Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാഞ്ഞിരപ്പള്ളി രൂപത പതിനൊന്നാം പാസ്റ്ററൽ കൗൺസിൽ ബിഷപ് മാർ മാത്യു അറയ്ക്കൽ ഉദ്ഘാടനം ചെയ്തു; ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യനെ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു

കാഞ്ഞിരപ്പള്ളി രൂപത പതിനൊന്നാം പാസ്റ്ററൽ കൗൺസിൽ ബിഷപ് മാർ മാത്യു അറയ്ക്കൽ ഉദ്ഘാടനം ചെയ്തു; ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യനെ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു

കാഞ്ഞിരപ്പള്ളി: ദൈവത്തിലാശ്രയിച്ച് ജീവിക്കുന്ന വിശ്വാസിസമൂഹത്തിന് വെല്ലുവിളികൾ നേരിടാൻ കരുത്തുണ്ടെന്നും ആക്ഷേപിച്ചും അവഹേളിച്ചും സഭാസമൂഹത്തെ തളർത്താൻ ആർക്കുമാവില്ലെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ. രൂപതയുടെ പതിനൊന്നാം പാസ്റ്ററൽ കൗൺസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടുംബങ്ങളാണ് സഭയുടെ അടിസ്ഥാനം. കുടുംബങ്ങളിൽ നിന്നാണ് സഭ വളരുന്നത്. പ്രേഷിത ചൈതന്യമുള്ള അല്മായരും വൈദികരും സന്യസ്തരും രൂപപ്പെടുന്നതും കുടുബങ്ങളിൽ നിന്നാണ്. കുടുംബങ്ങൾ ചേർന്നുള്ള കൂട്ടായ്മകൾ ആത്മീയ ഭൗതിക വളർച്ചയുടെ കേന്ദ്രങ്ങളായി രൂപപ്പെടണം. മാതാപിതാക്കൾ കാണപ്പെട്ട ദൈവങ്ങളാണ്. സ്‌നേഹം പങ്കുവെയ്ക്കുന്ന, സമാധാനം നിറഞ്ഞുതുളുമ്പുന്ന, സൗരഭ്യം പരത്തുന്ന പൂന്തോപ്പായി കുടുംബങ്ങൾ സജീവമാകുമ്പോൾ സഭ ശക്തിപ്പെടും. ദീർഘവീക്ഷണവും ഉറച്ചതീരുമാനവും അക്ഷീണപരിശ്രമവും സർവ്വോപരി ദൈവപരിപാലനയുമുണ്ടെങ്കിൽ ഈ ലോകത്ത് അസാധ്യമായത് യാതൊന്നുമില്ല. പ്രതിസന്ധികളും പ്രതിബന്ധങ്ങളും ആക്ഷേപ അവഹേളനങ്ങളുമുണ്ടാകാം. പക്ഷേ, ദൈവത്തിലാശ്രയിച്ച്, അവിടുത്തെ ഹിതമനുസരിച്ച് പ്രവർത്തിക്കുന്ന ദൈവമക്കളെ ഇത്തരം വെല്ലുവിളികൾ തളർത്തുകയില്ല. ദൈവത്തിൽ ആശ്രയിച്ചു ജീവിക്കുന്നവർക്ക് ഭൗതിക ശക്തികളെയൊന്നും ഭയപ്പെടേണ്ടതായിട്ടില്ല. സഭയുടെ സംരക്ഷകരായി, വിശ്വാസത്തിന്റെ കാവൽഭടന്മാരായി പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾ മാറണമെന്ന് മാർ അറയ്ക്കൽ ഉദ്‌ബോധിപ്പിച്ചു.

സഹായമെത്രാൻ മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിച്ചു. കത്തോലിക്കാസഭ നൂറ്റാണ്ടുകളായി പൊതുസമൂഹത്തിന് നൽകുന്ന അതിശ്രേഷ്ഠമായ സേവന നന്മകളെ വിസ്മരിച്ചുകൊണ്ട് ന്യൂനതകൾ മാത്രം നിരന്തരമുയർത്തിക്കാട്ടിയുള്ള മാധ്യമവിചാരണയും വിമർശനങ്ങളും ആസൂത്രിത നീക്കങ്ങളും വിശ്വാസിസമൂഹവും ജനങ്ങളൊന്നാകെയും തിരിച്ചറിയണം. സഭയുടെ അമരത്ത് കർത്താവാണുള്ളത്. മിശിഹാ മൂലക്കല്ലായിരിക്കുന്ന അടിയുറച്ച അടിസ്ഥാനത്തിന്മേലാണ് സഭ പടുത്തുയർത്തപ്പെട്ടിരിക്കുന്നതെന്നും ഛിദ്രശക്തികൾക്ക് സഭയുടെ പ്രവർത്തനങ്ങളെ തകർക്കാനാവില്ലെന്നും മാർ പുളിക്കൽ പറഞ്ഞു.

പതിനൊന്നാം പാസ്റ്ററൽ കൗൺസിലിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. രൂപതാ പാസ്റ്ററൾ കൗൺസിൽ സെക്രട്ടറിയായി ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ നിയമിതനായി. പാസ്റ്ററൽ കൗൺസിലിലെ വിവിധ സമിതികൾക്കും രൂപം നൽകി. വികാരിജനറാൾമാരായ ഫാ.ജസ്റ്റിൻ പഴേപറമ്പിൽ, ഫാ.കുര്യൻ താമരശേരി, ഫാ.ജോർജ് ആലുങ്കൽ, മുൻ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി അഡ്വ.എബ്രാഹം മാത്യു പന്തിരുവേലി എന്നിവർ സംസാരിച്ചു. തോമസ് വെള്ളാപ്പള്ളി പാസ്റ്ററൽ കൗൺസിൽ പ്രമേയം അവതരിപ്പിച്ചു. രൂപതാ പ്രൊക്യുറേറ്റർ ഫാ. മാർട്ടിൽ വെള്ളിയാംകുളം, ജോർജുകുട്ടി ആഗസ്തി എന്നിവർ നേതൃത്വം നൽകി.

ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയായി ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യനെ തെരഞ്ഞെടുത്തു. ഇതു മൂന്നാം തവണയാണ് സെബാസ്റ്റ്യൻ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയാകുന്നത്.

ഇന്ത്യൻ ഫാർമേഴ്സ് മൂവ്മെന്റ് ദേശീയ സെക്രട്ടറി ജനറലും, കർഷക പ്രസ്ഥാനങ്ങളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ സംസ്ഥാന ചെയർമാനുമാണ്. സീറോ മലബാർ സഭ അല്മായ കമ്മീഷന്റെ പ്രഥമ സെക്രട്ടറിയായ സെബാസ്റ്റ്യന് 2013 ഡിസംബറിൽ സഭാ പ്രവർത്തനത്തിന് ആഗോളതലത്തിൽ നൽകുന്ന ഏറ്റവും ഉന്നത അല്മായ അംഗീകാരമായ ഷെവലിയർ പദവി റോമിൽ നിന്ന് ലഭിച്ചു. ഇന്ത്യൻ ക്രിസ്ത്യൻ കമ്യൂണിറ്റി നാഷണൽ കൗൺസിൽ ജനറൽ സെക്രട്ടറി, ലെയ്റ്റി വോയ്സ് ചീഫ് എഡിറ്റർ, വിവിധ സ്ഥാപനങ്ങളുടെയും സാമൂഹ്യ സന്നദ്ധസംഘടനകളുടെയും ഡയറക്ടർ ബോർഡംഗം, മാനേജ്മെന്റ് കൺസൾട്ടന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP