Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

സാമ്പത്തിക ദുരുപയോഗം: ആരോപണങ്ങൾ അടിസ്ഥാന രഹിതം- പോപുലർ ഫ്രണ്ട്; സംഘടനയെ അപകീർത്തിപ്പെടുത്താനുള്ള പുതിയ നീക്കം; കേന്ദ്ര സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന

സ്വന്തം ലേഖകൻ

കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ തങ്ങളുടെ വാലാട്ടികളായ ഒരുപറ്റം മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ, പുതിയ ബ്രേക്കിങ് ന്യൂസ് കാംപയിനുമായി രംഗത്തെത്തിയിരിക്കുകയാണ്. സംഘടനയെ അപകീർത്തിപ്പെടുത്താനും നേതാക്കളെ വ്യക്തിഹത്യ നടത്താനും ഏറ്റവും ഫലപ്രദമായ ആയുധമെന്ന നിലയ്ക്ക് ഉപയോഗപ്പെടുത്താനാവും എന്നതുകൊണ്ടാണ് സാമ്പത്തിക ആരോപണങ്ങൾ ഉയർത്തി ഇത്തവണ രംഗത്തുവന്നിരിക്കുന്നത്. വിദേശ ധനസഹായം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ ആരോപണങ്ങളും സംഘടനക്കെതിരേ ഉന്നയിച്ചിട്ടുണ്ട്. അച്ചടി, ദൃശ്യ മാധ്യമങ്ങളിൽ വിവിധതരത്തിലുള്ള ആരോപണങ്ങൾ ഉയർന്നതിന്റെ തുടർച്ചയായി അവയെ കുറിച്ച് തെളിവ് സമർപ്പിക്കണമെന്നാവശ്യപ്പെട്ട്, കേന്ദ്ര സർക്കാരിന്റെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഭാരവാഹികൾക്ക് നോട്ടീസ് നൽകിയിരിക്കുന്നു. ആർ.എസ്.എസിന്റെയും ബിജെപിയുടെയും ഗൂഢപദ്ധതികൾക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുകയും ഉറച്ച നിലപാടു സ്വീകരിക്കുകയും ചെയ്യുന്ന പോപുലർ ഫ്രണ്ടിനെതിരായ രാഷ്ട്രീയ പകപോക്കലാണ് ഇത്. രാജ്യത്തെ സത്യസന്ധരും വിവേകമതികളുമായ എല്ലാ വ്യക്തികളും പ്രസ്ഥാനങ്ങളും ഇത് മനസ്സിലാക്കുമെന്ന കാര്യത്തിൽ ഞങ്ങൾക്ക് ഉറപ്പുണ്ട്.

രാജ്യത്തുടനീളം ദിനംപ്രതി ശക്തിപ്പെട്ടുവരുന്ന സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങൾക്കു വേണ്ടി പണം ചെലവഴിച്ചുവെന്നതാണ് സംഘടനക്കെതിരായ പുതിയ ആരോപണം. സത്യത്തിൽ, ഒരു മുസ്ലിം സംഘടനയെന്ന നിലയിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ തീവ്രവാദപ്രസ്ഥാനമായി ചിത്രീകരിച്ചുകൊണ്ട്, ശക്തമായ സി.എ.എ വിരുദ്ധ പോരാട്ടങ്ങളെ പരാജയപ്പെടുത്താനായില്ലെങ്കിലും പ്രക്ഷോഭങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള കേന്ദ്ര സർക്കാരിന്റെ നീച നീക്കമാണിത്. നിക്ഷിപ്ത താൽപ്പര്യക്കാരായ വിവിധ വിഭാഗങ്ങൾ എക്കാലത്തും സംഘടനക്കെതിരേ, ഇത്തരം ആരോപണങ്ങൾ ഉന്നയിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ആരോപണങ്ങളോടെ അത് നിലയ്ക്കാനും പോകുന്നില്ല. എന്നാൽ, സർക്കാരിനോ അന്വേഷണ ഏജൻസികൾക്കോ ഇത്തരം ആരോപണങ്ങൾ ഇതുവരെ തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. നീതിക്കായുള്ള സംഘടനയുടെ പോരാട്ടം തുടരുന്ന കാലത്തോളം ഇക്കൂട്ടർ പുതിയ ആരോപണങ്ങളുമായി രംഗത്തുവന്നുകൊണ്ടിരിക്കും.

പൗരത്വ നിയമഭേദഗതിക്കെതിരേ, സംഘപരിവാരം ഒഴികെയുള്ള മുഴുവൻ ജനവിഭാഗങ്ങളും കഴിഞ്ഞ ഏതാനും ആഴ്ചകളായി തെരുവിൽ ഇറങ്ങിയതോടെ ജനവിരുദ്ധമായ സി.എ.എ, എൻ.ആർ.സി, എൻ.പി.ആർ എന്നിവ അനായാസം നടപ്പാക്കാമെന്ന ആർ.എസ്.എസ് നിയന്ത്രിത ബിജെപി സർക്കാരിന്റെ പ്രതീക്ഷകൾ തകർന്നിരിക്കുകയാണ്. ഇപ്പോഴത്തെ പ്രക്ഷോഭങ്ങൾ ഇന്ത്യയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല, മറിച്ച് ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്നു. ഈ നിയമം നടപ്പാക്കിയതു മൂലമുള്ള മാനക്കേടിൽ നിന്ന് മുഖം രക്ഷിക്കാനുള്ള വ്യർഥമായ ശ്രമത്തിലാണ് കേന്ദ്രസർക്കാർ. അതുകൊണ്ടുതന്നെ, ഭരണകൂടത്തിന്റെ അനീതികൾക്കെതിരേ എക്കാലത്തും ഉറച്ച നിലപാട് സ്വീകരിക്കുന്ന പോപുലർ ഫ്രണ്ടിനെതിരേ ആരോപണങ്ങൾ ഉന്നയിക്കുന്നതിലൂടെ തങ്ങളുടെ ആവനാഴിയിലെ അവസാനത്തെ ആയുധം അവർ പുറത്തെടുത്തിരിക്കുകയാണ്. ഉത്തർപ്രദേശിലും കർണാടകയിലും അക്രമം അഴിച്ചുവിട്ടുവെന്നും രാജ്യത്തെമ്പാടുമുള്ള പ്രതിഷേധക്കാരെ സാമ്പത്തികമായി സഹായിച്ചുവെന്നുമാണ് ആരോപണം.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമാണ് സംഘർഷം ഉണ്ടായിരിക്കുന്നത്. പോപുലർ ഫ്രണ്ട് പ്രവർത്തകരും അനുഭാവികളും അടക്കമുള്ള നിരപരാധികളായ മുസ്ലിംകളെ പ്രത്യേകം ലക്ഷ്യംവക്കുകയും വാലാട്ടി മാധ്യമങ്ങൾ മാധ്യമ വിചാരണ നടത്തുകയും സാമൂഹ്യമാധ്യമങ്ങളിലൂടെ വലിയ തോതിലുള്ള കുപ്രചരണങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസിന്റെ കാര്യത്തിൽ അധികാരികൾ സ്വീകരിച്ചിട്ടുള്ള വഞ്ചനാപരമായ നീക്കങ്ങളിൽ നിന്നു തന്നെ ബിജെപി സർക്കാരിന്റെ ദുരുദ്ദേശ്യം വ്യക്തമാണ്. നിരവധി ബാങ്കുകളിൽ കോടിക്കണക്കിന് രൂപ നിക്ഷേപിച്ചതായും പിൻവലിച്ചതായുമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഉദ്ധരിച്ചുകൊണ്ടുള്ള റിപോർട്ടുകളിൽ പറയുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് യു.പിയിൽ സംഘർഷം സൃഷ്ടിക്കാൻ പോപുലർ ഫ്രണ്ട് ഒരുമാസത്തിനിടയിൽ മാത്രം 120 കോടി രൂപ ചെലവഴിച്ചുവെന്ന ആരോപണത്തോടെയാണ് അപവാദ പ്രചാരണം തുടങ്ങിയത്. പിന്നീട് പണം ചെലവഴിച്ചത് പ്രക്ഷോഭങ്ങൾക്ക് ആണെന്ന നിലയിലേക്ക് ആരോപണങ്ങൾ ചുരുങ്ങി. മേൽപ്പറഞ്ഞ വരുമാനവും പിൻവലിക്കലും പലവർഷങ്ങളിലായി പരന്നു കിടക്കുന്നുവെന്ന മറ്റൊരു പ്രചാരണവും ഉണ്ടായി. യു.പിയിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കായി കഴിഞ്ഞ ഒരുമാസക്കാലം 1.04 കോടി രൂപയുടെ ഇടപാട് മാത്രം നടത്തിയെന്നാണ് പുതിയ കണ്ടെത്തൽ. ധാർമ്മികതയുടെ ഒരംശം പോലും പാലിക്കാതെയും യാതൊരു മനസാക്ഷിക്കുത്തില്ലാതെയുമാണ് നെറികെട്ട ഒരുവിഭാഗം മാധ്യമങ്ങൾ ഒരു സംഘടനയെ വേട്ടയാടാൻ വേണ്ടി ഇത്തരത്തിൽ പരസ്പര വിരുദ്ധമായ കാര്യങ്ങൾ പടച്ചുവിടുന്നത്. സത്യത്തിൽ, ഇക്കൂട്ടർ അനധികൃതമായി പങ്കുപറ്റുന്ന വ്യക്തിഗത, കോർപ്പറേറ്റ് അനുകൂല്യങ്ങൾക്കുള്ള നന്ദിസൂചകമായി തങ്ങളുടെ രാഷ്ട്രീയ മേലാളന്മാർ ലഭ്യമാക്കുന്ന കാര്യങ്ങൾ അതേപടി പകർത്തുകയാണ്.

ഇ.ഡിയെ ഉദ്ദരിച്ചുകൊണ്ടുള്ള റിപോർട്ടുകൾ, ഗ്രാമീണ വികസന മേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു എൻ.ജി.ഒയെ യാതൊരു തെളിവുകളുമില്ലാതെ പോപുലർ ഫ്രണ്ടിന്റെ സാമ്പത്തിക ഇടപാടുകൾക്കിടയിലേക്ക് വലിച്ചിഴക്കുകയാണ്. സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങൾ ആളിക്കത്തിക്കാൻ പ്രമുഖ സുപ്രീംകോടതി അഭിഭാഷകരായ കപിൽ സിബൽ, ദുഷ്യന്ത് ദവേ, ഇന്ദിരാ ജയ്സിങ് എന്നിവർ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയിൽ നിന്നു പണം സ്വീകരിച്ചുവെന്ന ആരോപണവും ഉന്നയിച്ചു. പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും ഒപ്പം മറ്റ് സംഘടനകളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ട് കെട്ടിച്ചമച്ച ഇത്തരം എല്ലാ ആരോപണങ്ങളെയും സംഘടന അസന്ദിഗ്ദമായി തള്ളിക്കളയുകയാണ്.

ആരോപണങ്ങളും വസ്തുതകളും

ആരോപണം: സംഘർഷങ്ങൾക്ക് പിന്നിൽ പോപുലർ ഫ്രണ്ടാണ്. കലാപം സൃഷ്ടിക്കാൻ 120 കോടി രൂപ ചെലവഴിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞു.

വസ്തുത: രാജ്യത്ത് നടക്കുന്ന സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പിന്നിലല്ല, മറിച്ച് സംഘടനയുടെ സാന്നിധ്യമുള്ള മുഴുവൻ സ്ഥലങ്ങളിലും നടക്കുന്ന പ്രതിഷേധങ്ങളിൽ സജീവ പങ്കാളികളാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഉത്തർപ്രദേശിലും ആസാമിലും കർണാകടയിലും മാത്രമാണ് അക്രമസംഭവങ്ങൾ റിപോർട്ട് ചെയ്തിട്ടുള്ളത്. മേൽപ്പറഞ്ഞ എല്ലാ കുറ്റകൃത്യങ്ങളും നടത്തിയത് പൊലീസും പൊലീസ് യൂണിഫോമണിഞ്ഞ ആർ.എസ്.എസ് ക്രിമിനലുകളുമാണെന്ന് മാധ്യമങ്ങൾ തെളിവ് സഹിതം പുറത്തുകൊണ്ടുവന്നിട്ടുള്ളതാണ്. പോപുലർ ഫ്രണ്ടിന്റെ പ്രവർത്തകരോ അനുഭാവികളോ ഒരിടത്തും അക്രമസംഭവങ്ങളിൽ ഭാഗഭാക്കായിട്ടില്ല. ഒരിടത്തും പ്രക്ഷോഭകർക്ക് ഒരുതരത്തിലുള്ള സാമ്പത്തിക സഹായം നൽകിയിട്ടുമില്ല. ഇനി, 'അന്വേഷകർ' അവരുടെ ആരോപണങ്ങൾ തെളിയിക്കാൻ കഴിയുന്ന രേഖകൾ ഹാജരാക്കട്ടെ.

ആരോപണം: ഉത്തർപ്രദേശിൽ പൊലീസ് പോപുലർ ഫ്രണ്ടിനെതിരേ തെളിവ് കണ്ടെത്തി.

വസ്തുത: ഉത്തർപ്രദേശിൽ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയപ്പെട്ട പോപുലർ ഫ്രണ്ട് പ്രവർത്തകർക്കും അനുഭാവികൾക്കും ആരോപണങ്ങൾക്ക് തെളിവ് നൽകുന്നതിൽ പൊലീസ് പരാജയപ്പെട്ടതിനെ തുടർന്ന് കോടതി ജാമ്യം അനുവദിച്ചു.

ആരോപണം: പോപുലർ ഫ്രണ്ടിന്റെ പേരിൽ 27 ഉം റീഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ പേരിൽ 9 ഉം ബാങ്ക് അക്കൗണ്ടുകൾ ഉണ്ട്. ഇതിനു പുറമേ, 17 വ്യത്യസ്ത വ്യക്തികളുടെയും സംഘടനകളുടെയും പേരിലായി 37 ബാങ്ക് അക്കൗണ്ടുകൾ ഉണ്ട്.

വസ്തുത: വിവിധ സംസ്ഥാനങ്ങളിലായി പോപുലർ ഫ്രണ്ടിന് 20 ബാങ്ക് അക്കൗണ്ടുകൾ മാത്രമാണ് രാജ്യമെമ്പാടുമുള്ളത്. അഖിലേന്ത്യതലത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനക്ക് ഇത്രയും ബാങ്ക് അക്കൗണ്ടുകൾ ഉണ്ട് എന്നത് ഒരു കുറ്റകൃത്യമാകുന്നത് ആരെയും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. ഇതിനുപുറമേ സംഘടനക്ക് വേറെ എവിടെയും അക്കൗണ്ടുകളില്ല. റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ ഒരു സ്വതന്ത്ര എൻ.ജി.ഒ ആണ്.

ആരോപണം: 73 അക്കൗണ്ടുകളിലെ 120 കോടിയെ കുറിച്ചും നാമമാത്രമായ തുക മാത്രം അവശേഷിപ്പിച്ച് ബാക്കിത്തുക പിൻവലിച്ചതിനെ കുറിച്ചും അന്വേഷണം നടക്കുന്നു.

വസ്തുത: ഈ ആരോപണത്തെ സാധൂകരിക്കുന്ന തെളിവ് കൊണ്ടുവരാൻ സംഘടന വെല്ലുവിളിക്കുന്നു.

ആരോപണം: ഡിസംബർ 4 മുതൽ പോപുലർ ഫ്രണ്ടുമായി ബന്ധമുള്ള അക്കൗണ്ടുകളിലേക്ക് കോടികൾ ഒഴുകിയെത്താൻ തുടങ്ങി.

വസ്തുത: 2019 ഡിസംബർ 4 മുതൽ 2020 ജനുവരി 20 വരെ പോപുലർ ഫ്രണ്ടിന് അക്കൗണ്ടുകളുള്ള മുഴുവൻ ബ്രാഞ്ചുകളിലുമായി നിക്ഷേപിച്ചിട്ടുള്ള തുക 60 ലക്ഷം രൂപയാണ്.

ആരോപണം: തുക നിക്ഷേപിച്ചവരോട് ഒരോതവണയും 50000 രൂപയിൽ കുറഞ്ഞ തുക നിക്ഷേപിക്കാൻ നിർദ്ദേശം നൽകി.

വസ്തുത: താഴെക്കിടയിൽ തന്നെ ചെലവഴിക്കുന്ന പ്രവർത്തകരുടെ പ്രതിമാസ വരിസംഖ്യയും വർഷത്തിലൊരിക്കൽ പൊതുജനങ്ങളിൽ നിന്നു ശേഖരിക്കുന്ന പ്രവർത്തനഫണ്ടും സംഭാവനകളുമാണ് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രധാന വരുമാന മാർഗങ്ങൾ. രസീത് നൽകിക്കൊണ്ടാണ് ഫണ്ട് സ്വീകരിക്കുന്നത്. ചില ആളുകൾ വാഗ്ദാനം ചെയ്യുന്ന തുക ഉടൻ നൽകാറില്ല. പീന്നീട് ഇവ വിവിധ ഘട്ടങ്ങളിലായി ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. വിദേശ ഫണ്ട് സ്വീകരിക്കില്ലെന്നത് സംഘടനയുടെ പ്രഖ്യാപിത നയമാണ്. അത് വീഴ്ചകൂടാതെ വിജയകരമായി നടപ്പാക്കാൻ സംഘടനക്ക് കഴിഞ്ഞിട്ടുമുണ്ട്. 50000 രൂപ മുതൽ മുകളിലോട്ടുള്ള തുക പാൻകാർഡ് ഇല്ലാതെ നിക്ഷേപിക്കാനാവില്ലെന്ന നിയന്ത്രണം പോപുലർ ഫ്രണ്ടിന്റേതല്ല, മറിച്ച് അത് ബാങ്കുകളുടെ ഉപാധിയാണ്.

ആരോപണം: ഡിസംബർ നാലിനും ജനുവരി ആറിനും ഇടയിൽ 2000 രൂപ മുതൽ 5000 രൂപവരെയുള്ള 1.34 കോടി രൂപയുടെ ചെറിയ തുകകൾ നിരവധി തവണകളിലായി പിൻവലിച്ചു.

വസ്തുത: 2019 ഡിസംബർ ഒന്നുമുതൽ 2020 ജനുവരി 20 വരെ പോപുലർ ഫ്രണ്ടിന്റെ അക്കൗണ്ടുകളിൽ നിന്നു പിൻവലിച്ച തുക 97.6 ലക്ഷം രൂപയാണ്. 2000 മുതൽ 5000 രൂപവരെയുള്ള തുകകൾ പിൻവലിച്ചിട്ടുള്ളത് പോപുലർ ഫ്രണ്ട് സ്‌കോളർഷിപ്പ് പദ്ധതിയുടെ ഭാഗമായി നിർധന വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് നൽകിയ സ്‌കോളർഷിപ്പ് തുകയാണ്.

ആരോപണം: ക്യാഷ് ഡിപ്പോസിറ്റ്, എൻ.ഇ.എഫ്.ടി, ആർ.ടി.ജി.എസ്, ഐ.എംപി.എസ് തുടങ്ങിയ ഏതെങ്കിലും രീതിയിലാണ് ഈ അക്കൗണ്ടുകളിലേക്ക് തുക മാറ്റിയിരിക്കുന്നത്. മിനിമം ബാലൻസ് ഒഴികെയുള്ള മുഴുവൻ തുകയും അതേദിവസമോ, അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിലോ ഈ അക്കൗണ്ടുകളിൽ നിന്നും പിൻവലിച്ചു.

വസ്തുത: സാധാരണനിലയിൽ ക്യാഷ്/ചെക്ക് രൂപത്തിലോ, എൻ.ഇ.എഫ്.ടി, ആർ.ടി.ജി.എസ്, ഐ.എംപി.എസ് രീതിയിൽ ട്രാൻസ്ഫർ ചെയ്തോ ആണ് ഉപഭോക്താക്കൾ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുന്നത്. ഇത് ഒരു കുറ്റകൃത്യമല്ല. ബാങ്കിലേക്ക് പണം അടയ്്ക്കുന്നതിനുള്ള വിവിധ മാർഗങ്ങളാണിവ. പോപുലർ ഫ്രണ്ടിന് സ്ഥിരനിക്ഷേപ അക്കൗണ്ട് ഇല്ല. മറിച്ച് തുടർച്ചയായി പണം നിക്ഷേപിക്കാനും പിൻവലിക്കാനും അനുമതിയുള്ള കറണ്ട് അക്കൗണ്ടാണ് ഉള്ളത്. പണം ലഭ്യമാവുന്ന അവസരങ്ങളിൽ നിക്ഷേപിക്കുകയും ദൈനംദിന പ്രവർത്തനങ്ങൾക്ക് പണം ആവശ്യമുള്ള സാമൂഹ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സംഘടന എന്ന നിലയിൽ ആവശ്യമുള്ള സമയങ്ങളിൽ പിൻവലിക്കുകയും ചെയ്യും.

ആരോപണം: 1.04 കോടി രൂപ പശ്ചിമ യു.പിയിൽ ചെലവഴിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.

വസ്തുത: ഉത്തർപ്രദേശിൽ പോപുലർ ഫ്രണ്ടിന് ബാങ്ക് അക്കൗണ്ടുകൾ ഇല്ല.

ആരോപണം: കപിൽ സിബലിന് 77 ലക്ഷം രൂപയും ഇന്ദിരാ ജയ്സിംഗിന് 4 ലക്ഷം രൂപയും ദുഷ്യന്ത് ദവേയ്ക്ക് 11 ലക്ഷം രൂപയും നൽകി.

വസ്തുത: ശരിയാണ്. ഹാദിയ കേസിൽ സുപ്രീംകോടതിയിൽ ഹാജരായതിന് അഭിഭാഷക ഫീസിനത്തിൽ പോപുലർ ഫ്രണ്ട് ഈ അഭിഭാഷകർക്ക് ബാങ്ക് അക്കൗണ്ട് വഴി പണം നൽകിയിട്ടുണ്ട്. എന്നാൽ, അത് സി.എ.എയുമായി ബന്ധപ്പെട്ട കേസിനല്ല. 2017-18ലാണ് ഈ തുക നൽകിയിട്ടുള്ളത്. ഈ കേസ് നടത്തിപ്പിന്റെ വരവ് ചെലവ് കണക്കുകൾ പോപുലർ ഫ്രണ്ട് കേരള സംസ്ഥാന കമ്മിറ്റി അന്ന് തന്നെ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്.

ആരോപണം: കശ്മീർ പി.എഫ്.ഐക്ക് 1.65 കോടിയും ന്യൂജ്യോതി ഗ്രൂപ്പിന് 1.17 കോടിയും അബ്ദുൽ സമദിന് 3.10 ലക്ഷവും നൽകി

വസ്തുത: ജമ്മു കശ്മീരിൽ പോപുലർ ഫ്രണ്ടിന് യൂണിറ്റുകൾ ഇല്ല. 2014-15 ൽ കശ്മീരിലെ പ്രളയക്കെടുതിക്കിരയായ കുടുംബങ്ങൾക്ക് വീടുനിർമ്മിക്കുന്നതിനും മറ്റ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി, 1.65 കോടിയല്ല, 2.25 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ ഒരു സ്‌കൂൾ ബാഗ് നിർമ്മാതാക്കളാണ് ന്യൂജ്യോതി ഗ്രൂപ്പ്. പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സ്‌കൂൾ കിറ്റ് നൽകുന്ന പോപുലർ ഫ്രണ്ടിന്റെ വാർഷിക സ്‌കൂൾ ചലോ പരിപാടിക്ക് അവർ സ്‌കൂൾ ബാഗുകൾ നൽകിയിട്ടുണ്ട്. 1.17 കോടി രൂപയാണ് ആകെ ന്യൂജ്യോതി ഗ്രൂപ്പിന് നൽകിയിട്ടുള്ളത്. ഇത് ആരോപണത്തിലുള്ളതിനേക്കാൾ കൂടുതലാണ്. ഇത് ഒരുവർഷം നൽകിയതുമല്ല. അബ്ദുൽ സമദ് ഒരു നിർമ്മാണ കരാറുകാരനാണ്. പ്രളയക്കെടുതിക്കിരയായവരെ പുനരധിവസിപ്പിക്കാൻ വീടുവച്ചു നൽകിയതിനുള്ള തുകയാണ് അദ്ദേഹത്തിന് നൽകിയിട്ടുള്ളത്.

രാജ്യത്ത് ജനാധിപത്യപരമായും സാമാധാനപരമായും നടക്കുന്ന പ്രതിഷേധങ്ങളിലെ പങ്കാളിത്തമോ പിന്തുണയോ അല്ലാതെ, പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളിൽ പോപുലർ ഫ്രണ്ടിന് യാതൊരു പങ്കുമില്ലെന്ന് എല്ലാവർക്കും അറിവുള്ളതാണ്. നിഷ്പക്ഷമായ ഏതൊരു അന്വേഷണത്തിനും ഇത് തെളിയിക്കാനാവും. എന്നാൽ, വർഗീയ ശക്തികൾ നിയന്ത്രിക്കുന്ന ബിജെപി ഭരണത്തിൽ ഇതിന് വിദൂര സാധ്യത മാത്രമാണുള്ളത്. മുസ്ലിംകളടക്കം, സമൂഹത്തിലെ പിന്നാക്കക്കാരുടെയും അരികുവൽക്കരിക്കപ്പെട്ടവരുടെയും ശാക്തീകരണത്തിലൂടെ എല്ലാ പൗരന്മാർക്കും തുല്യാവകാശം ലഭ്യമാവുന്ന ഒരു ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനു വേണ്ടിയാണ് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവർത്തിക്കുന്നത്. ഉത്തരവാദപ്പെട്ട ഒരു സംഘടനയെന്ന നിലയിൽ രാജ്യത്തെ നിയമങ്ങൾക്ക് വിധേയമായാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. തുടക്കം മുതൽ സാമ്പത്തിക ഇടപാടുകളടക്കം പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ എല്ലാ പ്രവർത്തനങ്ങളും സുതാര്യമാണ്.

ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികൾ ഞങ്ങൾക്കു മേൽ അന്യായമായി അടിച്ചേൽപ്പിച്ച എല്ലാ പ്രതിസന്ധികളെയും ചെറുത്തുതോൽപ്പിച്ച പാരമ്പര്യമാണ് പോപുലർ ഫ്രണ്ടിനുള്ളത്. പൗരന്മാർക്ക് ലഭ്യമായ ജനാധിപത്യപരവും നിയമപരവുമായ മാർഗങ്ങളിലൂടെയാണ് അവ നേരിട്ടത്. നിലവിലെ ഭീഷണികളെയും അതേരൂപത്തിൽ സംഘടന മറികടക്കും. രാജ്യത്തെ ജനങ്ങളിലും നമ്മുടെ ഭരണഘടനയിലും അതുയർത്തിപ്പിടിക്കുന്ന മതേതര, ജനാധിപത്യ ആശയങ്ങളിലും ഞങ്ങൾക്ക് പൂർണ്ണവിശ്വാസമാണുള്ളത്. അതുകൊണ്ടുതന്നെ അത്യന്തികമായി തിന്മയുടെ ശക്തികൾ തകരുകയും സത്യം വിജയിക്കുകയും ചെയ്യുമെന്ന കാര്യത്തിൽ ഞങ്ങൾ ഉറച്ചുവിശ്വസിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP