Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

റബ്ബർ ബോർഡ് നടത്തുന്ന തീവ്രപ്രചാരണ പരിപാടി (കാംപെയ്ൻ 2020)ക്ക് തുടക്കമായി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രാജ്യത്തെ ആഭ്യന്തര ഉപഭോഗത്തിന് വേണ്ടുന്നത്ര റബ്ബർ ഉത്പാദിപ്പിക്കാനാകാത്തതിനാലും റബ്ബറിന്റെ വിലക്കുറവുമൂലവും റബ്ബർ കൃഷിമേഖല ഒരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപൊയ്ക്കൊ ണ്ടിരിക്കുന്നതെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. ചെറുകിട റബ്ബർ കർഷകരുടെ ഇടയിൽ സ്വയം ടാപ്പിങ്ങും ഇടവേളകൂടിയ ടാപ്പിങ്ങും പ്രോത്സാഹിപ്പിക്കുന്നതിന് റബ്ബർ ബോർഡ് നടത്തുന്ന തീവ്രപ്രചാരണപരിപാടി (കാംപെയ്ൻ 2020)ക്ക് തുടക്കം കുറിച്ചുകൊണ്ടു നടത്തിയ ഫെയ്സ് ബുക്ക് ലൈവ് പരിപാടിയിൽ സന്ദേശം നൽകുകയായിരുന്ന ഗോയൽ. അന്താരാഷ്ട്ര വിപണിയിൽ വിലക്കുറവിൽ റബ്ബർ ലഭ്യമാകുന്ന അവസ്ഥയെ തരണം ചെയ്യുന്നതിന് കൃഷിച്ചെലവുകൾ കുറയ്ക്കുകയും ഉത്പാദനക്ഷമത കൂട്ടുകയുമാണ് പോംവഴിയെന്നും ഇതിന് സ്വയം ടാപ്പിങ് പോലുള്ള നടപടികൾ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിലയിടിവാണ് റബ്ബർ കൃഷിമേഖല നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് ഫേസ്‌ബുക്ക് ലൈവിലൂടെ സന്ദേശം നൽകിയ കേരള കൃഷിമന്ത്രി ശ്രീ. വി എസ്. സുനിൽകുമാർ പറഞ്ഞു. ഏകദേശം 10 ലക്ഷം ടൺ റബ്ബർ ഉത്പാദിപ്പിക്കാനാകുന്നത്ര റബ്ബർ തോട്ടങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. എന്നാൽ, കഴിഞ്ഞ സാമ്പത്തിക വർഷം ആകെ ഉത്പാദിപ്പിക്കാൻ കഴിഞ്ഞത് 7.12 ലക്ഷം ടൺ റബ്ബർ മാത്രമായിരുന്നു. ഉയർന്ന ഉത്പാദനച്ചെലവും വിലക്കുറവും തൊഴിലാളികളുടെ ദൗർലഭ്യവും മൂലം 24 ശതമാനത്തോളം തോട്ടങ്ങളിൽ ടാപ്പിങ് നടക്കാതെവന്നതാണ് ഉത്പാദനക്കുറവിനു പ്രധാന കാരണങ്ങൾ. ഈ അവസ്ഥ മാറണമെങ്കിൽ ചെറുകിട കർഷകർ അവരുടെ മരങ്ങൾ സ്വയം ടാപ്പുചെയ്യാൻ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

റബ്ബറിന്റെ ഉത്പാദനച്ചെലവിലെ ഏറ്റവും വലിയ ഘടകം 60 ശതമാനത്തിനു മുകളിൽ വരുന്ന ടാപ്പിങ് ചെലവാണ്. റബ്ബർ മരങ്ങൾ സ്വയം ടാപ്പു ചെയ്യുന്നതിലൂടെയും ടാപ്പിങ്ങുകൾക്കിടയിലുള്ള ഇടവേള കൂട്ടിയും ഈ വലിയ ചെലവ് കുറയ്ക്കാൻ കഴിയുമെന്ന് റബ്ബർബോർഡ് ചെയർമാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. കെ.എൻ. രാഘവൻ പറഞ്ഞു. ചെറുകിട കർഷകരിൽ നല്ലൊരു ശതമാനം ഇടവേള കൂടിയ ടാപ്പിങ് രീതികൾ സ്വീകരിക്കുകയും സ്വയം ടാപ്പു ചെയ്യുകയും ചെയ്താൽ വിദഗ്ധരായ റബ്ബർ ടാപ്പർമാരുടെ സേവനങ്ങൾ ടാപ്പർ ബാങ്ക് പോലുള്ള സംവിധാനങ്ങളിലൂടെ കൂടുതൽ ഉത്പാദനപരമായും മികച്ച രീതിയിലും പ്രയോജനപ്പെടുത്താൻ കഴിയും. വിളവെടുക്കാതെ കിടക്കുന്ന കൂടുതൽ തോട്ടങ്ങൾ ടാപ്പു ചെയ്യുന്നതിനും രാജ്യത്ത് റബ്ബറിന്റെ മൊത്തത്തിലുള്ള ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും ഇത് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെയും തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെയും റബ്ബർ ബോർഡിന്റെ 100 ഫീൽഡ് സ്റ്റേഷനുകളിലാണ് പ്രചാരണപരിപാടിക്ക് തുടക്കം കുറിച്ചത്. കർഷകയോഗങ്ങളിൽ റബ്ബർമരങ്ങൾ സ്വയം ടാപ്പുചെയ്യുന്ന കർഷകർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ഇടവേള കൂടിയ ടാപ്പിങ് രീതികൾ സ്വീകരിച്ചതുകൊണ്ടും സ്വയം ടാപ്പിങ് നടത്തിയതുകൊണ്ടുമുണ്ടായ നേട്ടങ്ങൾ മറ്റു കർഷകർക്ക് വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. ഈ വർഷത്തെ പ്രചാരണ പരിപാടിയിൽ കുറഞ്ഞത് 50000 കർഷകരെയെങ്കിലും ഉൾപ്പെടുത്താനാണ് ബോർഡ് ലക്ഷ്യമിട്ടിട്ടുള്ളത്. കോവിഡ് 19 നിയന്ത്രണസാഹചര്യങ്ങൾ പാലിച്ചുകൊണ്ടായിരിക്കും കർഷകയോഗങ്ങൾ നടത്തുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP