Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലൈറ്റ് മെട്രോ പ്രോജെക്ടിൽ ടെക്‌നോപാർക്കിനെ കൂടി ഉൾപ്പെടുത്തുക: പ്രതിധ്വനി

ലൈറ്റ് മെട്രോ പ്രോജെക്ടിൽ ടെക്‌നോപാർക്കിനെ കൂടി ഉൾപ്പെടുത്തുക: പ്രതിധ്വനി

നന്തപുരിയുടെ വികസനത്തിന് അനന്തസാദ്ധ്യതകൾ ഉയർത്തിക്കൊണ്ട് വന്ന ലൈറ്റ് മെട്രോ പദ്ധതിയിൽ നിന്നും സംസ്ഥാനത്തിന്റെ ഐടി തലസ്ഥാനമായ കഴക്കൂട്ടം ടെക്‌നോപാർക്കിനെ ഒഴിവാക്കിയതിനെതിരെ ടെക്‌നോപാർക്ക് ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടന പ്രതിധ്വനി രംഗത്ത്.

NATPAC ന്റെ ആഭിമുഖ്യത്തിൽ പദ്ധതിയുടെ പ്രാരംഭ സാദ്ധ്യതാ പഠനങ്ങൾ നടക്കുന്ന കാലം മുതൽ മാറിയും തിരിഞ്ഞും വന്ന പ്രതീക്ഷകൾക്ക് കടുത്ത ആഘാതമേൽപിച്ചു കൊണ്ടാണ് ടെക്‌നൊപാർക്കിനെ ഒഴിവാക്കി ലൈറ്റ് മെട്രോയുടെ കാര്യത്തിൽ സർക്കാർ തീരുമാനം പ്രഖ്യാപിതമാകുന്നതെന്ന് സംഘടന ആരോപിച്ചു. ടെക്‌നൊസിറ്റിയിൽ തുടങ്ങി കരമനയിൽ അവസാനിക്കുന്ന നിർദ്ദിഷ്ട ലൈറ്റ് മെട്രോ റയിൽ പാതയിലെ സുപ്രധാനമായ ഈ പ്രദേശത്തെ എന്തു കൊണ്ട് ഒഴിവാക്കി എന്നത് വ്യക്തമാകുന്നില്ലെന്നും സംഘടന ആശങ്ക അറിയിച്ചു.

300 ൽ പരം കമ്പനികളിലായി 45,000 ത്തിൽപരം IT തൊഴിലാളികളും, അതിന്റെ പകുതിയിൽപരം ആശ്രിത അനുബന്ധ തൊഴിലാളികളും പണിയെടുക്കുന്ന ടെക്‌നോപാർക്ക് ഒരൊറ്റ പ്രദേശത്തെ അടിസ്ഥാനമാക്കിയ സംസ്ഥാനത്തെ ഏറ്റവും വലിയ തൊഴിൽ ശക്തികേന്ദ്രവും ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ടെക്‌നോളജിക്കൽ പാർക്കുമാണ്. നിർദ്ദിഷ്ട വിപുലീകരണത്തിനു ശേഷം ഒരു വർഷത്തിനുള്ളിൽ ഈ കണക്കുകൾ ഇരട്ടിക്കാനും സാദ്ധ്യതയുണ്ട്. 7,500 ത്തിൽ പരം കാറുകളും അതിലേറെ ബൈക്കുകളും ദിനംപ്രതി പാർക്ക് ചെയ്ത് ഉപയോഗിക്കപ്പെടുന്ന ടെക്‌നോപാർക്കിനുള്ളിൽ ഇതിനു പുറമേ കമ്പനി വക കാബുകളും ബസ്സുകളും പൊതുഗതാഗത മാർഗ്ഗങ്ങൾക്കു പുറമേ ഉപയോഗിക്കുന്നതായി കണക്കാക്കപ്പെടുന്നു.

വാഹനങ്ങളുടെ അമിത ഉപഭോഗവും തന്മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണവും അനന്തമായ ട്രാഫിക് ബ്ലോക്കുകളും ടെക്‌നോപാർക്കിലേക്കുള്ള യാത്ര ദുരിത പൂർണ്ണമാക്കിത്തീർക്കുന്നു. പൊതു ഗതാഗതത്തിന്റെ അഭാവത്തിൽ ടെക്‌നോപാർക്കിനുള്ളിൽ ദിനംപ്രതി വർദ്ധിച്ചു വരുന്ന സ്വകാര്യ വാഹനങ്ങളുടെ ആധിക്യവും അവ പാർക്ക് ചെയ്യുവാൻ അവശ്യമായൊരു സ്ഥലത്തിനായി നെട്ടോട്ടമോടെണ്ടി വരുന്ന ദയനീയതയും നിത്യക്കാഴ്ചകളാണിവിടെ.

ഈ പാതയിൽ ഏറെ ഗതാഗത മാർഗ്ഗങ്ങൾ പൊതു മേഖലയിൽ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയിലേക്ക് ഈ കണക്കുകളും വസ്തുതകളും വിരൽ ചൂണ്ടുന്നുണ്ടെന്ന് പ്രത്യേകിച്ച് എടുത്തു പറയേണ്ടതില്ലല്ലോ. എന്നാൽ, മറ്റു പല മേഖലകളിലുമെന്ന പോലെ അവഗണനയുടെ നേരിടാനാണ് ഇവിടെയും ടെക്‌നോപാർക്കിന്റെ വിധി. ഏറ്റവും അടുത്തുള്ള കഴക്കൂട്ടം സ്റ്റേഷനിൽ വളരെ പരിമിതമായ സ്റ്റോപ്പുകൾ അനുവദിച്ച് രാജ്യത്തെ ഏറ്റവും വലിയ ഗതാഗത മേഖലയായ റെയിൽവെയും ടെക്‌നോപാർക്കിനോടുള്ള അവഗണന തുടരുമ്പോൾ ദൈനംദിന ഗതാഗതത്തിനായി ടെക്‌നോപാർക്കിലുള്ളവർ ലൈറ്റ് മെട്രോയെ വലിയ പ്രതീക്ഷയായി ആണ് കണ്ടത്

പരസ്പര പൂരിതമായൊരു വികസന സാദ്ധ്യതയാണ് ടെക്‌നോപാർക്കിനെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ലൈറ്റ് മെട്രോ പദ്ധതി കൊണ്ട് സാദ്ധ്യമാവുക. 45,000 ത്തിൽപരം ടെക്കികളും അതിന്റെ പകുതിയിൽപ്പരം അനുബന്ധ തൊഴിലാളികളും ദിനംപ്രതി ഉപയോഗപ്പെടുത്തുന്ന പാതയിൽ അതിന്റെ 10% ത്തോളമാളുകൾ ലൈറ്റ് മെട്രോയെ ആശ്രയിക്കുകയാണെങ്കിൽ തന്നെ 5000 ത്തിലധികം പേർ ലൈറ്റ് മെട്രോയുടെ സ്ഥിരം യാത്രക്കാരായി ഉണ്ടാകും എന്നത് തീർച്ചയാണ്. ഇത് ലൈറ്റ് മെട്രോയുടെ തുടർന്നുള്ള വികസനത്തെ ത്വരിതപ്പെടുത്തുമെങ്കിൽ മറുവശത്ത്, 300 ൽപ്പരം IT കമ്പനികൾ നിലവിലുള്ള ടെക്‌നോപാർക്കിലും അനുബന്ധ പ്രദേശങ്ങളിലും ലൈറ്റ് മെട്രോയുടെ കടന്നു വരവോടെയുണ്ടാകുന്ന പൊതുഗതാഗത സൗകര്യത്തിന്റെ അപാര സാദ്ധ്യതകൾ ഇനിയുമേറെ കമ്പനികളെ ടെക്‌നോപാർക്കിലേക്ക് ആകർഷിക്കുവാനുള്ള കാരണമാകും എന്നതും അതുവഴി സംസ്ഥാനത്തിന്റെ റെവന്യൂവിലും തൊഴിലവസരങ്ങളിലും കുത്തനെ വർദ്ധനവുണ്ടാകും എന്നതും തികച്ചും പരിഗണനാർഹമായ വസ്തുതകളാണ്. ലോകത്ത് എല്ലാ പ്രധാന നഗരങ്ങളിലും IT പാർകിനെയോ വിമാന താവളങ്ങലെയോ ബന്ധിപ്പിച്ചാണ് മെട്രോ യുടെ ആദ്യ സ്റ്റെഷൻ.

ഇത്രയും അനുകൂലമായ വസ്തുതകളുടെയും കണക്കുകളുടെയും ശക്തമായ സാന്നിദ്ധ്യത്തിലും ടെക്‌നോപാർക്കിനെ ലൈറ്റ് മെട്രോയുടെ നിർദ്ദിഷ്ട പാതയിൽ നിന്നും ഒഴിവാക്കാനെടുത്ത തീരുമാനത്തിൽ ഈ മേഖലയിലെ മുഴുവൻ ജീവനക്കാരും അസംത്രിപ്തരാണ്.

ഈ അവഗണനക്കെതിരായി ടെക്‌നോപാർകിനുള്ളിലെ മുഴുവൻ ജീവനക്കാരെയും ഉൾപ്പെടുത്തി ശക്തമായ ക്യംബൈൻ സംഘടിപ്പിക്കുവാനും ഒപ്പം അതിന്റെ ആദ്യപടിയായി മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഇ ശ്രീധരൻ , ജനപ്രതിനിധികൾ, DMRC എന്നിവർക്ക് നിവേദനങ്ങൾ സമർപ്പിക്കുവാനും ടെക്‌നൊപാർക്കിനുള്ളിലെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതിദ്ധ്വനി തീരുമാനിച്ചിട്ടുണ്ട്.

ലൈറ്റ് മെട്രോ പദ്ധതിയിൽ നിന്നും ടെക്‌നോപാർക്കിനെ ഒഴിവാക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും, ടെക്‌നൊപാർക്കിനെ ലൈറ്റ് മെട്രോയിൽ ഉൾപ്പെടുത്തുവാനും ടെക്‌നോപാര്കിനുള്ളിൽ ലൈറ്റ് മെട്രോ യ്ക്ക് ഇരു സ്റ്റോപ്പ് അനുവദിക്കാനും വേണ്ട നടപടികൾ കൈ കൊള്ളണമെന്ന് സർക്കാരിനോട് പ്രതിധ്വനി ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP