Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202225Sunday

ലോകസഭ തിരഞ്ഞെടുപ്പ് എസ് എസ് എഫ് വിദ്യാർത്ഥി മാനിഫെസ്റ്റോ പ്രഖ്യാപിച്ചു

ലോകസഭ തിരഞ്ഞെടുപ്പ് എസ് എസ് എഫ് വിദ്യാർത്ഥി മാനിഫെസ്റ്റോ പ്രഖ്യാപിച്ചു

തിരുവനന്തപുരം: പതിനേഴാമത് ലോകസഭാ തിരഞ്ഞെടുപ്പടുപ്പിനായി രാജ്യം ഒരുങ്ങുന്ന അവസരത്തിൽ വിദ്യാർത്ഥികൾ രാഷ്ട്രീയം പറയുന്നു എന്ന പ്രമേയത്തിൽ സംസ്ഥാനത്തെ മൂന്നിടങ്ങളിലായി നടന്ന പരിപാടിയിൽ എസ് എസ് എഫ് വിദ്യാർത്ഥി മാനിഫെസ്റ്റോ പ്രഖ്യാപിച്ചു. 

ജനാധികാരത്തെ മറന്നുകൊണ്ടുള്ള ഏകാധിപത്യ ഭരണ പ്രവണതകളിൽ നിന്നും ജനാധാപത്യം സംരക്ഷിക്കാൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാകേണ്ടതുണ്ട്. രാജ്യസ്നേഹത്തെ പ്രദർശിപ്പിക്കുന്നില്ലെന്ന തീവ്രദേശീയതയുടെ ചുവടുവെച്ച് രാജ്യ ദ്രോഹകുറ്റം ചുമത്തികൊണ്ടിരിക്കുന്ന 124 എ, അകാരണമായി രാജ്യത്തെ പൗരന്മാർക്കുമേൽ ചുമത്തുന്നു യു എ പി എ, ജനാധിപത്യക്രമങ്ങളെ താളംതെറ്റിക്കുന്ന എ ഫ് എസ് പി എ പോലുള്ള നിയമങ്ങൾ, രാജ്യത്തെ ജനങ്ങളെ മതാടിസ്ഥാനത്തിൽ വർഗീകരിക്കാൻ ഒരുങ്ങുന്ന പൗരത്വരജിസ്റ്റർ എന്നിവ ഭാരതത്തിന്റെ ജനാധിപത്യ സംവിധാനത്തെ ദുർബലപ്പെടുത്തും. ഇത്തരം കരിനിയമങ്ങളും നടപടികളും നിയമങ്ങളും പിൻവലിക്കേണ്ടതുണ്ട്.

ഭരണഘടന വിഭാവനം ചെയ്യുന്ന മുഴുവൻ അവകാശങ്ങളും ന്യൂനപക്ഷത്തിനും അർഹതപ്പെട്ടതാണ്. അവ ലഭ്യമാക്കാൻ ഭരണകൂടം ശ്രമിക്കേണ്ടതുണ്ട്. ജനാധിപത്യത്തിന്റെ ഈറ്റില്ലമായ ഒരു രാജ്യത്ത് ന്യൂനപക്ഷങ്ങൾ ഭയപ്പാടോടെ ജീവിക്കേണ്ടി വരുന്നത് ഏറെ അപകടകരമാണ്. ഞങ്ങളുടെ രാജ്യം എന്നുറക്കെ പറയാൻ അവർ പാകപ്പെടേണ്ടതുണ്ട്. ന്യൂനപക്ഷ സമുദായങ്ങൾ പ്രത്യേകിച്ച് രാജ്യത്തെ മുസ്ലിം ജനവിഭാഗം വിദ്യാഭ്യാസ സാമ്പത്തിക രംഗത്ത് ഇപ്പോഴും ഏറെ പിന്നിലാണെന്ന് സച്ചാർ സമിതി റിപ്പോർട്ട് വർഷങ്ങൾക്ക മുമ്പ് സമർപ്പിക്കപ്പെട്ടിട്ടും കൃത്യമായ ഇടപെടലുകൾക്ക് ഭരണകൂടങ്ങൾ ശ്രമം നടത്തിയിട്ടില്ല. സച്ചാർ സമിതി നിർദേശങ്ങൾ പൂർണമായും നടപ്പിലാക്കൽ ന്യൂനപക്ഷ ഉന്നമനത്തിനുള്ള ആദ്യപടിയാണ്. മതേതരത്വം സംരക്ഷിക്കുക എന്നത് ഭരണഘടനയുടെ സത്തയാണ്. നാനാത്വത്തിൽ ഏകത്വം നിലനിൽക്കുന്ന ഒരു രാജ്യത്ത് പ്രത്യേക മതവിഭാഗത്തിന്റെ വിശ്വാസത്തെയും ആചാരത്തേയും അനാവശ്യമായി ചർച്ചയാക്കുന്നതും തികച്ചു സ്ത്രീവിരുദ്ധവുമായ മുത്തലാഖ് ബിൽ റദ്ദ് ചെയ്യണം. പശുവിന്റെ പേരിലും മറ്റു ന്യൂനപക്ഷ വേട്ടയായും പെരുകിവരുന്ന ആൾക്കൂട്ട ആക്രമണങ്ങളെ തടയാൻ ശക്തമായ നിയമം നിർമ്മിക്കണം. ഭീകരാക്രമണക്കേസുകളിൽ
ന്യൂനപക്ഷങ്ങളെ കരുതിക്കൂട്ടി വേട്ടയാടുന്നതും അവർക്കുമേൽ കുറ്റങ്ങളെ ചാർത്തിക്കൊടുക്കുന്നതും ഗൗരവകരമായ വസ്തുതയാണ്. കോടതിയുടെ മേൽ നോട്ടത്തിൽ ഇത്തരം കേസുകൾ അന്വേഷിക്കേണ്ടതുണ്ട്.

രാജ്യത്തിന് വലിയ രൂപത്തിലുള്ള സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതും കൂടുതൽ സങ്കീർണവുമായ ഇലക്ഷൻ പ്രവർത്തനങ്ങൾ സുതാര്യമായി നടത്തണം. പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് കൂടതൽ സാമ്പത്തിക സഹായം നൽകി രാജ്യത്തെ സാധാരണക്കാർക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകാൻ സർക്കാർ തയ്യാറാകണം.

കരിക്കുലം ,സിലബസ് എന്നിവയിൽ കടന്നുകൂടി ചരിത്രത്തെ പച്ചയായി വ്യഭിചരിച്ചുകൊണ്ട് നടത്തപ്പെടുന്ന വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണം എന്തുവിലകൊടുത്തും തടയണം. അറിവുത്പാദനത്തിന്റെ കേന്ദ്രങ്ങളായ സർവകലാശാലകളിൽ സിദ്ധാന്ത വൈവിധ്യങ്ങൾക്കും ഗവേഷങ്ങൾക്കും വിദ്യാർത്ഥികൾക്ക് പൂർണ സ്വാതന്ത്ര്യം നൽകുമ്പോഴാണ് കൂടുതൽ വിശാലമായതും രാഷ്ട്രപുരോഗതിക്കുതകും വിധത്തിലുള്ള പഠനങ്ങൾ പുറത്തുവരുന്നത്. ഗവേഷകരുടെ വിഷയ തിരഞ്ഞെടുപ്പിനെ ഭരണകൂടം വിലക്കേർപ്പെടുത്തുന്നത് ഒഴിവാക്കേണ്ടതാണ്.

ഗവേഷണങ്ങൾക്കായ നൽക്കുന്ന UGC ഫെലോഷിപ്പുകൾ പുതിയ സാഹചര്യങ്ങൾ കണക്കിലെടുത്ത് വർധിപ്പിക്കേണ്ടതുണ്ട്. മാനവിക വിഷയങ്ങളെ ഒഴിവാക്കി വിദ്യാഭ്യാസമേഖലയെ കോർപറേറ്റുവത്കരണത്തിനായി ഉപയോഗപ്പെടുത്തുന്നത് തടയണം. രാജ്യത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണം നടപ്പാക്കണം. സംവരണമുള്ള വിദ്യാർത്ഥികൾക്ക് ഫീസിളവും മറ്റു ആനുകൂല്യങ്ങളും അത്തരം സ്ഥാപനങ്ങളിൽ ഉറപ്പുവരുത്തേണ്ടതുണ്ട്. വിദ്യാഭ്യാസ മേഖലയിലെ സച്ചാർ സമിതി ശുപാർശകൾ കൃത്യമായി നടപ്പിൽ വരുത്തേണ്ടതുണ്ട്. അലിഗഡ് യൂണിവേഴ്സിറ്റി മലപ്പുറം സെന്റർ ,മുർശിദാബാദ് തുടങ്ങിയ കേന്ദ്രങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനാവശ്യമായ സർക്കാർ സഹായങ്ങൾ ഉറപ്പുവരുത്തനണം. രാജ്യത്തുടനീളം സർക്കാർ സ്‌കൂളുകൾ സ്മാർട് ക്ലാസ് റൂം ഉൾപ്പെടെയുള്ള മികച്ച സംവിധാനങ്ങൾ. വിദ്യാഭ്യാസ അവകാശമെന്ന ഭരണഘടനയുടെ മൗലിക അവകാശത്തെ പൂർണാർത്ഥത്തിൽ യാഥാർത്ഥ്യമാക്കാൻ സാധിക്കേണ്ടതുണ്ട്.

വിദ്യാഭ്യാസ ആരോഗ്യം മേഖലയിൽ നിലവിലുള്ള ഒഴിവുകൾ എത്രയുംപ്പെട്ടന്ന് നികത്തേണ്ടതുണ്ട്.കാർഷിക മേഖലയിലും കാര്യമായ ഇടപെടലുകൾ നടത്തേണ്ടതുണ്ട്. ഒരു സ്വയം പര്യാപ്തമായ രാജ്യമായി ഇന്ത്യ മാറേണ്ടതുണ്ട്. നിലവിൽ 15 ശതമാനം മാത്രമാണ് രാജ്യത്തിന്റെ ഉത്പാദന ക്ഷമത കൃത്യമായ പദ്ധതികളിലൂടെ ഘട്ടം ഘട്ടമായി അതുയർത്തേണ്ടതുണ്ട്. കർഷകാത്മഹത്യകൾ നിരന്തരമായി വർധിച്ചുവരുന്നതതിനുപിന്നിൽ ഭീമമായ കടങ്ങളാണ്. അവ എഴുതിത്തള്ളാനും കർഷകരെ സഹായിക്കാനുമുള്ള പദ്ധതികൾ ആവിഷ്‌കരിക്കണം. പലിശ രഹിത വായ്പകൾ, താങ്ങുവില എല്ലാ വിളകൾക്കും ഫാമുകൾക്കും ലഭ്യമാക്കൽ, സംഭരണ ശേഷി വർധിപ്പിക്കൽ, വിപണന ലളിതമാക്കൽ എന്നിവ കാർഷിക മേഖലയയെ ഉയർത്തികൊണ്ടുവരുന്നതിന് ആവശ്യമാണ്.

തൊഴിലില്ലായ്മയാണ് രാജ്യത്തെ മറ്റൊരു പ്രധാന വെല്ലുവിളി. 3.1 കോടി ജനങ്ങൾ രാജ്യത്ത് തൊഴിൽ രഹിതരാണ് പ്രിതിദിനം 550 പേർക്കാണ് തൊഴിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. രാജ്യത്തെ ഓരോ പൗരനും തൊഴിലൊരുക്കിക്കൊടുക്കാൻ സർക്കാറിന് കഴിയണം. കോർപറേറ്റ് കമ്പനികൾക്ക് സഹായകരമായ തൊഴിൽ നിയമങ്ങൾ മാറ്റിപണിയാൻ സർക്കാർ തയ്യാറാകണം. അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും മിനിമം വേതനം ഉറപ്പു വരുത്തണം . അതോടൊപ്പം പെൻഷൻ, ചികിത്സാ പദ്ധതികൾ തുടങ്ങിയവ അസംഘടിത മേഖലയിലും ഉറപ്പാക്കണം. തൊഴിൽ പൗരന്റെ മൗലീക അവകാശമാക്കി ഉയർത്താൻ തയ്യാറാകേണ്ടതുണ്ട്.

കാലാവസ്ഥാ വ്യതിയാനവും പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണവും വലിയ രൂപത്തിലുള്ള പാരിസ്ഥിതിക ഭീഷണിയിലാണ് എത്തിപ്പെടുന്നത്. കാർബൺ ബഹിർഗമനം കുറിക്കുന്നതിനും ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിനും വായു ജലം മണ്ണ് എന്നിവയിലുണ്ടാകുന്ന മലിനീകരണം കുറയ്ക്കുന്നതിനും കാര്യക്ഷമമായ നിയമങ്ങൾ രൂപപ്പെടുത്തേണ്ടതുണ്ട്. ശാസ്ത്രീയമായ പഠനങ്ങൾക്ക് ശേഷ മാത്രമേ ഖനനം, മറ്റു വിഭവങ്ങളുടെ ശേഖരണം എന്നിവ നടത്താവൂ

വികസ്വര രാജ്യമാണ് ഇന്ത്യ. സാമ്പത്തിക അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന മുതലാളിത്ത - നവ ഉദാരവത്കരണ നയങ്ങൾ ഇല്ലാതാകുമ്പോഴാണ് സാമ്പത്തിക വികസനം പൂർണമാകുന്നത്. രാജ്യത്തിന്റെ സമ്പത്ത് മുഴുവനും ചുരുക്കം ചിലരിലേക്ക് കേന്ദ്രീകരിക്കുന്നത് തടഞ്ഞുകൊണ്ട് ധനികരിൽ നിന്ന് നിശ്ചിത തോത് ഓരോ വർഷവും ഈടാക്കി ദാരിദ്യരേഖക്കു താഴെയുള്ളവർക്ക് നൽകുന്ന പദ്ധതി നടപ്പാക്കണം. പലിശ രഹിത ബാങ്കുകൾ സ്ഥാപിക്കണം .കോർപറേറ്റുകൾക്ക് നികുതി ഇളവ് നൽകുന്നത് നിർത്തലാക്കണം. പെട്രോളിയം ,ഡീസൽ വില നിർണയാധികാരം സർക്കാർ തിരിച്ചെടുക്കണം. ഒട്ടും ആലേചനകളില്ലാതെ നടപ്പാക്കിയ ജി എസ് ടി വീണ്ടും കാര്യക്ഷമമായി ചർച്ചകൾക്ക് വിധേയമാക്കേണ്ടതുണ്ട്. ഒപ്പം മദ്യം , എണ്ണ ഉത്പന്നങ്ങൾ ജി.എസ്.ടിയിൽ ഉൾപ്പെടുത്തണം.

തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പ്രഖ്യാപനം തിരുവനന്തപുരത്ത് എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എ പി മുഹമ്മദ് അഷ്ഹർ ഉദ്ഘാടനം ചെയ്തു. അനീസ് മുഹമ്മദ് ആലപ്പുഴ, മുഹമ്മദ് ശിബിൻ വള്ളക്കടവ്, മുഹമ്മദ് റാഫി തിരുവനന്തപുരം എന്നിവർ സംബന്ധിച്ചു.
പൊന്നാനിയിൽ നടനടന്ന സംഗമത്തിൽ എസ് എസ് എഫ് സംസ്ഥാന പ്രസിണ്ടന്റ് സി കെ റാഷിദ് ബുഖാരി, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി എൻ ജാഫർ സാദിഖ് എറണാകുളത്ത് നടന്ന സംഗമത്തിൽ കെ ബി ബഷീർ മുസ്ലിയാർ, എം കെ മുഹമദ് സ്വഫ് വാൻ എന്നിവരും പ്രസംഗിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP