Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

റബ്ബർ ആക്ട് ഭേദഗതികളും നിജസ്ഥിതിയും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: റബ്ബർ ആക്ട് ഭേദഗതികളെക്കുറിച്ചും റദ്ദാക്കലിനെക്കുറിച്ചും പലവിധത്തിലുള്ള വാർത്തകൾ പുറത്തുവരുന്ന സാഹചര്യത്തിൽ കാര്യങ്ങളുടെ നിജസ്ഥിതി മാധ്യമങ്ങളെയും പൊതുജനങ്ങളെയും അറിയിക്കുന്നതിനു വേണ്ടിയാണ് ഈ പത്രക്കുറിപ്പ്. 1947-ൽ നിലവിൽ വന്ന റബ്ബർ ആക്ട് കാലോചിതമായ പല ഭേദഗതികൾക്കും പലവട്ടം വിധേയമായിട്ടുണ്ട്. 2009 ലാണ് ഏറ്റവും അവസാനത്തെ ഭേദഗതികൾ ആക്ടിൽ ഉണ്ടായിട്ടുള്ളത്. തുടർന്നുണ്ടായ കാലഘട്ടങ്ങളിലെ മാറ്റങ്ങൾ ക്കനുസരിച്ച് റബ്ബർ ആക്ടിലെ ചില ചട്ടങ്ങൾ കാലാനുസൃതമായി പരിഷ്‌കരിക്കുക എന്നതാണ് നിയമത്തിന്റെ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. റബ്ബർ ബോർഡ് നിലവിൽ ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾക്ക് നിയമപരമായ സാധുതയുണ്ടാക്കുകയും പ്രവർത്തനമേഖലകൾ കൂടുതൽ വിപുലപ്പെടുത്തുകയും ബോർഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൂടുതൽ ലളിതവും സുതാര്യവുമാക്കുകയും ചെയ്യജശ യെന്നതും ഭേദഗതികളിലൂടെ ലക്ഷ്യമിടുന്നുണ്ട്. റബ്ബർ ആക്ടിൽ നിഷ്‌കർഷിച്ചിട്ടുള്ള ഭേദഗതികൾ പരിശോധിച്ചാൽ ഈ വസ്തുത വ്യക്തമായി മനസ്സിലാകുന്നതാണ്. റബ്ബർ ലൈസൻസിനു പകരം ഒറ്റത്തവണ രജിസ്‌ട്രേഷൻ എന്ന മാറ്റം തന്നെ ഉദാഹരണമാണ്. റബ്ബർവ്യാപാരത്തിനായാലും സംസ്‌കരണ ത്തിനായാലും ഉത്പന്ന നിർമ്മാണത്തിനായാലും നിശ്ചിത കാലയളവിൽ ഫീസടച്ചു പുതുക്കേണ്ടവയാണ് ഈ ലൈസൻസുകൾ.

ഇതിനു പകരം ഒറ്റത്തവണ രജിസ്‌ട്രേഷൻ മതി എന്ന നിയമം പ്രവർത്തനങ്ങളെ കൂടുതൽ എളുപ്പമാക്കുകയും റബ്ബർവ്യാപാരം കൂടുതൽ സുകരമാക്കുകയും ചെയ്യും. റബ്ബർ ആക്ടിലെ റബ്ബർ; എന്ന പദത്തിന്റെ വിവക്ഷ പ്രകൃതിദത്ത റബ്ബർ എന്നതിനപ്പുറം കൃത്രിമറബ്ബറിനെയും റീക്ലെയിംഡ് റബ്ബറിനെയുമൊക്കെ ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ് മറ്റൊരു ഭേദഗതി ശുപാർശ. ഇത് ഗവേഷണപ്രവർത്തനങ്ങളെ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കു ന്നതിനും അവയ്ക്ക് നിയമപരമായ പരിരക്ഷ ലഭിക്കുന്നതിനും സഹായകമാകും. റബ്ബർ സെസ്സ് നിർത്തലാക്കുന്നതു സംബന്ധിച്ച ഭേദഗതിയാണ് മറ്റൊന്ന്. ജി.എസ്.ടി. യിൽ ഉൾപ്പെട്ടതോടുകൂടി റബ്ബർ സെസ്സ് ഇല്ലാതാകുകയും ഇതുമായി ബന്ധപ്പെട്ട ചട്ടം നീക്കം ചെയ്യുന്നതിനൊപ്പം നിർത്തലാക്കപ്പെട്ട എക്‌സൈസ് തീരുവയും അതിനുമേലുള്ള പലിശയും ചുമത്തുവാനുള്ള ചട്ടങ്ങളും നിയമത്തിൽനിന്ന് നീക്കം ചെയ്യേണ്ട ആവശ്യകതയുമുണ്ട്. ഇവയും ഈ ഭേദഗതിയുടെ ഭാഗമാണ്. റബ്ബർബോർഡിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 2016 ൽ ഒരു എക്‌സിക്ക്യൂട്ടീവ് ഡയറക്ടറെ കേന്ദ്രഗവണ്മെന്റ് നിയമിച്ചു. എക്‌സിക്യൂട്ടീവ് ഡയറക്ടറുടെയും ചെയർമാന്റെയും ഭരണപരമായ കടമകൾ കൃത്യമായി പ്രതിപാദിക്കേണ്ടത് ബോർഡിന്റെ പ്രവർത്തന ങ്ങൾക്ക് അത്യാവശ്യമായതിനാൽ ഈ മാറ്റങ്ങളും ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റബ്ബർ ബോർഡിന്റെ പരിശീലനപരിപാടികൾ കൂടുതൽ വിപുലപ്പെടുത്തുന്നതിനും പ്രവർത്തനനൈപുണ്യം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നതാണ് മറ്റൊരു പ്രധാന ഭേദഗതി നിർദ്ദേശം. ഭേദഗതികൾ റബ്ബർ ബോർഡിനെ ദുർബ്ബലപ്പെടുത്തുന്നവല്ല മറിച്ച് കൂടുതൽ പ്രവർത്തനക്ഷമമാക്കാനും പ്രവർത്തനങ്ങളിലെ വൈവിധ്യവത്കരണത്തിനും സഹായിക്കുന്നവയാണ്. റബ്ബർ ആക്ടിലെ ഭേദഗതതികളും റബ്ബർ ഇറക്കുമതി ശുപാർശയുമായി ബന്ധങ്ങളൊ ന്നുമില്ല. ലോകവ്യാപാരക്കരാറനുസരിച്ച് 2001 മുതൽ റബ്ബർ ഇറക്കുമതി ഓപ്പൺ ജനറൽ ലൈസൻസ് പ്രകാരം നിയന്ത്രണങ്ങൾ ഇല്ലാതെ നടത്തുവാൻ സാധിക്കും. ഇതിനു മുമ്പുള്ള കാലഘട്ടങ്ങളിൽ സ്‌പെഷ്യൽ ലൈസൻസു പ്രകാരമുള്ള ഇറക്കുമതി സംബന്ധിച്ച ശുപാർകളാണ് ബോർഡ് നൽകിയിരുന്നത്. ആഭ്യന്തര റബ്ബർ ഉത്പാദനവും ഉപഭോഗവും തമ്മിൽ വലിയ അന്തരം ഉള്ളതിനാലാണ് ഇറക്കുമതിയുടെ അളവും വർദ്ധിച്ചത്. റബ്ബർ ബോർഡിലെ ജീവനക്കാരുടെ എണ്ണം കുറച്ചത് ബോർഡിന്റെ പ്രവർത്തനങ്ങളെയും റബ്ബർ ഉത്പാദന പ്രോത്സാഹന പദ്ധതി (Rubber Production Incentive Scheme-RPIS) പ്രകാരമുള്ള ധനസഹായ വിതരണത്തെയും ബാധിച്ചുവെന്ന വാർത്തകളും ശരിയല്ല. ബോർഡിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ലക്ഷ്യവേദിയാക്കുന്നതിനും വേണ്ടിയാണ് ജീവനക്കാരുടെ എണ്ണത്തിൽ ക്രമീകരണം വരുത്തിയിട്ടുള്ളത് ബോർഡിന്റെ ഫീൽഡുതല, ഗവേഷണ, പരിശീലന പ്രവർത്തനങ്ങളെ ഒരുതരത്തിലും ബാധിക്കാത്ത വിധത്തിലാണ് ഈ മാറ്റങ്ങൾ. റബ്ബർ ഉത്പാദന പ്രോത്സാഹന പദ്ധതി പ്രകാരമുള്ള പരിശോധനകളിലും നടപടിക്രമങ്ങളിലും യാതൊരു കാലതാമസവും വരാതെ ശ്രദ്ധിക്കുന്നുണ്ട്. പദ്ധതി പ്രകാരം റബ്ബർ ബോർഡിൽനിന്ന് 96.41 കോടി രൂപയുടെ ധനസഹായ ശുപാർശ ഇതിനോടകം കേരള ഗവണ്മെന്റിനു നൽകിയിട്ടുമുണ്ട്. ബാക്കി അപേക്ഷകളുടെ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP