Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

സ്വയം ടാപ്പിങ് പ്രോത്സാഹിപ്പിക്കാൻ റബ്ബർബോർഡ് തീവ്രപ്രചാരണ പരിപാടി നടത്തുന്നു

സ്വന്തം ലേഖകൻ

കോട്ടയം: ചെറുകിട റബ്ബർ കർഷകരുടെ ഇടയിൽ സ്വയം ടാപ്പിങ്ങും ഇടവേള കൂടിയ ടാപ്പിങ്ങും പ്രോത്സാഹിപ്പിക്കുന്നതിന് റബ്ബർബോർഡ് തീവ്രപ്രചാരണപരിപാടി (കാംപെയ്ൻ 2020) നടത്തുന്നു. കേരളത്തിലെയും തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെയും റബ്ബർബോർഡിന്റെ 100 ഫീൽഡ് സ്റ്റേഷനുകളിൽ സെപ്റ്റംബർ 22ന് ഈ പ്രചാരണപരിപാടി ആരംഭിക്കും. പരിപാടിയുടെ മുന്നോടിയായി നാളെ (22 സെപ്റ്റംബർ) 10.30 ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ, കേരളത്തിലെ കൃഷിമന്ത്രി വി എസ്. സുനിൽകുമാർ, റബ്ബർബോർഡ് ചെയർമാനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. കെ.എൻ. രാഘവൻ എന്നിവർ റബ്ബർബോർഡ് ഫേസ്‌ബുക്ക് ലൈവിലൂടെ കർഷകർക്ക് സന്ദേശങ്ങൾ നൽകും.

കർഷകയോഗങ്ങളിൽ റബ്ബർമരങ്ങൾ സ്വയം ടാപ്പുചെയ്യുന്ന കർഷകർ തങ്ങളുടെ അനുഭവങ്ങൾ പങ്കു വയ്ക്കുകയും ഇടവേള കൂടിയ ടാപ്പിങ് രീതികൾ സ്വീകരിച്ചതുകൊണ്ടും സ്വയം ടാപ്പിങ് നടത്തിയതുകൊണ്ടുമുണ്ടായ നേട്ടങ്ങൾ മറ്റു കർഷകർക്ക് വിശദീകരിച്ചു കൊടുക്കുകയും ചെയ്യും. ഈ ആശയങ്ങൾ വിജയകരമായി നടപ്പാക്കിയ, തങ്ങളെപ്പോലെ തന്നെയുള്ള ഒരു കർഷകനിൽനിന്ന് കാര്യങ്ങൾ നേരിട്ടു കേൾക്കുന്നത് മറ്റു കർഷകർക്ക് ഇത്തരം കാര്യങ്ങൾ സ്വീകരിച്ചു നടപ്പാക്കുന്നതിന് കൂടുതൽ ആത്മവിശ്വാസം നൽകും. നൂതന ടാപ്പിങ് രീതികളും സ്വയം ടാപ്പിങ്ങും പഠിക്കാൻ ആഗ്രഹിക്കുന്ന എല്ലാ കർഷകർക്കും ആവശ്യമായ പരിശീലനം ബോർഡ് നൽകും. ഈ വർഷത്തെ പ്രചാരണ പരിപാടിയിൽ കുറഞ്ഞത് 50,000 കർഷകരെയെങ്കിലും ഉൾപ്പെടുത്താനാണ് ബോർഡ് ലക്ഷ്യമിട്ടിട്ടുള്ളത്. കോവിഡ് 19 നിയന്ത്രണ സാഹചര്യങ്ങൾ പാലിച്ചുകൊണ്ടായിരിക്കും കർഷകയോഗങ്ങൾ നടത്തുക.

റബ്ബറിന്റെ ഉത്പാദനച്ചെലവിലെ ഏറ്റവും വലിയ ഘടകം 60 ശതമാനത്തിനു മുകളിൽ വരുന്ന ടാപ്പിങ് ചെലവാണ്. റബ്ബർമരങ്ങൾ സ്വയം ടാപ്പു ചെയ്യുന്നതിലൂടെയും ടാപ്പിങ്ങുകൾക്കിടയിലുള്ള ഇടവേള കൂട്ടിയും ഈ വലിയ ചെലവ് കുറയ്ക്കാൻ കഴിയും. ആഴ്ചയിലൊരിക്കൽ ടാപ്പുചെയ്യുമ്പോൾ മരത്തിൽ നിന്ന് രണ്ടു ദിവസത്തിലൊരിക്കൽ ടാപ്പുചെയ്യുന്നതിനേക്കാൾ റബ്ബർപാൽ ലഭിക്കുമെന്ന് റബ്ബർബോർഡ് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. ഇടവേളകൂടിയ ടാപ്പിങ് രീതികൾ സ്വീകരിക്കുന്നതിലൂടെ റബ്ബർമരങ്ങളിൽ നിന്ന് കൂടുതൽ കാലം വിളവെടുക്കുന്നതിനും സാധിക്കും. മാത്രമല്ല സ്വയം ടാപ്പിങ് ആരംഭിക്കുന്നതിനും ഇത് കർഷകർക്ക് സഹായകമാകും.

നമ്മുടെ നാട്ടിലെ ചെറുകിട കർഷകരുടെ ശരാശരി തോട്ടവിസ്തൃതി 0.57 ഹെക്ടർ ആണ്, അതായത് ഏതാണ്ട് 200 മരങ്ങൾ മാത്രമാണ് ഒരാൾക്ക് ടാപ്പു ചെയ്യേണ്ടി വരുന്നത്. ടാപ്പിങ്ങും അനുബന്ധ ജോലികളും ആഴ്ചയിൽ ഒരു ദിവസം മാത്രം ആക്കുകയാണെങ്കിൽ, മറ്റു ദിവസങ്ങളിൽ മറ്റു ജോലികൾ ചെയ്യുന്നതിന് ബുദ്ധിമുട്ടും ഉണ്ടാകുകയില്ല. ഉൽപാദനച്ചെലവ് കുറയ്ക്കുന്നതിനും റബ്ബർകൃഷി കൂടുതൽ ലാഭകരമാക്കുന്നതിനും ഇത് കർഷകരെ സഹായിക്കും. ചെറുകിട കർഷകരിൽ നല്ലൊരു ശതമാനം ഇടവേള കൂടിയ ടാപ്പിങ് രീതികൾ സ്വീകരിക്കുകയും സ്വയം ടാപ്പു ചെയ്യുകയും ചെയ്താൽ വിദഗ്ധരായ റബ്ബർടാപ്പർമാരുടെ സേവനങ്ങൾ ടാപ്പർ ബാങ്ക് പോലുള്ള സംവിധാനങ്ങളിലൂടെ കൂടുതൽ ഉത്പാദനപരമായും മികച്ച രീതിയിലും പ്രയോജനപ്പെടുത്താൻ കഴിയും. വിളവെടുക്കാതെ കിടക്കുന്ന കൂടുതൽ തോട്ടങ്ങൾ ടാപ്പു ചെയ്യുന്നതിനും ഇത് സഹായിക്കും; രാജ്യത്ത് റബ്ബറിന്റെ മൊത്തത്തിലുള്ള ഉത്പാദനം വർദ്ധിക്കുകയും ചെയ്യും. കോവിഡ് മഹാമാരി മൂലം ലോകമെമ്പാടും സംഭവിച്ച മാറ്റങ്ങൾ മൂലം കാർഷികമേഖലയിൽ ഒരു പുതിയ ഉണർവ്വ് കൈവന്നിട്ടുണ്ട്. മറ്റു തൊഴിലുകൾ ഉപേക്ഷിക്കേണ്ടി വന്നതു മൂലം കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും ആത്മാർത്ഥമായി ഏറ്റെടുത്ത നിരവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട്. അത്തരം വ്യക്തികൾക്ക് സ്വന്തമായി തോട്ടങ്ങൾ ടാപ്പുചെയ്യാനുള്ള പരിശീലനവും റബ്ബർ സംസ്‌കരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ ലാഭകരമായി പണമിറക്കുന്നതിനുള്ള മാർഗ്ഗദർശനവും റബ്ബർബോർഡ് നൽകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP