Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

എല്ലാം മറന്ന് വിസ്മയം തീർക്കാർ അവർ അബുദാബിയിലേക്ക്; അബുദാബിയിൽ മാജിക് പ്രകടനത്തിനായി യാത്ര തിരിക്കുന്ന കുട്ടികൾക്ക് യാത്രയയപ്പ് നല്കി

എല്ലാം മറന്ന് വിസ്മയം തീർക്കാർ അവർ അബുദാബിയിലേക്ക്; അബുദാബിയിൽ മാജിക് പ്രകടനത്തിനായി യാത്ര തിരിക്കുന്ന കുട്ടികൾക്ക് യാത്രയയപ്പ് നല്കി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അബുദാബിയിൽ മാജിക് പ്രകടനത്തിനായി യാത്ര തിരിക്കുന്ന സാമൂഹ്യനീതി വകുപ്പ്, സാമൂഹ്യ സുരക്ഷാ മിഷന്റെ അനുയാത്ര പദ്ധതിയുടെ അംബാസഡർമാരും എം പവർ ടീം അംഗങ്ങളുമായ സെറിബ്രൽ പാൾസി ഓട്ടിസം ബാധിതരായ കുട്ടികൾക്ക് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ യാത്രയയപ്പ് നൽകി. കുട്ടികൾ എയർപോർട്ടിലേക്ക് പോകുന്നതിനിടെ മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വച്ചാണ് യാത്രയയപ്പ് നൽകിയത്. കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും വളരെ സന്തോഷം നൽകുന്ന മുഹൂർത്തമായി അത് മാറി. സന്തോഷം പങ്കുവയ്ക്കാൻ കുട്ടികൾക്ക് മന്ത്രിതന്നെ കേക്ക് മുറിച്ച് ബൊക്കെ നൽകി യാത്രയാക്കി. മറ്റുള്ളവരെക്കാളും തങ്ങൾ ഒട്ടും പിന്നിലല്ലെന്ന് കാണിച്ച് അവർ ടീച്ചറിന്റെ കാൽ തൊട്ടു വന്ദിച്ചു. സ്നേഹത്തോടെ ടീച്ചർ അവരെ അനുഗ്രഹിച്ച് ഒപ്പം നിർത്തി.

എയർപോർട്ടിലേക്ക് പോകാനായി കുട്ടികളെ വാഹനത്തിൽ യാത്രയയ്ക്കുന്ന സമയത്ത് വിഷ്ണു ടീച്ചറിനോടായി ഒരു ചോദ്യം ചോദിച്ചു. 'മന്ത്രി ദുബായിക്ക് വരുന്നില്ലേ' ആ ചോദ്യം എല്ലാവരിലും ചിരി പടർത്തി. 'മക്കളുടെ സന്തോഷത്തോടൊപ്പം എല്ലായിപ്പോഴുമുണ്ടെന്ന്' ടീച്ചർ പറഞ്ഞ് യാത്രയാക്കി. എല്ലാവരാലും തഴയപ്പെട്ട തങ്ങളുടെ പൊന്നുമക്കൾ വലിയ പ്രതീക്ഷകൾ നൽകി അബുദാബിയിലേക്ക് പറക്കുമ്പോൾ രക്ഷിതാക്കളുടെ കണ്ണുകൾ നനഞ്ഞു.

അബുദാബിയിൽ നവംബർ 21 നാണ് ഈ കുട്ടികൾ മാജിക് പരിപാടി അവതരിപ്പിക്കുന്നത്. അബുദാബിയിലെ ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിഷ്ണു, പി.ആർ. രാഹുൽ, രാഹുൽ, ശരണ്യ സതീഷ്, ശ്രീലക്ഷ്മി എന്നീ കുട്ടികളാണ് മാജിക് അക്കാദമി എക്സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ അബുദാബിയിലേയ്ക്ക് യാത്ര തിരിക്കുന്നത്. ശ്രീലക്ഷ്മിയുടേയും ശരണ്യയുടേയും അമ്മമാരും സഹായിക്കാനായി ചിന്നുവും കൂടെയുണ്ട്. മാജിക് പ്ലാനറ്റിൽ ആയിരത്തിലധികം വേദികൾ പിന്നിട്ടവരാണ് ഈ കുട്ടികൾ. മാത്രമല്ല ഒരു മണിക്കൂർ തുടർച്ചയായി മാജിക് അവതരിപ്പിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിക്കുകയും ചെയ്തിട്ടുണ്ട്.

ആയിരക്കണക്കിന് ആൾക്കാരുടെ മുമ്പിൽ മാജിക്കപതരിപ്പിക്കാൻ കുട്ടികൾ പറക്കുന്നത് കാണുമ്പോൾ അഭിമാനവും സന്തോഷവുമുണ്ടെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. ഒന്നിനും പറ്റാത്തവരെന്ന് വിധിയെഴുതുന്നസമൂഹത്തിനുള്ള തക്കതായ മറുപടിയാണ് ഈ കുട്ടികൾ. സാമൂഹ്യനീതി വകുപ്പ് ഭിന്നശേഷിക്കാരുടെ വികസനത്തിനായി അനുയാത്ര ഉൾപ്പെടെ സമഗ്രപദ്ധതികളാണ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നത്. ഇത്തരം പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് കഴിഞ്ഞ വർഷത്തെ മികച്ച ഭിന്നശേഷി ശാക്തീകരണത്തിനുള്ള ദേശീയ അവാർഡ്. ഈ കുട്ടികളുടെ രക്ഷിതാക്കളുടെ സന്തോഷം മാത്രം മതി ഇതിനുള്ള ഉദാഹരണമെന്നും മന്ത്രി വ്യക്തമാക്കി.

സാമൂഹ്യ സുരക്ഷമിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീലും യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP