Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ദേശീയ വിദ്യാഭ്യാസ നയം രാഷ്ട്രീയ പ്രേരിതം; കേരളം കേന്ദ്ര സർക്കാരിനു മേൽ സമ്മർദം ചെലുത്തണം - എസ്‌ഐ.ഒ

സ്വന്തം ലേഖകൻ

കോഴിക്കോട്: കസ്തൂരിരംഗൻ കമ്മീഷൻ തയ്യാറാക്കിയ കരട് ദേശീയ വിദ്യാഭ്യാസ നയം രാഷ്ട്രീയ പ്രേരിതവും ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധവുമാണെന്ന് എസ്‌ഐ.ഒ. എൻ.ഡി.എ ഗവൺമെന്റ് നിയോഗിച്ച കമ്മിറ്റി സമർപ്പിച്ച രേഖ വിദ്യാഭ്യാസ വ്യവസ്ഥയെ കൂടുതൽ കേന്ദ്രീകരിക്കുന്നതും അധികാരത്തിലിരിക്കുന്ന പാർട്ടിയുടെ വലത്പക്ഷ രാഷ്ട്രീയ പദ്ധതികൾക്ക് പ്രാമുഖ്യം നൽകുന്നതുമാണ്. ഇന്ത്യൻ ഭരണഘടന വിഭാവന ചെയ്യുന്ന ജനാധിപത്യം, മതേതരത്വം തുടങ്ങിയ മൂല്യങ്ങളെ അവഗണിക്കുന്നതും ഫെഡറലിസം പോലെയുള്ള ഭരണഘടനാ സംവിധാനത്തെ തകർക്കുന്നതുമാണ് കരട് രേഖയിലെ പല നിർദേശങ്ങളും. ഇന്ത്യയിലെ വിദ്യാഭ്യാസ രംഗം പ്രവേശന ക്ഷമത, തുല്യത, നീതി തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങൾ അഭിമുഖീകരിച്ച് മുന്നോട്ട് പോകുമ്പോൾ ഇവയെ പരിഗണിക്കാതെ ഇന്ത്യയുടെ വിദ്യാഭ്യാസ പാരമ്പര്യത്തിലേക്ക് മടങ്ങുക, ഗുണമേന്മ ഉറപ്പാക്കുക എന്നിവ മാത്രം ലക്ഷ്യമാക്കി തയ്യാറാക്കിയ രേഖ അപ്രായോഗികമാണ്. കരട് രേഖയിലുടനീളം ഇന്ത്യയുടെ വിദ്യാഭ്യാസ പാരമ്പര്യം ഉറപ്പുവരുത്തുന്നതിനായി പരാമർശിക്കപ്പെടുന്ന മാതൃകകൾ വൈദിക വിദ്യാഭ്യാസ പാരമ്പര്യത്തിൽ നിന്നുള്ളതാണ്.

രാഷ്ട്രത്തിന്റെ ഭാഷാ വൈവിധ്യങ്ങളെ പരിഗണിക്കാതെ സംസ്‌കൃതം, ഹിന്ദി ഭാഷകളെ മറ്റു ഭാഷാ സമൂഹങ്ങൾക്ക് മേൽ കരട് രേഖ അടിച്ചേൽപ്പിക്കുന്നതായി കാണാം. ഭരണഘടനയുടെ ആർട്ടിക്കിൾ 29(1), 350 എ, 350 ബി എന്നിവ പ്രകാരം വിദ്യാർത്ഥികൾക്ക് മാതൃ ഭാഷയും ഇംഗ്ലീഷും, മതപരമോ സാംസ്‌കാരികമോ ആയ മൂന്നാം ഭാഷയും പഠിക്കാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കണം. അഞ്ചോ അതിൽ കൂടുതലോ കുട്ടികൾ ആവശ്യപ്പെടുകയാണെങ്കിൽ സ്ഥാപനങ്ങൾ നിർബന്ധമായും മതപരമോ സാംസ്‌കാരികമോ ആയ പ്രാധാന്യമുള്ള ഭാഷകൾ പഠിപ്പികുക എന്ന വ്യവസ്ഥ പാലിക്കേണ്ടതിന് പകരം സംസ്‌കൃതം പോലുള്ള ഭാഷകളുടെ പഠനം മുഴുവൻ വിദ്യാർത്ഥികൾക്കും മേൽ അടിച്ചേൽപ്പിക്കുന്നത് അപകടകരമാണ്. നിർദ്ദിഷ്ട കേന്ദ്രീകൃത ബോഡികളായ ആർ.എസ്.എ, എൻ.ടി.എ, എൻ.ആർ.എഫ് മുതലായവ ഒരു കമാൻഡിനു കീഴിൽ കൊണ്ട് വരുകയാണ് കരട് വിദ്യാഭ്യാസ രേഖ. ഇന്ത്യൻ യൂണിയന്റെ ഫെഡറൽ ഘടനയ്ക്ക് എതിരാണിത്. ഒരൊറ്റ കമാൻഡിന് കീഴിലുള്ള അത്തരം കേന്ദ്രീകൃത സംഘടനകൾ ഭരണകക്ഷികളുടെ രാഷ്ട്രീയ നേട്ടത്തിന് അനിവാര്യമായും ഇരയാകും. ഭരണഘടനയുടെ 42 ാം ഭേദഗതി പ്രകാരം വിദ്യാഭ്യാസം സംസ്ഥാന കേന്ദ്ര സർക്കാറുകളുടെ തുല്യ ഉത്തരവാദത്തിൽ വരുന്ന കൺകറണ്ട് ലിസ്റ്റിൽ ആണെന്ന ഭരണഘടനാ മാനദണ്ഡമാണ് ഇവിടെ ലംഘിക്കപ്പെടുന്നത്. പഠന-സിലബസ് രൂപീകരിക്കുന്നതിൽ സംസ്ഥാനങ്ങൾ എൻ.സി.ആർ.ടി യുടെ പുസ്തകവും ഉള്ളടക്കങ്ങളും പിൻപറ്റണമെന്ന നിർദേശവും സിലബസുകളുടെ കേന്ദ്രീകരണത്തിനും നിക്ഷിപ്ത രാഷ്ട്രീയവത്കരണത്തിനും സാധ്യത നൽകുന്നതാണ്.

പൊതുവിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് പ്രതിപാദിക്കുമ്പോഴും വിദ്യാഭ്യാസ രംഗത്തെ കച്ചവടവത്കരിക്കാനുള്ള പ്രായോഗിക നിർദേശങ്ങളാണ് കരട് രേഖ സമർപ്പിച്ചിരിക്കുന്നത്. സിലബസ്-പാഠപുസ്തകം-മൂല്യനിർണ്ണയം തുടങ്ങിയവക്കുള്ള സ്വകാര്യ കരാറുകൾ, ഉന്നത വിദ്യാഭ്യാസ രംഗത്തെ കമ്പോള വത്കരണം തുടങ്ങിയവ തുല്യത, ഗുണമേന്മ എന്നിവ അടിസ്ഥാനമാക്കിയുള്ള സർക്കാർ സംവിധാനങ്ങൾ വികസിപ്പിക്കുന്നത് അവഗണിച്ച് കൊണ്ട്് പരിഗണിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. ഉന്നത വിദ്യാഭ്യാസ രംഗത്തിലെ കാര്യക്ഷമതയെക്കുറിച്ച് വ്യത്യസ്ത നിർദ്ദേശങ്ങൾ സമർപ്പിച്ച രേഖ ഈ മേഖലയിലെ തുല്യത ഉറപ്പ് വരുത്തുന്ന സംവരണം പോലുള്ള വിഷയങ്ങളെ അവഗണിക്കുകയാണ് ചെയ്തിട്ടുള്ളത്. ജസ്റ്റിസ് രംഗനാഥ് മിശ്ര കമ്മീഷൻ പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 10% മുസ്ലീങ്ങൾക്കും 5% മറ്റ് ന്യൂനപക്ഷങ്ങൾക്കും ഉൾപ്പെടെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സംവരണം നൽകാനും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ.ഐ.ടി, ഐ.ഐ.എം, കേന്ദ്ര സർവകലാശാലകൾ, മറ്റ് എച്ച്.ഇ.ഐകൾ എന്നിവയിലേക്കും സംവരണം വ്യാപിപ്പിക്കാനും പുതിയ വിദ്യാഭ്യാസ നയത്തിന് കഴിയേണ്ടതുണ്ട്. വിദ്യാഭ്യാസ രംഗത്ത് നിലനിൽക്കുന്ന വിവേചനങ്ങളെ നേരിടാനുള്ള പദ്ധതികളൊന്നും കരട് രേഖ പരാമർശിക്കുന്നില്ല. മതത്തിന്റെയും ജാതിയുടെയും ലിംഗത്തിന്റെയും പേരിൽ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കെതിരെ നിലനിൽക്കുന്ന സ്ഥാപനലൽകൃത വിവേചനങ്ങളും അതിക്രമങ്ങളും തടയുന്നതിന് പാർലമെന്റ് രോഹിത് ആക്റ്റ് എന്ന പേരിൽ ഒരു നിയമനിർമ്മാണം നടത്തണം. ന്യൂനപക്ഷങ്ങൾക്കും പട്ടികജാതി / പട്ടികവർഗ്ഗക്കാർക്കുമെതിരായ അതിക്രമങ്ങൾ ക്രിമിനൽവൽക്കരിക്കപ്പെടുകയും മനഃപൂർവമായ കുറ്റമായി കണക്കാക്കുകയും ചെയ്യാൻ ഉള്ള പ്രായോഗിക നിർദ്ദേശങ്ങൾ കൂടി ഉൾപ്പെട്ടതാകണം പുതിയ വിദ്യാഭ്യാസ രേഖ. വ്യത്യസ്ത ജാതി മത ഭാഷാ സംസ്‌കരങ്ങളെ ഉൾക്കൊള്ളുന്ന, പൊതുവിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്ന, തുല്യതയും പ്രവേശന ക്ഷമതയും ഗുണമേന്മയും ഒരേ പോലെ പരിഗണിക്കുന്ന, വികേന്ദ്രീകൃതമായ ഒരു വിദ്യാഭ്യാസ നയ രേഖയിലേക്ക് വികസിപ്പിക്കാൻ സമർപ്പിക്കപ്പെട്ട കരട് രേഖയിൽ അടിമുടി മാറ്റം വരുത്തേണ്ടതുണ്ട്. അതിനായി കേരളത്തിലെ ജനപ്രതിനിധികളും സംസ്ഥാന സർക്കാരും പൊതുപ്രവർത്തകരും കേന്ദ്ര സർക്കാറിന് മേൽ ശക്തമായ സമ്മർദം ചെലുത്തേണ്ടതുണ്ട്. എസ്‌ഐ.ഒ ആവശ്യപ്പെട്ടു.

ഇന്ത്യയിലൂടെ നീളം നടത്തിയ ചർച്ചകളിലൂടെയും വിദ്യാഭ്യാസ പ്രവർത്തകരുമായുള്ള സംവാദ വിനിമയങ്ങളിലൂടെയും എസ്‌ഐ.ഒ കേന്ദ്ര കമ്മിറ്റിയും സെന്റർ ഫോർ എജുക്കേഷൻ ആൻഡ് റിസേർച്ച് ട്രെയിനിങ്ങും (cert) സംയുക്തമായി പുറത്തിറക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കരട് വിദ്യാഭ്യാസ രേഖയിലുള്ള നിർദ്ദേശങ്ങൾ എസ്‌ഐ.ഒ ആവശ്യപ്പെട്ടത്. കോഴിക്കോട് പ്രസ് ക്ലബിൽ നടന്ന പത്ര സമ്മേളനത്തിൽ എസ്‌ഐ.ഒ ദേശീയ ക്യാമ്പസ് സെക്രട്ടറി ശബീർ കൊടുവള്ളി, സംസ്ഥാന സെക്രട്ടറിമാരായ അഫീഫ് ഹമീദ്, അൻവർ സലാഹുദ്ദീൻ, കോഴിക്കോട് ജില്ലാ പ്രസിഡന്റ് സഈദ് ടി.കെ എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP