Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റബ്ബർ ഗവേഷണകേന്ദ്രം ഡയമണ്ട് ജൂബിലി ബ്ലോക്കും റബ്ബർ ക്ലോൺ മ്യൂസിയവും കോട്ടയത്ത് ഉദ്ഘാടനം ചെയ്തു

റബ്ബർ ഗവേഷണകേന്ദ്രം ഡയമണ്ട് ജൂബിലി ബ്ലോക്കും റബ്ബർ ക്ലോൺ മ്യൂസിയവും കോട്ടയത്ത് ഉദ്ഘാടനം ചെയ്തു

കോട്ടയം: കേന്ദ്ര വാണിജ്യസെക്രട്ടറി റീത്ത തിയോത്തിയ ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രത്തിന്റെ ഡയമണ്ട് ജൂബിലി ബ്ലോക്ക് ഉദ്ഘാടനം ചെയ്തു. ഗവേഷണകേന്ദ്രത്തിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ മോളിക്കുലർ ബയോളജി ആൻഡ് ബയോടെക്‌നോളജി (എ.സി.എം.ബി.ബി.) ഇവിടെയാണ് പ്രവർത്തിക്കുക. അന്താരാഷ്ട്ര റബ്ബർ ക്ലോൺ മ്യൂസിയത്തിന്റെ രണ്ടാംഘട്ടം ഉദ്ഘാടനവും റബ്ബർ കപ്പുതൈ നട്ടുകൊണ്ട് കേന്ദ്ര സെക്രട്ടറി നിർവഹിച്ചു. തുടർന്നു നടന്ന ഉദ്ഘാടനയോഗത്തിൽ റബ്ബർബോർഡ് ചെയർമാൻ എ. അജിത്കുമാർ സ്വാഗതവും റബ്ബർഗവേഷണകേന്ദ്രം ഡയറക്ടർ ഡോ. ജെയിംസ് ജേക്കബ് നന്ദിയും പറഞ്ഞു. റബ്ബർബോർഡിലെ സെക്രട്ടറി ഇൻ ചാർജ്ജ് എൻ. രാജഗോപാൽ; കേന്ദ്ര വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്മാരായ സഞ്ജയ് ഛദ്ദ (ജോയിന്റ് സെക്രട്ടറി), ദമ്മു രവി (ജോയിന്റ് സെക്രട്ടറി), ബി. പ്രവീൺ (ഡയറക്ടർ) എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പ്രകൃതിദത്തറബ്ബറിന്റെ ജനിതകനിലവാരം ഉയർത്താനുതകുന്ന ഗവേഷണങ്ങളും ബയോ ടെക്‌നോളജിയിലൂടെ വാണിജ്യപ്രാധാന്യമുള്ള ജീനുകളുപയോഗിച്ച് ജെനിറ്റിക്കലി മോദിഫൈഡ് (ജി.എം.) റബ്ബറുത്പാദിപ്പിക്കുന്നതിനായുള്ള ഗവേഷണങ്ങളും അഡ്വാൻസ്ഡ് സെന്ററിലാണ് നടക്കുന്നത്. ഇതിനു പുറമെ ജീനോമിക്‌സ്, ബയോ ഇൻഫോർമാറ്റിക്‌സ്, മോളിക്കുലർ ഫിസിയോളജി, മോളിക്കുലർ പതോളജി എന്നീ വിഷയങ്ങളിലുള്ള ഗവേഷണങ്ങളും ഇവിടെയാണ് നടക്കുക. ഇവിടെ നടക്കുന്ന പഠനങ്ങൾ റബ്ബറിന്റെ ജനിറ്റിക് കോഡുകൾ വായിച്ചെടുക്കാനും ഉയർന്ന ഉത്പാദനം, കൂടിയ വളർച്ച, കൂടിയ തടിയുത്പാദനം, രോഗപ്രതിരോധം, കാലാവസ്ഥാവ്യതിയാനങ്ങൾ മൂലമുള്ള പ്രശ്‌നങ്ങൾ എന്നിവ തന്മാത്രാതലത്തിൽ അപഗ്രഥിക്കാനും ഉതകുന്നതാണ്. ഈ പഠനങ്ങളിൽ ചിലത് അവസാനഘട്ടത്തിലാണ്.

പ്രതികൂലസാഹചര്യങ്ങളിലും ഉയർന്ന ഉത്പാദനം നൽകുന്ന ഇനങ്ങൾ വികസിപ്പിക്കുന്നതിന് കാർഷികഗവേഷണത്തിൽ എന്നും മുൻഗണനയുണ്ട്. കാലാവസ്ഥാവ്യതിയാനം, ആഗോളതാപനം, പുതുതായി ഉണ്ടാകുന്ന രോഗകീടബാധകൾ, മണ്ണിന്റെ ഗുണനിലവാരശോഷണം എന്നിവ ഉത്പാദനത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. റബ്ബറിന്റെ ഒരു പുതിയ ക്ലോൺ നടീലിനായി ശുപാർശ ചെയ്യപ്പെടണമെങ്കിൽ 23 വർഷത്തിലധികം നീണ്ട പരീക്ഷണങ്ങൾ ആവശ്യമാണ്. ഈ കാലയളവ് 10 വർഷമെങ്കിലും കണ്ടു കുറയ്ക്കാൻ ലക്ഷ്യം വച്ചുള്ള പഠനങ്ങളാണ് അഡ്വാൻസ്ഡ് സെന്ററിൽ നടക്കുന്നത്. റബ്ബർഗവേഷണകേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഇന്റർനാഷണൽ 'ഹീവിയ' ക്ലോൺ മ്യൂസിയം റബ്ബറിന്റെ ജനിതക ക്ലോണുകളുടെ കലവറയാണ്. ഇന്റർ നാഷണൽ റബ്ബർ റിസേർച്ച് ആൻഡ് ഡെവലപ്പ്‌മെന്റ് ബോർഡിന്റെ (IRRDB) റബ്ബർ ക്ലോൺ കൈമാറ്റപരിപാടിയുടെ ഭാഗമായി കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ കമ്പോഡിയ, ചൈന, ഐവറികോസ്റ്റ്, ഘാന, ഇന്തോനേഷ്യ, മ്യാന്മർ, ഫിലിപ്പീൻസ്, ശ്രീലങ്ക, തായ്‌ലന്റ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിൽ നിന്നായി അത്യുത്പാദനശേഷിയുള്ള 44 റബ്ബറിനങ്ങൾ ഇന്ത്യക്ക് ലഭിച്ചിട്ടുണ്ട്. ഈ ഇനങ്ങൾ അതതു രാജ്യങ്ങളിൽ ഫീൽഡ് ട്രയലുകൾ പൂർത്തായാക്കിയവയോ ട്രയലിന്റെ അവസാന ഘട്ടത്തിലെത്തിയവയോ ആണ്. ഉയർന്ന ഉത്പാദനക്ഷമതയും രോഗപ്രതിരോധശേഷിയും ഉള്ളവയാണിവ.

ഇന്ത്യൻ റബ്ബർ ഗവേഷണകേന്ദ്രത്തിൽ ഈ ക്ലോണുകളെയെല്ലാം വീണ്ടും ഫീൽഡ് ട്രയലുകൾക്ക് വിധേയമാക്കും. തന്മാത്രാപ്രജനനത്തിനും പരമ്പരാഗതരീതിയിലുള്ള പ്രജനനത്തിനും ഉപയോഗിക്കാൻ പറ്റിയവയാണിവ. ഇതിനുപുറമെ ബ്രസീൽ, പെറു എന്നീ രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ആമസോൺ വനപ്രദേശത്തുനിന്ന് കൂടുതൽ വിത്തുകൾ ശേഖരിച്ച് ഇന്ത്യയിലെ റബ്ബറിന്റെ ജനിതക അടിത്തറ വിപൂലീകരിക്കാനും ഗവേഷണകേന്ദ്രം ഉദ്ദേശിക്കുന്നുണ്ട്.

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP