Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നീതി പുനഃസ്ഥാപിക്കും വരെ ബാബരിയെ മറവിക്ക് വിട്ടുകൊടുക്കില്ല: പോപുലർ ഫ്രണ്ട്

സ്വന്തം ലേഖകൻ

അനീതിയോട് രാജിയാവാത്ത ആദർശ സമൂഹം നിലനിൽക്കുന്നിടത്തോളം കാലം ബാബരി മസ്ജിദ് അടഞ്ഞ അധ്യായമോ മാറ്റിവയ്ക്കേണ്ട അജണ്ടയോ ആയിരിക്കില്ലെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. ബാബരി ഭൂമിയിൽ നീതിയുടെ താഴികക്കുടങ്ങൾ പുനഃസ്ഥാപിക്കുംവരെ അത് രാജ്യത്തിന്റെ ആത്മാഭിമാനത്തിനേറ്റ മുറിവായി അവശേഷിക്കുമെന്നും സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.

ബാബരി മസ്ജിദ് കേസിൽ സുപ്രീകോടതിയിൽ നിന്നുണ്ടായത് അന്യായ വിധിയാണെന്ന് സംശയത്തിനിടയില്ലാത്ത വിധം വ്യക്തമായ കാര്യമാണ്. അന്യായവിധി തിരുത്തപ്പെടുന്നതുവരെ ബാബരി ജനാധിപത്യ സമൂഹത്തിന്റെ സജീവ അജണ്ടയായി നിലകൊള്ളേണ്ടതുണ്ട്. ബാബരി വിഷയത്തെ മസ്ജിദ്മന്ദിർ തർക്കമായി പ്രശ്നവൽക്കരിച്ചതും അതിനനുസൃതമായ ഒരു പൊതുബോധം സൃഷ്ടിക്കപ്പെട്ടതും അർ.എസ്.എസിന്റെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണ്. അത് തിരിച്ചറിഞ്ഞിട്ടും തിരുത്താൻ തയ്യാറാവാതെ തീവ്രഹിന്ദുത്വ വികാരങ്ങളുടെ ഓരം പറ്റി നിന്നവരാണ് ഇന്ന് ദേശീയ ഐക്യത്തെ കുറിച്ചും നീതിബോധത്തെക്കുറിച്ചും രാജ്യത്തെ ഉദ്ബോധിപ്പിക്കുന്നത്. അവസരവാദപരവും സങ്കുചിതവുമായ ഇത്തരം രാഷ്ട്രീയതാൽപ്പര്യങ്ങളും അതിനോടുള്ള അതിരറ്റ വിധേയത്വവും തള്ളിക്കളയാൻ സമൂഹം തയ്യാറാവണം.

രാജ്യത്തെ മുസ്ലിം സമൂഹത്തെ സംബന്ധിച്ചിടത്തോളം തുടർച്ചയായ നീതിനിഷേധങ്ങളുടേയും അടിച്ചമർത്തലുകളുടേയും നീറുന്ന പ്രതീകമാണ് ബാബരി മസ്ജിദ്. അതിനെ ഒരു കെട്ടിടത്തിന്റെ നാലതിരുകളിലേക്കും കോടതികളുടെ അന്യായവിധികളിലേക്കും ചുരുക്കാൻ പരിശ്രമിക്കുന്നവർ നിഷേധിക്കുന്നത് ഒരു സമൂഹത്തിന്റെ വിശ്വാസ സ്വാതന്ത്ര്യത്തെയും ചരിത്ര പാരമ്പര്യത്തെയും അസ്തിത്വത്തെയും തന്നെയാണ്. നിഷേധിക്കപ്പെട്ട അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുകയും അത് ലഭ്യമാകുന്നതുവരെ കർമ്മഭൂമിയിൽ നിലകൊള്ളുകയുമെന്നതാണ് ആർജ്ജവമുള്ള നിലപാട്. മുഴുവൻ ജനവിഭാഗങ്ങളുടേയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും നീതിയും സുരക്ഷയും ഉറപ്പാക്കപ്പെടുകയും ചെയ്യുമ്പോഴാണ് സമാധാനപൂർണമായ സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നത്. നീതി നിഷേധിക്കപ്പെട്ടവരുടെ നിശബ്ദതയിൽ സമാധാനം കണ്ടെത്തുന്നവർ അനീതിക്കും അക്രമികൾക്കുമാണ് പാതയൊരുക്കുന്നത്.

നീതി സ്ഥാപിക്കാനും മർദ്ദിതരെ രക്ഷിക്കാനും ബാധ്യതയുള്ള മുസ് ലിം സമുദായത്തിന്റെ നേതൃസ്ഥാനത്ത് സ്വയം അവരോധിതരായിട്ടുള്ളവർക്ക് അതിനുള്ള സന്നദ്ധതയും ആർജ്ജവവുമില്ലെങ്കിൽ അല്ലാഹുവിന് സുജൂദ് ചെയ്ത ബാബരിഭൂമിയിൽ വിഗ്രഹം സ്ഥാപിച്ചതിന് ന്യായം ചമക്കാൻ മിനക്കെടരുത്.

92 ഡിസംബർ 6ന് അട്ടിമറിക്കപ്പെട്ട നിയമവാഴ്ചയുടെ തനിയാവർത്തനമാണ് രാമക്ഷേത്രത്തിന്റെ പേരിൽ അയോധ്യയിൽ നടന്ന ശിലാസ്ഥാപനം. അധികാര കേന്ദ്രങ്ങളുടെ പിൻബലത്തിൽ, മേൽക്കോയ്മാ രാഷ്ട്രീയ കക്ഷികളുടെ ആശീർവാദത്തോടെ നടന്ന പുതിയകാലത്തെ അനീതിയുടെ ആഘോഷത്തോട് ഒത്തുതീർപ്പ് ചെയ്യാനാവില്ല. 28 വർഷങ്ങൾക്കു മുമ്പ് ബാബരി മസ്ജിദിനെ ഇന്ത്യൻ മതനിരപേക്ഷതയുടെ പ്രതീകമായി വിശേഷിപ്പിച്ചവർ, ഇന്ന് അതേസ്ഥാനത്തുയരുന്ന രാമക്ഷേത്രത്തെ ഐക്യത്തിന്റെ പ്രതീകമായി ഉയർത്തിക്കാട്ടുന്നത് കടുത്ത ജനവഞ്ചനയാണ്. ബാബരി ഭൂമിയിൽ രാമക്ഷേത്രമെന്ന ഹിന്ദുത്വ അജണ്ടയിലേക്ക് കോൺഗ്രസും ഇടതുപക്ഷവും എത്തിച്ചേർന്നിരിക്കുന്നതിലെ അപകടം തിരിച്ചറിയപ്പെടാതെ പോകരുത്. ക്ഷേത്ര നിർമ്മാണത്തിലെ ബിജെപിയുടെ രാഷ്ട്രീയ ഇടപെടലിൽ മാത്രമാണ് ഇരുകൂട്ടരും അതൃപ്തി പ്രകടിപ്പിച്ചിട്ടുള്ളത്. ഈ രാഷ്ട്രീയ കാപട്യം തുറന്നുകാട്ടുന്നതോടൊപ്പം ബാബരിയുടെ പുനഃർനിർമ്മാണമെന്ന നീതിയിലധിഷ്ഠിതമായ നിലപാട് ആവർത്തിച്ചുകൊണ്ടേയിരിക്കും. ബാബരി മസ്ജിദിനൊപ്പം തകർന്നുവീണത് ഇന്ത്യയുടെ മതനിരപേക്ഷാടിത്തറ കൂടിയാണ്. ഇത് വീണ്ടെടുക്കും വരെ ബാബരിയുടെ സന്ദേശം മറക്കാൻ അനുവദിക്കില്ലെന്നും സെക്രട്ടേറിയറ്റ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ, വൈസ് പ്രസിഡന്റ് സി അബ്ദുൽ ഹമീദ്, സെക്രട്ടറി എസ് നിസാർ, പി കെ യഹ് യാ തങ്ങൾ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP