പെടുത്തണം. ഒപ്പം ഈ രംഗത്തെ ആരോഗ്യ പ്രവർത്തകരുടെ കുറവ് നികത്താൻ അടിയന്തര നടപടി ഉണ്ടാകണം. നഴ്സുമാരെയും അനസ്തേഷ്യോളജിസ്റ്റ്, എമർജൻസി മെഡിസിൻ, ജനറൽ മെഡിസിൻ, പൾമണോളജി, കാർഡിയോളജി വിഭാഗങ്ങളിലെ ഡോക്ടർമാരെയും ഉടനടി നിയമിച്ചുകൊണ്ട് ഇന്നുള്ളതിന്റെ മൂന്നിരട്ടിയായി സ്റ്റാഫിന്റെ എണ്ണം വർദ്ധിപ്പിക്കണം.. ഈ ദൗത്യം ഏറ്റെടുക്കാനുള്ള പ്രേരണ എന്ന നിലയിൽ അടിയന്തര കാലഘട്ടം കഴിഞ്ഞാൽ സ്ഥിര നിയമനത്തിനുള്ള ഓപ്ഷനും അവർക്ക് നൽകണം. പ്രതിസന്ധി കാലത്തിനുശേഷം താലൂക്ക് ആശുപത്രികളെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളായി മാറ്റുവാനും, ഭാവിയിൽ വരാവുന്ന ആരോഗ്യ അടിയന്തിരാവസ്ഥകളെ നേരിടാനുള്ള കരുത്ത് ആരോഗ്യ സംവിധാനത്തിന് നൽകാനും ഇതിലൂടെ സാധിക്കുന്നതാണ്.

നമ്മുടെ കേരള മാതൃകയിലുള്ള ആരോഗ്യ സംവിധാനം ലോകം പ്രശസ്തമായിരിക്കുമ്പോൾ തന്നെ പതിറ്റാണ്ടുകൾ മുമ്പുള്ള സ്റ്റാഫ് പാറ്റേൺ ആണ് ഇപ്പോഴും നിലനിൽക്കുന്നതെന്ന് ഓർക്കണം. യഥാർത്ഥത്തിൽ അതിനെ ലോകോത്തരമാക്കാനും പ്രതിസന്ധിയെ നേരിടാനും ഇത് മാത്രമേ വഴിയുള്ളൂ എന്ന് ഞങ്ങൾ ഓർമ്മിപ്പിക്കുന്നു.
പ്രസിദ്ധപ്പെടുത്തുന്ന കോവിഡ് വ്യാപനത്തിന്റെയും കോവിഡ് മരണ സംഖ്യയുടെയും കണക്കുകളിൽ കൂടുതൽ കൃത്യതയും വ്യക്തതയും വരുത്തേണ്ടതുണ്ട്. അത് ഫലപ്രദമായ പ്രതിരോധ-ചികിത്സാമാർഗ്ഗങ്ങളുടെ ആസൂത്രണത്തിനും നടപ്പാക്കലിനും അത്യന്താപേക്ഷിതമാണെന്നും എസ് യു സി ഐ (കമ്മ്യൂണിസ്റ്റ് ) സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP