Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് സാമ്പത്തിക സഹായം; ആരോപണം അടിസ്ഥാനരഹിതമെന്ന് പോപുലർ ഫ്രണ്ട്

സ്വന്തം ലേഖകൻ

സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് മുന്നോടിയായി പോപുലർ ഫ്രണ്ടിന്റെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നും 120 കോടി രൂപ നീക്കം ചെയ്തുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി എം മുഹമ്മദലി ജിന്ന പറഞ്ഞു. ഇതുസംബന്ധിച്ച് വിവിധ മാധ്യമങ്ങൾ വാർത്ത നൽകിയതിനെ സംഘടന ശക്തമായി അപലപിക്കുന്നു. എന്റഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇ.ഡി)ലെ ചില 'അജ്ഞാത സ്രോതസ്സുകളെ' ഉദ്ദരിച്ചുകൊണ്ടാണ് മാധ്യമങ്ങൾ വാർത്ത നൽകിയിരിക്കുന്നത്. എന്നാൽ ഇതുസംബന്ധിച്ച് ഇ.ഡി അധികൃതർ പോപുലർ ഫ്രണ്ടിനെ ബന്ധപ്പെടുകയോ, ഏതെങ്കിലും പ്രസ്താവനകൾ പുറത്തിറക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പോപുലർ ഫ്രണ്ടിന്റെ പേരിൽ 73 ബാങ്ക് അക്കൗണ്ടുകൾ നിലവിലുണ്ടെന്നും അതിലൂടെ സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങളെ സാമ്പത്തികമായി സഹായിച്ചുവെന്നുമാണ് വാർത്തകളിൽ ആരോപിക്കുന്നത്. രാജ്യത്ത് നിലവിലുള്ള നിയമപ്രകാരമാണ് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവർത്തിക്കുന്നതെന്ന് ഞങ്ങൾ ഇതിനകം പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്. സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് മുമ്പ് സംഘടനാ അക്കൗണ്ടിൽ നിന്നും പണം നീക്കം ചെയ്തുവെന്ന അടിസ്ഥാന രഹിത ആരോപണം ഉന്നയിക്കുന്നവർ അത് തെളിയിക്കാൻ തയ്യാറാവണമെന്നും ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു.

പോപുലർ ഫ്രണ്ട് കേരള സംസ്ഥാന ഘടകത്തിന്റെ അക്കൗണ്ടിൽ നിന്നും അഭിഭാഷകരായ കപിൽ സിബൽ, ദുഷ്യന്ത് ദവേ, ഇന്ദിരാ ജയ്സിങ് എന്നിവർക്ക് പണം നൽകിയെന്നാണ് ചില ചാനലുകളുടെ ആരോപണം. ഹാദിയ കേസ് നടത്തിപ്പിന്റെ വക്കീൽ ഫീസ് ഇനത്തിൽ 2017 ൽ നൽകിയ തുകയാണ് ഇത്. വിവിധ പൊതുയോഗങ്ങളിലടക്കം, നിരവധി വേദികളിൽ ഇക്കാര്യം പോപുലർ ഫ്രണ്ട് പരസ്യമായി പറഞ്ഞിട്ടുള്ളതാണ്. രാജ്യത്ത് നടക്കുന്ന എല്ലാ സംഭവങ്ങളുടെയും ഉത്തരവാദിത്തം പോപുലർ ഫ്രണ്ടിനു മേൽ അടിച്ചേൽപ്പിക്കാനുള്ള സങ്കുചിത താൽപ്പര്യമാണ് വസ്തുതകളെ വളച്ചൊടിച്ചുകൊണ്ടുള്ള ഇത്തരം ആരോപണങ്ങളിലൂടെ വ്യക്തമാവുന്നത്. 2017 ൽ വക്കീൽ ഫീസിനത്തിൽ നടത്തിയ ഒരു ഇടപാടിനെ 2019ലെ സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി ചിത്രീകരിക്കുന്നത് തികഞ്ഞ അസംബന്ധവും പോപുലർ ഫ്രണ്ടിനെ കരിവാരിത്തേക്കാൻ ഉദ്ദേശിച്ചുള്ളതുമാണ്.

പോപുലർ ഫ്രണ്ടിന്റെ കശ്മീർ ഘടകത്തിന് തുക നീക്കം ചെയ്തുവെന്നാണ് മറ്റൊരു ആരോപണം. ജമ്മു കശ്മീരിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തനം ഇല്ലെന്നത് പകൽപോലെ വ്യക്തമായ വസ്തുതയാണ്. കശ്മീരിൽ പോപുലർ ഫ്രണ്ടിന്റെ ഏതെങ്കിലും ഘടകങ്ങൾ പ്രവർത്തിക്കുന്നതായി തെളിയിക്കാൻ 'പേര് വെളിപ്പെടുത്താത്ത കേന്ദ്രങ്ങളെ' ഞങ്ങൾ വെല്ലുവിളിക്കുന്നു. 2014 ലെ പ്രളയത്തിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കശ്മീരിൽ സജീവമായ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുകയും ഇരകളായവർക്ക് നൂറിലധികം വീടുകൾ വച്ചു നൽകുകയും ചെയ്തിട്ടുണ്ട്. 2014 ൽ തന്നെ ഇക്കാര്യം ഔദ്യോഗിക പ്രസിദ്ധീകരണങ്ങളിലൂടെ സംഘടന പരസ്യപ്പെടുത്തിയിട്ടുള്ളതാണ്. 2014 ലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ 2019 ൽ നടന്ന സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങൾക്കുള്ള സാമ്പത്തിക സഹായമായി മാറുന്നത്, സംഘടനയുടെ വളർച്ച തടയാനും മനഃപൂർവം അപകീർത്തിപ്പെടുത്താനും ലക്ഷ്യമിട്ട് ആസൂത്രിത നീക്കങ്ങൾ നടക്കുന്നുവെന്നതിന്റെ തെളിവാണ്.

ഇതിനു മുമ്പുണ്ടായിട്ടുള്ളതു പോലെ തെളിയിക്കപ്പെടാനാവാത്ത ആരോപണങ്ങളുടെ ആവർത്തനമായി ഇവയും മാറുമെന്ന കാര്യത്തിൽ ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്. യു.പിയിലും ആസാമിലും നടന്ന സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് സംഘടനയുടെ സംസ്ഥാന നേതാക്കളെ ഇരു സംസ്ഥാനങ്ങളിലും അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ ഉന്നയിച്ച യാതൊരു ആരോപണങ്ങളും കോടതിയിൽ തെളിയിക്കാൻ കഴിയാതെ പരാജയപ്പെടുകയും നേതാക്കൾക്ക് ജാമ്യം ലഭിക്കുകയും ചെയ്തു. പോപുലർ ഫ്രണ്ടിന്റെ പ്രയാണത്തിന് തടയിടാൻ ഫാഷിസ്റ്റുകളുടെ പങ്കുപറ്റുന്നവർ പടച്ചു വിടുന്ന ഇത്തരം തരംതാണ ആരോപണങ്ങൾക്കു മുമ്പിൽ സംഘടന മുട്ടുമടക്കില്ല. വിയോജിപ്പുകളെ അടിച്ചമർത്തി നിശബ്ദമാക്കാൻ ശ്രമിക്കുന്ന ഫാഷിസ്റ്റു ശക്തികൾക്കെതിരായ പോരാട്ടം അതിശക്തമായി തുടരുമെന്നും എം മുഹമ്മദലി ജിന്ന വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP