Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202421Friday

ഇന്ത്യയിൽ റേഡിയോപ്രക്ഷേപണം ആരംഭിച്ചതിന്റെ നൂറാംവാർഷികത്തിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സെമിനാറും പുസ്തകപ്രകാശനവും പുസ്തകോത്സവവും ഇന്ന്

ഇന്ത്യയിൽ റേഡിയോപ്രക്ഷേപണം ആരംഭിച്ചതിന്റെ നൂറാംവാർഷികത്തിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സെമിനാറും പുസ്തകപ്രകാശനവും പുസ്തകോത്സവവും ഇന്ന്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇന്ത്യയിൽ റേഡിയോ പ്രക്ഷേപണം ആരംഭിച്ചതിന്റെ നൂറാംവാർഷികത്തിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'റേഡിയോ ചരിത്രം, സംസ്‌കാരം, വർത്തമാനം: ആകാശവാണി മുതൽ സ്വകാര്യ എഫ്.എം. വരെ' എന്ന അക്കാദമിക് ഗ്രന്ഥത്തിന്റെ പ്രകാശനവും ഏകദിനമാധ്യമസെമിനാറും റേഡിയോ ജോക്കികളുമായി സംവാദവും പുസ്തകോത്സവവും കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളെജ് മലയാള വിഭാഗത്തിൽ ഇന്ന് (ജൂലൈ 18ന് ചൊവ്വാഴ്ച) നടക്കും. ആകാശവാണി മുൻപ്രോഗ്രാം മേധാവിയും എഴുത്തുകാരനും നിരൂപകനുമായ കെ.എം. നരേന്ദ്രൻ സെമിനാർ ഉദ്ഘാടനവും പുസ്തകപ്രകാശനവും നിർവഹിക്കും. കോളെജ് അദ്ധ്യാപികയും എഴുത്തുകാരിയുമായ ഡോ. ജൈനിമോൾ കെ. വി. രചിച്ച പുസ്തകം കേരളത്തിലെ ആദ്യത്തെ സ്വകാര്യ എഫ് എം. ആർ.ജെ റേഡിയോ മാംഗോ, കോഴിക്കോട് നിലയത്തിലെ ലിഷ്ണ എൻ.സി. ഏറ്റുവാങ്ങും. റേഡിയോ ക്ലബ് ഓഫ് ബോംബെ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ 1923ലാണ് ഇന്ത്യയിൽ ആദ്യമായി റേഡിയോ ശബ്ദിച്ചുതുടങ്ങിയത്. ഇത് പുനർനാമകരണം ചെയ്താണ് ഓൾ ഇന്ത്യ റേഡിയോയും ആകാശവാണിയുമായത്.

കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളെജ് മലയാളഗവേഷണവിഭാഗത്തിന്റെ സാംസ്‌കാരികവേദിയായ വൈഖരിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ ആധ്യക്ഷ്യം വഹിക്കും. പാല സെന്റ് തോമസ് കോളെജ് മലയാളവിഭാഗം അസോ. പ്രൊഫസർ ഡോ. തോമസ് സ്‌കറിയ പുസ്തകം പരിചയപ്പെടുത്തും. കോളെജ് പ്രിൻസിപ്പൽ ഡോ. ബി. രജനി, ചേളന്നൂർ എസ്. എൻ. കോളെജ് മലയാളവകുപ്പുമേധാവി ഡോ. ദീപേഷ് കരിമ്പുങ്കര, വൈഖരി കോ-ഓർഡിനേറ്റർ ഡോ. ബി. കെ. അനഘ, ഗ്രന്ഥകാരിയും കണ്ണൂർ മാടായി സി.എ.എസ്. കോളെജ് മലയാളവിഭാഗം അസി. പ്രൊഫസറുമായ ഡോ. ജൈനിമോൾ കെ.വി. എന്നിവർ സംസാരിക്കും. ഗുരുവായൂരപ്പൻ കോളെജ് മലയാളഗവേഷണവിഭാഗം മേധാവി ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ ആമുഖഭാഷണം നടത്തും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് കോഴിക്കോട് പ്രാദേശികകേന്ദ്രം അസി. ഡയറക്ടർ എൻ. ജയകൃഷ്ണൻ സ്വാഗതവും റിസർച്ച് ഓഫീസറും പി.ആർ.ഒയുമായ റാഫി പൂക്കോം നന്ദിയും പറയും. പുസ്തകമേളയിൽ 20 മുതൽ 25 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും.

തുടർന്ന് 11.30ന് റേഡിയോ: ജനപ്രിയ മാധ്യമം എന്ന വിഷയത്തിൽ റേഡിയോ ജോക്കികൾ വിദ്യാർത്ഥികളുമായി സംവദിക്കും. ആർ.ജെ. മനു (റെഡ് എഫ്.എം. , കോഴിക്കോട്), ആർ.ജെ. റാഷി (ക്ലബ് എഫ്.എം., കോഴിക്കോട്), ആർ. ജെ. വിപിൻരാജ് (റിയൽ എഫ്.എം. ആകാശവാണി, കോഴിക്കോട്), ബെൻസി അയ്യംപിള്ളി (പ്രോഗ്രാം മാനേജർ, റേഡിയോ മാംഗോ, കോഴിക്കോട്), പ്രിയരാജ് ഗോവിന്ദരാജ് (മാതൃഭൂമി സോഷ്യൽ മീഡിയ ക്രിയേറ്റീവ് ഹെഡ്), രമേഷ് കെ. (ആർ.ജെ., റേഡിയോ മാംഗോ), സാജുമോൻ എസ്. (റേഡിയോ അവതാരകൻ, എഫ്.എ. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്), ഡോ. ജൈനിമോൾ കെ.വി. (അസി. പ്രൊഫസർ, മലയാളവിഭാഗം, സി.എ.എസ്. കോളെജ് മാടായി, കണ്ണൂർ) എന്നിവർ പങ്കെടുക്കും. റേഡിയോ മാംഗോ, കോഴിക്കോട് നിലയത്തിലെ ആർ.ജെ ലിഷ്ണ എൻ. സി. മോഡറേറ്ററാകും. കോളെജ് മലയാളവിഭാഗം അസി. പ്രൊഫസർമാരായ കെ.പി. ദിപിൻ രാജ് സ്വാഗതവും ഡോ. രമിളാദേവി പി.ആർ. നന്ദിയും പറയും.

ഉച്ചയ്ക്ക് ശേഷം 2മണി മുതൽ 3.30 വരെ റേഡിയോയും കേൾവി സംസ്‌കാരവും, മാധ്യമപ്രളയത്തിൽ റേഡിയോയുടെ പ്രസക്തിയും വെല്ലുവിളിയും എന്നീ വിഷയങ്ങളിൽ നടക്കുന്ന സെമിനാറിൽ എഴുത്തുകാരൻ ഒ.പി. സുരേഷ്, മാധ്യമപ്രവർത്തകൻ എ. സജീവൻ എന്നിവർ സംസാരിക്കും. കോളെജ് മലയാളവിഭാഗം അസി. പ്രൊഫസർ ഡോ. ജി. ശ്രീരഞ്ജിനി മോഡറേറ്ററാകും. ഡോ. താരാ ആൻസി വിൻസെന്റ് നന്ദി പറയും.

റേഡിയോ സിദ്ധാന്തങ്ങളുംപഠനങ്ങളും, റേഡിയോ ചരിത്രം സംസ്‌കാരം, കേൾവിസംസ്‌കാരവും ജനപ്രിയമാധ്യമങ്ങളും കേരളീയപശ്ചാത്തലം, സ്വകാര്യ എഫ്.എം. റേഡിയോ ഫലപ്രാപ്തിയുടെമാനങ്ങൾ, സ്വകാര്യ എഫ്. എം. പരിപാടികളുംശ്രോതാക്കളും എന്നീ ശീർഷകങ്ങളിലായി വിവിധ സർവ്വകലാശാലകളിലെ പാഠ്യപദ്ധതിക്ക് അനുസരിച്ച് 5 അധ്യായങ്ങളിലായി അക്കാദമികതലത്തിൽ തയ്യാറാക്കിയ ഗ്രന്ഥമാണിത്. 130 രൂപ വിലയുള്ള ഗ്രന്ഥം കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയം പുസ്തകശാല, കണ്ണൂർ റെയിൽവേ സ്റ്റേഷനടുത്ത് പ്ലാസ ജങ്ങ്ഷനിലെ പുസ്തകശാല, തിരുവനന്തപുരം സ്റ്റാച്യു, നളന്ദ ആസ്ഥാന പുസ്തകശാല, തൃശൂർ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിൽ ലഭിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP