Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കയർ: ഉൽപാദന വർധനവിന് ഒപ്പം ഉൽപ്പന്ന വൈവിധ്യവും; 'പുത്തൻ ഉൽപന്നങ്ങളും അവയുടെ ഉപയോഗ സാധ്യതകളും' ചർച്ച ചെയ്തു സെമിനാർ

സ്വന്തം ലേഖകൻ

ആലപ്പുഴ: കേരളം ലക്ഷ്യമിടുന്ന 40000 ടൺ എന്ന ലക്ഷ്യത്തിലേക്ക് കയർ ഉൽപാദനം എത്തുമ്പോൾ ഉൽപന്ന വൈവിധ്യവൽക്കരണത്തിലൂടെ ആ കയറിന് വിപണി കണ്ടെത്താനുള്ള മാർഗങ്ങളെപ്പറ്റി കയർ കേരള 2019ലെ 'പുത്തൻ ഉൽപന്നങ്ങളും അവയുടെ ഉപയോഗ സാധ്യതകളും' സെമിനാർ ചർച്ച ചെയ്തു. പരമ്പരാഗത കയർ ഉൽപ്പന്നങ്ങളേക്കാൾ നൂതനമായ ഉൽപ്പന്നങ്ങളിലാണ് കയർ മേഖല ശ്രദ്ധയൂന്നേണ്ടതെന്നും അതിന് നൂതന സങ്കേതങ്ങളും നൂതന സംരംഭകരും ആവശ്യമാണെന്നും സെമിനാർ ഉദ്ഘാടനം ചെയ്ത മന്ത്രി ഡോ.ടി.എം.തോമസ് ഐസക് പറഞ്ഞു.

കയർ ഭൂവസ്ത്രം, നീഡിൽ പഞ്ച്ഡ് ഫേബ്രിക്, മൾച്ചിങ് ഷീറ്റ്, കയർ കോമ്പോസിറ്റ്, ബൈന്റർലെസ് ബോർഡ്, കയർ അക്വാസ്റ്റിക് ഉൽപന്നങ്ങൾ എന്നിവയാണ് സെമിനാറിൽ സജീവമായി ചർച്ച ചെയ്യപ്പെട്ട ഉൽപന്നങ്ങൾ. ആലപ്പുഴയിൽമാത്രം 20000 ടൺ ഭൂവസ്ത്രം ഉൽപ്പാദിപ്പിക്കുന്നതിനുള്ള തറികൾ സ്ഥാപിക്കേണ്ടതുണ്ട്. ഇന്ന് ഇന്ത്യയിലെ ഭൂവസ്ത്ര കമ്പോളത്തിന്റെ 10 ശതമാനംപോലും വരില്ല കയർ ഭൂവസ്ത്രം. ഇതിനു പല കാരണങ്ങൾ ഉണ്ടെങ്കിലും കയർ ഭൂവസ്ത്രത്തിന്റെ താരതമ്യേന ഉയർന്നവില ഒരു പ്രധാന ഘടകമാണ്. കൃത്രിമനാരുകൾ കൊണ്ടുള്ള ഭൂവസ്ത്രം താരതമ്യേന ചെലവു കുറഞ്ഞതാണ്. യന്ത്രവൽക്രണത്തിലൂടെയും തവിട്ടു കയർ ഉപയോഗിക്കുന്നതിലൂടെയും ഇന്നുള്ള വിലയുടെ പകുതി വിലയ്ക്ക് കയർ ഭൂവസ്ത്രം ലഭ്യമാക്കാനാവുമെന്ന് സെമിനാർ ചൂണ്ടിക്കാട്ടി.

ആഗോളമായി വിവിധ നാരുകൾ ഉപയോഗിച്ചുകൊണ്ടുള്ള നീഡിൽ പഞ്ച്ഡ് ഫേബ്രിക്കുകൾക്കുള്ള കമ്പോളം അതിവേഗത്തിൽ വളരുന്നുണ്ട്. പക്ഷെ കൃത്രിമ നാരുകളാണ് കൂടുതൽ ഉപയോഗിക്കുന്നത്. ആഗോളതാപനത്തിന്റെ പശ്ചാത്തലത്തിൽ കയർ നീഡിൽ പഞ്ച്ഡ് ഫേബ്രിക്കിനുള്ള ആവശ്യം ഗണ്യമായി ഉയർത്താനാകുമെന്ന് സെമിനാർ ചൂണ്ടിക്കാട്ടി.

കാർഷികാവശ്യങ്ങൾക്കുള്ള പുതയിടലിനു (മൾച്ചിങ്) കയർ ഭൂവസ്ത്രത്തിന്റെ ഉപയോഗമാണ് മറ്റൊന്ന്. നിലവിൽ റബ്ബറൈസ്ഡ് കയറോ നീഡിൽ ഫെൽറ്റ് ഉപയോഗിച്ചുകൊണ്ടുള്ള പുതയിടൽ ഷീറ്റുകളോ ആണ് ഇന്നുള്ളത്. ഭൂവസ്ത്രവും സൂക്ഷ്മജലകണിക ജലസേചനവും സംയോജിപ്പിച്ച് ഉൽപ്പാദനക്ഷമത ഗണ്യമായി ഉയർത്താമെന്ന് കണ്ടെത്തിയിട്ടുണ്ട്. വിലയാണ് കയർ ഭൂവസ്ത്രത്തിന്റെ പ്രചാരണത്തിന് പ്രതിബന്ധം. പ്ലാസ്റ്റിക്കിനേക്കാൾ നാലിരട്ടി വില വരുമെങ്കിലും അതിനേക്കാൾ ദീർഘകാലം ഉപയോഗിക്കാനാകും. എങ്കിലും കയർ ഭൂവസ്ത്രത്തിന്റെ വില കുറയ്ക്കാനായിട്ടില്ല. അതിനുള്ള മാർഗ്ഗം തവിട്ടു കയർ ഉപയോഗിച്ചുള്ള നീഡിൽ ഫെൽറ്റ് ഉൽപ്പാദിപ്പിക്കുക എന്നതാണെന്ന് സെമിനാറിൽ അഭിപ്രായമുയർന്നു.

പ്ലൈവുഡുമായി സംയോജിപ്പിച്ചോ അതിനു പകരമായോ ഉപയോഗിക്കാവുന്ന കയർ കോമ്പോസിറ്റുകളാണ് മറ്റൊരു സാധ്യത. ഇന്ത്യയിലെ പ്ലൈവുഡ് കമ്പോളം ഇന്ന് 16,000 കോടി രൂപയുടേതാണ്. പ്രതിവർഷം 15 ശതമാനം വച്ചാണ് ഇത് വളർന്നുകൊണ്ടിരിക്കുന്നത്. മരങ്ങളുടെ വിഭവശോഷണംമൂലം പ്ലൈവുഡ് ഇൻഡസ്ട്രിക്ക് ഇന്നത്തെ വളർച്ച നിലനിർത്താനാവില്ല. ഈ പശ്ചാത്തലൽ പ്ലൈവുഡിന് പകരം കയറിന്റെയും ചണത്തിന്റെയും കോമ്പോസിറ്റുകളുടെ ഉപയോഗം വർധിക്കേണ്ടതുണ്ട്.

നെതർലാന്റ്സിലെ വാഗ്‌നിനൻ സർവ്വകലാശാലയുടെ കണ്ടുപിടിത്തമാണ് ബൈന്റർലെസ് ബോർഡ്. ചകിരിയും ചകിരിച്ചോറും ഉയർന്ന ഊഷ്മാവിൽ കടുത്ത സമ്മർദ്ദത്തിനു വിധേയമാക്കി ബോർഡുകളാക്കി മാറ്റുന്നതിനുള്ള സാങ്കേതികവിദ്യ അവർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് തടിക്കു പകരമുള്ള ഉൽപ്പമായി ഉപയോഗിക്കാനാകും. രാസവസ്തുക്കൾ ഉപയോഗിക്കാത്തതുകൊണ്ട് തികച്ചും പ്രകൃതിസൗഹൃദമാണ്. രാസപദാർത്ഥങ്ങൾക്കുള്ള ചെലവ് ഇല്ലാത്തതുകൊണ്ട് പ്ലൈവുഡിനേക്കാളും പാർക്കിൾ ബോർഡിനെക്കാളുമെല്ലാം വില കുറവുമായിരിക്കും. അതേസമയം കരുത്തിലും വെള്ളം, തീ തുടങ്ങിയവയെ ചെറുക്കുന്നതിലും കൂടുതൽ മെച്ചപ്പെട്ടതുമാണ്. ഈ കണ്ടുപിടിത്തം വാണിജ്യാടിസ്ഥാനത്തിൽ വികസിപ്പിച്ചെടുത്താൽ അത് ലോകമാസകലം അടിസ്ഥാനപരമായ മാറ്റങ്ങൾക്കു വഴി തെളിയിക്കും. ഇതിന്റെ ഉപജ്ഞാതാവ് ഡോ. ജാൻവാൻ ഡാം സെമിനാറിൽ സംബന്ധിച്ചിരുന്നു. ഇതിന്റെ ലോകത്തെ ആദ്യത്തെ പൈലറ്റ് പ്ലാന്റ് ആലപ്പുഴയിലെ ഫോംമാറ്റിങ്സിന്റെ ഫാക്ടറിയിൽ സ്ഥാപിക്കാനും തീരുമാനമായി.

ശബ്ദമലിനീകരണം കൊണ്ടുണ്ടാകുന്ന തീവ്രത കുറയ്ക്കാൻ ഇപ്പോൾ ഉപയോഗിക്കുന്ന മിനറൽ നാരുകൾ മനുഷ്യന്റെ ശ്വാസകോശത്തെയും കണ്ണുകളെയും ദോഷകരമായി ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ശബ്ദമലിനീകരണം നിയന്ത്രിക്കാനായി കയർ സാമഗ്രികളുടെ ഉപയോഗം പ്രസക്തമാകുന്നത്. എൻ.സി.എം.ആർ.ഐ വികസിപ്പിച്ചെടുത്ത കയർ അക്വാസ്റ്റിക്സ് സങ്കേതത്തെക്കുറിച്ച് സെമിനാർ ചർച്ച ചെയ്തു.

ഇത്തരം ഉൽപന്നങ്ങളും സങ്കേതങ്ങളും വികസിപ്പിക്കാനും വ്യാപകമാക്കാനും സ്റ്റാർട്ടപ്പുകൾക്കുള്ള പങ്കിനെപ്പറ്റി മറ്റൊരു സെമിനാറിലും ചർച്ചകൾ നടന്നു. ആലപ്പുഴയിൽ സ്വന്തം പ്രയത്നംകൊണ്ട് ഉയർന്നുവന്ന നിർമ്മാതാക്കൾ, അഭ്യസ്തവിദ്യരായ പുതിയ തൊഴിൽ സംരംഭകർ, റിമോർട്ട് കൺട്രോൾഡ് തെങ്ങുകയറ്റയന്ത്രം സംവിധാനം ചെയ്യാൻ ശ്രമിക്കുന്ന എഞ്ചിനീയറിങ് വിദ്യാർത്ഥികൾ തുടങ്ങിയവരുടെ കൂടിച്ചേരലായിരുന്നു ഈ സമ്മേളനം. ഇവർക്കെല്ലാം വായ്പയും സബ്സിഡിയും നൽകി പ്രോത്സാഹിപ്പിക്കുതിനുള്ള പദ്ധതി ഉണ്ടാക്കാനും തീരുമാനമായി.

എഞ്ചിനീയറിങ് ബിരുദധാരികൾക്കുവേണ്ടി കയർ ഭൂവസ്ത്രം സംബന്ധിച്ച് എൻ.സി.എം.ആർ.ഐ ആറു മാസത്തെ കോഴ്സ് നടത്താനും തീരുമാനിച്ചു. ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവരെ കയർ ഭൂവസ്ത്രത്തിന്റെ പൂർണ്ണ സേവനദാതാതാക്കളായുള്ള സംരംഭകരായി വളരുന്നതിന് ആവശ്യമായ പാക്കേജ് നടപ്പാക്കാനും തീരുമാനിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP