Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടെക്നോപാർക്കിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രതിധ്വനിക്കു ജില്ലാ ഭരണകൂടത്തിന്റെ ആദരവ്

ടെക്നോപാർക്കിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രതിധ്വനിക്കു ജില്ലാ ഭരണകൂടത്തിന്റെ ആദരവ്

ടെക്നോപാർക്കിൽ പ്രതിധ്വനി പ്രളയ ദുരന്ത ദുരിതാശ്വാസ കളക്ഷൻ സെന്ററുമായി ബന്ധപ്പെട്ട്, ദുരന്തത്തിലകപ്പെട്ട ആയിരക്കണക്കിനാളുകളെ പല രീതിയിൽ സഹായിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും സന്നദ്ധപ്രവർത്തനത്തിനായി മുന്നിട്ടിറങ്ങിയ ഐ ടി ജീവനക്കാരെയും ആദരിക്കുന്നതിനും, നന്ദി പറയുന്നതിനും വേണ്ടി 2018 സെപ്റ്റംബർ 7 വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് ടെക്‌നോപാർക് പാർക്ക് സെന്ററിൽ പ്രതിധ്വനി സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം തിരുവനന്തപുരം ജില്ലാ കളക്ടർ ഡോക്ടർ കെ വാസുകി ഐ എ എസ് നിർവഹിച്ചു.

പ്രതിധ്വനി പ്രസിഡന്റ് വിനീത് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി രാജീവ് കൃഷ്ണൻ സ്വാഗതവും ടെക്നോപാർക് സി ഇ ഒ ഋഷികേശ് നായർ ആശംസാ പ്രസംഗവും നടത്തി. പ്രതിധ്വനി വൈസ് പ്രസിഡന്റ് മാഗി ചടങ്ങിൽ സംബന്ധിച്ചവർക്ക് നന്ദി പറഞ്ഞു. പ്രളയ ദുരിതാശ്വാസത്തിൽ പങ്കെടുത്ത, വിവിധ കമ്പനികളിൽ നിന്നുള്ള ഐ ടി ജീവനക്കാർ ചടങ്ങിൽ പങ്കെടുത്തു.

നമ്മുടെ യുവതീ യുവാക്കളെയും ഐ ടി ജീവനക്കാരെയും കുറിച്ചുള്ള ധാരണ മാറാൻ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ കാരണമായി എന്ന് കളക്ടർ ഡോ: കെ വാസുകി ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കാലാവസ്ഥ വ്യതിയാനങ്ങളെക്കുറിച്ചും പ്ലാസ്റ്റിക് വസ്തുക്കൾ ഉപേക്ഷിക്കേണ്ടതിന്റെയും പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെതിന്റെയും ആവശ്യകതയെക്കുറിച്ചും കളക്ടർ എടുത്തു പറയുകയും എല്ലാ ഐ ടി ജീവനക്കാരെയും അതിനു വേണ്ടിയുള്ള മനഃപൂർവമുള്ള ശ്രമങ്ങൾക്കു മുന്നിട്ടിറങ്ങുവാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. പ്രകൃതിയെ സംരക്ഷിക്കാൻ നല്ലൊരു ശതമാനം പേർ 'സംതിങ്' ചെയ്യുന്നുണ്ടെന്നും പക്ഷെ അത് പോര, പ്രകൃതിയെ സംരക്ഷിക്കാൻ നമുക്ക് കഴിയുന്നതിന്റെ 'എവെരിതിങ്' ചെയ്യണമെന്ന് കലക്റ്റർ പറഞ്ഞു.

പ്രതിധ്വനിയുടെ നേതൃത്വത്തിൽ ഐ ടി ജീവനക്കാർ നടത്തിയ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ടെക്നോപാർക്കിന്റെ അഭിമാനം ഉയർത്തിയെന്നു സി ഇ ഒ ഹൃഷികേശ് നായർ പറഞ്ഞു. നവകേരളം സൃഷ്ടിക്കാൻ കൂടുതൽ ഫണ്ട് ആവശ്യമുണ്ടെന്നും അതിനായി എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൂടുതൽ സംഭാവനകൾ സ്വരൂപിക്കണമെന്നു കളക്ടറും സി ഇ ഒ യും ടെക്കികളോട് അഭ്യർത്ഥിച്ചു.

28 ട്രിപ്പുകൾ സൗജന്യമായി ഓടിയ ട്രക്കുകളുടെ ഉടമകൾ, ഡ്രൈവർമാർ, കളക്ഷൻ സെന്റെറിൽ വോളന്റിയർമാർക്കു സൗജന്യമായി ഭക്ഷണം നൽകിയവർ തുടങ്ങിയവരെ പ്രത്യേകം ആദരിച്ചു. ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ പങ്കാളികളായ എല്ലാ ഐ. റ്റി ജീവനക്കാർക്കും നന്ദി സന്ദേശം രേഖപ്പെടുത്തിയ കാർഡ് നൽകി.

ടെക്കികൾ പ്രതിധ്വനിയുടെ നേതൃത്വത്തിൽ നടത്തിയ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ

ഓഗസ്റ്റ് 15 നു കളക്റ്ററുടെ കളക്ഷൻ ക്യാമ്പായ ശ്രീമൂലം ക്ലബ്ബിൽ സന്നദ്ധ പ്രവർത്തകരായും, തിരുവനന്തപുരത്തുണ്ടായ മഴക്കെടുതിയിൽ കഴക്കൂട്ടത്തിനു സമീപമുള്ള 6 ദുരിതാശ്വാസ ക്യാമ്പുകളിൽ പായയും പുതപ്പും തലയിണയും ആഹാരവും എത്തിച്ചുമാണു പ്രതിധ്വനി ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്

ദുരന്തത്തിന്റെ ഭീകരത വ്യക്തമായതോടെ ഓഗസ്റ്റ് 16 ആം തീയതി വൈകുന്നേരത്തോടെ ടെക്‌നോപാർക്ക് ക്ലബ്ബ് ഹൗസിൽ ഫ്‌ളഡ് റിലീഫ് സമാഹരണ കേന്ദ്രം ആരംഭിച്ചു. സമൂഹമാധ്യമങ്ങളിലൂടെ ടെക്‌നോപാർക്കിലെ ഐ ടി സമൂഹത്തിലേയ്ക്ക് എത്തിയ വാർത്തയ്ക്ക് അത്ഭുതാവഹമായ പ്രതികരണമായിരുന്നു ലഭിച്ചത്.

ആയിരക്കണക്കിനു ഐ ടി ജീവനക്കാരാണു, ഓഗസ്റ്റ് 25 നു ഫുൾ ടൈം കളക്ഷൻ ക്യാമ്പ് അവസാനിക്കും വരെ, 10 ദിവസങ്ങളിലായി സന്നദ്ധ സേവകരായും സാധനങ്ങൾ നൽകാനായും എത്തിയത്. അവശ്യ സാധനങ്ങളുടെ ലിസ്റ്റ് തുടർച്ചയായി പ്രതിധ്വനി വാളന്റിയേഴ്‌സ് നവ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചു കൊണ്ടിരുന്നു. ആ ലിസ്റ്റ് അനുസരിച്ചുള്ള സാധനങ്ങളുമായ് ക്യാമ്പിലേയ്ക്ക് വരുന്ന ടെക്‌നോപാർക്ക് ജീവനക്കാർ, ആളായും വാഹനമായും സന്നദ്ധ സേവനത്തിനെത്തിയ മറ്റൊരു കൂട്ടർ. ഞങ്ങളുമുണ്ട് നിങ്ങൾക്കൊപ്പം എന്ന് പറഞ്ഞു ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും വലിയ ശേഖരവുമായെത്തിയ ടെക്‌നോപാർക്കിലെ ക്ലീനിങ്ങ് സ്റ്റാഫും, അനുബന്ധ ജീവനക്കാരും. അങ്ങനെ കരുണയുടെ കൈവഴികൾ പലവിധമായി എത്തി. അയ്യായിരത്തോളം ഐ ടി ജീവനക്കാർ സാധനങ്ങളുമായും ആയിരത്തിലധികം ഐ ടി ജീവനക്കാർ വോളന്റിയർമാരുമായി എത്തിയിരുന്നു.

ടെക്നോപാർക്കിലെ പ്രതിധ്വനി ഫ്‌ളഡ് റിലീഫ് സെന്ററിൽ നിന്നുള്ള ആദ്യ ട്രക്ക് സഹകരണ - ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രൻ ആണ് ഫ്‌ളാഗ്ഗ് ഓഫ് ചെയ്തത്. 28 ട്രക്കുകൾ ഉൾപ്പെടെ 67 ട്രിപ്പുകളാണു അവശ്യസാധനങ്ങളും മരുന്നുകളും ഒക്കെയായി പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി , എറണാകുളം തുടങ്ങി കേരളത്തിലെ വിവിധ ജില്ലകളിലേക്ക് പോയത്. ഏകദേശം 3 കോടിയിലധികം രൂപയുടെ സാധനങ്ങൾ സമാഹരിക്കാനും വിതരണം ചെയ്യാനും ടെക്നോപാർക്ക് ക്ലബ്ബിലെ നമ്മുടെ കളക്ഷൻ സെന്ററിന് കഴിഞ്ഞു. ഇടുക്കി ജില്ലയിലേക്കുള്ള അവശ്യ സാധനങ്ങളുടെ വിതരണത്തിനായുള്ള യാത്ര വളരെ ശ്രമകരമായിരുന്നു, മണ്ണിടിച്ചിലിലും ശക്തമായ കാറ്റിലും മഴയിലും പെട്ട് രണ്ടു ദിവസത്തോളമെടുത്താണ് വിതരണം നടത്തി തിരിച്ചു വന്നത്. എല്ലാ ട്രിപ്പുകളിലും ഐ ടി ജീവനക്കാരാണ് കൂടെ പോയി വിതരണം നടത്തിയത്. ഓണത്തിന് ദുരന്ത ബാധിത ജില്ലകളിലെ വീടുകളിലേക്ക് പോയ ഐ ടി ജീവനക്കാർക്ക് അവരുടെ വീടുകളിലും അടുത്തുള്ള വീടുകളിലും നൽകുന്നതിനായി ആഹാര സാധനങ്ങളും ക്ലീനിങ് മെറ്റീരിയൽസും നൽകിയിരുന്നു.

ആരോഗ്യ കേരളത്തിന്റെ ആംബുലൻസുകൾക്കു വേണ്ട സാധനങ്ങളും കേരള പൊലീസിന്റെ ആവശ്യപ്രകാരം സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ ഡ്രെസ്സുകളും അണ്ടർ ഗാർമെന്റ്സും പ്രത്യേകം ശേഖരിച്ചു നൽകി.

അവശ്യ സാധനങ്ങൾക്ക് മറ്റു കളക്ഷൻ സെന്ററുകളെ സഹായിക്കുകയും വിവിധ സംഘടനകൾക്ക് വിവിധ ജില്ലകളിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് പോകാൻ ക്ലീനിങ് മെറ്റീരിയൽസ് നൽകുകയും ചെയ്തു.

ഐ ടി ഹെൽപ് ഡെസ്‌ക്ക്
അതോടൊപ്പം തന്നെ മറ്റൊരു കൂട്ടർ രാപകലില്ലാതെ ആളുകളെ സഹായിക്കുന്നുണ്ടായിരുന്നു ഓഗസ്റ്റ് 18 നു ആരംഭിച്ച പ്രതിധ്വനി ഐറ്റി ഹെൽപ്പ് ഡെസ്‌ക്. സഹായം ആവശ്യമുള്ളവരെയും സഹായ സന്നദ്ധരെയും തമ്മിൽ ബന്ധിപ്പിക്കുന്ന ജോലി. 19 ആം തീയതി keralaneeds.com എന്ന വെബ് സൈറ്റ് ചെയ്തു ഹെല്പ് ഡെസ്‌ക് പ്രവർത്തനങ്ങൾ വിപുലപ്പെടുത്തി. 500 ഇൽ പരം സഹായ അഭ്യർത്ഥനകളെയാണ് ഇതിലൂടെ സാധ്യമാക്കിത്തീർത്തത്. ഹെൽപ്‌ഡെസ്‌ക് പ്രവർത്തനത്തിന് ഇരുന്നൂറിലധികം ഐ ടി ജീവനക്കാരാണ് എത്തിയത്. വിവിധ ക്യാമ്പുകളിലെ അംഗങ്ങളുടെ പേരും അഡ്രസ്സും ഡിജിറ്റലൈസ് ചെയ്തു നൽകാനും ഐ ടി ഹെൽപ് ഡെസ്‌ക്കിനു കഴിഞ്ഞു.

തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന് വേണ്ടി കളക്ഷൻ സെന്ററുകളിലെ സ്റ്റോക്കും വിവിധ സ്ഥലങ്ങളിലേക്കുള്ള വിതരണവും യോജിപ്പിക്കുന്നതിനായി ജില്ലാ കളക്ടർ ഡോ: കെ വാസുകി മാഡത്തിന്റെ ആവശ്യപ്രകാരം സോഫ്‌റ്റ്‌വെയർ നിർമ്മിക്കുകയും അത് കേരള ഐ ടി മിഷന് കൈമാറുകയും ചെയ്തു . തിരുവനന്തപുരം നഗരത്തിലെ 5 കളക്ഷൻ സെന്ററുകളിലും പ്രതിധ്വനിയുടെ ഐ ടി വോളന്റിയേഴ്‌സ് ആണ് സ്റ്റോക്ക് വിവരങ്ങൾ ശേഖരിച്ചത്.

മരുന്നുകളുടെ സ്പെഷ്യൽ ക്യാമ്പയിൻ
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ ദുരിതാശ്വാസ സംഘത്തിന് ആദ്യം 4 ലക്ഷം രൂപയുടെ മരുന്നുകൾ പ്രതിധ്വനി വാങ്ങി നൽകി. പിന്നീട് ഡോക്ടർമാർ ആവശ്യപ്പെട്ട മരുന്നുകൾക്കായി പ്രത്യേകം ക്യാമ്പയിൻ നടത്തുകയും അത് പ്രകാരം ഐ ടി ജീവനക്കാർ ശേഖരിച്ചു നൽകിയ മരുന്നുകൾ വിവിധ ജില്ലകളിലെ ക്യാമ്പുകളിൽ എത്തിക്കുന്നതിനായി മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് നൽകി.

നോട്ട് ബുക്ക് പകർത്തി നൽകൽ
പ്രതിധ്വനി വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ ദുരന്ത മേഖലയിൽ നോട്ട്ബുക്കുകൾ നഷ്ട്ടപെട്ടവർക്കു വേണ്ടി നോട്ട് ബുക്കുകൾ എഴുതി നൽകി. ഒന്ന് മുതൽ ഹൈസ്‌കൂൾ ക്ലാസ്സ് വരെ ഉള്ള കേരള സിലബസ്സിലുള്ള കുട്ടികൾക്കായുള്ള നോട്ട്‌സ് ആണു എഴുതിയത്. റ്റീം ഇൻക്യുബേറ്റർ തുടങ്ങിവച്ച ക്യാമ്പയിനിൽ പ്രതിധ്വനി വനിതാ ഫോറം അംഗങ്ങൾ കൂടി ചേരുകയായിരുന്നു. ഇതുവരെ നൂറിലധികം നോട്ട് ബുക്കുകളാണു പൂർത്തിയാക്കിയത്.

ക്ലീനിങ് ക്യാമ്പയിനുകൾ

രണ്ടു ക്ലീനിങ്ങ് ക്യാമ്പയിനുകളാണ് പ്രതിധ്വനിയുടെ നേതൃത്വത്തിൽ നടത്തിയത്. ഓഗസ്റ്റ് 26 നു മൂന്നാം ഓണ ദിവസം ഓഗസ്റ്റ് 26 നു തിരുവല്ല പെരിങ്ങരയിലെ പ്രിൻസ് മാർത്താണ്ഡവർമ്മ ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്രതിധ്വനിയുടെ നേതൃത്വത്തിൽ 49 ഐ ടി വോളന്റിയേഴ്‌സ് പൂർണ്ണമായ ശുചീകരണം നടത്തി. ക്ലാസ് റൂമുകളും അടുക്കളയും കമ്പ്യൂട്ടർ ലാബും ശുചീകരിച്ചു സ്‌കൂളിനെ പ്രവർത്തന സജ്ജമാക്കി. ഓഗസ്റ്റ് 26 നു രാവിലെ ശുചീകരണ പ്രവർത്തനായി തിരിച്ച വാഹനം ശുചിത്വ മിഷൻ വൈസ് ചെയർപേഴ്‌സൺ ഡോ ടി എൻ സീമ ഉത്ഘാടനം ചെയ്തു.

സെപ്റ്റംബർ 1 നു കുട്ടനാട് പുളിങ്കുന്നിലെ കൊച്ചിൻ യൂണിവേഴ്‌സിറ്റി എഞ്ചിനീയറിങ്ങ് കോളേജിൽ 56 ഐ ടി ജീവനക്കാരാണ് ലൈബ്രറി ശുചീകരണത്തിന് എത്തിയത്. വെള്ളപ്പൊക്കത്തിൽ പൂർണ്ണമായി തകർന്ന ലൈബ്രറി, ഭംഗിയായി പൂർവ സ്ഥിതിയിലേക്ക് എത്തിക്കാൻ ക്ലീനിങ് ടീമിന് കഴിഞ്ഞു.

പ്രിൻസ് മാർത്താണ്ഡവർമ്മ ഹയർ സെക്കണ്ടറി സ്‌കൂളിലെ ഹെഡ് മിസ്ട്രസ് ശ്രീമതി ശശികല ടീച്ചറും കൊച്ചിൻ യൂണിവേഴ്‌സിറ്റി എഞ്ചിനീയറിങ്ങ് കോളേജിന്റെ പ്രിൻസിപ്പൽ ഡോ : സുനിൽ കുമാർ സാറും ഐ ടി വോളന്റിയേഴ്സിന്റെ ശുചീകരണ പ്രവർത്തനങ്ങളിൽ അത്ഭുതവും സന്തോഷവും രേഖപ്പെടുത്തി.

ശശികല ടീച്ചറുടെയും സുനിൽ കുമാർ സാറിന്റെയും പ്രതികരണങ്ങൾ ചുവടെ

'മൈ സ്‌കൂൾ കിറ്റ്' പ്രോഗ്രാം
ദുരിതബാധിത പ്രദേശങ്ങളിലെ അത്യാവശ്യ സാധനങ്ങളും പഠനോപകരണങ്ങളും നഷ്ടപ്പെട്ട കുട്ടികൾക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കുന്ന 'മൈ സ്‌കൂൾ കിറ്റ്' പ്രോഗ്രാം പ്രതിധ്വനി ഇപ്പോൾ നടത്തുന്നുണ്ട്. സ്‌കൂളുകൾക്കോ സന്നദ്ധ പ്രവർത്തകർക്കോ കുട്ടികളുടെ ആവശ്യങ്ങൾ keralaneeds.com എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യാം. വെരിഫിക്കേഷന് ശേഷം വിദ്യാർത്ഥികൾക്ക് സ്‌കൂൾ കിറ്റ് വിതരണം ചെയ്യുന്നു. ഇതുവരെ അൻപതോളം റിക്വസ്റ്റുകളാണ് സ്‌കൂളുകളിൽ നിന്നും കിട്ടിയത്, ഇതിൽ പത്തിലധികം ഇതിനകം വിതരണം ചെയ്യാൻ കഴിഞ്ഞു. സെപ്റ്റംബർ 15 വരെ 'മൈ സ്‌കൂൾ കിറ്റ്' പരിപാടി തുടരും.

പ്രതിധ്വനിയുടെ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ആകൃഷ്ടയായ പഞ്ചാബ് സ്വദേശിനിയായ സുപ്രിയാ ഗാന്ധി, എന്ന ടി സി എസ് ജീവനക്കാരി ആദ്യ ശമ്പളം മുഴുവനായി പ്രതിധ്വനിയുടെ ദുരിതാശ്വാസ പ്രവർത്തനത്തിന് നൽകി.

മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചു അഭ്യർത്ഥന ക്യാമ്പയിനായി ഏറ്റെടുത്തു പ്രതിധ്വനി പ്രചാരണം നടത്തുകയും നൂറിലധികം ഐ ടി ജീവനക്കാർ പത്തു മാസമോ അതിൽ കുറവോ സമയം കൊണ്ട് ഒരു മാസത്തെ സാലറി പൂർണ്ണമായി മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് നൽകാൻ തീരുമാനിക്കുകയും ചെയ്തു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സമാഹരണത്തിനായുള്ള പ്രതിധ്വനി എക്‌സിക്യൂട്ടീവ് അംഗവും ടെക്‌നോപാർക്കിലെ ഇൻഫോസിസ് ജീവനക്കാരനുമായ മാർട്ടിൻ ജോസിന്റെ 'സപ്പോർട്ട് കേരള' ഏകാംഗ സവാരി. എത്ര ചെറുതാണെങ്കിലും നിങ്ങളുടെ സംഭാവന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകുക, കൂടുതൽ ചെറിയ സംഭാവനകൾക്ക് വലിയ മാറ്റം ഉണ്ടാക്കാൻ കഴിയും എന്നതായിരുന്നു. 'സപ്പോർട്ട് കേരള' യാത്രയുടെ സന്ദേശം. തന്റെ ബുള്ളറ്റിൽ 5 ദിവസം നീണ്ട് നിന്ന യാത്രയിൽ കേരളം, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലൂടെ ഏകദേശം 2500 കിലോമീറ്റർ സഞ്ചരിച്ചു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനകളും സമാഹരിച്ചു.

ദുരന്ത മുഖത്ത് നൂറു കണക്കിന് ജനങ്ങളെ ബോട്ടുകളിൽ രക്ഷിച്ച വേളിയിലെയും തുമ്പയിലെയും മത്സ്യ തൊഴിലാളികൾക്ക് തുമ്പ പൊലീസ് സ്റ്റേഷൻ ഏർപ്പെടുത്തിയ അനുമോദന ചടങ്ങിൽ - ഓഗസ്റ്റ് 24 നു , മുഴുവൻ മത്സ്യ തൊഴിലാളികൾക്കും പ്രതിധ്വനി ഓണക്കോടി വാങ്ങി നൽകി.

ഇതിനെല്ലാം പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകാൻ ഏകദേശം പത്ത് ലക്ഷത്തോളം രൂപയും പിരിച്ചെടുത്തിട്ടുണ്ട്. അത് ഉടൻ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP