Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തമിഴ് ദേശീയതയുടെ പുതിയൊരു തലം വളർത്തിയെടുക്കാൻ ശ്രീലങ്കൻ സർക്കാരിന് കഴിഞ്ഞു: പ്രൊഫസർ ജയദേവ ഉയങ്കോഡ

സ്വന്തം ലേഖകൻ

കൊച്ചി: തമിഴരുടെ രാഷ്ട്രീയ അവകാശങ്ങളേക്കാൾ അവരുടെ സാമ്പത്തികവും വികസനപരവുമായ അവകാശങ്ങൾക്കായി തമിഴ് ദേശീയതയുടെ ഒരു പുതിയതലം വളർത്തിയെടുക്കാൻ ശ്രീലങ്കൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് കൊളംബോ സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് എമിറിറ്റസ് പ്രൊഫസറും, രാഷ്ട്രീയ ശാസ്ത്രജ്ഞനും, ശ്രീലങ്കയിലെ ഭരണഘടനാ വിദഗ്ധനുമായ പ്രൊഫസർ ജയദേവ ഉയങ്കോഡ പറഞ്ഞു.

സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് (സിപിപിആർ) 'ഇന്ത്യയും ശ്രീലങ്കയും-ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ മാറുന്ന സാഹചര്യങ്ങൾ' എന്ന വിഷയത്തിൽ സെപ്റ്റംബർ 17 ന് സംഘടിപ്പിച്ച തത്സമയ വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീലങ്കയുടെ വികസന പദ്ധതികൾക്കായുള്ള വായ്പകളുടെ ഏറ്റവും വിശ്വസനീയമായ ഉറവിടമാണ് ചൈനയെന്നും, നിബന്ധനകൾ അധികമില്ലാത്ത ഒരു നയം പിന്തുടരാൻ ചൈനക്കാകുന്നുണ്ടെന്നും എന്നാൽ, മറുവശത്ത് ഇന്ത്യക്ക് വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാത്തത് ശ്രീലങ്കയിലെ ബിസിനസ്സ്, പ്രൊഫഷണൽ, ലേബർ വിഭാഗങ്ങൾക്കിടയിൽ ആശങ്ക ഉളവാക്കുന്നുവെന്നും ഇന്ത്യ-ശ്രീലങ്ക ബന്ധങ്ങളിലെ ചൈനീസ് ഘടകത്തെക്കുറിച്ച് സംസാരിക്കവേ അദ്ദേഹം അഭിപ്രായപ്പെട്ടു.

ശ്രീലങ്കയിലെ രാഷ്ട്രീയ പാർട്ടി സമ്പ്രദായത്തിനു സമൂലമായ മാറ്റം സംഭവിച്ചുവെന്നും അത് ഒരു ഏക പാർട്ടി സംവിധാനത്തിലേക്ക് മാറികൊണ്ടിരിക്കുകയാണെന്നും അധികാരം ശക്തിപ്പെടുത്തുന്നതിലും ജനാധിപത്യ ഭരണത്തിന്റെ ഗതി മാറ്റുന്നതിലുമാണ് ശ്രീലങ്കൻ സർക്കാർ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അധികാര ഏകീകരണത്തിന്റെ പ്രഥമ പരിഗണന പ്രസിഡണ്ടിന് അമിത അധികാരം നൽകുന്ന ഇരുപതാം ഭരണഘടനാ ഭേദഗതിയും അതിലൂടെ ഭരണ സംവിധാനത്തിൽ മാറ്റം വരുത്തുക എന്നതുമാണ്.

ആഭ്യന്തര സംഘർഷങ്ങളിൽ നിന്നുള്ള സമ്മർദത്തെ എങ്ങനെ മറികടക്കാമെന്നും, ഇന്ത്യയുമായുള്ള നല്ല ബന്ധം എങ്ങനെ നിലനിർത്താമെന്നുമാണ് ശ്രീലങ്കൻ പ്രസിഡണ്ട് മഹിന്ദ രാജകപക്‌സ നേരിടുന്ന ഒരു പ്രധാനപ്പെട്ട വെല്ലുവിളിയെന്ന് അദ്ദേഹം പറഞ്ഞു.

വലിയൊരു സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക ഇന്ന് നേരിടുന്നത്. ജിഡിപിയുടെ ഏകദേശം 83% കടത്തിന്റെ ഭാഗമാണ്. കോവിഡ്-19 മൂലം ഇത് കൂടുതൽ വഷളാവുകയും, തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടതും, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള കഴിവില്ലായ്മയും ഒരു സാമൂഹിക പ്രതിസന്ധി സൃഷ്ടിക്കുകയും, അത് രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമാകുകയും ചെയ്യും. ശ്രീലങ്കയുടെ ഇനിയുള്ള രാഷ്ട്രീയ ഗതി നിർണ്ണയിക്കുന്നതിൽ സാമ്പത്തികവും സാമൂഹികവുമായ പ്രതിസന്ധികൾക്ക് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മഹീന്ദ രാജപക്‌സെയുടെ ചരിത്രപരമായ വിജയം ഇന്ത്യ-ശ്രീലങ്ക ബന്ധത്തിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്ന് കരുതുന്നില്ലെന്നും, ഇരു രാജ്യങ്ങൾക്കും പൊതുവായ പല താല്പര്യങ്ങൾ ഉണ്ടെന്നും, ഇരു രാജ്യങ്ങളും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്നും ചർച്ചയിൽ പങ്കെടുത്ത ബാംഗ്ലൂർ സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് അസോസിയേറ്റ് പ്രൊഫസർ ഡോ എസ് വൈ സുരേന്ദ്രകുമാർ അഭിപ്രായപ്പെട്ടു.

തമിഴ് വിഷയങ്ങളിൽ ശ്രീലങ്കയെ അനുനയിപ്പിക്കുന്നതിൽ ഇന്ത്യക്ക് ഏറെ പോരായ്മയുണ്ട്, പ്രത്യേകിച്ചും പതിമൂന്നാം ഭരണഘടന ഭേദഗതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ. ഇന്ത്യ ആർട്ടിക്കിൾ 370 അസാധുവാക്കിയതും, സമീപകാലത്തെ ഭരണഘടനാ ഭേദഗതി നിയമവും ഇത് കൂടുതൽ സംഘീർണമാക്കുന്നു.

ശ്രീലങ്കയിൽ ഊർജം, അടിസ്ഥാനസൗകര്യ മേഖല, ടെലികോം, വിവിധ വികസന പദ്ധതികൾ എന്നിവയിൽ ഇന്ത്യ വൻ നിക്ഷേപം നടത്തുന്നുണ്ട്. വ്യാപാരത്തിന്റെയും സുരക്ഷയുടെയും കാര്യത്തിൽ ഇന്ത്യൻ മഹാസമുദ്ര മേഖല ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഒരുപോലെ നിർണായകമാണ്. പ്രാദേശിക സഹകരണത്തിലും ഭീകരവാദത്തെ നേരിടുന്നതിലും ഇരു രാജ്യങ്ങളും ഒരുമിച്ച് ചേർന്നുകൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് ഏറെ സാധ്യത ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രാദേശിക സഹകരണ മേഖലയിൽ ഇന്ത്യ സാർക് എന്നതിന് അപ്പുറത്തേക്ക് ഉറ്റുനോക്കുന്നു. ബിഎംസ്റ്റിക്കിന്റെ (BIMSTEC) പ്രാധാന്യം മേഖലയിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇരു രാജ്യങ്ങളിലെയും നേതാക്കൾ ഒത്തുചേർന്ന് പ്രശ്‌നങ്ങൾ വിശദമായി ചർച്ച ചെയ്യുകയും സമവായം കണ്ടെത്തുകയും വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മാധ്യമ അന്വേഷണങ്ങൾക്ക് ബന്ധപ്പെടുക:

നീതു നായർ (സിപിപിആർ മാനേജർ-കമ്മ്യൂണിക്കേഷൻസ് & പിആർ) ഫോൺ: 99466 39339, 97457 09174 (ഓഫ്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP